13 August Thursday

ഓർക്കണം വൃത്തിയുടെ ആ രക്തസാക്ഷിയെ

ഡോ. ജോസ് ചാത്തുകുളം joschathukulam@gmail.comUpdated: Sunday May 10, 2020

എന്നാണ്‌ മനുഷ്യർ കൈകഴുകൽ ശീലമാക്കിയത്‌? കൈ കഴുകി വൈറസിനെ അകറ്റാമെന്ന സന്ദേശം‌ ഇന്ന്‌ ലോകമെങ്ങും മുഴങ്ങുമ്പോൾ ഈ ശീലം നിർബന്ധമാക്കണമെന്ന് 220 വർഷം ‌മുമ്പ് വാദിച്ചതിന്റെ പേരിൽ ഭ്രാന്തനെന്ന്‌ മുദ്രകുത്തപ്പെട്ട ഒരു മനുഷ്യസ്‌നേഹിയെ അറിയുക

 
കൈകഴുകലിന്‌  പിതാവുണ്ടോ? കൊറോണ വൈറസിനെതിരെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്‌ 20 സെക്കൻഡ്‌ നേരം കൈകഴുകാൻ ലോകാരോഗ്യ സംഘടന നിർദേശിക്കുമ്പോൾ സ്വാഭാവികമായും കൈകഴുകൽ നിർബന്ധമാക്കണമെന്ന്‌ പറഞ്ഞ ഒരാൾ ഉണ്ടാകുമല്ലോ ചരിത്രത്തിൽ. ഉണ്ട്‌, അദ്ദേഹത്തിന്റെ പേര്‌ ഡോ. ഇഗ്‌നാസ്‌ സെമൽവീസ്‌. കൈകഴുകലിന്റെ പ്രാധാന്യം വിളിച്ചുപറഞ്ഞതിന്‌ സഹപ്രവർത്തകർ ഭ്രാന്തനെന്ന്‌ മുദ്രകുത്തി അദ്ദേഹത്തെ. മാനസികാരോഗ്യ കേന്ദ്രത്തിലെ കൊടിയ പീഡനങ്ങളേറ്റാണ്‌ ആ മനുഷ്യസ്‌നേഹി മരിച്ചത്‌.
 
ഇഗ്നാസ് സെമൽവീസ്‌

ഇഗ്നാസ് സെമൽവീസ്‌

ഈ ഡോക്‌ടറുടെ കണ്ടെത്തലിനെ ആദ്യം തിരസ്‌കരിച്ചത്‌ മുൻനിർത്തി ഇംഗ്ലിഷിൽ ഒരു പ്രയോഗം തന്നെ നിലവിൽവന്നു. സെമൽവീസ് റിഫ്‌ളക്‌സ്‌ എന്ന പേരിൽ. പുതിയ ഒരു ജ്‌ഞാനമോ തെളിവോ നിലവിലുള്ള വിശ്വാസങ്ങൾക്കും നടപ്പുരീതികൾക്കും വിരുദ്ധമാണെങ്കിൽ അതിനെ നിരാകരിക്കുക എന്നാണ്‌ സെമൽവീസ്‌ റിഫ്‌ളക്‌സ്‌ എന്ന പ്രയോഗത്തിനർഥം. 20 സെക്കൻഡ്‌ കൈകഴുകുമ്പോൾ ഇനിയെങ്കിലും ഓർക്കാം ആ രക്തസാക്ഷിയെ.
  
220 വർഷം മുമ്പാണ് കൈകഴുകുന്നതിന്റെ പ്രാധാന്യം മനുഷ്യൻ മനസ്സിലാക്കിയത്. തുടർന്ന് ഇതൊരു ജീവൻരക്ഷാ ഉപാധിയായി മാറി. 1800-കളുടെ ആരംഭംവരെ ഡോക്ടർമാർ പോലും കൈകഴുകുന്നതിൽ ശ്രദ്ധിച്ചിരുന്നില്ല. ഇക്കാലത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്ന ചുമതലയിൽ ഏർപ്പെട്ട ഡോക്ടർ കൈപോലും കഴുകാതെ പ്രസവസംബന്ധമായ ശുശ്രൂഷയും ചെയ്‌തു. വൃത്തിയും വെടിപ്പും ഒട്ടുമില്ലാത്ത ഡോക്ടർമാരെയാണ്‌ നല്ല ഡോക്ടർമാരായി കണക്കാക്കിയിരുന്നത്‌. ഓപ്പറേഷൻ തിയറ്ററിൽനിന്ന്‌ മേൽവസ്‌ത്രം നിറയെ രക്തക്കറയുമായി പുറത്തുവന്ന് പ്രസവ വാർഡിൽ പ്രവേശിച്ച് ഗർഭിണികളെ പരിശോധിക്കുന്നതും പ്രസവമെടുക്കുന്നതും അഭിമാനമായി കരുതിയവർ.
 
