13 July Monday

ഫുള്‍ ജാര്‍ സോഡയ‌്ക്കുശേഷം അഭിമാനപുരസ്സരം അവതരിപ്പിക്കുന്നു:

കൃഷ‌്ണ പൂജപ്പുര krishnapoojappura@gmail.comUpdated: Sunday Jun 9, 2019

ഫുൾ ജോർ സാഡ... ശ്ശൊ തെറ്റി... ഫുൾ സോർ ജാഡ... അല്ല ഫുൾ  സാർ ജോഡ... ശ്ശെ... ഒന്നു നിൽക്കണേ സാറേ... ഒന്ന് ക്രമപ്പെടുത്തിക്കോട്ടെ... ഫുൾ... ജാ... ർ... സോഡ... യെസ്. അതുതന്നെ. ഫുൾ ജാർ സോഡ. ഫുജാസോ... ഫുള്ളെന്നും ജാറെന്നും സോഡയെന്നും വെവ്വേറെ കേട്ടിട്ടുണ്ടെന്നുള്ളതല്ലാതെ ഇത് മൂന്നുംകൂടി ചേർന്നാൽ ഇമ്മാതിരിയൊരു സുനാമി ഉണ്ടാക്കാൻ പറ്റുമെന്ന് കരുതിയിരുന്നില്ല.

ഒരു ദിവസം രാവിലെ ഫെയ്സ്ബുക്കിലാണ് ഫുജാസോയുടെ വരവറിയിച്ച് ആദ്യകുറിപ്പ് കണ്ടത്. ‘ഫുൾ ജാർ സോഡ എത്തി.' ബ്ലൂവെയിൽ ഗെയിം  പോലെ എന്തോ പ്രതിഭാസമെന്നാണ് ആദ്യം കരുതിയത്. (അതും ഇങ്ങനാണല്ലോ. വിത്ത് വീഴുന്നതിനുമുമ്പ് പൊടിച്ച് വളർന്നു)  ഉച്ചയായപ്പോൾ ഫെയ്സ് ബുക്ക് പോസ്റ്റുകളിൽനിന്ന് ഇത് കുടിക്കാനുള്ള ഒരു സാധനമെന്ന് പിടിത്തംകിട്ടി. ലോകത്ത് ഓക‌്സിജൻ തീരാൻ പോകുന്നുവെന്നും ഇനി രണ്ടര കിലോ ഓക‌്സിജൻമാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും അറിഞ്ഞാൽ ടി ഓക‌്സിജൻ ശ്വസിക്കാനുള്ള പരവേശവും പ്രാണവെപ്രാളവും എന്തുമാത്രമാണോ അതിലും മേലേ നിൽക്കുന്ന കൂട്ടയോട്ടവും വെപ്രാളവും വേവലാതിയുമായിരുന്നു ‘ഫുജാസോ'യുടെ പേരിൽ ഫെയ്സ്ബുക്കിൽ കണ്ടത്. ‘കാസർകോട്ട‌് രണ്ടിടത്തെത്തി.' ‘കോഴിക്കോട് മാനാഞ്ചിറയ‌്ക്കടുത്ത് ഫുൾ ജാർ സോഡ കിട്ടും.' ‘തൃശൂര് മൂന്നിടത്ത് കണ്ടു.' ‘തിരുവനന്തപുരത്ത് എവിടെ കിട്ടും?' ‘കട്ടപ്പനയിൽ ഒറിജിനൽ ഫുൾ ജാർ സോഡ ഉണ്ട്.' ‘കുലുക്കി സർബത്ത് തീർന്നു, ഫുൾ ജാർ സോഡ കൊന്നു...' തുടങ്ങി ഫുൾ ജാർ സോഡയുടെ വരവ് പ്രമാണിച്ച് സ‌്കൂൾ തുറക്കുന്നത് നീട്ടിയേക്കും എന്ന് സംശയിക്കത്തക്ക രീതിയിൽവരെ എത്തി കാര്യങ്ങൾ.
 
