മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച അപർണ ബാലമുരളി സൂരറൈ പോട്രിലെ ബൊമ്മിയിലൂടെ തന്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു. അഭിനയ മികവിന്റെ അംഗീകാരമായി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും തേടിയെത്തി. കെജിഎഫിന്റെ നിർമാതാക്കളുടെ ഫഹദ് ഫാസിൽ ചിത്രം, ഷാജി കൈലാസിന്റെ കാപ്പൻ തുടങ്ങി തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും തിരക്കേറിയ നാളുകളിലാണ് അപർണ. ജാനകിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ത്രില്ലർ ശ്രേണിയിലുള്ള സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ‘ഇനി ഉത്തരം’ വെള്ളിയാഴ്ച തിയറ്ററിലെത്തി. തന്റെ സിനിമാ സങ്കൽപ്പങ്ങളെക്കുറിച്ച് അപർണ ബാലമുരളി സംസാരിക്കുന്നു:
സിനിമയുടെ ടോട്ടാലിറ്റിയാണ് പ്രധാനം
‘ഇനി ഉത്തരം’ ഒരു ത്രില്ലർ സിനിമാണ്. തിരക്കഥയുടെ ഘടനയാണ് ആകർഷിച്ചത്. വ്യത്യസ്തമായ രീതിയിലാണ് സിനിമയുടെ പരിചരണം. ഒരു പൊലീസുകാരൻ അന്വേഷിക്കാൻ വരുന്ന പതിവ് ശൈലിയിൽനിന്ന് കുറച്ചുകൂടി വ്യത്യസ്തമാണ്. നോൺ ലീനിയർ നരേറ്റീവാണ് സിനിമയുടേത്. കഥാപാത്രത്തിന്റെ തുടർച്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അഭിനേതാവ് എന്ന നിലയിൽ ടൈംലൈൻ, ടൈമിങ് എന്നിവയെല്ലാം ശ്രദ്ധിച്ചിട്ടാണ് ചെയ്തത്. കഥാപാത്രത്തിന്റെ തുടർച്ച ഉറപ്പാക്കാനായി ചെറിയ ചെറിയ കാര്യങ്ങൾവരെ ശ്രദ്ധിച്ചു. തിരക്കഥ നന്നായി വായിച്ച് പഠിച്ചു. എന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള സിനിമയാണത്. സന്തോഷവും ഒപ്പം ടെൻഷനുമുണ്ട്. പക്ഷെ ആരുടെ സിനിമ എന്നതിനെക്കാളും, ആർട്ടിസ്റ്റ് എന്ന നിലയിൽ സിനിമ മൊത്തതിൽ എങ്ങനെയാണുള്ളത് എന്നതാണ് പ്രധാനം. ഒരു സിനിമയുടെ എല്ലാ കാര്യങ്ങളും നന്നായി വരുമ്പോഴാണ് സിനിമയ്ക്ക് പൂർണത ലഭിക്കുന്നത്.
ധൂമവും കാപ്പയും വലിയ എക്സൈറ്റ്മെന്റ്
ഹോംബാലെ ഫിലിംസിൽ വർക്ക് ചെയ്യുന്ന വിജയ് ആണ് ധൂമത്തിലേക്ക് വിളിക്കുന്നത്. ആദ്യം മുതൽ ആ കഥാപാത്രമാകാൻ ഞാനാണ് അവരുടെ മനസ്സിലുണ്ടായിരുന്നതെന്നാണ് പറഞ്ഞത്. കെജിഎഫ് പോലെ ഒരു സിനിമ ചെയ്യുകയെന്നത് എളുപ്പമല്ല. അവരുടെ സിനിമയിൽ ഭാഗമാകുകയെന്നത് വലിയ ആവേശം നൽകുന്ന കാര്യമാണ്. ധൂമത്തിലെ ഏറ്റവും വലിയ സന്തോഷം ഫഹദ് ഇക്കയ്ക്കൊപ്പം വീണ്ടുമൊരു സിനിമ ചെയ്യുന്നുവെന്നതാണ്. ഏഴ് വർഷത്തിനുശേഷം ഒരുമിച്ച് സിനിമ ചെയ്യുകയാണ്. അതിന്റെ ഒരു എക്സൈറ്റ്മെന്റുണ്ട്. കാപ്പയിലേക്ക് ആദ്യം വിളിച്ചപ്പോൾ ഡേറ്റിന്റെ പ്രശ്നമുണ്ടായിരുന്നു. വീണ്ടും വിളിച്ചപ്പോൾ ആ പ്രശ്നം മാറി. മഞ്ജു ചേച്ചി ചെയ്യാൻ ഇരുന്ന ഒരു കഥാപാത്രത്തിന് എന്നെ വിളിച്ചത് വലിയ സന്തോഷമുണ്ടാക്കി. പത്മിനി വരുന്നുണ്ട്. അതിലും വലിയ പ്രതീക്ഷയാണുള്ളത്.
