19 June Wednesday

അല്ല... അല്ല... ഞാന്‍ ഇങ്ങനെയല്ല

കൃഷ‌്ണ പൂജപ്പുര krishnapoojappura@gmail.comUpdated: Sunday Feb 10, 2019

 അങ്ങനെ ഞാനും ടെൻ ഇയർ ചലഞ്ചിന് തയ്യാറായി. പത്രാധിപർ സാറിന് പിടികിട്ടിയില്ലേ? ഇപ്പോൾ ഫെയ്സ്ബുക്കിലെ ട്രെന്റല്ലേ? നമ്മുടെ ഇപ്പോഴത്തെ ഫോട്ടോയും പത്തുവർഷംമുമ്പുള്ള ഫോട്ടോയും ഇടുക. പത്തുവർഷത്തിനുമുമ്പുള്ള നമ്മുടെ രൂപത്തിനു വന്ന മാറ്റം ലോകത്തെ അറിയിക്കൽ. സുക്കർ ബർഗ് വേറെ ലെവലാണ്. 

ഈയിടെ ഒരു കാർട്ടൂൺ കണ്ടു. പെണ്ണു കാണാൻ വന്ന ചെറുക്കൻകൂട്ടരോട് പെണ്ണിന്റെ അച്ഛൻ പറയുകയാണ്, ‘‘ഏതു വിഭവവുമായിക്കോട്ടെ ഇവൾക്ക് അഞ്ചുമിനിറ്റുകൊണ്ട് ഓൺലൈനിൽ ഓർഡർ ചെയ്യാൻ പറ്റും''.
 
‘‘ ഇതാണ് ആപ്പിൾ മരം’’ എന്ന് മുത്തശ്ശൻ അഞ്ചുവയസ്സുകാരനോട് പറയുമ്പോൾ അവന്റെ തിരിച്ചുള്ള ചോദ്യം ‘‘അപ്പോൾ സാംസങ് മരം എവിടെയാണ് അപ്പൂപ്പാ''. മഴവില്ല് കണ്ട് ഒരു കൊച്ചൻ ഒച്ചവയ്ക്കുന്നു ‘‘ഹായ് ആകാശത്ത് വൈ ഫൈ.'' അച്ഛനോട് പ്ലസ്ടുക്കാരൻ ചൂടായത് ഇങ്ങനെ ‘‘ഞാൻ വസ്തുവിന്റെ ഷെയറല്ലല്ലോ ചോദിച്ചത്. അച്ഛന്റെ ഡാറ്റാപാക്കേജിൽനിന്ന് 100 ജിബി മുൻ ഷെയർ ചെയ്യാനല്ലേ പറഞ്ഞുള്ളൂ''.  കേട്ടോ പത്രാധിപർ സാറേ, ഒറ്റക്കൈകൊണ്ട് സ്കൂട്ടറോടിച്ച് മറ്റേകൈകൊണ്ട് വാട്സാപ‌് നോക്കാനൊക്കെ ഞാനിപ്പൊ എക്സ്പർട്ടാണ്.
 

സർപ്രൈസ് വിസിറ്റ്

 
ഫെയ്സ്ബുക്കിൽ ഇപ്പോൾ വേറൊരു ടൈപ്പ് വീഡിയോ ട്രെന്റുണ്ട്. എന്താണെന്നുവച്ചാൽ വിദേശത്തോ അന്യസംസ്ഥാനങ്ങളിലോ സൈന്യത്തിലോ ഒക്കെ ജോലി നോക്കുന്നവർ മുന്നറിയിപ്പില്ലാതെ വീട്ടിൽ വന്നുകയറി അമ്മയെയും അച്ഛനെയും ഭാര്യയെയുമൊക്കെ അമ്പരപ്പിച്ച് ആഹ്ലാദാശ്രുപൊഴിപ്പിക്കുന്നത്. സത്യം പറഞ്ഞാൽ ചില വീഡിയോ കണ്ടാൽ അൽപ്പം ഫീൽ ചെയ്യും. ജീവിതത്തിന്റെ സന്തോഷനിമിഷങ്ങൾ പങ്കുവയ്ക്കുകയാണിവിടെ. ഇത്തരം വീഡിയോ കണ്ട് എനിക്കും വലിയ കൊതിയായിപ്പോയി. ഇതുമാതിരി ഒരെണ്ണം എനിക്കും ഇടണം. ‘ഓ ക്യൂട്ട്', ‘അവസാനം കണ്ണുനിറഞ്ഞുപോയി’, ‘എജ്ജാതി ഫീൽ' എന്നിങ്ങനെയുള്ള കമന്റുകൾ ചാക്കുകണക്കിന് വന്നുമറിയുന്നത് എനിക്കും കണ്ട് ആസ്വദിക്കണം. അങ്ങനെ എട്ടുപത്തുദിവസത്തെ യാത്രയ്ക്കുശേഷം ഒട്ടും മുന്നറിയിപ്പില്ലാതെ ഞാൻ വീട്ടിൽ ചെന്നുകയറി. അപ്രതീക്ഷിതമായി എന്നെ കാണുന്ന വീട്ടുകാർ സ്നേഹാശ്ലേഷംകൊണ്ട‌് പൊതിയുന്നത് വീഡിയോയിലാക്കാൻ ഒരു സ്നേഹിതൻ ഇടവഴിയിലൂടെ മൊബൈൽപിടിച്ച് എന്നെ അനുഗമിച്ചു. വീട്ടിലെത്തിയപ്പോൾ സന്ധ്യയായി. നേരെ അകത്തേക്ക് കടന്നു. മെല്ലെ കടന്നുചെല്ലുന്ന എന്റെ നിഴൽ ഭാര്യ കണ്ടിരിക്കണം. ‘അയ്യോ' എന്നോ മറ്റോ ഒന്നു ഞെട്ടി പ്രതികരിച്ചു. കള്ളനെന്നു ധരിച്ചിരിക്കണം. ഞാനാണെന്നറിഞ്ഞപ്പോൾ ആ ഞെട്ടലിന്റെ പ്രതികരണമെന്ന മട്ടിൽ തുടങ്ങി  വഴക്ക്.  
 
