23 April Tuesday
അതിഥി / ഓർമ

അമ്മ മണം

കെ ടി ബാബുരാജ്‌Updated: Sunday Jun 10, 2018
അമ്മയുടെ മുലപ്പാൽ ഞാൻ അധികമൊന്നും കുടിച്ചിട്ടില്ല. മുലപ്പാൽ തരാൻ അമ്മയ്ക്ക് നേരം കിട്ടിക്കാണില്ല. കാലത്ത് എന്നെ എവിടെയെങ്കിലും ഉപേക്ഷിച്ച് അമ്മ ജോലിക്കുപോകും. സന്ധ്യകഴിയും തിരിച്ചെത്താൻ. വല്യമ്മാമന്റെ മകൾ രമേച്ചിയാണ് പകൽമുഴുവൻ എന്നെ നോക്കിയിരുന്നത്. മണ്ണിലും വിയർപ്പിലും കുളിച്ച് മുടിയാകെ പാറിപ്പറന്ന് വന്നപാടെ തറവാട്ടുവീടിന്റെ ഇറങ്കല്ലിൽ ക്ഷീണം മാറ്റാനെന്നോണം അമ്മ  ഇരിക്കും. മുഷിഞ്ഞ സാരിയുടെ കോന്തലയിൽ അമ്മ എന്തെങ്കിലും പൊതിഞ്ഞ് കൊണ്ടുവന്നിട്ടുണ്ടോ എന്നായിരിക്കും എന്റെ നോട്ടം. ഉണ്ടക്കായിയോ, സുഗിയനോ അങ്ങനെയെന്തെങ്കിലും... അടുത്തുചെല്ലുമ്പോൾ അമ്മയെ വിയർപ്പുമണക്കും. വിയർത്ത ചുമലിൽ വെറുതെയൊന്ന് നക്കിയാൽ അമ്മയുടെ ഉപ്പറിയാം. അമ്മയപ്പോൾ എന്നെ തള്ളിമാറ്റും. മാറി നിക്കെടാ... ദേഹം മുഴുവൻ വിയർപ്പും ചെളിയുമാ... ഞാൻ പോയി കുളിക്കട്ടെ എന്നും പറഞ്ഞ് കിണറ്റിൻകരേലേക്ക് പോകും.
 
കഥയിലൊക്കെ വായിക്കുന്നതുപോലെ അമ്മയുമായി എനിക്കത്ര വലിയ ആത്മബന്ധമൊന്നുമുണ്ടായില്ല. അമ്മയുടെ സ്നേഹം, വാത്സല്യം എന്നൊക്കെ ചുറ്റുമുള്ളവർ വലിയവായിൽ പറയുമ്പോൾ ചിറികോട്ടി ഞാനുള്ളിൽ ചിരിക്കും. പകൽ മുഴുവൻ പലരുടെയും കൈകളിലൂടെ ഞാൻ കടന്നുപോയി. രാത്രി അമ്മമ്മയുടെ കൂടെയാണ് കിടത്തം. എനിക്ക് ഏറ്റവും ഇഷ്ടം അമ്മമ്മയെയായിരുന്നു. അമ്മമ്മയ്ക്ക് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിൽ ജോലിയുണ്ടായിരുന്നു. എനിക്കിഷ്ടമുള്ള കുപ്പായവും ട്രൗസറും വാങ്ങിച്ചുതന്നത് അമ്മമ്മയായിരുന്നു. വൈകുന്നേരം പണി കഴിഞ്ഞുവരുമ്പോൾ കമ്പനി ക്യാന്റീനിൽ നിന്നുവാങ്ങിയ പലഹാരങ്ങൾ ചോറ്റുപാത്രത്തിൽ ഒളിപ്പിച്ചുവച്ച് കൊണ്ടുതരുമായിരുന്നു. ഉറങ്ങാൻനേരം കഥ പറഞ്ഞുതരും. ഉറക്കം വരാതെ കണ്ണും മിഴിച്ച് കിടന്നാലോ. അമ്മമ്മ ചോദിക്കും:
 
'കള്ളും കുടിച്ച് കാട്ടിൽ പോകാം.
 കള്ളനെ കണ്ടാൽ പേടിക്യോ....''
 
