09 August Sunday

ഭാഷാസമൂഹത്തിന്റെ ആത്മബോധത്തിലേക്ക് തുറക്കുന്ന വാതില്‍

സോണിയ ഇ പUpdated: Sunday Nov 10, 2019

ബ്രാഹ്മണാധിപത്യത്തിനും യൂറോപ്യന്‍
അധിനിവേശത്തിനും കീഴടങ്ങിയ ഒരു ജനത എങ്ങനെയാണ് ഭാഷാപരമായി കീഴടക്കപ്പെട്ടതെന്ന് ഇതില്‍ വിശദീകരിക്കുന്നുണ്ട്. കീഴടക്കാന്‍വന്ന കൊളോണിയല്‍ ശക്തികള്‍ ആദ്യം കൈവച്ചത് ഭാഷയ്‌ക്കു മേലാണെന്ന ചരിത്രവസ്‌തുത ഈ പുസ്‌തകം ഓര്‍മിപ്പിക്കുന്നു
 

കേരളത്തിലെ സിവിൽ സർവീസിനുവേണ്ടി കെഎഎസ്. പരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കയാണ്. പരീക്ഷാനടത്തിപ്പിന്റെ ചുമതല പിഎസ്‌സിയെ ഏൽപ്പിച്ചു. കാര്യങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ പരീക്ഷ മലയാളത്തിൽക്കൂടി നടത്തണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്. അതോടെ പിഎസ്‌സി കുഴഞ്ഞു. ബിരുദതലത്തിലുള്ള പരീക്ഷകൾ മലയാളത്തിൽ നടത്തിയുള്ള ശീലം പിഎസ്‌സിക്കില്ല.  ആവശ്യത്തോട് യോജിക്കാമെങ്കിലും പ്രായോഗികമായി നിരവധി പ്രയാസങ്ങളുണ്ടെന്നാണ് അധികൃതരുടെ പക്ഷം. ബിരുദതലത്തിൽ ശാസ്‌ത്രമുൾപ്പെടെ എല്ലാ വിഷയങ്ങളും ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്. ഈ വിഷയങ്ങളിലൊന്നും ബിരുദനിലവാരത്തിലുള്ള പാഠപുസ്‌തകങ്ങളില്ല. ശാസ്‌ത്രവിഷയങ്ങൾ കൈകാര്യം ചെയ്‌തുള്ള ശീലം മലയാളത്തിനില്ല. അതിനുള്ള പദാവലികളും ലഭ്യമല്ല.  ഇപ്പോൾ ഉയർന്ന  പ്രതിസന്ധി മലയാളത്തിന്റെ വൈജ്ഞാനികപദവിയെക്കുറിച്ചുള്ള ഗൗരവമായ പര്യാലോചനകൾക്ക് വഴിവച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഡോ. പി പി പ്രകാശൻ രചിച്ച ‘ഭാഷാസാഹിത്യപഠനം: സൗന്ദര്യവും രാഷ്ട്രീയവും’ എന്ന പഠനം പ്രസക്തമാകുന്നത്. സർവകലാശാലാതലത്തിലെ മലയാളപഠനത്തിന്റെ നാൾവഴിപ്പുസ്‌തകമെന്ന് ഇതിനെ വിശേഷിപ്പിക്കാം. അധിനിവേശവും ഭാഷയും തമ്മിലുള്ള ബന്ധത്തെ ഗ്രന്ഥകർത്താവ് വിശകലനംചെയ്യുന്നുണ്ട്. ബ്രാഹ്മണാധിപത്യത്തിനും യൂറോപ്യൻ അധിനിവേശത്തിനും കീഴടങ്ങിയ ഒരു ജനത എങ്ങനെയാണ് ഭാഷാപരമായി കീഴടക്കപ്പെട്ടതെന്ന് ഇതിൽ വിശദീകരിക്കുന്നുണ്ട്. കീഴടക്കാൻവന്ന കൊളോണിയൽ ശക്തികൾ ആദ്യം കൈവച്ചത് ഭാഷയ്‌ക്കുമേലാണെന്ന ചരിത്രവസ്‌തുത ഈ പുസ്‌തകം ഓർമിപ്പിക്കുന്നു. 

‘ഭാഷാപഠനത്തിന്റെ രാഷ്‌ട്രീയം’ എന്ന ഒന്നാം അധ്യായത്തിൽ ഈ പുസ്‌തകത്തിനാധാരമായ സൈദ്ധാന്തികവിചാരങ്ങളെ ക്രോഡീകരിക്കുന്നു. പ്രസിദ്ധ കെനിയൻ എഴുത്തുകാരൻ എൻഗുഗി വാ തിയോങ്ങിന്റെ മനസ്സിന്റെ അപകോളനീകരണം എന്ന പുസ്‌തകത്തിലെ ഉൾക്കാഴ്‌ചകളാണ് ഇവയിൽ മുഖ്യം. സാഹിത്യചരിത്ര വിജ്ഞാനീയത്തിന്റെ പുതിയ കാഴ്‌ചയിലൂടെയാണ് മലയാളം സിലബസിലെ ഉൾക്കൊള്ളലിനെയും പുറന്തള്ളലിനെയും ഈ പഠനം ചരിത്രവൽക്കരിക്കുന്നത്. രാഷ്‌ട്രീയചലനങ്ങൾക്ക് ചുവടൊപ്പിച്ചാണ് പാഠ്യപദ്ധതികൾ ഉണ്ടാകുന്നതെന്ന് ഗ്രന്ഥകർത്താവ് പറയുന്നു. 