ബഹളംകേട്ട് മറ്റുള്ളവരും എത്തി. അവരുടെ വകയായും കിട്ടി രണ്ടുഡോസ്. അന്നു തീരുമാനിച്ചു. ഫെയ്സ്ബുക്കിൽ കാണുന്നത് അതുപോലെ എടുത്ത്  ജീവിതത്തിൽ ഒട്ടിക്കില്ല.
 അന്ന് വീഡിയോ എടുത്ത സ്നേഹിതൻ ഇതൊക്കെ മൊബൈലിൽ പിടിച്ചു. അതോടെ എന്റെ ഉറക്കവും പോയി. ഏതു ദിവസമാണ് അവനങ്ങ‌് വൈറലാക്കിക്കളയുന്നതെന്നറിഞ്ഞുകൂടാ. അവന്റെ ആവശ്യങ്ങളൊക്കെ കണ്ടറിഞ്ഞ് ചെയ്ത് പിണക്കാതെ കൂടെ നിർത്തുന്നുണ്ട്. വല്ലാത്ത പരീക്ഷണവുംകൂടിയാണ് സാർ ആ ഫെയ്സ്ബുക്ക്. വിരലൊക്കെ സൂക്ഷിച്ച് പിടിക്കണം. എന്റെ വിരൽ അപ്രതീക്ഷിതമായി വാട്സാപ്പിൽ മുട്ടി ഒരു കോൾ ആർക്കോപോയി. അങ്ങേപ്പുറത്ത് ബെൽ മുഴങ്ങുന്നതുകേൾക്കാം. ഒന്ന് നിർത്താമെന്നുവച്ചാൽ നിന്നുകിട്ടുന്നുമില്ല. പിന്നെ പേടിച്ച് മൊബൈൽതന്നെ ഓഫാക്കി അരമണിക്കൂർ ഇരുന്നു. എന്തൊക്കെ കഷ്ടപ്പാടുകളാണ്..
 

ഫോട്ടോകൾ ഫോട്ടോകൾ

 
ശ്ശൊ. ടെൻ ഇയർ ചലഞ്ച് പറഞ്ഞുതുടങ്ങിയ ഞാൻ നൂലുപൊട്ടിയ പട്ടംപോലെ ദിശ മാറിപ്പോകുകയാണ്. സോറി സാർ, പത്തുവർഷം മുമ്പുള്ള ഫോട്ടോ തപ്പിയെടുത്തു. ഇപ്പോഴത്തെ ഫോട്ടോയും പത്തുവർഷത്തിനുമുമ്പുള്ളതും അടുത്തടുത്തുവച്ചു. മാറി മാറി നോക്കി. ഇപ്പോഴത്തേത‌് അന്നും മറ്റേത് ഇപ്പോഴത്തേതുമായെങ്കിലെന്ന അമിതാഗ്രഹം വന്നുപോയി സാർ.
അതോടെ എനിക്കൊരു കൗതുകം. അതിനും പത്തുവർഷംമുമ്പുള്ള ഞാൻ എങ്ങനെയാണ്? ആൽബം പരിശോധിച്ച് ഹമ്പടാ! തലയിൽ ഇടതൂർന്ന് മുടിയൊക്കെയുള്ള ഞാൻ. എന്റെ തലയിൽ ഞാൻ അറിയാതൊന്ന് കൈ ഓടിച്ചു. അതിനും പത്തുവർഷം മുമ്പുള്ളത് തെരഞ്ഞു. കിട്ടി. കൂട്ടുകാർക്കൊപ്പം ഉല്ലസിച്ചിരിക്കുന്ന ഞാൻ. വീണ്ടും പത്തുവർഷംമുമ്പ്. പിന്നെയും പത്തുവർഷം ... നിക്കറൊക്കെയിട്ട് ഞാനിതാ അച്ഛന്റെ മടിയിൽ.
 