അതോടെ എനിക്കും ആകെ ഹരമായി സാർ. പാനീയലോകത്തെ നവാതിഥിയെ സമഗ്രമായി നിരീക്ഷിക്കാൻ ഞാനും ഉറച്ചു. മെയ‌്ക്കിങ് വീഡിയോകളും ലൈവ് കുടിക്കലും   പഠനവിധേയമാക്കി. (ഉപ്പിട്ട നാരങ്ങാവെള്ളത്തിൽമാത്രം ശീതളപാനീയ വാസനകളെ ഒതുക്കിനിർത്തിയിരുന്ന ഞാൻപോലും ‘ഫുജാസോ' അന്വേഷിച്ചിറങ്ങാൻവേണ്ടി ഷർട്ട് മാറ്റാൻ ആലോചിച്ചു എന്നുപറയുമ്പോൾ അത് ഉയർത്തിയ ആവേശവും ആകാംക്ഷയും എന്തുമാത്രം ഉണ്ടെന്നു പറയേണ്ടല്ലോ).
 

നിർമാണപ്രക്രിയ

 
രസതന്ത്രപഠനത്തിന‌് സ‌്കൂൾ ലാബിൽ നിൽക്കുന്ന പ്രതീതിയാണ്  ‘ഫുൾ ജാർ സോഡ' വീഡിയോകൾ കണ്ടപ്പോൾ എനിക്കുണ്ടായത്. ഫുൾ ജാർ സോഡ തയ്യാറാക്കാൻ ഒരു വലിയ ഗ്ലാസും ചെറിയ ഗ്ലാസുമാണത്രേ ആദ്യം സംഘടിപ്പിക്കേണ്ടത്. ചെറിയ ഗ്ലാസിൽ പച്ചമുളക്, ഇഞ്ചി, കുരുമുളക്, പുതിന തുടങ്ങി കേരളത്തിന്റെ സുഗന്ധവിളകളുടെ പരിഛേദം. അതിനൊക്കെ ചേരുവകൾ ഉണ്ട്. കൂടാതെ ഉപ്പും പഞ്ചസാരലായനിയും ചേർക്കണമത്രേ. ഇനിയാണ് നിർണായക നിമിഷങ്ങൾ. പാലാഴി കടഞ്ഞ് അമൃത് വരാറാകുന്ന ഘട്ടത്തിൽ അമൃത് എന്താണെന്നറിയാനും കരസ്ഥമാക്കാനുമായി ദേവാസുരന്മാർ നിന്ന നിൽപ്പാണ്, ഈ ഘട്ടത്തിലെ ‘ഫുജാസോ' ഫാൻസിന്റെ നിൽപ്പ് കണ്ടപ്പോൾ തോന്നിയത്. അതാ ഒന്നാംചേരുവയായ സോഡ വലിയ ഗ്ലാസിൽ പകരുന്നു. അതാ ചെറിയ ഗ്ലാസിലെ സംയുക്തം കൈയിലെടുക്കുന്നു. കുടിക്കേണ്ടയാൾ ഗ്ലാസും പിടിച്ച് നെഞ്ചിടിപ്പോടെ നിൽക്കുകയാണ്. കണ്ണും മനസ്സും ഏകാഗ്രമാക്കി ഗ്ലാസിലർപ്പിച്ചുനിൽക്കണം. മറ്റ് വിഷയങ്ങളൊന്നും നമ്മുടെ ചിന്തയെ ബാധിക്കാരുത്‌. അവസാന ബോളിൽ ജയിക്കാൻ നാല് റൺസ് വേണമെന്നുള്ളപ്പോൾ ബാറ്റ്സ്‌മാന്റെ ഒരു ഏകാഗ്രതയില്ലേ? മിനിമം ആ ഏകാഗ്രതതന്നെവേണം. അതാ വലിയ ഗ്ലാസിലെ സോഡയിലേക്ക് ചെറിയ ഗ്ലാസ് നിമജ്ജനം ചെയ്യപ്പെടുന്നു. (പൂവിനുള്ളിൽ പൂവ് എന്ന് കാളിദാസന്റെ ഉപമ ഇത് മുൻകൂട്ടി കണ്ടിട്ടാണ്). അതാണ് നിമിഷം. ചെറിയ ഗ്ലാസ് വലിയ ഗ്ലാസിലെ സോഡയിലേക്ക് ചെല്ലുമ്പോൾ അവിടെ ആർക്കമിഡീസ് തത്വം വർക്കുചെയ്യുന്നു. വലിയ ഗ്ലാസിലെ സോഡ പതഞ്ഞ് പുറത്തേക്ക് തുളുമ്പുന്നു.
 