സർവകലാശാലാതലത്തിൽ നടന്ന മലയാള ഭാഷാസാഹിത്യപഠനത്തിന്റെ ചരിത്രം ക്രോഡീകരിക്കുന്നു രണ്ടാമധ്യായം. മൂന്നാമധ്യായത്തിൽ എ ആർ  രാജരാജവർമ, മലയാളഭാഷയ്‌ക്കും അതിന്റെ വൈജ്ഞാനിക പദവിക്കും  നൽകിയ സംഭാവനകൾ വിശദമാക്കുന്നു.  ഇംഗ്ലീഷിനോടുണ്ടായിരുന്ന അതിരുകവിഞ്ഞ ആധമർണ്യത്തെ ഇഞ്ചോടിഞ്ച് പൊരുതിത്തോൽപ്പിച്ചാണ് എ ആർ തന്റെ കലാശാലയിൽ മലയാളത്തെ സ്ഥാപിച്ചെടുത്തത്. നാലാമധ്യായത്തിൽ സ്വാതന്ത്ര്യപൂർവ ഘട്ടത്തിലെ സിലബസുകളെ വിശകലനംചെയ്യുന്നു. സാമൂഹികവിമർശനമുള്ളതും നവഭാവുകത്വത്തെ പ്രതിനിധാനം ചെയ്യുന്നതുമായ കൃതികളുടെ ആഴം തിരിച്ചറിഞ്ഞ് അത് ഔപചാരികപഠനത്തിന്റെ ഭാഗമാക്കിമാറ്റാനുള്ള ബോധപൂർവമായ പരിശ്രമം അക്കാലത്തുണ്ടായിരുന്നില്ലെന്ന നിരീക്ഷണം ശ്രദ്ധേയമാണ്.   ‘മലയാള ഭാഷാസാഹിത്യപഠനവും ഐക്യകേരളപ്പിറവിയും’ എന്ന അധ്യായത്തിൽ ഭാഷാദേശീയതയും ബോധനവുംതമ്മിലുള്ള ബന്ധമാണ് വിശകലനംചെയ്യുന്നത്. കേരളത്തിലെ പ്രമുഖ സർവകലാശാലകളിൽ മലയാള ഭാഷാസാഹിത്യപഠനം ആരംഭിക്കുന്നതോടെ പാഠ്യപദ്ധതിയിൽ വരുന്ന മാറ്റവും വളർച്ചയും ഈ അധ്യായത്തിൽ ചർച്ച ചെയ്യുന്നു. ‘പാഠ്യപദ്ധതി പരിഷ്‌കരണവും മലയാളഭാഷാ സാഹിത്യപഠനവും’ എന്ന അധ്യായത്തിൽ, ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആൻഡ്‌ സെമസ്റ്റർ സിസ്റ്റം നടപ്പാക്കിയപ്പോൾ പാഠ്യപദ്ധതിയിൽവന്ന മൗലികമായ മാറ്റത്തെ വിലയിരുത്തുന്നു. മലയാളഭാഷാസാഹിത്യപഠനത്തിന് ഒരു കരിക്കുലം രൂപപ്പെടുന്നത് ഇക്കാലത്താണ്. കരിക്കുലത്തെ മുൻനിർത്തിയുള്ള ചർച്ചയാണ് ഏഴാമധ്യായത്തിന്റെ ഉള്ളടക്കം. മൂല്യനിർണയത്തിൽവന്ന മാറ്റത്തെയാണ്‌ അധ്യായം വിലയിരുത്തുന്നത്. പഴയ സിലബസുകൾ, ചോദ്യപേപ്പറുകൾ, അക്കാദമിക് കലണ്ടറുകൾ, 1913ലെ എ ആർ രാജരാജവർമയുടെ അപൂർവ പ്രബന്ധസംഗ്രഹം, തിരുവനന്തപുരം മഹാരാജാസ് കോളേജിലെ ആദ്യകാല അധ്യാപകരും വിദ്യാർഥികളും ഉൾക്കൊള്ളുന്ന പട്ടിക എന്നിങ്ങനെ സമ്പന്നമായ അനുബന്ധം പുസ്‌തകത്തിന്റെ സവിശേഷതയാണ്. ഒരു ജനതയെ സ്വന്തം ഭാഷയിലേക്ക് നോക്കാൻ പ്രേരിപ്പിക്കുക എന്നതാണ് അധിനിവേശ യുക്തികളിൽനിന്ന് പുറത്തുകടക്കാനുള്ള വഴി. അതിനുള്ള യത്നമാണ് ഈ പുസ്‌തകം. അതുകൊണ്ടുതന്നെ ഇത് ഭാവിയുടെ പുസ്‌തകമാണ്. ഡോ. പി പവിത്രന്റെ അവതാരിക പുസ്‌തകത്തിന്റെ സന്നിഹിതസാഹചര്യത്തെ പ്രകടമാക്കുന്നുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top