28 September Wednesday

ജൂലൈ 15‐ എം ടി 90

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Jul 10, 2022

കഥകൾക്ക്‌ പ്രായമില്ല, എം ടിക്കും. കാലത്തിൽനിന്ന്‌ കാലങ്ങളിലേക്ക്‌ കടക്കുന്ന കഥകളും കാഥികനും

‘‘പുസ്‌തകം വായിക്കാനാകുന്നില്ല. വായന മുടങ്ങുന്നു. വായിക്കാതെയുള്ള ജീവിതത്തെപ്പറ്റി എന്തു പറയാൻ,’’ ജീവശ്വാസമായ വായന ശരിയായി സാധ്യമാകാത്തതാണ്‌ എം ടി വാസുദേവൻ നായരുടെ ഇപ്പോഴത്തെ പ്രധാന അസ്വസ്ഥത. മഹാമാരിയും വ്യാധികളുമായി  ജീവലോകം കഴിയുന്നതിലുള്ള വിഷമങ്ങൾ വേറെ. ആൾക്കൂട്ടത്തിൽ തനിച്ചായി ലോകജീവിതം  നീങ്ങുന്ന ഈ കാലത്തിൽ തൊണ്ണൂറിനെയും പിറന്നാളിനെയുമൊന്നും എം ടി വലിയ  കാര്യമാക്കുന്നില്ല. മലയാളത്തിന്റെ സർഗസൂര്യനായ എം ടി വാസുദേവൻ നായർ  ഈ ജൂലൈ 15ന്‌ 89 വയസ്സ്‌ പൂർത്തിയാക്കി നവതിയിലേക്ക്‌. ഈ വർഷം ബുക്കർ പുരസ്‌കാരം നേടിയ ഗീതാഞ്ജലി ശ്രീയുടെ റേത്‌ സമാധി (Tomb of Sand)യടക്കമുള്ള  പുസ്‌തകങ്ങൾ വായിക്കാനുള്ള കൊതിയിലാണ്‌ എം ടി. ദിവസവും നിരവധി  എഴുത്തുകാരുടെ രചനകൾ സിതാരയിൽ എത്തുന്നുണ്ട്‌. കുറഞ്ഞ സമയമേ വായന സാധ്യമാകുന്നുള്ളൂ. ജീവിതാർദ്രതയുടെ താരള്യവും തനിമയും  കവിതാമോഹിതമായ ഭാഷയിൽ ചാലിച്ച്‌ കഥയിലും നോവലിലും മലയാള വായനക്കാരന്‌ നവഭാവുകത്വത്തിന്റെ കടലാഴങ്ങൾ അനുഭവിപ്പിച്ച മഹാപ്രതിഭ.  കൈരളിയുടെ ‘നാലുകെട്ടി’നപ്പുറം മലയാളത്തിന്റെ സുകൃത സുഗന്ധം പരത്തിയ   എം ടിയുടെ നവതി, ഭാഷയ്‌ക്കും സാഹിത്യത്തിനും ശതകോടി ആഹ്ലാദം പരത്തുന്ന സന്ദർഭമാണ്‌.  

സ്വാതന്ത്ര്യത്തിന്റെ പൊൻകിരണം ജ്വലിച്ച വേളയിൽ (1948) ‘വിഷുക്കൈനേട്ട’ മെന്ന കഥയിലൂടെ സാഹിത്യമണ്ഡലത്തിൽ ഹരിശ്രീ കുറിച്ച മാടത്ത്‌ തെക്കേപ്പാട്ട്‌ വാസുദേവൻ നായരുടെ സർഗജീവിതം 75ന്‌ അരികിലെത്തുന്നുവെന്നതും നവതിക്ക്‌ കൂടുതൽ തിളക്കമേകുന്നു. 1954-ൽ 21–-ാം വയസ്സിൽ  ലോക കഥാമത്സരത്തിൽ സമ്മാനിതനായ ഈ കഥാകാരന്റെ പൊൻമഷിക്കൂട്ടിൽ പിന്നീട്‌ വിശ്വക്ലാസിക്കുകളോട്‌ കിടപിടിക്കുന്ന  ഉജ്വലമായ ഒരുപാട്‌ വിശിഷ്ട രചനകളും (രണ്ടാമൂഴം, വരാണസി, മഞ്ഞ്‌, കാലം, നാലുകെട്ട്‌...) പിറവികൊണ്ടു. മോഹിപ്പിക്കുന്നതും  മനോഹരവുമായ ദൃശ്യഭാഷയാൽ ഇന്ത്യൻ സിനിമാചക്രവാളത്തിൽ നമ്മുടെ അഭിമാനമായി മാറിയ ചലച്ചിത്രകാരനുമാണ്‌ എം ടി. പത്രാധിപർ, പ്രഭാഷകൻ, സാമൂഹ്യ–-പാരിസ്ഥിതിക ചിന്തകൻ എന്നിങ്ങനെ വിവിധങ്ങളായ സാംസ്‌കാരിക ഇടപെടലുകളാൽ ധന്യമാക്കിയ ആ കർമമണ്ഡലത്തിന്‌ പരിധികളില്ല.