അതാണ് മുഹൂർത്തം. നിങ്ങളുടെ ഏകാഗ്രതയും സൂക്ഷ്‌മതയും ചടുലതയും പരീക്ഷിക്കപ്പെടുന്ന മുഹൂർത്തം. ആ തുളുമ്പിവീഴുന്ന സോഡ കുടിക്കുന്നതിലാണ് നിങ്ങളുടെ ഫുജാസോത്തം അളക്കപ്പെടുന്നത്. അതാ കുടിക്കുന്നു. കുടിച്ചതിൽ പാതി കുടിക്കാതെ പോയി എന്നുപറയുംപോലെ പകുതിയും കുടിക്കുന്നയാളിന്റെ ഷർട്ടാണ് കുടിക്കുന്നത്. ഇതിന്റെ കൃത്യമായ രുചി ഇന്നുവരെ നർവചിക്കപ്പെട്ടിട്ടില്ല. ഒന്നാമത് ഗുസ്‌തിപിടിക്കാൻ നിൽക്കുന്ന ആളിന്റെ മാനസികനിലയിലാണ് കുടിക്കാൻ നിൽക്കുന്ന ആൾ എന്നതിനാൽ രുചിക്കല്ല വിജയത്തിനാണ് –- കുടിക്കാൻ സാധിക്കുക എന്ന വിജയത്തിനാണ് –- പ്രഥമ പരിഗണന. സൂപ്പർ എന്നൊക്കെ കൈമുദ്രകാണിക്കുന്നവരുടെ മുഖഭാവം പക്ഷേ, എന്തുതരത്തിലുള്ള സൂപ്പർ ആണെന്നതിൽ വ്യക്തത തരുന്നില്ല. കുടിക്കുന്നവർക്ക് ആവേശമാണെങ്കിലും പഞ്ചസാരയും ഉപ്പും ഇഞ്ചിയും മുളകും തുടങ്ങിയ കൂട്ടിച്ചേർക്കലുകളിൽ ആമാശയത്തിന്റെയും വൻകുടലിന്റെയും ചെറുകുടലിന്റെയുമൊക്കെ അഭിപ്രായവും വ്യക്തമായി അറിയാൻ സാധിച്ചിട്ടില്ല. ഫുജാസോയുടെ വ്യത്യസ്‌തഭാവങ്ങൾ വളരെമുമ്പുതന്നെ പാനീയമേഖലയിൽ സജീവമാണെന്നും ഇതിപ്പോൾ ഇങ്ങനെയൊരു പേരിട്ട് ആരോ വെറുതെ ഒരു ട്രെൻഡ് ഉണ്ടാക്കിയതാണെന്നും പാരമ്പര്യവാദികളുടെ കുറിപ്പുകളും വന്നുതുടങ്ങി.
 

ഞാനും ഇറങ്ങുന്നു

 
ഈ ആവേശമൊക്കെക്കണ്ട്, ഞങ്ങളുടെ പ്രാദേശികഭാഷയിൽ പറഞ്ഞാൽ, എനിക്കും ഇരിക്കപ്പൊറുതിയില്ലാതായിരിക്കുന്നു സാർ. ഫുൾ ജാർ സോഡക്കടകളിലെ ജനപ്രവാഹം എന്നിലും ചില ബിസിനസ‌് ചിന്തകൾ ഉയർത്തിവിട്ടിരിക്കുകയാണ്. വലിയ ഇൻവെസ്റ്റ്മെന്റ് ഒന്നും വേണ്ട. മൊബൈൽ ഫോണും ഡാറ്റയും മതി പ്രധാന മൂലധനം. ബാക്കി പ്രൊമോഷൻ ഫെയ്സ്ബുക്ക് നോക്കിക്കൊള്ളും. 
 
