23 January Wednesday

എല്ലാ മുലപ്പാലിനും ഒരേ രുചിയായിരുന്നു

സി അമ്പുരാജ്‌Updated: Sunday Sep 9, 2018

 എന്നെ പ്രസവിച്ച് ഏഴാം ദിവസം അമ്മ മരിച്ചു. പാതിരാത്രി എല്ലാവരും ഉറങ്ങിയനേരത്ത് പുറത്തെ നേരിയ മഞ്ഞിൽനിന്ന‌് കുളിയൻ തെയ്യം അമ്മയെ വിളിച്ചു.

മാധവീ... മാധവീ...
അമ്മ വിളികേട്ടു. നെഞ്ചിലെ ചൂടിൽനിന്ന‌് എന്നെ എടുത്ത് മാറ്റി. അമ്മ മുഖപ്പാളയും ചൂട്ടും കൈകളിൽ ഓലക്കാപ്പും അരയോടയുമായി വന്ന കുളിയനു പിറകെ നടന്നു.
പുഴയിലേക്ക് ഇറങ്ങിയ കുളിയൻ വീണ്ടും ക്ഷണിച്ചു. 
വരൂ...
പുഴ കാലംപോലെ കാൽപ്പാദങ്ങളിൽനിന്ന‌് മുകളിലേക്ക് ഒഴുകിത്തുടങ്ങി. 
മൂർധാവിലെത്തിയപ്പോൾ അമ്മയുടെ മുടി ആമ്പലിലപോലെ ഓളങ്ങളിൽ പരന്നുകിടന്നു. അങ്ങനെ ജീവിതത്തിന്റെ പുഴകടന്ന് അമ്മപോയി... അമ്മയുടെ മരണത്തോടെ ഏകാകിയായ അച്ഛൻ കൊതുമ്പ് തോണിയിൽ കയറി പുഴകടന്ന് എങ്ങോട്ടോ പോയി.
ഞാൻ ഒറ്റയ്ക്കായി.
അമ്മയുടെ ചലനമറ്റ ശരീരം മുങ്ങിയെടുത്ത് ഇറയത്ത് വാഴയിലയിൽ കിടത്തി.
കുഞ്ഞിക്കോരൻ ജോത്സ്യർ കവിടി നിരത്തി. ജോത്സ്യരാണ് കുളിയന്റെ ചതിയെപ്പറ്റി പറഞ്ഞത്.  അമ്മയുടെ അമ്മാവൻ പിന്നെ ഒന്നും ആലോചിച്ചില്ല. വിറകുപുരയിൽ കിടന്ന മഴു എടുത്ത് കുളിയൻ മരത്തിനു (കാഞ്ഞിരം)നേരെ പാഞ്ഞ് ചെന്നു. തന്നെ കൊത്തിച്ചാടല്ലേ കുഞ്ഞിപ്പൊക്കാ എന്ന് കുളിയൻ കരഞ്ഞിട്ടുണ്ടാകും. അമ്മാവൻ കേട്ടില്ല. മരം അറുത്ത് പുഴയിലിട്ടു.
കണ്ടുനിന്ന നാട്ടുകാരുടെ പേടിയും ഭക്തിയും അമർഷവും നിറഞ്ഞ കണ്ണുകൾക്കുനേരെ കൈമഴു ഉയർത്തി അമ്മാവൻ പറഞ്ഞു. എന്റെ മരുമോളെ കൊന്നവനെ ഞാനും കൊന്നു. ഇനി ഈട ആരെങ്കിലും കാഞ്ഞിരമരം നട്ടാൽ ഓനേം ഞാൻ കൊല്ലും. 
കുട്ടിക്കാലത്ത് അതുതന്നെ ഞാനും വിശ്വസിച്ചു. മുതിർന്നപ്പോൾ  ഏതോ മനശ്ശാസ്ത്ര പുസ്തകത്തിൽനിന്ന്‌ മനസ്സിലായി അമ്മ മരിച്ചത് പ്രസവാനന്തരം സ്ത്രീകളിൽ അപൂർവമായി കണ്ടുവരുന്ന വിഷാദരോഗംകൊണ്ടാണെന്ന്. അമ്മ സ്വയം പുഴയിലേക്കിറങ്ങി ആത്മഹത്യ ചെയ്തതായിരുന്നു. അന്നുമുതൽ നിരപരാധിയായ കുളിയനെ ഞാൻ വീണ്ടും സ്നേഹിച്ച് തുടങ്ങി.