പേഴ്സണൽ ഫേവറേറ്റ് കഥാപാത്രം
സുന്ദരി ഗാർഡൻസിലെ കഥാപാത്രം ഏറെ ആകർഷിച്ചു. യാഥാർഥ്യവുമായി ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യുമ്പോൾ കുറേ ആളുകൾക്ക് അവരുമായി ബന്ധപ്പെടുത്താൻ കഴിയും. അങ്ങനെയുള്ള നിമിഷങ്ങൾ നിറഞ്ഞ സിനിമയാണ് സുന്ദരി ഗാർഡൻസ്. ഒത്തിരി പേർ വിളിച്ച് കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും പറഞ്ഞു. ശരി മാത്രം പറയാതെ അവർ ചെയ്യുന്ന തെറ്റുംകൂടി പറയുന്ന കഥാപാത്രമാണത്. എനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്ന് കൂടിയാണ് സുന്ദരി ഗാർഡൻസിലെ സാറാ മാത്യൂസ്.
ടീം വർക്കാണ് സിനിമ
തിരക്കഥ വായിക്കാതെ സിനിമ ചെയ്യുമ്പോൾ സംഭവിക്കുന്ന അബദ്ധം നമ്മുടെ കഥാപാത്രത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ കഴിയില്ലെന്നതാണ്. തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടാലും ചിലപ്പോൾ സിനിമയായിട്ട് വരുമ്പോൾ അത്ര നന്നാകണമെന്നില്ല. ചിലപ്പോൾ ആളുകളിലേക്ക് എത്തണമെന്നില്ല. തിരക്കഥ വായിക്കാത്ത സമയത്ത് ഞാൻ എന്റെ കഥാപാത്രത്തെക്കുറിച്ച് മാത്രമാണ് കേൾക്കുന്നത്. കഥ പറയുമ്പോൾ എന്റെ കഥാപാത്രത്തെ നന്നായി വലുതാക്കി പറയും. സിനിമ വരുമ്പോഴാണ് നമ്മുടെ കഥാപാത്രം ഇത്രയൊക്കെ ഉള്ളു എന്ന് മനസ്സിലാകുക. എനിക്ക് അങ്ങനെ പറ്റിയിട്ടുണ്ട്. അങ്ങനെ താൽപ്പര്യമില്ലാത്തതുകൊണ്ടാണ് തിരക്കഥ വായിക്കണം എന്ന നിലപാട് സ്വീകരിച്ചത്. സൂരറൈ പോട്ര് കഴിഞ്ഞ ശേഷമാണ് തിരക്കഥ വായിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിയത്. തിരക്കഥ വായിക്കണം എന്ന് പറഞ്ഞപ്പോൾ ഒന്ന് രണ്ട് സംഭവങ്ങൾ ഉണ്ടായി. അത് പക്ഷെ എന്നെ ബാധിച്ച കാര്യവുമല്ല, ഞാൻ ആ സിനിമകൾ ചെയ്തുമില്ല. ഈഗോ ക്ലാഷുമായി നടന്നു കഴിഞ്ഞാൽ സിനിമ നന്നാകില്ല. ആളുകളുടെ വലുപ്പ ചെറുപ്പങ്ങളല്ല സിനിമ. ടീം വർക്കാണ്. ഉർവശി, സത്യരാജ് എന്നിവർക്കൊപ്പം ജോലി ചെയ്യുമ്പോൾ അവർ നമ്മളുടെ പ്രായത്തിലേക്ക് വരികയാണ്. അവർ സീനിയർ ആർട്ടിസ്റ്റാണെന്ന് പറഞ്ഞ് ഇരിക്കുന്നില്ല. എല്ലാവരും ഒപ്പം നിൽക്കുകയെന്നത് വളരെ പ്രധാനമാണ്. സിനിമയുടെ പുറകിലുള്ള എല്ലാ കാര്യങ്ങളും അത് നല്ലതാണെങ്കിലും മോശമാണെങ്കിലും സിനിമയിൽ പ്രതിഫലിക്കും. സിനിമയിൽ ഒരു കാര്യം മാത്രം നന്നായി എന്ന് പറയുന്നതിൽ അർഥമില്ല, കാമറ കൊള്ളാം, അല്ലെങ്കിൽ അയാൾ നന്നായിട്ടുണ്ട് പറയുന്നതിലല്ല കാര്യം, മറിച്ച് സിനിമ ഒന്നാകെ നന്നാകണം.
