‘ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്. നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന് എനിക്കറിയാം. നിറയൊഴിക്കൂ ഭീരൂ’ ലോകത്തിനു മുന്നിലെ എക്കാലത്തെയും വിപ്ലവനക്ഷത്രമായ ചെയുടെ ഈ വാക്കുകൾ ഇന്നും ഇടിനാദംപോലെ മുഴങ്ങുകയാണ്. മഹാനായ വിപ്ലവകാരി ചെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഏണസ്റ്റോ ഗുവേര രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്ന് 55 വർഷം തികയുകയാണ്. 1967 ഒക്ടോബർ ഒമ്പതിന് നട്ടുച്ചയ്ക്ക് വധിക്കുന്നതിന് തൊട്ടുമുമ്പുതന്നെ കൊല്ലാൻ നിയുക്തനായ മാരിയോ തെരാൻ എന്ന പട്ടാളക്കാരനു മുമ്പിൽ വിരിമാറുകാട്ടി ചെ അലറി. ‘നീ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലാൻ പോകുന്നത്. ധൈര്യമുണ്ടെങ്കിൽ നിറയൊഴിക്കൂ.’ ഉറച്ച ആ വാക്കുകൾക്കു മുമ്പിൽ പട്ടാളക്കാരൻ പതറി. അയാളുടെ കൈകൾ വിറച്ചു. പക്ഷേ, തന്റെ യന്ത്രത്തോക്ക് കൊണ്ട് ചെയ്ക്ക് നേരെ നിറയൊഴിച്ചു. നെഞ്ചത്തും കൈകളിലും കാലിലുമായി തുരുതുരാ വെടിവച്ചു. ഒമ്പതു തവണ. ചെ നിലത്തുവീണ് പിടഞ്ഞു. വേദനകൊണ്ട് പുളഞ്ഞെങ്കിലും കരയാതിരിക്കാനായി കൈയിൽ കടിച്ചുപിടിച്ചു. അവസാനത്തെ വെടി കണ്ഠനാളത്തിൽ തുളച്ചുകയറിയപ്പോഴും ആ കണ്ണുകളിൽ തീക്ഷ്ണത പൊലിഞ്ഞില്ല. ദശാബ്ദങ്ങൾ പിന്നിടുമ്പോഴും അത് വലതുപക്ഷ ഫാസിസ്റ്റ് ശക്തികളുടെ പേടിസ്വപ്നമായി ജ്വലിക്കുകയാണ്.
ചെയുടെ ജീവനെടുത്ത ആ പകൽ ലോകത്തിന്റെ നെറുകയിൽ വിപ്ലവത്തിന്റെ ചുവന്നനക്ഷത്രം വരച്ചിടുകയായിരുന്നു സാമ്രാജ്യത്വം. ചെയുടെ രക്തസാക്ഷിത്വം സ്ഥിരീകരിച്ച് 1967 ഒക്ടോബർ 15ന് ഹവാനയിൽ കാസ്ട്രോ പറഞ്ഞു. ‘നേർക്കുനേർ നിന്ന് വെടിയേറ്റ് ഒരു പോരാളിയെപ്പോലെ മരിച്ചുവീണെങ്കിലും ആയിരംമടങ്ങ് ശക്തിയോടെ തന്റെ കൊലയാളികൾക്കെതിരെ പോരാടാൻ ആ ഓർമ കരുത്തുനൽകും.’ ഈ വാക്കുകളുടെ വ്യാപ്തിയും ചാരുതയും തിരിച്ചറിയുന്ന നാളുകളിലൂടെയാണ് ലോകം കടന്നുപോകുന്നത്. ചെ ജീവിച്ചാൽ തങ്ങൾക്ക് ഭീഷണിയാണെന്നു കരുതിയാണ് അമേരിക്കൻ സാമ്രാജ്യത്വവും ബൊളീവിയൻ ഭരണാധികാരികളും അദ്ദേഹത്തെ വകവരുത്താൻ ഉത്തരവിട്ടത്. പക്ഷേ, 55 വർഷത്തിനുശേഷവും ആ സ്മരണ ത്രസിപ്പായി നിലകൊള്ളുന്നൂവെന്നതാണ് ആവേശം പകരുന്നത്. വിടവാങ്ങിയതിനുശേഷം ചെ ഗുവേര സാമൂഹ്യ വിപ്ലവപ്രസ്ഥാനങ്ങളുടെ പ്രതീകമായി മാറുകയായിരുന്നു. ആൽബർട്ടോ കോർദ എന്ന ഫോട്ടോഗ്രഫർ പകർത്തിയ ചെയുടെ ചിത്രം ലോകമെമ്പാടും ആവേശംപകരുന്ന കാഴ്ചയാണ്. ടീ ഷർട്ടുകളിലും ബാനറുകളിലും പതിവുമുദ്രയായ ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തവും 20–-ാം നൂറ്റാണ്ടിന്റെ പ്രതീകവുമെന്നാണ് അമേരിക്കയിലെ മെറിലാൻഡ് സർവകലാശാല വിശേഷിപ്പിച്ചത്.
