01 February Wednesday

ആവു കച്ചി മാഡു

ആർ സ്വാതി swathirathan@gmail.comUpdated: Sunday Oct 9, 2022

കോഴിക്കോട്ടെ ഗുജറാത്തി സ്‌ട്രീറ്റ്‌ / ഫോട്ടോ: ജഗത്‌ലാൽ

"വർഷങ്ങൾക്ക് മുമ്പ് കൊട്ടിയടച്ചുപോയ

വീടിന്റെ വാതിൽ തുറക്കാനായി ഞാൻ വീണ്ടുമെത്തി

വീടിന്റെ സഹിക്കാനാവാത്ത ശൂന്യതയിൽ

ഞാൻ നടന്നുകൊണ്ടേയിരുന്നു

വീട്ടുവാതിൽ ചുമരിൽ വീണ് സൂര്യൻ ചിതറുന്നു

എന്റെ കാലടികളെ, എന്റെ തന്നെ

അതി നിശബ്ദമായ ഗാനത്തിലേക്ക് പൂഴ്‌ത്തിക്കൊണ്ട്...’

നൗരി അൽ ജറ (സിറിയൻ കവി)

അഭയാർഥി/പലായന ജീവിതം ലോകമുണ്ടായ കാലംതൊട്ടുണ്ട്. വേരടർത്തിയുള്ള യാത്രയാണത്. അറുപതുകൾ മുതൽ ബംഗ്ലാദേശിൽനിന്നും മ്യാൻമറിൽനിന്നും ശ്രീലങ്കയിൽനിന്നും ഇന്ത്യയിലേക്ക് അഭയാർഥികൾ വന്നുതുടങ്ങിയെന്നാണ് ചരിത്രം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇന്ത്യയിലെ നഗരങ്ങൾക്കിടയിലും പലായനങ്ങളുണ്ടായിട്ടുണ്ട്.

രാജ്യത്തിന്റെ അഭയാർഥി നയവും സങ്കുചിത ദേശീയതയും വിമർശിക്കപ്പെടുന്ന പുതിയ കാലത്ത്, നൂറ്റാണ്ടുകൾക്കുമുമ്പേ അപരനെ സ്വീകരിച്ച, അന്നവും മണ്ണും നൽകി കൂടെക്കൂട്ടിയ കോഴിക്കോട് നഗരത്തിന്റെ ആദ്യകാല അധ്യായം ഒന്നുകൂടി വായിക്കപ്പെടേണ്ടതുണ്ട്.

അത് യുദ്ധത്തെ തുടർന്നുള്ള പലായനമായിരുന്നില്ല. ക്ഷാമമല്ല, പ്രകൃതിക്ഷോഭമല്ല, രക്തച്ചൊരിച്ചിലല്ല. കാതങ്ങൾക്കപ്പുറത്തുനിന്ന് കച്ചവടത്തിനെത്തിയതായിരുന്നു അവർ. ഗുജറാത്തിൽനിന്നും ഒരു കൂട്ടർ. ഉരുക്കളിലും പത്തേമാരികളിലും കോഴിക്കോടിന്റെ തേങ്ങയും ചൂടിയും മരത്തടികളും കയറ്റിയയച്ചവർ ഒടുവിൽ ഇവിടുത്തുകാരായി. പിന്നെ തിരിച്ചുപോക്കില്ലാതായി. പിറന്ന മണ്ണിൽനിന്നും ഓർമകൾ പറിച്ചെടുത്ത് ഈ തുറമുഖനഗരത്തിലാണവർ നട്ടത്. അവരുടെ മൂന്നും നാലും തലമുറകൾ ഇന്നും നഗരത്തിലുണ്ട്.

