01 February Wednesday

ഒരു പടപ്പാട്ടുകാരന്റെ ഓർമയ്‌ക്ക്‌

പി ആർ ഹരിലാൽ lalhari52@gmail.comUpdated: Sunday Oct 9, 2022

നാലുപതിറ്റാണ്ട്‌ പിന്നിട്ടിട്ടും ‘ചാത്തങ്കരിയിലെ കുഞ്ഞിലേനച്ചന്റെ ചാളയിൽ പൂവിട്ട ചിരുതേ’ ഇന്നും വർധിത ആവേശത്തോടെ പടരുകയാണ്‌.  അക്കാലത്ത്‌ ആലപ്പുഴയിൽ നടന്ന കർഷകത്തൊഴിലാളി സമ്മേളനത്തിന്‌ ഏഴാച്ചേരി രാമചന്ദ്രൻ കുറിച്ച ഈ വരികൾക്ക്‌ കുമരകം രാജപ്പനാണ്‌ ഈണമിട്ടത്‌. രാജപ്പനെ  ശ്രദ്ധേയനാക്കിയ പാട്ടുകൂടിയാണ്‌ അത്‌.  എഴുപതുകളിൽ കേരളത്തിലെ  പ്രൊഫഷണൽ നാടകരംഗത്ത്‌ അവിഭാജ്യഘടകമായിരുന്നു രാജപ്പൻ. ക്യാമ്പുകളിൽനിന്ന്‌ ക്യാമ്പുകളിലേക്കുള്ള ആ യാത്രയ്‌ക്കു നിദാനം പശ്ചാത്തല സംഗീതരംഗത്തെ അദ്ദേഹത്തിന്റെ മാസ്‌മരികത തന്നെ. നാടകത്തിന്റെ ജീവൻ അറിഞ്ഞ്‌ അതിനെ സംഗീതസാന്ദ്രമാക്കുന്ന കുമരകം രാജപ്പനെ നാടകപ്രേമികളും സംഗീതപ്രേമികളും ഹൃദയത്തോടുചേർത്തു. അതിവേഗ സംഗീതസൃഷ്ടി സംഘാടകർക്ക്‌ ഏറെ ആശ്വാസമായിരുന്നു. അന്നൊക്കെ നാടകങ്ങളുടെ കലണ്ടറിൽ നാലുപേരായിരുന്നു. സി കെ ശശി, കെ എം ധർമൻ, കുമരകം രാജപ്പൻ, ആർട്ടിസ്റ്റ്‌ സുജാതൻ. ഇതിൽ രചയിതാവിന്റെയോ സംവിധായകന്റെയോ പേരിൽ മാറ്റംവന്നാലും മറ്റു രണ്ടുപേരുകളിൽ മാറ്റം കണ്ടിരുന്നില്ല. അന്നത്തെ ഏറ്റവും തിരക്കേറിയ സംവിധായകനായിരുന്നു കെ എം ധർമൻ (ധർമൻ ചേട്ടൻ). അടുത്തനാളിൽ അദ്ദേഹത്തിന്റെ  90–-ാം പിറന്നാൾ ആഘോഷിച്ചു. സുജാതൻ നാടകരംഗകലയിലും സി കെ ശശി നാടക, സീരിയൽ രംഗത്തും സജീവമാണ്‌.  2002 ഒക്‌ടോബർ പത്തിന്‌ 59–-ാം വയസ്സിലാണ്‌ കുമരകം രാജപ്പൻ വിടപറഞ്ഞത്‌.