അമ്മയില്ലാത്ത എന്നെ വളർത്തിയത് അമ്മമ്മയാണ്. പിന്നെ കുഞ്ഞച്ചമ്മയുടെ സഹോദരി ചോനാടത്തിൽ മാണിക്കവും. വിശാല ഹൃദയരായ ഈ സ്ത്രീകളിൽനിന്ന‌് എനിക്ക് സ്നേഹം ധാരാളം കിട്ടി. ഒരു വയസ്സുപോലും തികയാത്ത എനിക്ക്‌ മുലപ്പാലിന്റെ വെളുപ്പും മധുരവുമായിരുന്നു സ്നേഹം. വെറും ഏഴുദിവസംമാത്രം കിട്ടിയ രുചി എന്റെ ചുണ്ടിൽ തേൻതുള്ളിയായി വീണപ്പോഴൊക്കെ ഞാൻ ഉറക്കെ കരഞ്ഞു, കാണാത്ത അമ്മയെ ഓർത്ത്‌.
ചൂളിയാർ ഭഗവതി പ്രാർഥനകേട്ടു. അങ്ങനെ ഭഗവതി എനിക്ക് മുലപ്പാൽ തരാൻ ഒരാളെ ഏർപ്പാടാക്കി. മീൻകൊണ്ടുവരുന്ന മുക്കോത്തി കുഞ്ഞമ്മ. മീൻവട്ടി താഴെവച്ച് അവർ എന്റെ മുന്നിലിരുന്നു. കടലിന്റെ പതപോലെ മുലപ്പാൽ എന്റെ ചുണ്ടിലൂടെ ഒഴുകി. 
ഞാൻ കുഞ്ഞമ്മയെ നോക്കി ചിരിച്ചു.
കുഞ്ഞിക്ക് എത്രവേണമെങ്കിലും കുടിച്ചോ...
ഞാൻ  ചിരിച്ചുകൊണ്ട് വീണ്ടും കുടിച്ചു. അന്നേരം എന്റെ സ്വപ്നങ്ങളിലൂടെ മീനുകൾ അങ്ങോട്ടുംമിങ്ങോട്ടും പാഞ്ഞു. പിന്നീട് ആറു വയസ്സുവരെ പലരും എനിക്ക് അമ്മിഞ്ഞ തന്നു. കൊഴുമ്മൽ ചിരുതമ്മ. കൊല്ലത്ത് കുഞ്ഞാതി, വണ്ണാത്തി കാരിച്ചി, മലയി കുഞ്ഞുമ്പ, അടുത്ത വീട്ടിലെ മുസ്ലിം സ്ത്രീയായിരുന്ന നെയ്ത്യാറുമ്മ. എല്ലാ അമ്മമാരുടെയും മുലപ്പാലിന് ഒരേ രുചിയായിരുന്നു. മനുഷ്യത്വത്തിന്റെ മധുരം. ആ മധുരമായിരിക്കണം  മുതിർന്നപ്പോൾ ജാതിക്കും  മതത്തിനും അതീതമായ ചിന്തകൾ എന്നിൽ ഉറപ്പിച്ചത്‌.
ചാത്തമത്തെ ഓടിട്ട വായനശാലയിൽ  കാലിളകിയ ബെഞ്ചിലിരുന്ന് മുതിർന്നവർ രാഷ്ട്രീയം പറയുകയും പത്രം ഓരോരുത്തരും ഉറക്കെ വായിച്ച് മടങ്ങുകയും ചെയ്യുമ്പോൾ ഞായറാഴ്ചകളിൽ കുട്ടിയായ ഞാനും ഒരു വായനക്കാരനായി അവിടെ എത്തി മടങ്ങാറുണ്ട്. നിശബ്ദമായിരുന്നു എന്റെ വായന. ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ബാലരംഗമായിരുന്നു  വായനശാലാ പ്രവേശനത്തിന് കാരണം. ബാലരംഗത്തിലെ കഥകളും കവിതകളും ലേഖനങ്ങളും  സ്ഥിരമായി വായിച്ചു. വായിച്ചു തുടങ്ങിയപ്പോൾ ഒരു കഥ ഞാനും എഴുതി. ആ കഥ പേപ്പറിൽ കെട്ടുപിണഞ്ഞ വലിയ ചക്ക അക്ഷരത്തിൽ എഴുതി നാലായി മടക്കി ലെക്കോട്ടിൽ ഇട്ട് കഞ്ഞിപ്പശകൊണ്ട് ഒട്ടിച്ച് കുറെ ദൂരം നടന്ന് ചുവന്ന പെട്ടിയിൽ  ഇടുമ്പോൾ ഒരു വലിയ എഴുത്തുകാരന്റെ ഭാവം. കഥ ബാലരംഗത്തിൽ വന്നു, വലിയ തിരുത്തലുകളോടെ. കാർഡിൽ ഒരു കത്തും വീട്ടിലെത്തി. എഴുതിയ കാര്യങ്ങൾ ഒരുപാട് തവണ വായിക്കുക എന്ന ഉപദേശമുള്ള  കത്ത്. അതോടെ നന്നായി വായിക്കണമെന്ന ചിന്ത എന്നിലുണ്ടായി.  എഴുത്തിലേക്ക് എളുപ്പവഴിയില്ലെന്നും മനസ്സിലായി.