സമൃദ്ധിയുടെ വ്യാപാരനഗരം

കുറ്റിച്ചിറയും വലിയങ്ങാടിയും കേന്ദ്രമായി എഡി എട്ടാം നൂറ്റാണ്ടുമുതൽ കോഴിക്കോട് പട്ടണം ചെറിയ തോതിൽ രൂപം കൊണ്ടതായി ചരിത്രം. മാലിക് ഇബ്നു ഹബീബും സംഘവും ഇസ്ലാംമത പ്രചാരണാർഥം ചാലിയത്ത് എത്തിയതിനെത്തുടർന്ന് അറബികളുമായുള്ള വ്യാപാരം വർധിച്ചു. ഈജിപ്തുകാരും അറബികളും മറ്റും വ്യാപാരം കോഴിക്കോട്ടേക്കും വ്യാപിപ്പിച്ചു. ഒമ്പതാം നൂറ്റാണ്ടായപ്പോൾ കോഴിക്കോട് ഒരു വ്യാപാരകേന്ദ്രമായി വളർന്നു. െൈചനയിൽനിന്നും പാശ്ചാത്യരാജ്യങ്ങളിൽനിന്നും വ്യാപാരികൾ കച്ചവടത്തിലേർപ്പെട്ടു. സാമൂതിരിക്കും മുമ്പ് പോർളാതിരിയുടെ കാലത്തുതന്നെ കോഴിക്കോട് തുറമുഖം വികസിച്ചു തുടങ്ങി. കോഴിക്കോട് ജില്ലയും അതിന്റെ പ്രാന്തങ്ങളുമായിരുന്നു പോർളാതിരി ഭരണത്തിലുണ്ടായിരുന്നത്. കുരുമുളകും മരത്തടികളും മറ്റും തോണികളിൽ കോഴിക്കോട് പട്ടണത്തിലേക്ക് കൊണ്ടുവരുമായിരുന്നു. സാമൂതിരി അധികാരമേറ്റതോടെ അറബികളുടെ സഹായത്തോടെ കോഴിക്കോട്ടെ വാണിജ്യം അഭിവൃദ്ധിപ്പെട്ടു.

ഗുജറാത്തി സമൂഹത്തിന് കോഴിക്കോടുമായുള്ള വ്യാപാരബന്ധത്തിന്‌ ആറുനൂറ്റാണ്ടിലധികം പഴക്കമുണ്ടാകും. വാസ്കോഡ ഗാമ 1498 ൽ കോഴിക്കോടെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചവരുടെ കൂട്ടത്തിൽ ഗുജറാത്തി വ്യാപാരിയുമുണ്ടായിരുന്നെന്ന് പോർച്ചുഗീസ് സമുദ്രപ്രയാണത്തെക്കുറിച്ച് എഴുതിയ ചാൾസ് ലീയുടെ ‘പോർച്ചുഗീസ് വോയേജസ്' എന്ന പുസ്തകത്തിൽ പറയുന്നു. 

പാണ്ടികശാലകളിൽ പിറവി കൊണ്ടവർ

ഗുജറാത്തിലെ കച്ച് സ്വദേശികളാണ് കുടിയേറിയവരിൽ ഭൂരിഭാഗവും. ഗുജറാത്തികൾ എന്ന് വിളിക്കുന്നവരിൽ വൈഷ്ണവർ, ജൈനർ, ശൈവർ, ബോറ മുസ്ലിങ്ങൾ, മാർവാഡിമാർ തുടങ്ങി നിരവധി വിഭാഗക്കാരുണ്ടായിരുന്നു. ഓരോരുത്തരും അവനവന്റെ വിശ്വാസവും ആചാരവും ഭക്ഷണരീതികളും ഇങ്ങോട്ട് പറിച്ചുനട്ടു. വലിയങ്ങാടി പരിസരങ്ങളിലാണ് ഇവർ താവളമുറപ്പിച്ചതെന്ന് എം ജി എസ് നാരായണന്റെ CALICUT The city of truth revisited  എന്ന പുസ്തകം പറയുന്നു. അത് പിന്നീട് ഗുജറാത്തി തെരുവായി. പാണ്ടികശാലകൾ ആയിരുന്നു താമസസ്ഥലം. മുകളിൽ താമസവും താഴെ കച്ചവടവും.