39–-ാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ച ചെ ചുരുങ്ങിയ പ്രായത്തിനുള്ളിൽ സാമ്രാജ്യത്വ ശക്തികളുടെ കണ്ണിലെ കരടായിമാറി. 1928 ജൂൺ 14ന് അർജന്റീനയിൽ ജനിച്ച ചെ ഗുവേര ചെറിയ പ്രായത്തിൽ രാജ്യാന്തരതലത്തിൽ വിപ്ലവകാരിയായി മാറുകയായിരുന്നു. ജനവിരുദ്ധ ഭരണകൂടങ്ങളെ തുടച്ചുമാറ്റാൻ ഏതു മാർഗവും അവലംബിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ രീതി. യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകളും നേരിട്ട് മനസ്സിലാക്കിയതോടെ ആ മനസ്സ് നീറി. സാമൂഹ്യ, സാമ്പത്തിക അസമത്വങ്ങൾക്കെതിരെ തുറന്ന യുദ്ധത്തിന് ആ മനസ്സിനെ സജ്ജമാക്കി. 1956ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ കാസ്ട്രോയുടെ മുന്നേറ്റസേനയിൽ ചേർന്നു. ക്യൂബയിൽ വിപ്ലവാനന്തരം സുപ്രീം പ്രോസിക്യൂട്ടർ പദവിയിൽ നിയമിതനായ ചെ ’65ൽ കോംഗോയിലും
ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കാനായി ക്യൂബ വിടുകയായിരുന്നു. ബൊളീവിയയിൽവച്ച് 1967 ഒക്ടോബർ ഏഴിന് 1800 പട്ടാളക്കാർ അദ്ദേഹത്തിന്റെ ഒളിസങ്കേതം വളഞ്ഞ് പിടികൂടുകയായിരുന്നു. അന്നുരാത്രി ചെയെ ബന്ധിച്ച് തൊട്ടടുത്ത ഗ്രാമമായ ലാ ഹിഗ്വേരയിലെ മണ്ണുകൊണ്ട് നിർമിച്ച സ്കൂളിൽ എത്തിച്ചു. പട്ടാള ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴും അദ്ദേഹം അക്ഷോഭ്യനായിരുന്നു. വലതുകാൽ വണ്ണയിൽ വെടിയേറ്റ് മുറവിൽനിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. അപ്പോഴും ആ തല ഉയർത്തിപ്പിടിച്ചു. പിറ്റേദിവസം അദ്ദേഹത്തെ സന്ദർശിച്ച സ്കൂൾ അധ്യാപികയോട് ആ സ്കൂളിന്റെ ശോച്യാവസ്ഥയെക്കുറിച്ചാണ് സംസാരിച്ചത്. വ്യവസ്ഥിതിയാണ് ഇതിനു കാരണമെന്നും അതിനെതിരെയാണ് തങ്ങളുടെ യുദ്ധമെന്നും ചെ ഓർമിപ്പിച്ചു. ഒരു വിപ്ലവകാരിയുടെ വികസന കാഴ്ചപ്പാട് വിളിച്ചോതിയ വാക്കുകൾ. ചെയെ കുറിച്ചുള്ള കുറിപ്പിൽ ആരാധ്യനായ ഇ എം എസ് പറഞ്ഞു. ‘ലോകം ഇന്നേവരെ കണ്ടിട്ടുള്ള വിപ്ലവകാരികളിൽ പ്രമുഖനായ ചെ ഇതിഹാസ പുരുഷന്റെ സ്ഥാനം ജനഹൃദയങ്ങളിൽ നേടിക്കഴിഞ്ഞു.’
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..