ഇല്ലെന്ന് ചുമലിളക്കിയാൽ അമ്മമ്മ കണ്ണിലേക്കൂതും. പെട്ടെന്ന് കണ്ണടഞ്ഞുപോകും. അപ്പോഴേക്കും അമ്മമ്മ ചിമ്മിനിവിളക്കൂതിയിട്ടുണ്ടാകും. മൺചുമരുകളുള്ള ചാണകം തേച്ച മുറിയിലെ പായയിൽ അമ്മമ്മയെ പറ്റിപ്പിടിച്ചുകിടക്കും.
 
അപ്പോഴും അടുത്ത മുറിയിൽ ചിമ്മിനിവിളക്കും കത്തിച്ചുവച്ച് കിടന്നുകൊണ്ട് അമ്മ ആഴ്ചപ്പതിപ്പ് വായിക്കുന്നുണ്ടാകും. നീണ്ടകഥ വായിക്കുന്നതാണ് അമ്മയ്ക്കിഷ്ടം. പണികഴിഞ്ഞുവരുമ്പോൾ മുടങ്ങാതെ ആഴ്ചപ്പതിപ്പുവാങ്ങും. വിക്രമാദിത്യനും വേതാളവും, ബോബനും മോളിയും, ഫലിതബിന്ദുക്കളുമൊക്കെ മുടങ്ങാതെ ഞാനും വായിക്കും. ചിലപ്പോഴൊക്കെ അമ്മമ്മ ചോദിക്കും നിനക്ക് അമ്മേന്റെടുത്ത് പോയികിടന്നൂടേടാ...
 
സത്യത്തിൽ അമ്മയെ അമ്മയെന്ന് വിളിക്കാൻകൂടി ഞാൻ പഠിച്ചിട്ടില്ല. ഒരുപാട് മരുമക്കളുണ്ടായിരുന്നു അമ്മയ്ക്ക്. അവരെല്ലാവരും അമ്മയെ അമ്മായീന്ന് വിളിക്കും. അതുകേട്ട് ഞാനും അമ്മായീന്ന് വിളിച്ചു ശീലിച്ചു. മുതിർന്ന ശേഷവും അങ്ങനെതന്നെയാണ് വിളിച്ചത്. അമ്മേയെന്ന് വിളിയെടാന്ന് ഒരിക്കൽപോലും അമ്മ പറഞ്ഞതായും എനിക്കോർമയില്ല.
 
വളരെ ചെറിയ പ്രായത്തിലേ അച്ഛനോട് പിണങ്ങി എന്നെയും പറിച്ചെടുത്ത് വന്നതാണ് അമ്മ. ആരുടെ മുന്നിലും തലകുനിക്കുന്നത് കണ്ടിട്ടില്ല. ആർക്ക് എന്ത് സഹായം വേണമെങ്കിലും അമ്മയവിടെ ഓടിയെത്തും. വലിയ കമ്യൂണിസ്റ്റാണ്. ജാഥകളിൽ പോകുന്നത് കണ്ടിട്ടുണ്ട്. ഇലക‌്ഷനടുക്കുമ്പോൾ ചുറ്റുവട്ടത്തെ പാർടിക്കാരായ താടി ഹരിദാസനും ചന്ദ്രനും ശശിയുമൊക്കെ വരും. അയൽപക്കത്തെ മുസ്ലിം വീടുകളിലെ ഉമ്മമാരെ കൊണ്ട് എങ്ങനെയെങ്കിലും വോട്ടു ചെയ്യിപ്പിക്കാനാണ്. അമ്മ പറഞ്ഞാൽ അവർ കേൾക്കുമെന്നാണ്  വിശ്വാസം.
 
മുതിർന്നിട്ടും അമ്മയോടടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ചിലപ്പോഴൊക്കെ വഴക്കുകൂടും. എന്റെ മോഹഭംഗങ്ങളാണ് വഴക്കിന് കാരണം. ചുറ്റുവട്ടത്തുള്ളവർക്കൊക്കെ അമ്മയെ വലിയ കാര്യമാണ്. അമ്മയെപ്പോഴും മറ്റുള്ളവരുടെ കൂടെയാണെന്നാണ് എനിക്ക് തോന്നിയത് എന്റെയൊപ്പം ഒരിക്കലും അമ്മയുണ്ടായിട്ടില്ലെന്നും... തീരെ സഹിക്കാൻ വയ്യാത്ത ചില നേരങ്ങളിൽ നിന്നെ പോറ്റാനാണ് ഞാനീ കല്ലും മണ്ണും ചുമക്കുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ഇരുട്ടിൽ മൂക്കു പിഴിയുന്ന ശബ്ദം കേട്ടാൽ അറിയാം അമ്മ കരയുകയാണെന്ന്.
 
