01 February Wednesday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Oct 9, 2022

ആരും വായിച്ചിരിക്കേണ്ട പുസ്‌തകം

വി ബി പരമേശ്വരൻ

കമ്യൂണിസ്‌റ്റ്‌ പാർടിയിൽനിന്ന്‌ അന്യമായി കേരളത്തിന്റെ ചരിത്ര രചന അസാധ്യമാണ്‌.  ഐക്യകേരളം യാഥാർഥ്യമാക്കുന്നതിന്റെ പിന്നിൽ  കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ കൈയൊപ്പുണ്ട്‌.  ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിനിന്ന്‌ സോഷ്യലിസ്‌റ്റ്‌ പാർടിയിലൂടെ കമ്യൂണിസ്‌റ്റ്‌ പാർടിയായി വളർന്ന ചരിത്രമാണ്‌ അതിനുള്ളത്‌.  ഈ വസ്‌തുത അടയാളപ്പെടുത്തുന്ന പുസ്‌തകമാണ്‌  കെ ബാലകൃഷ്‌ണന്റെ ‘കമ്യൂണിസ്‌റ്റ്‌ കേരളം’.   

കമ്യൂണിസ്‌റ്റ്‌ പാർടിയിലെ പിളർപ്പ്‌ വിശദമായി തന്നെ പ്രതിപാദിക്കുന്നു. കർഷകർ, തൊഴിലാളികൾ, അധ്യാപകർ എന്നിവരെയെല്ലാം മനുഷ്യരെപ്പോലെ ജീവിക്കാൻ സഹായിച്ചതും 1957 ലെ ഇ എം എസ്‌ മന്ത്രിസഭ ഈ ദിശയിലുള്ള നടപടികൾ സ്വീകരിച്ചത്‌  ജന്മിമാർ ഉൾപ്പെടുന്ന മധ്യവർഗത്തെയും യാഥാസ്ഥിതിക വിഭാഗത്തെയും അങ്കത്തിനിറങ്ങാൻ പ്രേരിപ്പിച്ചതും  ആ സമരാഭാസത്തിലൂടെ  കോൺഗ്രസിന്‌ ഭാവി നേതാക്കളെ സംഭാവന ചെയ്‌തതുമെല്ലാം  പുസ്‌തകം മുന്നോട്ടുവയ്‌ക്കുന്നു. 

1964ൽ രൂപംകൊണ്ട ശേഷം സിപിഐ എം കടന്നുവന്ന പ്രയാസകരമായ വഴികളും പ്രത്യയശാസ്‌ത്ര പ്രതിസന്ധികളും  പുസ്‌തകം വിശദമായി പരിശോധിക്കുന്നുണ്ട്‌. എം വി രാഘവന്റെ നേതൃത്വത്തിൽ നടന്ന ഒപ്പിയാൻ പ്രസ്ഥാനവും ബദൽരേഖാ വിവാദവും പാർടിയിൽനിന്ന്‌ പുറത്താക്കപ്പെട്ട്‌  ഗൗരിയമ്മ ജെഎസ്‌എസ്‌ രൂപീകരിച്ചത്‌, സേവ്‌ സിപിഎം ഫോറം, നാലാം ലോകം തുടങ്ങി സിപിഐ എമ്മിനെതിരെ നടന്ന കടന്നാക്രമണങ്ങൾ, പല ഘട്ടങ്ങളിലായി തലപൊക്കിയ വിഭാഗീയതകൾ തുടങ്ങി സിപിഐ എം അഭിമുഖീകരിച്ച പ്രത്യയശാസ്‌ത്രപരവും അല്ലാത്തതുമായ പരീക്ഷണഘട്ടങ്ങളെക്കുറിച്ച്‌ പ്രാഥമികമായ അറിവ്‌ ലഭിക്കാൻ ഈ പുസ്‌തകം ഉപകാരപ്പെടും. 

ഈ വിഷയങ്ങളിൽ ഗ്രന്ഥകാരന്റെ ഊന്നലുകളിലും വിശകലനങ്ങളിലും വിയോജിപ്പ്‌ രേഖപ്പെടുത്താമെങ്കിലും കേരളത്തിന്റെ സമകാലിക കമ്യൂണിസ്‌റ്റ്‌ രാഷ്ട്രീയത്തെക്കുറിച്ച്‌ അറിയാൻ ആഗ്രഹിക്കുന്ന ആരും വായിച്ചിരിക്കേണ്ട പുസ്‌തകം തന്നെയാണിത്‌.

