11 August Tuesday

മലയാളിയുടെ സ്വന്തം പിണറായി

കെ ശ്രീകണ്‌ഠൻ sreekantank@gmail.comUpdated: Sunday May 10, 2020

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരെ കാണാൻ പോകുന്നു ഫോട്ടോ: ജി പ്രമോദ്‌

മഹാമാരിയുടെ വിവരങ്ങളും കേരളത്തിന്റെ പ്രതിരോധ മാർഗങ്ങളും വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം തുടങ്ങിയത്‌ മാർച്ച്‌ 10ന്‌. ഇന്ന്‌ മെയ്‌ 10. കൃത്യം രണ്ടുമാസം. അതിനുള്ളിൽ 45 തവണയാണ്‌ അദ്ദേഹം ജനങ്ങളുമായി സംവദിച്ചത്‌. ജനങ്ങൾക്ക്‌ സാന്ത്വനവും കരുത്തും നൽകിയ അനന്യമായ ഇടപെടൽ, ഇനി ഞാനുണർന്നിരിക്കാം, നീയുറങ്ങുക എന്ന കവിവാക്യം പോലെ

 
ലോകമെങ്ങുമുള്ള മലയാളി രണ്ടുമാസമായി എന്നും വൈകിട്ട്‌ ടെലിവിഷന് മുമ്പിലെത്തുന്നത്‌ ഒരേയൊരാളെ കാണാനും ആ വാക്കുകൾ കേൾക്കാനുമാണ്‌. കോവിഡ്‌–-19ന്റെ വാർത്തകളുമായി മാധ്യമങ്ങളിലൂടെ കേരളീയർക്ക്‌ മുമ്പിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മലയാളികൾക്ക്‌ സാന്ത്വനത്തിന്റെ ഈറൻകാറ്റാണ്‌. കോവിഡ്‌ ഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോഴും ആശ്വാസമേകുന്നു ആ വാക്കുകൾ. ഒരു മണിക്കൂർ നീളുന്ന വാർത്താസമ്മേളനം കഴിയുമ്പോൾ എന്തും നേരിടാനുള്ള കരുത്ത്‌ മനസ്സിലേക്ക്‌ ഇരച്ചുകയറും. അദ്ദേഹം എല്ലാ കാര്യങ്ങളും ഗൗരവം ചോരാതെ പറയും. പരിഭ്രാന്തമാക്കാനല്ല, തോളോടുതോൾ ചേർന്ന്‌ സാന്ത്വനിപ്പിക്കാൻ. ഏത്‌ പ്രതിസന്ധിയെയും തരണം ചെയ്യാൻ ഒപ്പമല്ല, മുന്നിൽത്തന്നെയാണ്‌ മലയാളിയുടെ പിണറായി.
 
മാധ്യമങ്ങളോട്‌ അകലം പാലിക്കുന്നതാണ്‌ പിണറായി വിജയൻ എന്ന നേതാവിന്റെയും മുഖ്യമന്ത്രിയുടെയും പൊതുവെയുള്ള സമീപനം. പക്ഷേ, പ്രതിസന്ധി ഘട്ടത്തിൽ ആ ശൈലി അദ്ദേഹം മാറ്റിവച്ചത് കഴിഞ്ഞ രണ്ടു പ്രളയകാലത്തും നമ്മൾ കണ്ടതാണ്‌. കോവിഡ്‌–-19ന്റെ ആപൽഘട്ടത്തിലും പിണറായി വന്നു. ഉള്ളുനിറയെ കരുതലുമായി.
 