1843ൽ ഒലിവർ വെന്റാൾ ഹോംസ് എന്ന അമേരിക്കൻ ഡോക്ടർ കൈകഴുകലിന്റെ അഭാവത്തിൽ പടരുന്ന വ്യാധികളെക്കുറിച്ച് എഴുതി. അക്കാലത്ത്‌ ഒട്ടനവധി സ്‌ത്രീകൾ ചൈൽഡ് ബെഡ് ഫീവർ അല്ലെങ്കിൽ പ്രസവസംബന്ധമായ പനിമൂലം മരിച്ചിരുന്നു.ചൈൽഡ് ബെഡ് ഫീവറിന്റെ പ്രധാന കാരണം ഡോക്ടർമാർ വ്യക്തിശുചിത്വം പാലിക്കാതെ പ്രസവസംബന്ധമായ പരിശോധനയും ശസ്‌ത്രക്രിയയും നടത്തുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
 
"കൈകഴുകലിന്റെ പിതാവ്' എന്നറിയപ്പെടുന്ന ഹംഗേറിയൻ ഡോക്ടർ ഇഗ്നാസ് സെമൽവീസ്‌ വിയന്ന ജനറൽ ആശുപത്രിയിലാണ്‌ പ്രവർത്തിച്ചിരുന്നത്‌. 1800കളുടെ മധ്യത്തിൽ യൂറോപ്പിലെമ്പാടും പ്രസവസംബന്ധമായ ശുശ്രൂഷകൾക്ക് വ്യാപകമായി ക്ലിനിക്കുകൾ പ്രവർത്തിച്ചിരുന്നു. ഇവിടങ്ങളിൽ ശിശുക്കളെ പരിരക്ഷിക്കാനും സംവിധാനമുണ്ടായിരുന്നു. ഡോ. സെമൽവീസിന്റെ ആശുപത്രിയിലും ഉണ്ടായിരുന്നു രണ്ട് ക്ലിനിക്.  ഇതിൽ ഒന്നാമത്തേതിൽ ചൈൽഡ് ബെഡ് ഫീവർ മൂലമുള്ള മരണനിരക്ക് വളരെ ഉയർന്നതോതിലായിരുന്നു. രണ്ടാമത്തേതിൽ തുലോം കുറവും. ആദ്യത്തെ ക്ലിനിക്കിൽ തങ്ങളെ പ്രവേശിപ്പിക്കരുതെന്ന് സ്‌ത്രീകൾ ബന്ധുക്കളോട് യാചിച്ചിരുന്നു. ഒന്നാമത്തെ ക്ലിനിക്കിനേക്കാൾ സുരക്ഷിതം   പൊതുവഴിയാണെന്നു പോലും അവർ കരുതിയതായി ഡോ. സെമൽവീസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുനിരത്തിൽ പ്രസവിക്കുന്ന സ്‌ത്രീകളിൽ പ്രസവസംബന്ധമായ പനി കുറവാണെന്ന സന്ദേഹവും അദ്ദേഹം  ഉയർത്തി.
 
ഡോ. സെമൽവീസ്‌ ഒന്നാമത്തെ ക്ലിനിക്കിലുള്ള ഉയർന്ന മരണനിരക്കിൽ വളരെയധികം ആശങ്കാകുലനായിരുന്നു. രണ്ട് ക്ലിനിക്കും ഒരേ ചികിത്സയാണ് പിന്തുടർന്നത്. എന്നിരുന്നാലും ഒന്നാമത്തെ ക്ലിനിക് മെഡിക്കൽ വിദ്യാർഥികളുടെ പരിശീലനത്തിന്‌ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തിച്ചിരുന്നത്. രണ്ടാമത്തെ ക്ലിനിക് നേഴ്സുമാരുടെ നേതൃത്വത്തിൽ നേഴ്സിങ്‌ പരിശീലനത്തിനും. 
 
‘റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ' പ്രസിദ്ധീകരിച്ച  ലേഖനത്തിൽ നേഴ്സുമാരുടെ പരിശീലനത്തിനും നിയന്ത്രണത്തിലുമുള്ള രണ്ടാമത്തെ ക്ലിനിക്കിൽ 1000 കുട്ടികൾ ജനിക്കുമ്പോൾ 36 ആയിരുന്നു മാതൃമരണനിരക്ക്. എങ്കിൽ ഡോക്ടർമാരുടെ നിയന്ത്രണത്തിലുള്ള ഒന്നാമത്തെ ക്ലിനിക്കിൽ 1000 കുട്ടികൾ ജനിക്കുമ്പോൾ മാതൃമരണനിരക്ക് 98. ഡോ. സെമൽവീസ്‌ ഈ വ്യത്യാസം ശ്രദ്ധാപൂർവം നിരീക്ഷിച്ചു. അദ്ദേഹത്തിന് ഒരു കാര്യം ബോധ്യപ്പെട്ടു. വിയന്ന ജനറൽ ആശുപത്രിയിൽ പരിശീലനത്തിലുള്ള ഡോക്ടർമാർ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയശേഷം കൈകഴുകാതെ നേരെ പ്രസവ വാർഡിൽ ചെന്ന്‌ പ്രസവമെടുക്കുന്നത്‌ പതിവായിരുന്നു.
 