ദേശീയ പുരസ്കാരം ഉത്തരവാദിത്വം കൂട്ടി
ദേശീയ അവാർഡ് എന്നത് വലിയ അംഗീകാരമാണ്. ആളുകൾ നമ്മളിൽനിന്ന് ഇനിയും പ്രതീക്ഷിക്കും. അത് കാത്തുസൂക്ഷിക്കണം. അവാർഡ് എന്നതിനപ്പുറം നടിയെന്ന നിലയിൽ സൂരറൈ പോട്ര് വ്യക്തിപരമായും മാറ്റം ഉണ്ടാക്കി. നാഷണൽ അവാർഡ് കിട്ടിയെന്ന് പറയുമ്പോൾ തന്നെ ഒരു ശ്രദ്ധ കിട്ടുന്നുണ്ട്. ഞാൻ പറയുന്നത് എന്താണെങ്കിലും ആളുകൾ കേൾക്കും. താൽപ്പര്യമില്ലെങ്കിലും ടിവിയിലാണെങ്കിലും സോഷ്യൽ മീഡിയയിലാണെങ്കിലും വരും. അത് ചർച്ച ചെയ്യും. ആ പ്രാധാന്യം നന്നായി ഉപയോഗിക്കണമെന്നാണ് ആഗ്രഹം.
ചോദ്യങ്ങളിൽ നിലവാരം സൂക്ഷിക്കണം
നമുക്ക് മാധ്യമങ്ങളെയും മാധ്യമങ്ങൾക്ക് നമ്മളെയും ആവശ്യമുണ്ട്. പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകേണ്ടത്. അതിനാൽ തന്നെ പരസ്പര ബഹുമാനവും ആവശ്യമാണ്. ചോദ്യം ചോദിക്കുന്നതിലല്ല പ്രശ്നം, ഒരു നിലവാരം സൂക്ഷിക്കണം. ചിലപ്പോൾ വളരെ മോശമായ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഉദാഹരണത്തിന്: എന്നോട് ആദ്യം ചോദിക്കുന്നത് ഇപ്പോൾ 27 വയസ്സായില്ലേ, ആരോടെങ്കിലും പ്രേമമുണ്ടോ, ക്രഷുണ്ടോ എന്നൊക്കെയാണ്. ഇതൊന്നും അവർ അറിഞ്ഞിട്ട് കാര്യമില്ല. അവരല്ലല്ലോ എന്റെ കല്ല്യാണം നടത്തുന്നത്. ദേശീയ അവാർഡ് കിട്ടി അടുത്ത ദിവസം എന്നോട് ചോദിക്കുന്നത് എനിക്ക് ആരോടെങ്കിലും ക്രഷ് ഉണ്ടോ എന്നാണ്. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ വലിയ നേട്ടമാണ് അവാർഡ്. അതിനെപ്പറ്റി ആലോചിച്ച് അതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് ഇത്തരം ചോദ്യം. ഇതല്ല ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യം. . കുറച്ചുകൂടി നല്ല മാധ്യമ സംസ്കാരം ആവശ്യമാണെന്ന് തോന്നുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..