ആദ്യപരീക്ഷയിൽത്തന്നെ നല്ല മാർക്ക് വാങ്ങി പത്താംതരം പാസായപ്പോൾ ഇനി പഠിക്കാനൊന്നും പോവണ്ട വല്ല വർക‌്ഷാപ്പിലോ, ടെയിലറിങ‌് കടയിലോ ചെന്ന് എന്തെങ്കിലും പണിയെടുക്ക് എന്നാണ് അമ്മ ഉപദേശിച്ചത്. ആ രാത്രി ഞാനുറങ്ങിയിട്ടുണ്ടാവില്ല. ഒപ്പം പാസായ ചങ്ങാതിമാരെ കോളേജിൽ ചേർക്കാൻ രക്ഷിതാക്കൾ നെട്ടോട്ടമോടുമ്പോൾ ഇവിടെയൊരമ്മ പറയുന്നു, ഇനി പഠിക്കണ്ട, വല്ല പണിയുമെടുക്കെന്ന്. അമ്മയോടുള്ള അകലം വലിയ വാശിയിലേക്ക് നയിക്കുകയായിരുന്നു. സ്വന്തമായധ്വാനിച്ച് പ്രീഡിഗ്രിയും ഡിഗ്രിയും ബിഎഡുമൊക്കെയെടുത്തത് ആ വാശിപ്പുറത്ത‌്.
 
അമ്മയെക്കുറിച്ച് കാര്യമായൊന്നും എഴുതിയിട്ടില്ലെന്നാണ് ഞാൻതന്നെ കരുതിയിരുന്നത്. എഴുതാൻമാത്രം നല്ല അനുഭവങ്ങളൊന്നും അമ്മ തന്നിട്ടില്ലല്ലോ എന്നായിരുന്നു വിചാരം. ഈയിടെ വെറുതെയിരുന്നപ്പോൾ ഞാനെന്റെ എഴുത്തുകളിലൂടെയും പുസ്തകങ്ങളിലൂടെയും തിരിഞ്ഞുനടന്നു. മേശപ്പുറത്തിരിക്കുന്ന ഓണപ്പതിപ്പിൽ 'പനിമണമുള്ള ഒരു ഉത്രാടരാത്രി' എന്ന ഓണം ഓർമ കിടക്കുന്നു. ഉത്രാടദിവസം കൂലിപ്പണിയെടുത്തുകിട്ടിയ പുത്തൻ ഇരുപത് രൂപാ നോട്ടും കൊടുത്ത് സാധനങ്ങൾ വാങ്ങാൻ അങ്ങാടിയിലേക്കയച്ച മകൻ വരുന്നതും കാത്ത് വേവലാതിയോടെ ഇരുട്ടിലേക്കു നോക്കിനിൽക്കുന്ന അമ്മയെ കണ്ടു. മറ്റൊരു ഓണപ്പതിപ്പിലെഴുതിയ 'പൊമ്പിള ഒരുമൈ' എന്ന കഥയിൽ മേദിനിയക്കന്റെ പാട്ടുകേൾക്കാൻ മകനെയും വലിച്ച് വേഗത്തിലോടുന്ന തന്റേടിയായ ആ അമ്മ എന്റെ അമ്മതന്നെയാണല്ലോ എന്ന് ഞാനമ്പരന്നു. 'ജീവിതത്തോട് ചേർത്തുവച്ച ചില കാര്യങ്ങൾ' എന്ന ഓർമയുടെ പുസ്തകത്തിലെ പല അധ്യായങ്ങളിൽനിന്നും അമ്മ എഴുന്നേറ്റുവരുന്നു... എനിക്ക് ഏറ്റവും പ്രിയപ്പെട്ട നോവലായ 'പുളിമധുര'ത്തിലെ പൊടിക്കുട്ടന്റെ അമ്മ തീർച്ചയായും എന്റെ അമ്മതന്നെയാണ്. പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ആദ്യകഥയിലും അമ്മയാണല്ലോ ഉറങ്ങാതിരിക്കുന്നത്. 'അമ്മ ഇനിയും ഉറങ്ങിയിട്ടില്ല' എന്ന് എങ്ങനെയാണാ കഥയ്ക്ക് പേരുവന്നത്. അമ്മയോട് ഇത്രയേറെ അകന്നുനിന്നിട്ടും എന്റെ ആഴങ്ങളിൽ പലരൂപങ്ങളിൽ ഭാവങ്ങളിൽ അമ്മ ഒളിഞ്ഞിരിക്കുകയായിരുന്നെന്നോ. അത്രമേൽ ഞാൻ അമ്മയെയും അമ്മയെന്നെയും സ്നേഹിച്ചിരുന്നെന്നോ...
 