വൈഷ്ണവ് സമാജത്തിന്റെയും ജെയിൻ സമാജത്തിന്റെയും കീഴിലാണ് ഇവിടുത്തെ ഗുജറാത്തികളിൽ മിക്കവരും. ഗുജറാത്തിയും കച്ചിയും സംസാരിക്കുന്നവരുണ്ട്. കച്ചിൽ മാത്രം സംസാരിക്കുന്ന ഭാഷയാണ് കച്ചി. ലിപിയില്ല. നവരാത്രിയും ദീപാവലിയും ഹോളിയുമാണ്  പ്രധാന ആഘോഷങ്ങൾ. ഒമ്പതു ദിവസം നീണ്ടുനിൽക്കുന്ന പൂജകൾക്കും വിവിധ ആചാരങ്ങൾക്കുംശേഷം വിജയദശമി ദിനത്തിലാണ് പാട്ടും മേളവുമായി നവരാത്രി ആഘോഷം. രാത്രിയോടെ ഗർബ–ദാണ്ഡിയ നൃത്തങ്ങൾ തുടങ്ങും. മധുരപലഹാരങ്ങൾ  വിതരണംചെയ്യും. ഗുജറാത്തി ബ്രാഹ്മിൺ, ലൊഹന, ഭാടിയ, വൈഷ്ണവ് വണിക്, പട്ടേൽ സമാജ്, ജയിൻ സമാജ് തുടങ്ങി വിവിധ വിഭാഗങ്ങൾ ഒരുമിച്ചാണ്‌ ആഘോഷം.

ബാലകൃഷ്ണ ലാൽജി മന്ദിറാണ് പ്രധാന ക്ഷേത്രം. വൈഷ്ണവ വിഭാഗക്കാരുടെ ഈ ക്ഷേത്രം  പുതുക്കിപ്പണിഞ്ഞിട്ടുതന്നെ ഏതാണ്ട് 150 വർഷം കഴിഞ്ഞു.  ജൈനവിഭാഗക്കാരുടെ കല്യാൺജി–ആൻന്ദ്ജി ക്ഷേത്രവും ഇവിടെയുണ്ട്. വൈഷ്ണവ വിഭാഗത്തിലെ 150 കുടുംബങ്ങളും ജൈനവിഭാഗത്തിലെ 125 കുടുംബങ്ങളുമാണ് ഇന്ന് കോഴിക്കോട്ടുള്ളത്. ഇതിൽ ഗുജറാത്തി സ്ട്രീറ്റിൽ താമസിക്കുന്നത് അമ്പതിൽതാഴെ കുടുംബങ്ങൾ മാത്രം.

ഗുജറാത്തി സ്‌കൂളിന്റെ 144‐ാം വാർഷികത്തിൽ കോഴിക്കോട്ട്‌  ഗുജറാത്തി സമൂഹത്തിന്റെ ആഘോഷം

ഗുജറാത്തി സ്‌കൂളിന്റെ 144‐ാം വാർഷികത്തിൽ കോഴിക്കോട്ട്‌ ഗുജറാത്തി സമൂഹത്തിന്റെ ആഘോഷം

ആഷാഢി ബീജ് ആണ് മറ്റൊരു പ്രധാന ആഘോഷം. ആഷാഢമാസത്തിലെ രണ്ടാംദിവസമാണ് കച്ചികളുടെ പുതുവർഷം. കച്ചവടം മുഴുവൻ കടലിനെ ആശ്രയിച്ചായതിനാൽ ഉരുവും പായ്‌ക്കപ്പലുമൊക്കെ അപകടത്തിൽപ്പെടാതിരിക്കാൻ കടലിനെ പ്രീതിപ്പെടുത്തുന്ന പൂജകളൊക്കെ അന്നേദിവസം നടക്കും. കോഴിക്കോട്ടെ അഴകൊടി ദേവീക്ഷേത്രം ഗുജറാത്തി ഭവാനി ക്ഷേത്രം എന്ന പേരിലും അറിയപ്പെട്ടിരുന്നതായി എം ജി എസിന്റെ പുസ്തകത്തിലുണ്ട്. 

വിരുന്നുകാർ കച്ചവടം പഠിപ്പിക്കുന്നു

കപ്പയും കുരുമുളകും നാളികേരവും ചൂടിയും മരവും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം  മറ്റു തുറമുഖനഗരങ്ങളിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യാൻ തുടങ്ങിയത് ഗുജറാത്തികളുടെ വരവോടെയാണ്. അരിയും പരുത്തിയും പഞ്ചസാരയും ഇവർ കോഴിക്കോട് എത്തിച്ചു. മിഠായിത്തെരുവിലും ഗുജറാത്തി തെരുവിലും മധുരപലഹാരക്കടകളും തുണിക്കടകളും നിറഞ്ഞു. 