ലിംക ബുക്ക്‌ ഓഫ്‌ വേൾഡ്‌ റെക്കോഡിന്‌ അഞ്ചുതവണയും ബെസ്റ്റ്‌ ഓഫ്‌ ഇന്ത്യ വേൾഡ്‌ റെക്കോഡിനും അർഹനായ മനു കള്ളിക്കാടിന്റെ ‘എം ടി കൊളാഷ്‌’

ലിംക ബുക്ക്‌ ഓഫ്‌ വേൾഡ്‌ റെക്കോഡിന്‌ അഞ്ചുതവണയും ബെസ്റ്റ്‌ ഓഫ്‌ ഇന്ത്യ വേൾഡ്‌ റെക്കോഡിനും അർഹനായ മനു കള്ളിക്കാടിന്റെ ‘എം ടി കൊളാഷ്‌’

മതനിരപേക്ഷമായ ചിന്തയോടുള്ള പക്ഷപാതിത്വവും ഫാസിസത്തോടും വർഗീയതയോടുമുള്ള എതിർപ്പും ശക്തമായി കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരനാണ്‌ എം ടി. ഇത്തരം പ്രശ്‌നങ്ങളിൽ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാൻ മടികാണിച്ചിട്ടുമില്ല. ജനാധിപത്യരാജ്യത്ത്‌  വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും  രാഷ്‌ട്രീയം ആളുന്നത്‌ കാണുമ്പോൾ വല്ലാതെ ആശങ്കപ്പെടുന്നുണ്ട്. നോട്ട്‌ നിരോധനവേളയിൽ   അതിനിശിതമായ വിമർശമുന്നയിച്ചത്‌ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്‌  (ഡോ. തോമസ് ഐസക്‌ രചിച്ച ‘കള്ളപ്പണ വേട്ട: മിഥ്യയും യാഥാർഥ്യവും’ എന്ന പുസ്‌തകം പ്രകാശിപ്പിച്ചുകൊണ്ട്‌, 2016 ഡിസംബറിൽ). പ്രധാനമന്ത്രി മോദിയുടെ നടപടി  തുഗ്ലക്ക്‌ പരിഷ്‌കരണത്തോട്‌ ഉപമിച്ച എം ടിക്കെതിരെ  സംഘപരിവാർ നീചമായ സൈബർവേട്ട അന്ന്‌ നടത്തി. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിപറഞ്ഞ ഘട്ടത്തിൽ വളർന്നുവന്ന സ്‌ത്രീവിരുദ്ധ സമീപനങ്ങൾക്കെതിരെയും  ശബ്ദമുയർത്തി. നവോത്ഥാനകാലത്ത്‌ അനാചാരങ്ങളുടെ മറക്കുടയേന്തിയ അതേവിഭാഗമാണ്‌  ഇപ്പോഴും തെരുവിലിറങ്ങുന്നതെന്ന്‌ എം ടി പ്രതികരിച്ചു.    

‘‘നാളെ എന്റെ പിറന്നാളാണ്‌ . എനിക്ക്‌ ഓർമയുണ്ടായിരുന്നില്ല. അവളുടെ എഴുത്തിൽ നിന്നാണത്‌ മനസ്സിലായത്‌.’’ ഒരു പിറന്നാളിന്റെ ഓർമ എന്ന കഥയിൽ  എഴുതിയ അതേ വികാരമാണ്‌ 89ൽ എത്തുമ്പോഴും.

‘‘പതിവ്‌ ദിവസങ്ങൾക്കപ്പുറം ജന്മദിനത്തിനൊരു പ്രത്യേകതയും കൽപ്പിച്ചിട്ടില്ല. അതങ്ങനെ പോകും. മുമ്പ്‌ മൂകാംബിക ക്ഷേത്രദർശനത്തിനു പോകുമായിരുന്നു . ഇപ്പോൾ കുറച്ചു വർഷമായി അതുമില്ല’’. കോഴിക്കോട്‌ കൊട്ടാരം റോഡിലെ സിതാരയിൽ അതിനാൽ ഈ ജൂലൈ 15ഉം  ഒരു പതിവുദിനം. കർക്കടകത്തിലെ ഉത്രട്ടാതി നാളിലാണ്‌ ജനനമെന്നതിനാൽ (ജൂലൈ 19ന്‌) വീട്ടിലൊരു ചെറിയ സദ്യയൊരുക്കുന്നതാണ്‌ ഏക സവിശേഷത.  

കോവിഡ്‌ പരത്തുന്ന ഭീതിയും നിയന്ത്രണങ്ങളും ഉള്ളതിനാൽ എം ടി വീട്ടിൽ നിന്ന്‌ ഈയടുത്തായി ഏറെയൊന്നും  പുറത്തുപോയിട്ടില്ല. സിതാരയിൽനിന്ന് വൈകിട്ട്‌ സമീപത്തുള്ള ഫ്ലാറ്റിലേക്കുള്ള പോക്കും മുടങ്ങി. സാഹിത്യ–-സാംസ്‌കാരിക പരിപാടികൾ ചിലതിൽ പങ്കാളിയായി. എല്ലാം വീട്ടകത്തിരുന്ന്‌ ഓൺലൈനിലൂടെ. ഫെബ്രുവരിയിൽ തുഞ്ചൻ ഉത്സവത്തിന്‌  തിരൂർ തുഞ്ചൻപറമ്പിൽ പോയതാണ്‌ പുറത്തേക്കുള്ള ഏകയാത്ര. ജന്മനാടായ കൂടല്ലൂരിൽ പോയിട്ട്‌ മൂന്നുവർഷത്തോളമായി. എങ്കിലും ആ ഗ്രാമപശ്ചാത്തലത്തിൽ ഒരു നോവൽ കൂടി ഇന്നും എം ടി മനസ്സിൽ താലോലിക്കുന്നു.  തന്റെ 10 കഥ  സിനിമയായി ഒരുങ്ങുന്നതും ഈ ജന്മദിനവേളയിൽ  അനൽപ്പമായ സന്തോഷം പകരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top