ഇക്കഴിഞ്ഞ മാർച്ച് പത്തിന് വൈകിട്ട് ആറിനാണ്‌ കോവിഡ്‌–-19 കാലത്തെ മുഖ്യമന്ത്രിയുടെ ആദ്യവാർത്താസമ്മേളനം. ലോകത്തെ കോവിഡ്–-19‌ പിടിച്ചുകുലുക്കിയ നാളുകൾ‌. ഓരോ ദിവസവും ഗതിവിഗതികൾ മാറിമറിഞ്ഞു. ആധിയുടെ ദിനരാത്രങ്ങൾ‌. മാർച്ച്‌ പത്തുമുതൽ മെയ്‌ പത്തുവരെയുള്ള 60 ദിവസത്തിൽ 45 തവണ മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെ മലയാളിക്ക്‌ മുന്നിലെത്തി. ഒരുപക്ഷേ, ലോകത്ത്‌ ഒരു ഭരണാധികാരി‌ക്കും ഇങ്ങനെ ഒന്ന്‌ അവകാശപ്പെടാൻ കഴിയില്ല.
മുഖ്യമന്ത്രിയുടെ തുടർച്ചയായ വാർത്താസമ്മേളനം ആദ്യമല്ല. കഴിഞ്ഞ രണ്ട്‌ പ്രളയകാലത്തും അദ്ദേഹം കേരളീയർക്ക്‌ ധൈര്യം പകരാൻ മാധ്യമങ്ങൾക്ക്‌ മുമ്പിലെത്തി. പക്ഷേ, അതിൽനിന്ന്‌ എത്രയോ ദുരിതംനിറഞ്ഞതാണ്‌ ഇപ്പാഴത്തെ സാഹചര്യം. ഇത്‌ അദ്ദേഹം മുൻകൂട്ടി തിരിച്ചറിഞ്ഞു. ക്രാന്തദർശിത്വമുള്ള ഭരണനേതൃത്വത്തിനുമാത്രം സാധ്യമായ ഒന്ന്‌.
 
മാർച്ച്‌ പത്തിന്‌ മുഖ്യമന്ത്രി മാധ്യമങ്ങൾക്ക്‌ മുമ്പിലെത്തിയപ്പോൾ സ്ഥിതി ഇത്രയും ഗുരുതരമാകുമെന്ന്‌ ആരും നിനച്ചില്ല. രോഗബാധിതരുടെയും രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലായവരുടെയും എണ്ണം ഏറിയും കുറഞ്ഞുമായിരുന്നില്ല. ആ ഗ്രാഫ്‌ ഉയരുമ്പോഴും മലയാളിയുടെ ആധി വർധിച്ചില്ല. ഓരോ ചലനവും ഏകാഗ്രതയോടെ അദ്ദേഹം വിലയിരുത്തി. അത്‌ ലോകമെങ്ങുമുള്ള മലയാളികൾക്കുമുമ്പിൽ അവതരിപ്പിച്ചു. സർക്കാർ ഒപ്പമല്ല, മുന്നിൽത്തന്നെയുണ്ട്‌ എന്നത്‌ അവർക്ക്‌ അനുഭവവേദ്യമാക്കി.
 

അന്നമൂട്ടിയ കരുതൽ

 

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം 45–-ാം ദിവസത്തോടടുത്തത്‌ കേരളീയർക്ക്‌ ആശ്വാസം പകരുന്ന വാർത്തയുമായാണ്‌. ഇതര സംസ്ഥാനങ്ങളിലും മറ്റ്‌ രാജ്യങ്ങളിലുമുള്ള നമ്മുടെ പ്രിയപ്പെട്ടവർ നാടണയുന്ന പ്രത്യാശയുടെ നേർചിത്രം. രോഗബാധിതരുടെ എണ്ണം രണ്ടക്കത്തിൽ ചുരുങ്ങിയത്‌. പുതിയ രോഗികളെക്കാൾ രോഗവിമുക്തി നേടുന്നവരുടെ എണ്ണം ഏറിവരുന്ന കാഴ്‌ച. എത്ര ദുരിതം നേരിട്ടാലും അതിലേറെ സുഖദമായ കാലം വരുമെന്ന പ്രതീക്ഷ.
 
ഓരോ ദിവസത്തെയും കാര്യങ്ങൾ അന്നന്ന്‌ അവലോകനംചെയ്‌ത്‌ അത്‌ ജനങ്ങളുമായി സംവദിച്ച ഒരു മുഖ്യമന്ത്രി ആദ്യാനുഭവമായിരുന്നു. കോവിഡ് രോഗബാധിതരുടെയും മറ്റും വിവരങ്ങളും ലോക്ക്‌‌ഡൗൺ നടപടികളും മാത്രമല്ല മുഖ്യമന്ത്രിയിൽനിന്ന്‌ ജനങ്ങൾ കേട്ടത്‌. ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക്‌ പരിഹാരം, ആശ്വാസ നടപടികൾ, പക്ഷിമൃഗാദികൾക്കുവരെ അന്നമൂട്ടാനുള്ള ഉപദേശം. ഒരാളും വിശന്നിരിക്കരുതെന്ന നിരന്തരമായ ഓർമപ്പെടുത്തൽ... കരുതലിന്റെയും കാരുണ്യത്തിന്റെയും അനുപമമായ അനുഭവം. ഒരുപക്ഷേ, ഒരു മുഖ്യമന്ത്രിയിൽനിന്ന്‌ ഇങ്ങനെയൊക്കെ പ്രതീക്ഷിക്കാമോയെന്ന്‌ മലയാളി വിസ്‌മയിച്ച നാളുകൾ.
 