1949 ൽ തന്റെ ഒമ്പതാം വയസ്സിൽ കോഴിക്കോടെത്തിയ വിജയ് സിങ് പദംസി അരിക്കച്ചവടക്കാരനായാണ് തുടങ്ങിയത്. ഗുജറാത്തി സ്ട്രീറ്റിന്റെ ചരിത്രത്തിൽ 73 വർഷമായി അദ്ദേഹമുണ്ട്. കോഴിക്കോട് താമസമാക്കിയവരുടെ മൂന്നാംതലമുറക്കാരനാണ് താനെന്ന് വിജയ്സിങ് പറഞ്ഞു.

പാരക്ക് ബ്രദേഴ്സ്, മോഹൻലാൽ ആൻഡ് കമ്പനി, സതീഷ് കുമാർ ആൻഡ് ബ്രദേഴ്സ്, കാഞ്ചി മൊറാർജി, ഗോവിന്ദ് ജെ, കാന്തിലാൽ ആൻഡ് കമ്പനി തുടങ്ങിയവ കോഴിക്കോടൻ മണ്ണിൽ വേരുറപ്പിച്ചു. ഭീവണ്ടിവാലയെയും സേഠ് നാഗ്ജിയെയും കാന്തിലാലിനെയും പോലുള്ള കച്ചവടപ്രമുഖർ സജീവമായി. സേഠ് നാഗ്ജിയുടെ പേരിലുള്ള ഫുട്ബോൾ ടൂർണമെന്റും അവരുടെ സൂര്യമാർക്ക് കുടകളും കോഴിക്കോട്ടുകാരുടെ സ്വന്തമാണ്. കാന്തിലാലിന് സ്വന്തമായി കച്ചവടത്തിന് അമ്പതിലധികം പായ്‌ക്കപ്പലുകളുണ്ടായിരുന്നു. മർച്ചന്റ് സ്റ്റീം നാവിഗേഷൻ, മലബാർ സ്റ്റീം നാവിഗേഷൻ, സരസ്വതി തുടങ്ങി സ്വന്തം ചരക്കുകപ്പലുകൾ ഉള്ളവരും ഉണ്ടായിരുന്നു. വലിയങ്ങാടിയിലെ എ എച്ച് ഭീവണ്ടിവാല എന്ന കമ്പനിയുടെ ഉടമ വി എൻ ആഷർ ആയിരുന്നു അന്ന് ഓരോ ദിവസവും പഞ്ചസാരയുടെ വില നിശ്ചയിച്ചിരുന്നത്. 

ധീരദേശാഭിമാനികൾ

കച്ചവടം മാത്രമല്ല, ദേശീയപ്രസ്ഥാനത്തിലും കോഴിക്കോട്ടെ ഗുജറാത്തികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. നവീൻചന്ദ് ഈശ്വർലാൽ ഷ്റോഫ്, ശ്യാംജി സുന്ദർരാജ് തുടങ്ങി നിരവധി പേർ. ഗാന്ധിജിയുടെ ദണ്ഡിയാത്രയ്‌ക്ക് ഐക്യദാർഢ്യവുമായി 1930 ൽ ഗുജറാത്തികൾ കോഴിക്കോട് ബീച്ചിൽ ദണ്ഡിയാത്ര നടത്തി. 20–-ാം വയസ്സിൽ വിദ്യാർഥിയായിരിക്കെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്തയാളാണ് നവീൻചന്ദ്. ബർദോളിയിലെ ജയിലിൽ ക്രൂരമായ  മർദനത്തിനിരയായായിരുന്നു മരണം. സ്വാതന്ത്ര്യസമരത്തിൽ ഗുജറാത്തികളുടെ കോഴിക്കോട്ടുനിന്നുള്ള  രക്തസാക്ഷിയാണ് അദ്ദേഹം.