 

 

കഥയെഴുത്തിന്റെ സൗന്ദര്യവും രാഷ്ട്രീയവും

പി രാജീവ്‌

ഒരു കാൽപ്പനിക ലോകമാണ് കാട്ടൂർ കടവ്. രഘുത്തമൻ ദിമിത്രിയോട് പറഞ്ഞു. " സങ്കൽപ്പത്തിനും യാഥാർഥ്യത്തിനുമിടയിലെ വരമ്പിലൂടെ നടക്കുന്നതുപോലെ നമുക്ക് തോന്നും. വഴുക്കുന്ന വരമ്പുകളാണ്. ഏതു വശത്തേക്കും വീണുപോകാം. മിത്തുകളുണ്ടാക്കാനും പ്രചരിപ്പിക്കാനും സമർഥരാണ് ആളുകൾ. ഞാൻ കുട്ടിക്കാലത്ത് കുറേനാൾ അവിടെ താമസിച്ചിട്ടുണ്ട്. മാന്ത്രിക കഥകൾ ഒരുപാട് കേട്ടു' അശോകൻ ചരുവിൽ കാട്ടൂർക്കടവിൽ ഇങ്ങനെ എഴുതിയപ്പോൾ കാട്ടൂരിൽ ജനിച്ച ഞാൻ കുഞ്ഞിലേ ചെവിയിൽ കഥകൾ  പറഞ്ഞാരെങ്കിലും ഉറക്കിയിരുന്നോ എന്ന് ആലോചിച്ചു. ഓർക്കാനുള്ള പ്രായം എന്റെ കാട്ടൂർ ജീവിതത്തിനില്ലായിരുന്നു. അതുകൊണ്ട് ഭാവനയ്‌ക്കും യാഥാർഥ്യത്തിനുമിടയിലൂടെയുള്ള അശോകൻ ചരുവിലിന്റെ ദേശാഖ്യാനം പിടിച്ചിരുത്തി. വായനക്കാരന്റെ ഇത്തരം ബന്ധങ്ങളൊന്നും നോവലിലൂടെയുള്ള സഞ്ചാരത്തിൽ പ്രസക്തമല്ല. അത് കാട്ടൂരിന്റെ മാത്രം ചരിത്രമല്ല. കാട്ടൂർ ഏതിടവുമാകാം. അല്ലെങ്കിൽ കേരളത്തിന്റെ  ഒരു ചെറിയ പരിച്ഛേദം. അവിടെയുള്ള മനുഷ്യരുടെ ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥനം.  അടിമുടി രാഷ്‌ട്രീയമാണ് മനോഹരമായ എഴുത്തിലൂടെ അശോകൻ ചരുവിൽ പറഞ്ഞു വയ്ക്കുന്നത്.

critical insider എന്ന ഒരു പ്രയോഗം ഇംഗ്ലീഷിലുണ്ട്. ആന്തരിക വിമർശകൻ എന്നു പറയാം. അകത്തേക്ക് നോക്കിയുള്ള കലഹം പുറത്തേക്കുള്ള വഴി തുറക്കലല്ല. കെ എന്ന എഴുത്തുകാരനും ഡി കാട്ടൂർക്കടവും രണ്ടാണോ ഒന്നാണോ എന്ന ചോദ്യവും പ്രസക്തം. 

നാടിന്റെ രാഷ്ട്രീയ ചരിത്രം സാംസ്കാരിക ചരിത്രം കൂടിയാണ്. തന്റെ നാടിന്റെയും പ്രസ്ഥാനത്തിന്റെയും ചരിത്രത്തിനും ആത്മസംഘർഷങ്ങൾക്കുമൊപ്പം പുതിയ കാലത്തിന്റെ സവിശേഷതകളും കാട്ടൂർക്കടവിൽ ഇഴുകി ചേരുന്നു. കഥയെഴുത്തിന്റെ സൗന്ദര്യവും രാഷ്ട്രീയവും നോവലെഴുത്തിലും പ്രകടിപ്പിക്കാൻ അശോകൻ ചരുവിലിന് കഴിഞ്ഞു.