ഉയർന്നുയർന്ന്‌ ചാനൽ റേറ്റിങ്‌

 
മുഖ്യമന്ത്രിയുടെ നിത്യേനയുള്ള വാർത്താസമ്മേളനം ടിവി ചാനലുകളിൽ മെഗാഹിറ്റായി മാറിയതും കേരളീയർ കണ്ടു. ചാനലുകളുടെ റേറ്റിങ്‌ കുത്തനെ ഉയർന്നു. പക്ഷേ, ഒരു മണിക്കൂർ വാർത്താസമ്മേളനത്തിന്‌ മുമ്പുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും അത്യധ്വാനവും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്‌. ഓരോ വിഷയവും ജനങ്ങളുടെ പ്രശ്‌നങ്ങളും നല്ലവണ്ണം വിശകലനംചെയ്‌ത്‌, അവയ്‌ക്കെല്ലാം പരിഹാരവും കരുതിയാണ്‌ മുഖ്യമന്ത്രി ഓരോ ദിവസവും മാധ്യമങ്ങൾക്ക്‌ മുമ്പിലെത്തുന്നത്‌. ‘നിങ്ങൾ സ്വസ്ഥമായുറങ്ങുക, ഞങ്ങൾ നിങ്ങൾക്കായി ഉണർന്നിരിക്കാം’ എന്ന സന്ദേശമാണത്‌. ‌
 
ആ വാക്കുകളിലെ ആത്മാർഥതയാണ്‌ ഓരോ ദിവസവും മലയാളിക്ക്‌ അനുഭവപ്പെട്ടത്‌. പിണറായിയുടെ തയ്യാറെടുപ്പ്‌ അതിരാവിലെതന്നെ തുടങ്ങുകയും ചെയ്യുമായിരുന്നു. ഔദ്യോഗിക വസതിയിൽനിന്ന്‌ രാവിലെ ഒമ്പതിന്‌ സെക്രട്ടറിയറ്റിൽ എത്തുന്ന നിമിഷംമുതൽ തിരക്കിൽ മുങ്ങും. ചെറിയ കാര്യങ്ങളിൽവരെ ശ്രദ്ധ ചെന്നെത്തും. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതിയും രോഗികളുടെ ആരോഗ്യസ്ഥിതിയുമൊക്കെ രാവിലെതന്നെ ആരോഗ്യമന്ത്രി കെ കെ ശൈലജയോട്‌ ചോദിച്ചറിയും. പേഴ്‌സണൽ സ്റ്റാഫ്‌ അംഗങ്ങൾ, ഡിജിപി, ചീഫ്‌ സെക്രട്ടറി, മറ്റ്‌ മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്‌ച. കലക്‌ടർമാരുമായും പൊലീസ്‌ സൂപ്രണ്ടുമാരുമായും വീഡിയോ കോൺഫറൻസ്‌, ഇങ്ങനെ നീളും. എല്ലാ ദിവസവും വാർത്താസമ്മേളനത്തിനുമുമ്പ്‌ കോവിഡ്‌ അവലോകനയോഗം. ഇരുൾ പരക്കുംവരെ തിരക്കോടുതിരക്ക്‌.
 