ഗാന്ധിജി കോഴിക്കോട് വന്നപ്പോഴെല്ലാം താമസിച്ചത് ശ്യാംജി സുന്ദർരാജിനൊപ്പമായിരുന്നു. കല്ലായിയിലെ അരി–മണ്ണെണ്ണ വ്യാപാരിയായിരുന്നു ശ്യാംജി. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് രഹസ്യമായി പ്രചരിപ്പിച്ചിരുന്ന സ്വതന്ത്രഭാരതം പത്രത്തിന്റെ അണിയറ ശിൽപ്പികളിൽ ഒരാളും ശ്യാംജി ആയിരുന്നു. കോഴിക്കോട് ആദ്യമായി ബസ് സർവീസ് ആരംഭിക്കുന്നതും ഇദ്ദേഹമാണ്. സ്വത്തെല്ലാം പിന്നോക്കവിഭാഗക്കാർക്ക് വിട്ടുനൽകി മലാപ്പറമ്പിലെ ഗാന്ധി ആശ്രമത്തിലായിരുന്നു അവസാനം വരെ.

ഗാന്ധിയൻ വ്യാപാരി എന്നറിയപ്പെട്ടിരുന്ന കിരിത് ആഷർ ആണ് മറ്റൊരാൾ. സ്വാതന്ത്ര്യസമരസേനാനി പി എൽ ആഷറിന്റെ മകനാണ്. ഇദ്ദേഹത്തിന് ഗാന്ധിജി നൽകിയ പേരാണ് കിരിത്. ഇദ്ദേഹവും ദീർഘകാലം ഗുജറാത്തി സ്ട്രീറ്റിൽ ഉണ്ടായിരുന്നു.

ഗുജറാത്തികളുടെ രാഷ്ട്രീയ പാരമ്പര്യം പിൻതലമുറയും പിന്തുടർന്നു. കോഴിക്കോട് മുനിസിപ്പാലിറ്റി ആയിരുന്നപ്പോൾ ഹരിദാസ് ഹർജീവൻ എന്ന ഗുജറാത്തി കൗൺസിലർ ഉണ്ടായിരുന്നു. പിന്നീട് കോർപറേഷൻ ആയപ്പോൾ ജയശ്രീ കീർത്തിയും ഹൻസ ജയന്തും ജനപ്രതിനിധികളായി.

കുഞ്ഞുങ്ങളെ മാതൃഭാഷ പഠിപ്പിക്കാനായി 1896 ൽ കലിക്കറ്റ് പ്രൈവറ്റ് ഗുജറാത്തി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഗുജറാത്തി സ്കൂളും ബീച്ചിന്‌ സമീപമുണ്ട്.

ഗുജറാത്തി തെരുവ് ഇന്ന് വാർധക്യത്തിലാണ്. പഴമ മണക്കുന്ന പാണ്ടികശാലകൾ പലതും ദ്രവിച്ചു. ഇവിടുത്തേക്ക് കൊപ്രയുടെ വരവ് കുറഞ്ഞു. കൊച്ചി, മംഗലാപുരം തുറമുഖങ്ങൾ സജീവമായതോടെ കച്ചവടപ്പെരുമയ്ക്കും മങ്ങലേറ്റു. കോഴിക്കോടൻ പ്രതാപത്തിലേക്ക് കപ്പലിറങ്ങിയ സേട്ടുമാരുടെ പിന്തുടർച്ചക്കാർക്കും വയസ്സായി. കാലം കഴിഞ്ഞപ്പോൾ പുതുതലമുറ കോഴിക്കോട് വിടുകയാണ്. പലരും പലയിടത്തായി. ഒരുകാലത്ത് 1400ലേറെ കുടുംബങ്ങൾ താമസിച്ചിരുന്ന തെരുവ് ഇന്ന് ഏറെക്കൂറെ നിശബ്ദമാണ്. ഓരോ വർഷവും പത്ത് ഗുജറാത്തി കുടുംബങ്ങളെങ്കിലും കോഴിക്കോടിനോട് വിടപറയുന്നുണ്ട്. 