ഉച്ചയൂണിൽ സ‌്ഫോടനാത്മകമായ ചില മാറ്റം മറിച്ചിലുകൾ വരുത്തി ബിസിനസാക്കിയാൽ എന്താണ്‌?  അതായത്, നമ്മൾ കഴിക്കുന്നവതന്നെ പ്രത്യേക രീതിയിൽ അവതരിപ്പിക്കുന്നു. ചോറിനെ മിക‌്സിയിൽ അടിച്ച് കുഴച്ച് പരുവത്തിലാക്കുന്നു. ഊണുകഴിക്കാൻ വരുന്നയാളിന്റെ കൈയിൽ ഒരു സ്റ്റീൽ ചരുവം കൊടുക്കുന്നു. അതിലേക്ക് ചോറിന്റെ കുഴമ്പ് ഒഴിക്കുന്നു. അതിലേക്ക് സാമ്പാർ, തീയൽ, അവിയൽ, ഇഞ്ചിക്കറി, പായസം, ചിക്കൻ, മീൻവറുത്തത്, മട്ടൺ ഗ്രേവി തുടങ്ങിയവ ഒരു ചെറുപാത്രത്തിൽ ഒന്നിച്ചിട്ടിളക്കിയത് ഇറക്കിവയ്‌ക്കുന്നു. തിളയ്‌ക്കുന്ന ചൂടായിരിക്കും. ആ ചൂടോടെ  കുടിക്കുക (അതോ കഴിക്കുകയോ) എന്നതിലാണ് ത്രില്ല‌്. ‘ഫുൾ ചരുവം മീൽസ്' എന്നാണ് പേരുകൊടുക്കാൻ പോകുന്നത്. 
രാവിലെ ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്യും. കോട്ടയത്തിനും എറണാകുളത്തിനുമിടയ്‌ക്ക്‌ ‘ഫുൾ ചരുവം മീൽസ് എവിടെ കിട്ടും?' മതി. ഒറ്റ പോസ്റ്റുമതി. പിന്നെ നമ്മൾ ക്യാഷ് കൗണ്ടറിന്റെ മുന്നിൽ ഇരുന്നാൽ മതി. മണിക്കൂറുകൾക്കകം ‘ഫുൾ ചരുവം മീൽസി'നെ നാട് ഏറ്റെടുക്കും. ചുട്ടുപൊള്ളുന്ന ‘ഫുചമീ' സെക്കൻഡുകൊണ്ട് അകത്താക്കും എന്നതായിരിക്കും ഹൈലൈറ്റ‌്. ഇതിൽത്തന്നെ വീണ്ടും പരീക്ഷണങ്ങൾ ഉണ്ടാക്കും. ഇപ്പോൾ സ്ഥലപ്പേരുവച്ചുള്ള ആഹാരങ്ങൾക്ക് അന്തംവിട്ട മാർക്കറ്റാണല്ലോ. മുമ്പ് കോഴിക്കോടൻ ഹൽവ, തലശേരി ബിരിയാണി, പാലക്കാടൻ മട്ട, അമ്പലപ്പുഴ പാൽപ്പായസം തുടങ്ങിയവയാണ് പ്രധാനമായി സ്ഥലനാമങ്ങൾ ചേർത്തുവരുന്നവയെങ്കിൽ ഇന്ന് സ്ഥിതി മാറി. ഫുൾ ചരുവം മീൽസിലും സ്ഥലപ്പേരുകൂടിചേർക്കും. കോഴിക്കോട്ട് ‘തിരുവനന്തപുരം ഫുൾ ചരുവം മീൽസ്' ആയിരിക്കും. തിരുവനന്തപുരത്താകട്ടെ ‘കോഴിക്കോടൻ ഫുൾ ചരുവം മീൽസും.' കണ്ണൂരിൽ ഇത് ‘കട്ടപ്പന ഫുൾ ചരുവം മീൽസ്' ആയി മാറും. കൊല്ലത്ത് ‘മലപ്പുറം ഫുൾ ചരുവം മീൽസ്.'
 
അപരിചിതത്വം നമ്മെ  ആകർഷിക്കുമല്ലോ. നമ്മുടെ പ്രദേശത്തിനില്ലാത്ത  മഹത്വം മറ്റ് ദേശത്തിനുണ്ടെന്ന തോന്നലിനെ  ഉഗ്രനായി മാർക്കറ്റ് ചെയ്യും. പബ്ലിസിറ്റിയിൽ മഹാജനം വീണുപോകുന്ന കാലമാണല്ലോ. അപ്പോൾ ശരി പത്രാധിപർ സാർ. നമുക്ക് ഫുൾ ചരുവം മീൽസ് കൗണ്ടറിൽ കാണാം. സാറിന് ഒരു ചെറിയ ഡിസ‌്കൗണ്ട് ഒക്കെ തരുന്നുണ്ട്.
പ്രധാന വാർത്തകൾ
 Top