പിന്നിലേക്ക് പോകലിൽനിന്ന് ഞാൻ മുന്നിലേക്ക് ചിന്തിച്ചു. അടുത്ത പത്തുവർഷം കഴിഞ്ഞുള്ള എന്റെ ഫോട്ടോ എങ്ങനെയായിരിക്കും. അതിനും പത്തുവർഷം. അതിനു പത്തുവർഷത്തിനപ്പുറം...? ഞാനൊന്നു കിടുങ്ങി. ഒരു തണുപ്പ് കയറുമ്പോലെ... എന്റെ ചിന്ത എന്നെയും വലിച്ചുകൊണ്ട് എങ്ങോട്ടാണ് പോകുന്നത്. ഹൊ! തലയൊന്ന് കുടഞ്ഞ് ഭൂതവും ഭാവിയും വിട്ട് വർത്തമാനത്തിലേക്ക് വന്നു.
 

മാറ്റങ്ങൾ

 
രൂപമാറ്റം അറിയിക്കാനുള്ള ഫോട്ടോ ചലഞ്ചുപോലെ മനുഷ്യനിലെ സ്വഭാവമാറ്റം അറിയിച്ചുകൊണ്ടുള്ള ഒരു ചലഞ്ച് നടത്തിയാലോ. നമ്മൾ ഓരോരുത്തരെയും ഒന്നു പഠിച്ചാൽ, സ്വഭാവത്തിൽ, രീതികളിൽ, കാഴ്ചപ്പാടുകളിൽ എന്തൊക്കെ മാറ്റങ്ങളാണ് വന്നുപോയത്. ഞാൻ വീണ്ടും ഫോട്ടോയിലേക്ക് നോക്കി. അച്ഛന്റെ മടിയിലിരിക്കുന്ന ഫോട്ടോ. അക്കാലങ്ങളിൽ ലോകത്തെ ഏറ്റവും വലിയ ഹീറോ അച്ഛനായിരുന്നു. പതിനെട്ടുവയസ്സുള്ള ഫോട്ടോയിൽ ഞാൻ അക്കാലത്തെ സൂപ്പർഹിറ്റ് ട്രെന്റായ സ്റ്റെപ് കട്ട് സ്റ്റൈലിലാണ് തലമുടി വെട്ടിയിട്ടുള്ളത്. അങ്ങനെ തലമുടി വെട്ടാൻ പാടില്ലെന്നും നോർമൽ രീതിയിൽ മതി എന്നും അച്ഛൻ. സ്റ്റെപ്പിനുവേണ്ടി വാശിപിടിച്ച് ഞാൻ. അച്ഛന് കാര്യങ്ങളൊന്നും അറിയില്ല എന്നൊരു തോന്നലായിരുന്നു അപ്പോൾ. വള്ളിനിക്കറിൽനിന്ന‌് സ്റ്റെപ് കട്ടിലേക്ക് വന്നപ്പോൾ എന്റെ സ്വഭാവത്തിനു വന്ന മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നു. ആ ഞാൻ ഇന്ന് മകൻ അവനിഷ്ടമുള്ള ട്രെന്റ് സ്വീകരിക്കുമ്പോൾ അവനെ കുറ്റംപറയുന്നു. അവനെ എന്റെ രീതിക്ക‌് നടത്താൻ നോക്കുന്നു. 
 
ഫോട്ടോയിൽ കൂട്ടുകാരനൊപ്പം ആഹ്ലാദഭരിതനായിരിക്കുന്ന ഞാൻ എന്തിനുമേതിനും മുന്നിൽ നിൽക്കുന്ന ആളായിരുന്നല്ലോ.. സാമൂഹ്യപ്രശ്നങ്ങൾ... നാട്ടുകാര്യങ്ങൾ... ഒക്കെ എന്റെയുംകൂടിയായിരുന്നല്ലോ. കൂട്ടുകാരന് ഒരാവശ്യംവന്നാൽ അതെന്റെ ആവശ്യമാണ്.. ഇപ്പോഴത്തെ ഈ ഫോട്ടോയിൽ കാണുന്ന ഞാനോ... കൂട്ടുകാരനെ സഹായിക്കുന്നതിനുമുമ്പ് ചില ആലോചനകളൊക്കെ വന്നു പോകാറുണ്ടോ. ഒരു സമൂഹ്യപ്രശ്നത്തിലേക്ക് ഇറങ്ങുന്നതിനുമുമ്പ് ഒരുപാട് കാര്യങ്ങൾ കണക്കുകൂട്ടി ലാഭനഷ്ടങ്ങൾ ചിന്തിക്കാറുണ്ടോ. അത്മാർഥതയ്ക്ക് എവിടെയോ കുറവ് സംഭവിച്ചിട്ടുണ്ടോ. അതിന്റെ ഒരു തേജസ്സ‌് കുറവാണോ മുടികൊഴിച്ചിലിനേക്കാളും മുഖം ചുളിയലിനേക്കാളും ഫോട്ടോയുടെ പ്രസന്നത കുറയ്ക്കുന്നത്. അങ്ങനെ കുറെ ഫോട്ടോകളും കുറെ തിരിച്ചറിവുകളുമായി ഞാനങ്ങനെ ഇരിക്കുകയാണ്.
പ്രധാന വാർത്തകൾ
 Top