സൗത്ത് ബീച്ച് മുതൽ വലിയങ്ങാടി വരെ നീണ്ടുകിടക്കുന്ന ഇടുങ്ങിയ തെരുവിലൂടെ ഇപ്പോൾ നടക്കുമ്പോൾ മിനി മട്ടാഞ്ചേരിയാണെന്ന് തോന്നും. ആളൊഴിഞ്ഞ പാണ്ടികശാലകൾ പലതും ആർട്ട്‌ ഗ്യാലറിയും കഫേകളുമായി രൂപം മാറി.  ന്യൂജനറേഷൻ കഫേകൾക്കും ബോട്ടീക്കുകൾക്കും ഇടയിൽ ഇന്നും ധോത്തി ചുറ്റി നടക്കുന്ന എൺപതു പിന്നിട്ട മോഹൻലാൽ മുൾജിയുടെ പോലുള്ള പുരാതന കടകളും അപൂർവമായുണ്ട്. തെരുവിനെ പൈതൃകതനിമയോടെ നവീകരിക്കാനുള്ള പദ്ധതിക്ക് ജില്ലാ ഭരണകേന്ദ്രം രൂപരേഖ തയ്യാറാക്കിയെങ്കിലും നടന്നില്ല.

തിരിച്ചുപോക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ ജയന്ത് കുമാർ കച്ചി ഭാഷയിൽ മറുപടി പറഞ്ഞു. ‘ആവു കച്ചി മാഡു... മുൻജോ ജനം അട, മരൺ പൻ അട ഥേ' (ഞാൻ കച്ചി മനുഷ്യനാണ്. ജനനം ഇവിടെയാണ്, മരണവും ഇവിടെത്തന്നെയാകട്ടെ...)

കൂടെക്കൂട്ടുന്ന നഗരം

ഗുജറാത്തിമാർ മാത്രമല്ല, മാർവാഡിമാർ, പഞ്ചാബികൾ, പാർസി, ആംഗ്ലോ ഇന്ത്യന്മാർ, കൊങ്ങിണിക്കാർ തുടങ്ങിയവരെയെല്ലാം ഉൾക്കൊണ്ട നഗരമാണ് കോഴിക്കോട്. മാർവാഡി സമാജ്, സിന്ധി സമാജ്, മഹാരാഷ്ട്ര മണ്ഡൽ തുടങ്ങി ഓരോ വിഭാഗക്കാർക്കും കൂട്ടായ്മകളുണ്ടായിരുന്നു. വ്യാപാരത്തിനെത്തിയ ഹോജമാർക്കായി കച്ചിച്ചായ എന്ന ചായ തന്നെ ബോംബെ ഹോട്ടലിൽ കിട്ടുമായിരുന്നു. ഭക്ഷണപ്രിയരുടെ നാട്ടിൽ പഞ്ചാബികൾ തുടങ്ങിയ പഞ്ചാബി ദി രസോയി എന്ന ഹോട്ടൽ ഇന്നും പ്രശസ്തമാണ്.

ആദ്യകാലത്ത് ചൂടിക്കച്ചവടം നടത്തിയവരായിരുന്നു ബോറ മുസ്ലിങ്ങൾ. ഇവരുടെ വസ്ത്രധാരണംപോലും വ്യത്യസ്തമാണ്. സ്ത്രീകൾ ബുർഖ ധരിക്കാറില്ല. ബീച്ച് ഭാഗത്ത് ഇന്നും ഏതാനും ബോറ കുടുംബങ്ങളുണ്ട്.

ഈജിപ്ത്, മൊറോക്കോ, യമൻ, അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നെത്തിയ നാവികർക്ക് തദ്ദേശീയരായ സ്ത്രീകളിലുണ്ടായ ഖലാസിമാർ എന്ന മിശ്രവിഭാഗം ബേപ്പൂരിലുണ്ട്. 

200 വർഷങ്ങൾക്കുമുമ്പാണ് പാർസി കുടുംബങ്ങൾ ഇവിടെയെത്തിയത്. എസ് എം സ്ട്രീറ്റിൽ ഫയർ ടെമ്പിൾ എന്നറിയപ്പെട്ട അമ്പലവും സെമിത്തേരിയും ഇവർക്കുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top