 

 

മനുഷ്യാവകാശ പോരാട്ടങ്ങളുടെ കഥ

സത്യജിത്‌

ജസ്‌റ്റിസ്‌ ചന്ദ്രു ഒരു പ്രതീകവും അടയാളവുമാണ്‌. വെറും യാന്ത്രികമായ മുഖമല്ല, മറിച്ച്‌ മനുഷ്യാവകാശത്തിന്റെ സംരക്ഷണ പരിചകൂടി നിയമസംവിധാനങ്ങൾക്ക്‌ ഉണ്ടെന്ന്‌ പ്രയോഗത്തിലൂടെ തെളിയിച്ച ന്യായാധിപനാണ്‌. മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജിയായിരുന്ന ചന്ദ്രുവിന്റെ കോടതി അനുഭവങ്ങളും ജീവിതവും വ്യക്‌തമാക്കുന്നതാണ്‌ ‘ഞാൻ എന്ന ജസ്‌റ്റിസ്‌’ എന്ന ആത്മകഥ. അത്യന്തം വൈകാരികവും അതിനൊപ്പം വ്യക്‌തിപരവുമായ ചിത്രമാണിത്‌. രാഷ്‌ട്രീയ പ്രവർത്തകനും അഭിഭാഷകനും പിന്നെ ന്യായാധിപനുമായ ഒരു വ്യക്‌തിയുടെ ജീവിതം എന്നതിലുപരി സംഭവ ബഹുലമായ കോടതി അനുഭവങ്ങളുടെ പകർത്തിവയ്‌ക്കൽ. 

ആത്മകഥാംശം കുറച്ച്‌,  നീതിന്യായ വ്യവസ്ഥയുടെ മനുഷ്യത്വവും അതിനു വിരുദ്ധവുമായ ചിലതെല്ലാം അനുഭവ പശ്ചാത്തലത്തിൽ ജസ്‌റ്റിസ്‌ ചന്ദ്രു വിവരിക്കുന്നുണ്ട്‌. ദലിത്‌–- പിന്നോക്ക വിഭാഗങ്ങൾക്കുനേരേ ഭരണകൂടം വച്ചുപുലർത്തുന്ന മനഷ്യാവകാശ വിരുദ്ധ പ്രവണതകളിൽ താനുൾപ്പെട്ട നീതിപീഠത്തിന്റെ സമീപനം എന്തായിരുന്നുവെന്ന സ്വയം വിമർശംകൂടിയാണ്‌ കൃതി. തന്നെ ഇകഴ്‌ത്തിക്കാട്ടുന്ന തരത്തിൽ സഹപ്രവർത്തകരായ അഭിഭാഷകരിൽനിന്ന്‌ ഉണ്ടായ നീക്കങ്ങൾക്കുള്ള മറുപടിയുമാണ്‌. 2011ൽ പരമക്കുടിയിൽ പ്രക്ഷോഭം നടത്തിയ ദലിതരെ ക്രൂരമായി വേട്ടയാടിയ പൊലീസിനെതിരെ അന്വേഷണ കമീഷനെ സർക്കാർ നിയമിക്കുമ്പോൾ ഉയർന്ന പ്രതിരോധം, തമിഴ്‌നാട്‌ അയിത്ത നിർമാർജന മുന്നണിയുടെ പ്രവർത്തനങ്ങൾ, രോഹിത്‌ വെമുലയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണവും റിപ്പോർട്ടും, മഅ്‌ദനി കേസിലെ ഇടപെടൽ, ജഡ്‌ജിയായിരുന്ന ആറേമുക്കാൽ വർഷം തീർപ്പാക്കിയ റെക്കോഡ്‌ കേസുകൾ ഇങ്ങനെ 368 പേജിലേക്ക്‌ നീളുന്നു പുസ്‌തകം. 