പണി കഴിഞ്ഞുവരുമ്പോൾ അമ്മയുടെ തലയിൽ ഒരു വലിയ വരിക്കച്ചക്കയുണ്ടാകും. എത്രയോ കിലോമീറ്റർ നടന്നാണ് ചക്കയും പേറിയുള്ള അമ്മയുടെ വരവ്. എസ്എൻ  കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കുന്ന കൗമാരക്കാരന് അമ്മയുടെ ആ വരവ് കാണുമ്പോൾ നാണക്കേടു തോന്നും.
 
നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേന്ന് പലവട്ടം ഞാനമ്മയോട് ക്ഷോഭിച്ചിട്ടുണ്ട്. അമ്മ ചക്ക കൊണ്ടുവന്ന് വീടിന്റെ ഇറങ്കല്ലിൽ വയ‌്ക്കും. കത്തിയാളെടുത്തുകൊണ്ടുവന്ന് ചക്കയ്ക്കരികിലിരിക്കും. എന്നിട്ട് ഒരു നീട്ടിവിളിയാണ്. 
 
ജമീലാ, കയറൂ, വല്ലീ, ലീലേ, ഡെയ്സീ.... വേണമെങ്കില് വേഗം വന്നോ.
 
അമ്മ ചക്ക പല കഷ്ണങ്ങളാക്കും. വന്നവർക്കെല്ലാം വീതിച്ചുനൽകും. അപ്പോൾ നിങ്ങൾക്ക് വേണ്ടേ കാർത്ത്യേച്ചീന്ന് അമ്മയോട് ആരെങ്കിലും ചോദിക്കും. എനിക്കിനി വയ‌്ക്കാനൊന്നും കയ്യൂല. നിങ്ങളാരെങ്കിലും വെച്ചിട്ട് കൊറച്ച് തന്നാമതി.... അമ്മ പൊടിയും തട്ടി കത്തിയാളും എടുത്ത് അകത്തേക്കുപോകും. ദേഷ്യംകൊണ്ട് വിറച്ച് ഞാനമ്മയോട് തട്ടിക്കേറും. നാട്ടുകാർക്ക് വിതരണംചെയ്യാനാണോ കെട്ടിപ്പേറി നിങ്ങളിത് ഇത്രയും ദൂരം കൊണ്ടുവന്നത്.
 
അമ്മയപ്പോൾ മുഖം കുനിച്ച് നിശ്ശബ്ദമായി ചിരിക്കും. എന്നിട്ട് പറയും: കൊടുത്തതേ ബാക്കിയുണ്ടാവൂ.
 
പാരസ്പര്യത്തിന്റെ, സഹവർത്തിത്വത്തിന്റെ, സഹാനുഭൂതിയുടെ, മതമൈത്രിയുടെ സാമൂഹ്യപാഠങ്ങൾ അമ്മയുടെ വാക്കിലും പ്രവൃത്തിയിലും ഉണ്ടായിരുന്നെന്ന് ഇന്ന് ഞാനറിയുന്നു. എന്നോട് പറയാതെ എന്റെ എഴുത്തിൽ കയറിയിരുന്ന് ഊർജവും പ്രകാശവുമാകുന്നതും അമ്മയാണെന്ന് ഞാനറിയുന്നു.
പ്രധാന വാർത്തകൾ
 Top