മുഖത്തറിയാം ആശ്വാസം

 
രോഗബാധിതരുടെ എണ്ണം ഉയരുന്ന ദിവസമാണെങ്കിൽ ആ നൊമ്പരം മുഖ്യമന്ത്രിയുടെ വാക്കുകളിലും സ്‌ഫുരിക്കും. കേരളത്തിൽ രോഗം പിടിപെടുന്നവരുടെ കാര്യത്തിൽ മാത്രമല്ല, വിദേശരാജ്യങ്ങളിൽ രോഗം ബാധിച്ച്‌ മരിച്ചവരെക്കുറിച്ച്‌ പറയുമ്പോഴും ആ മുഖത്ത്‌ ഇരുൾ പരക്കുന്നത്‌ മലയാളി അറിഞ്ഞു. ‘ഇന്നത്തെ പരിശോധനാഫലം രണ്ടുപേർക്ക്‌ പോസിറ്റീവും 14 പേർക്ക്‌ നെഗറ്റീവുമാണ്‌’ ഏപ്രിൽ 30ന്‌ മുഖ്യമന്ത്രി ഇത്‌ പറഞ്ഞപ്പോൾ ആ മുഖത്ത്‌ പ്രകാശം പരന്നു. ‘ഇന്ന്‌ ആർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടില്ല’ എന്ന്‌ മെയ്‌ ആറിന്‌ പറഞ്ഞപ്പോഴും ടെലിവിഷനുകൾക്ക്‌ മുമ്പിലിരുന്നവരും ആശ്വാസംകൊണ്ടു.
 

ആറുമണിയിൽനിന്ന്‌ അഞ്ചിലേക്ക്‌

 
സെക്രട്ടറിയറ്റിലെ നോർത്ത്‌ ബ്ലോക്കിലെ താഴത്തെ നിലയിലെ കോൺഫറൻസ്‌ ഹാളിലായിരുന്നു ആദ്യദിനങ്ങളിൽ വാർത്താസമ്മേളന വേദി. സാമൂഹ്യഅകലം പാലിക്കാൻവേണ്ടി വേദി പിന്നീട്‌ നോർത്ത്‌ സാന്റ്‌വിച്ച്‌ ബ്ലോക്കിലെ പാർക്കിങ്‌ ഏരിയയിലേക്ക്‌ മാറ്റി. അവിടെയും തിക്കും തിരക്കുമായപ്പോൾ മാധ്യമപ്രവർത്തകരെ പിആർ ചേംബറിലേക്ക്‌ മാറ്റി. മുഖ്യമന്ത്രി നോർത്ത്‌ ബ്ലോക്കിലെ കോൺഫറൻസ്‌ ഹാളിലും ഇരുന്നു. വീഡിയോയിലൂടെയും മുഖ്യമന്ത്രിക്ക്‌ മാധ്യമപ്രവർത്തകരെയും അവർക്ക്‌ മുഖ്യമന്ത്രിയെയും കാണാം.
 
വൈകിട്ട്‌ ആറിന്‌ നടത്തിവന്ന വാർത്താസമ്മേളനം റമദാൻ നോമ്പ്‌ കാലം കണക്കിലെടുത്ത്‌ അഞ്ച്‌ മണിയിലേക്ക്‌ മാറ്റുകയായിരുന്നു. നോമ്പ്‌ തുറയ്‌ക്ക്‌ തയ്യാറെടുക്കുന്നതിനുവേണ്ടി സമയം മാറ്റണമെന്ന അഭ്യർഥന മാനിച്ചായിരുന്നു ഇത്‌.
 

കേരള രാഷ്‌ട്രീയം ചുറ്റിത്തിരിയുന്ന ഒരു മണിക്കൂർ

 

മുഖ്യമന്ത്രിയുടെ പതിവ്‌ വാർത്താസമ്മേളനം തുടങ്ങിയതോടെ രാഷ്‌ട്രീയ ചർച്ചയും അതിൽ കേന്ദ്രീകരിക്കാൻ തുടങ്ങി. ഇടയ്‌ക്കിടെ വിവാദങ്ങളും അതിന്‌ മുഖ്യമന്ത്രിയുടെ ചാട്ടുളിപോലുള്ള പ്രതികരണവും എല്ലാംചേർന്ന്‌ രംഗം കൊഴുത്തു. കോവിഡ്‌ പ്രതിരോധത്തിൽ മുഴുകിയ സർക്കാരിനെ വിവാദങ്ങളിൽ തളച്ചിടാൻ ചിലർ ശ്രമിച്ചു. എന്നാൽ, അതിന്‌ വഴങ്ങാനില്ലെന്ന കരുതലോടെയുള്ള ചുവടുവയ്‌പുമായാണ്‌ മുഖ്യമന്ത്രിയുടെ യാത്ര. അത്‌ കേരളത്തിനുവേണ്ടിയാണ്‌. അതെ മലയാളിയുടെ പിണറായി അങ്ങനെയാണ്‌.
 