വിദ്യാർഥിയായിരുന്ന കാലംമുതൽ ആരംഭിച്ച ഇടതുപക്ഷ രാഷ്‌ട്രീയ പ്രവർത്തനവും അതുകാരണം  തനിക്കുണ്ടായ എതിർപ്പുകളും  വിവരിക്കുന്നു. അതോടൊപ്പം ഇടതുപക്ഷ രാഷ്‌ട്രീയക്കാരന്‌ മാത്രമേ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാനാകൂ എന്നും അടിവരയിടുന്നു. എസ്‌ ജയേഷാണ്‌ പരിഭാഷകൻ.

 

 

മണ്ണിന്റെ ചൂടും ചൂരുമുള്ള ആഖ്യാനങ്ങൾ

ബിജു പി

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള കൊടുക്കൽവാങ്ങലുകൾ എണ്ണിത്തീർക്കാനാകാത്ത സർഗസൃഷ്‌ടികൾക്ക്‌ കാരണമായിട്ടുണ്ട്‌.  അതിൽ ഏറ്റവും അടുത്തകാലത്ത്‌ പിറന്ന ഒന്നാണ്‌ മിനി പി സി എഴുതിയ ‘ഫ്രഞ്ച്‌ കിസ്സ്‌’ എന്ന കഥാസമാഹാരം.  

പ്രകൃതിയും പരിസ്ഥിതിയുമായി മനുഷ്യൻ പുലർത്തുന്ന ജൈവികബന്ധത്തെ മനോഹരമായി  ഈ കഥകളിൽ വരച്ചിടുന്നു. പത്ത്‌ കഥയുള്ള സമാഹാരത്തിൽ ഒന്നോ രണ്ടോ ഒഴിച്ചുനിർത്തിയാൽ മറ്റുള്ളവയെല്ലാം പ്രകൃതിയിലുള്ള മനുഷ്യന്റെ കടന്നുകയറ്റവും പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇതിവൃത്തമാക്കിയവയാണ്‌.

കേരളം അനുഭവിച്ച രണ്ട്‌ പ്രളയത്തിന്റെ സർഗഭാഷ്യമാണ്‌ ‘എന്തിനോ ആദമേ നിന്നെ ഞാൻ തോട്ടത്തിലാക്കി’ എന്ന കഥ.   മനുഷ്യരുടെ അഹന്തയും അത്യാർത്തിയുമാണ്‌ പല പ്രകൃതിദുരന്തങ്ങൾക്കും കാരണമെന്ന്‌ പറഞ്ഞുവയ്‌ക്കുകയാണ്‌ ഈ കഥ.

ഈ ജനുസ്സിലുള്ള മറ്റൊരു കഥയാണ്‌ ‘അഹിംസ സിൽക്ക്‌. പട്ടുനൂൽപ്പുഴു എന്ന ബിംബത്തിലൂടെ മറ്റ്‌ ജീവികളോട്‌ മനുഷ്യൻ ചെയ്യുന്ന ക്രൂരതകളെയും അത്‌ അവസാനിപ്പിക്കാൻ കണ്ടെത്തുന്ന മാർഗത്തെയും കുറിച്ച്‌ അലോഷി‐എസ്‌തേർ ദമ്പതിമാരുടെ ജീവിതം വരച്ചുകാട്ടിക്കൊണ്ട്‌ പ്രതിപാദിക്കുന്നു.

‘ഫ്രഞ്ച്‌ കിസ്സി’ൽ വിഷയമാകുന്നത്‌ തേനീച്ചയാണ്‌. അത്‌ ഭൂമിയിൽനിന്ന്‌ അപ്രത്യക്ഷമായാൽ മനുഷ്യനടക്കമുള്ള മറ്റ്‌ ജീവികൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയുമാണ്‌ ഈ രചന കൈകാര്യം ചെയ്യുന്നത്‌. 

‘സ്വർണത്തേറ്റയുള്ള കരിവാലൻ ശീമപ്പന്നികൾ’ എന്ന കഥ  അതിസങ്കീർണമായ മനുഷ്യബന്ധങ്ങളുടെ അടയാളപ്പെടുത്തലാണ്‌.  മിനി പി സിയുടെ ആഖ്യാനപാടവത്തിന്റെ വലിയ സവിശേഷത, ചടുലവും മൂർച്ചയേറിയതുമായ ആക്ഷേപ ഹാസ്യവും പ്രാദേശിക ഭാഷയുടെ ശക്തമായ വിനിമയവുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top