1847ൽ ഡോ. സെമൽവീസിന്റെ സഹപ്രവർത്തകൻ ഡോ. ജേക്കബ് പോസ്റ്റുമോർട്ടത്തിനിടെ കൈ മുറിയുകയും  അണുബാധയേറ്റ്‌ മരിക്കുകയും ചെയ്‌തു. ഈ അണുബാധ പ്രസവത്തെതുടർന്ന് സ്‌ത്രീകളിൽ ഉണ്ടാകുന്ന അണുബാധയ്‌ക്ക്‌ സമാനമാണെന്ന് ഡോ. സെമൽവീസ്‌ കണ്ടെത്തി. ഈ അണുബാധയും മൃതദേഹ പരിശോധനയും തമ്മിൽ ബന്ധമുണ്ടെന്നും  ബോധ്യപ്പെട്ടു. പോസ്റ്റുമോർട്ടത്തിനുശേഷം കൈകഴുകാതെ പ്രസവശുശൂഷ നടത്തുമ്പോൾ മാതൃമരണനിരക്ക് വളരെ ഉയർന്നെന്നും കൈകൾ കഴുകിയതിനു ശേഷമാണെങ്കിൽ മരണനിരക്ക് കുറയുമെന്നും അദ്ദേഹം കണ്ടെത്തി.
 
ഈ കണ്ടെത്തലുകൾ അദ്ദേഹം സഹപ്രവർത്തകരുടെ മുമ്പാകെ അവതരിപ്പിച്ചു. വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെയും ഓരോ രോഗിയെ പരിശോധിച്ചശേഷം കൈകഴുകേണ്ടതിന്റെയും പ്രാധാന്യം വിശദീകരിച്ചു. ഇത് മറ്റ് ഡോക്ടർമാരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. അവർ ഈ കണ്ടെത്തലുകൾ നിർദയം തള്ളി. അദ്ദേഹത്തിന് മാനസികരോഗമാണെന്ന് ആരോപിച്ചു. തുടർന്ന്‌ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. മാനസികാരോഗ്യകേന്ദ്രത്തിലെ കൊടിയ പീഡനത്തെത്തുടർന്ന് 47‐ാം വയസ്സിൽ അദ്ദേഹം മരിച്ചു.  ജീവിച്ചിരുന്ന കാലയളവിൽ ഈ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിച്ചില്ലെങ്കിലും ശാസ്‌ത്രലോകം പിന്നീട്  ആ കണ്ടെത്തലുകൾ ശരിവച്ചു.
 
1860-ൽ  ഫ്ളോറൻസ് നൈറ്റിങ്‌ഗേൽ നേഴ്‌സുമാർക്കുള്ള പ്രസിദ്ധീകരണത്തിൽ മൃതദേഹങ്ങൾ ഏതൊക്കെ തരത്തിൽ അണുബാധയുണ്ടാക്കുമെന്ന് രേഖപ്പെടുത്തി. ദിവസേന കിടക്കവിരികൾ മാറ്റുന്നതും നിരന്തരം കൈ വൃത്തിയാക്കുന്നതും അണുബാധ തടയാൻ സഹായിക്കുമെന്നും വ്യക്തമാക്കി. പിന്നീട് ലൂയിപാസ്‌റ്ററാണ് ശുചിത്വം സംബന്ധിച്ച ഡോ. സെമൽവീസിന്റെ കണ്ടെത്തലുകൾ അംഗീകരിച്ച്‌ അണുബാധാ സിദ്ധാന്തത്തിന് പ്രചാരം നൽകിയത്‌. തുടർന്ന്  പാസ്റ്ററുടെ കണ്ടെത്തലുകൾ അനുസരിച്ച് അണുനാശിനികൾ നിർമിക്കുകയും ആശുപത്രി ഉപകരണങ്ങൾ അണുവിമുക്തമാക്കുകയും ചെയ്‌തു. കൂടാതെ കൈകൾ ശുചിയാക്കുന്നതിലൂടെ അണുബാധ തടയാനും  സാധിച്ചു.
 
1890‐1900ന്റെ തുടക്കത്തിലാണ് വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെയും കൈകൾ കഴുകേണ്ടതിന്റെയും പ്രാധാന്യം പൊതുജനങ്ങൾക്ക്‌ ബോധ്യപ്പെട്ടത്. 1980കളിൽ പൊട്ടിപ്പുറപ്പെട്ട HIV അണുബാധ വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് ബോധ്യപ്പെടുത്തി. തുടർന്ന് വന്ന സാർസ്, നിപാ, കോവിഡ്‐-19 എന്നീ മഹാമാരികൾ കൈകൾ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും മനുഷ്യനെ ബോധ്യപ്പെടുത്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top