അർജുനൻ മാഷ്‌  കൂട്ടിയ പ്രതിഭ

കുമരകത്ത്‌ കനകച്ചിറയിൽ പി വി കേശവന്റെയും ഭാർഗവിയമ്മയുടെയും മകനായി 1943ലാണ്‌ രാജപ്പന്റെ ജനനം.  കുമരകം കുഞ്ഞൻ ഭാഗവതരാണ്‌ ഏഴാം വയസ്സിൽ രാജപ്പനിലെ സംഗീതപ്രതിഭയെ കണ്ടെത്തിയത്‌.  ആദ്യകാല ചലച്ചിത്ര നടി എം കെ കമലത്തിന്റെ  കഥാപ്രസംഗത്തിന്‌ പിൻപാട്ടുകാരനായി തുടങ്ങിയ രാജപ്പൻ ആദ്യമായി സംഗീതം നൽകിയത്‌  ‘മതിലുകൾ ഇടിയുന്നു’ എന്ന നാടകത്തിൽ കെ കെ തങ്കച്ചൻ എഴുതിയ ‘കർപ്പൂരതിരി വെച്ചു, കനകവിളക്ക്‌ വെച്ചു’ എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌. കുമരകത്ത്‌ തന്നെയുള്ള ഫാ. ഫോസ്റ്റിൻ കപ്പൂച്ചിൻ  കൊല്ലം അസീസി ആർട്‌സ്‌ ക്ലബ്‌ എന്ന പ്രൊഫഷണൽ നാടകസംഘത്തിൽ രാജപ്പനെ പരിചയപ്പെടുത്തി. ഫാ. ഫോസ്റ്റിൻ രചിച്ച ‘വാനിലെ വാരൊളി താരകളത്രയും വാരി വിതറിയ ദൈവപുത്രൻ ’ എന്നു തുടങ്ങുന്ന  നാടകഗാനം ഏറെ പ്രശസ്‌തമായി. ഇതിനെല്ലാം നിമിത്തമായത്‌, രാജപ്പന്റെ ഗുരുവായിരുന്ന എം കെ അർജുനൻ എന്ന സംഗീതചക്രവർത്തിയായിരുന്നു. കുമരകത്തുനിന്ന്‌ രാജപ്പനെ  അർജുനൻ മാഷ്‌ കൂട്ടിക്കൊണ്ടുപോയി.   അദ്ദേഹത്തിന്‌ സിനിമയിൽ തിരക്കായപ്പോൾ രാജപ്പനും അവസരങ്ങൾ കൂടി. പിന്നീട്‌ മരണംവരെ പ്രൊഫഷണൽ നാടകരംഗത്ത്‌ രാജപ്പൻ തിളങ്ങി. ആയിരക്കണക്കിന്‌ നാടക ഗാനം ചിട്ടപ്പെടുത്തി. പത്തിൽപ്പരം സിനിമയ്‌ക്ക്‌ സംഗീതം നൽകി.  

പാർടി വേദികളിൽ പടപ്പാട്ടുകാരൻ

കമ്യൂണിസ്റ്റ്‌ പാർടി യോഗങ്ങളിൽ പാട്ടുകാരനായതോടെ രാജപ്പന്‌ ‘പടപ്പാട്ടുകാരൻ’ എന്ന വിശേഷണം ലഭിച്ചു.  തരംഗിണി കാസറ്റുൾപ്പെടെ  നിരവധി ലളിതഗാനങ്ങൾക്കും രാജപ്പൻ ഈണംനൽകി. തെരഞ്ഞെടുപ്പ്‌ ഗാനങ്ങൾ എന്നൊരു സംഗീതശാഖയുടെ വളർച്ചയ്‌ക്കും രാജപ്പന്റെ സംഭാവന ഏറെയാണ്‌. മുൻമന്ത്രി ടി കെ രാമകൃഷ്‌ണൻ കോട്ടയത്ത്‌ മത്സരിക്കുമ്പോഴാണ്‌ തെരഞ്ഞെടുപ്പ്‌ ഗാനങ്ങളുടെ കാസറ്റ്‌ ആദ്യം ഇറക്കിയത്‌. രാജപ്പൻ ചിട്ടപ്പെടുത്തിയ പാട്ടുകളിലേറെയും ഏഴാച്ചേരി രാമചന്ദ്രന്റെ വരികളാണ്‌. മികച്ച  നാടകസംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം രാജപ്പന്‌ ലഭിച്ചപ്പോൾ 1994 ജനുവരി 25ന്‌  നാട്ടുകാർ വലിയ സ്വീകരണം നൽകി. ഒക്‌ടോബർ പത്തിന്‌ രാജപ്പൻ വിടപറഞ്ഞിട്ട്‌ 20 വർഷം തികയും. പാട്ടുകാരിയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ലളിതയും അന്തരിച്ചു. കവിതയും വിനോദുമാണ്‌ മക്കൾ. വിനോദ്‌ സംഗീതരംഗത്ത്‌ പ്രവർത്തിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top