ജനകീയത ജയിക്കുന്നു

ശ്രീകുമാരൻതമ്പി

 
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഞാൻ എല്ലാ ദിവസവും കാണാറുണ്ട്‌. എത്ര ഹൃദയഹാരിയായാണ്‌ അദ്ദേഹം ജനങ്ങളോട്‌ സംസാരിക്കുന്നത്‌. ആത്മവിശ്വാസത്തിന്റെ പ്രതീകമാണദ്ദേഹം. എന്തൊരു കഠിന പ്രയത്‌നമാണ്‌ മുഖ്യമന്ത്രി നടത്തുന്നത്‌. അത്‌ ആ വാക്കുകളിൽനിന്ന്‌ ആർക്കും ബോധ്യമാകും. പ്രശ്‌നങ്ങൾ മുൻകൂട്ടി കാണാനും പരിഹരിക്കാനുമുള്ള കഴിവ്‌ എടുത്തുപറയണം. മനുഷ്യനുവേണ്ടി മാത്രമല്ല, പക്ഷികൾക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കുംവേണ്ടിയാണ്‌ മുഖ്യമന്ത്രി സംസാരിക്കുന്നത്‌. മാധ്യമങ്ങൾക്കുവേണ്ടി തന്റെ ആശയം മാറ്റുന്നില്ല. എപ്പോഴും തന്റെ ജനങ്ങൾക്കുവേണ്ടിമാത്രം സംസാരിക്കുന്നു. അദ്ദേഹം കൂടുതൽ ജനകീയനായി. എതിരാളികൾ ഭയക്കുന്നതും അതുതന്നെയാണ്‌.
 
 

ലോകത്തുതന്നെ ആദ്യം

അടൂർ ഗോപാലകൃഷ്‌ണൻ

 
കോവിഡ്‌കാലത്ത്‌ ജനങ്ങൾ ഉറ്റുനോക്കുന്ന പരിപാടിയാണ്‌ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. കോവിഡിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച്‌ പറഞ്ഞ്‌ ഭീതി പരത്തുകയല്ല ചെയ്യുന്നത്‌. പകരം ജനങ്ങൾക്ക്‌ ആശ്വാസം പകരുകയാണ്‌. എന്ത്‌ നടപടി എടുത്തുവെന്നും ഇനി എന്തെല്ലാം ചെയ്യുമെന്നും ജനങ്ങളോട്‌ റിപ്പോർട്ട്‌ ചെയ്യുകയാണ്‌. ഇത്‌ ലോകത്തുതന്നെ ആദ്യാനുഭവം ആയിരിക്കും. അതുകൊണ്ടാണ്‌ ഇത്‌ ആൾക്കാർ ആശ്വാസത്തോടെ കാണുന്നത്‌. രാജ്യത്താകെ വലിയ അഭിപ്രായമാണ്‌ ഉയർന്നിട്ടുള്ളത്‌.
 
 
 

എന്തും നേരിടാനുള്ള പ്രേരണ

ഡോ. ജോർജ്‌ ഓണക്കൂർ

 

മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനം നമ്മുടെയെല്ലാം മാനസികാവസ്ഥയ്‌ക്ക്‌ നൽകുന്ന ബലം വളരെ വലുതാണ്‌. എന്താണ്‌ സംഭവിച്ചതെന്നുമാത്രം പറഞ്ഞ്‌ അവസാനിപ്പിക്കുയല്ല, അതിനെ മറികടക്കാനും പ്രത്യാശ പകരാനുമാണ്‌ മുഖ്യമന്ത്രിയുടെ ശ്രമം. അതുതന്നെയാണ്‌ മലയാളികൾക്ക്‌ നൽകുന്ന ആശ്വാസം. വ്യക്തിബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും സമൂഹത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ പലരിലും പ്രേരണ ചെലുത്തുന്നതുമാണ്‌ ആ ഒരുമണിക്കൂർ നീളുന്ന അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ന്‌ എന്ത്‌ സംഭവിച്ചാലും നമുക്ക്‌ നേരിടാം. നാളെ നല്ലത്‌ വരുമെന്ന പ്രതീക്ഷയാണ്‌ അദ്ദേഹം എപ്പോഴും നൽകുന്നത്‌. രാഷ്‌ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ ഇത്‌ ഉളവാക്കുന്ന ആത്മവിശ്വാസം അതത്‌ രംഗത്തുള്ളവർ പഠനവിഷയമാക്കേണ്ടതാണ്‌.
 
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top