സ്കൂളിൽ ചെറിയ ക്ലാസിൽ പഠിക്കാനുണ്ടായ ടോൾസ്റ്റോയിയുടെ 'ഇവാന്റെ കഥ', മുട്ടത്ത് വർക്കിയുടെ 'ഒരു കുടയും കുഞ്ഞുപെങ്ങളും',  ബഷീറിന്റെ ‘പാത്തുമ്മായുടെ ആട്', എം ടിയുടെ 'പള്ളിവാളും കാൽ ചിലമ്പും' ഒക്കെയായിരുന്നു   ആദ്യം വായിച്ചത്‌.
1969ൽ ദേശാഭിമാനിവാരികയിലെ ബാലരംഗത്തിൽ 'ചടങ്ങുകൾ ചട്ടങ്ങൾ' എന്ന എന്റെ  കഥ അച്ചടിച്ചുവന്നതോടുകൂടിയാണ് ഞാൻ സി അമ്പുരാജ് ആയത്. സി  അമ്പു എന്നാണ്  യഥാർഥ പേര്. കഥയോടൊപ്പം വന്ന പേരിൽ രാജ് എന്ന് അധികം ചേർത്തിരിക്കുന്നു. കാർഡിൽ ഞാൻ ഉണ്ണിയേട്ടന് കത്തെഴുതി. പേരിൽ വന്ന പിശക് തിരുത്തണമെന്ന‌ു പറഞ്ഞ്. തന്റെ പേര് ഇനിമുതൽ അമ്പുരാജ് എന്നാണെന്നും ആ പേരിൽ ഇനിമുതൽ എഴുതുക എന്ന മറുപടിയും വന്നു. അങ്ങനെ ഞാൻ അമ്പുരാജായി. ദേശാഭിമാനി പത്രാധിപരായിരുന്ന എം എൻ കുറുപ്പ് പരിഷ്കരിച്ചുതന്ന പേരിലാണ് ഇന്ന് ഞാൻ നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത്. ഏറെ കഥകൾ എഴുതി. ഓർമയിൽനിന്ന് പകർത്തിയ 'സങ്കടക്കൂർ' എന്ന കഥയോടാണ്‌ ഏറെയിഷ്ടം.
പതിനാറാം വയസ്സിൽ എന്റെ കഥ 'ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മരണം' ദേശാഭിമാനി വാരികയിൽ അച്ചടിച്ച് വന്നു.  ചായപ്പീടികയിലും ആളുകൂടുന്ന സ്ഥലത്തും കഥയുമായി ഞാൻ ഓടിനടന്ന് അത് നാട്ടുകാരെ കാണിച്ചു.  എന്നെ വേട്ടയാടിയ അനുഭവങ്ങളും നിഷേധവും ഒക്കെ കഥകളിലെ മർമരങ്ങളായി. കള്ള് വിൽപ്പനക്കാരനും വണ്ടിക്ലീനറും കണ്ടക്ടറും ഒടുവിൽ ബേക്കറിക്കച്ചടക്കാരനായും തരാതരം കുപ്പായം മാറ്റിയിടുന്നതിനിടയിൽ സാഹിത്യം ദൂരെ മാറിനിൽക്കുന്ന കൂട്ടുകാരിയായി. ഇടവേളകളിൽ അവളെ കണ്ടെത്തിയപ്പോൾ പലതും എഴുതിക്കൂട്ടി. കഥകൾ, നാടകം, ഫീച്ചർ, ലേഖനം.
 ഗ്രാമക്ഷേത്രത്തിലെ കർമംചെയ്യാൻ വാല്യക്കാർക്കുള്ള ഊഴം വന്നാൽ അത്‌ പാലിക്കണം. അതിന്‌ കൂട്ടാക്കാതിരുന്നപ്പോൾ എന്നെ ഊരുവിലക്കി. പ്രതിബന്ധങ്ങളെ നേരിടാനുറച്ച്‌ ഞാനും. ഭ്രഷ്ട‌് കൂസാതെനിന്ന എന്റെയും കുടുംബത്തിന്റെയും അവസ്ഥയിൽനിന്നുകൊണ്ട്‌ ഒരു രാത്രി വെളിപാടുപോലെ എഴുതിത്തീർത്ത കഥയാണ് 'വെളിപാടിന്റെ വഴികൾ'.  എനിക്കിഷ്ടമുള്ള കഥ.
പ്രധാന വാർത്തകൾ
 Top