13 July Monday

വയോമിത്രം ഇനി ഗ്രാമമിത്രം

ജി രാജേഷ‌്കുമാർ grdbie@gmail.comUpdated: Sunday Jun 9, 2019

തിരുവനന്തപുരം വാഴോട്ടുകോണം നഗരസഭ കമ്യൂണിറ്റി ഹാളിലെ വൈദ്യസഹായ ക്യാമ്പിലേക്ക്‌ വരുന്ന വയോജനങ്ങൾ

പ്രതിദിനം 14000 പേരാണ‌് വൈദ്യസഹായ ക്യാമ്പുകളിൽ എത്തുന്നത‌്. പ്രതിമാസം രണ്ടരലക്ഷം പേർക്ക‌് വൈദ്യസഹായം ലഭിക്കുന്നു. മൂന്നു മാസത്തിനിടയിൽ ശരാശരി 3.5 കോടി രൂപയുടെ മരുന്നാണ‌് കേരള മെഡിക്കൽ സപ്ലൈസ‌് കോർപറേഷൻ വഴി ശേഖരിച്ച‌് വയോജനങ്ങൾക്ക‌് വിതരണം ചെയ്യുന്നത‌്. ജീവിത സായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവർക്ക്‌  സമഭാവന യോടെ തുണയേകുന്ന വയോമിത്രം പദ്ധതിയെക്കുറിച്ച‌്

 
തിരുവനന്തപുരം വാഴോട്ടുകോണം വലിയവിളാകത്തു പുത്തൻവീട്ടിൽ രവീന്ദ്രനാശാരി അങ്ങനെ എളുപ്പത്തിൽ തോറ്റുകൊടുക്കുന്നയാളല്ല. ഭാര്യ ഇന്ദിരാഭായിയുടെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നത‌്  ഈ എഴുപത്തിരണ്ടുകാരനെ ഉലച്ചുകളഞ്ഞു. രവീന്ദ്രനാശാരിക്ക‌്  അവശതയും  ചുമയും അസഹനീയമായി തുടരുന്നതിനിടയിലായിരുന്നു ഭാര്യക്കുണ്ടായ ദുരന്തം. മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയ‌്ക്കുശേഷം ഇന്ദിരയ‌്ക്ക‌് എഴുന്നേറ്റുനിൽക്കാമെന്നായി. തുടർചികിത്സാ ചെലവ‌് പ്രശ‌്നമായി. ക്ഷേമപെൻഷൻമാത്രം വരുമാനം. അകലെ ചെന്നുള്ള ചികിത്സ ദുഷ്‌കരമായപ്പോൾ വയോമിത്രം ഈ ദമ്പതികൾക്ക‌് കൈത്താങ്ങാകുന്നത‌്. തൊട്ടടുത്തുള്ള കോർപറേഷൻ കമ്യൂണിറ്റി ഹാളിൽ രണ്ടാഴ‌്ചയിൽ ഒരിക്കലെത്തുന്ന സഞ്ചരിക്കുന്ന ക്ലിനിക്കാണ‌് ഇന്ന‌് ഇവർക്കാശ്രയം.   
 
വാഴോട്ടുകോണം മഞ്ചംപാറ മയ്യൂർ ലെയ‌്നിൽ കിച്ചുഭവനിൽ ഉണ്ണി 88‐ാം വയസ്സിലും പൂർണ ആരോഗ്യവാനായി ജീവിക്കുന്നതിന‌് നന്ദി പറയുന്നത‌് വയോമിത്രത്തിനാണ‌്. നെഞ്ചുവേദനയും ശ്വാസംമുട്ടലും കഫശല്യവുംകാരണം കൂലിപ്പണിക്ക്‌ പോകാൻ കഴിയാതെയായി. എഴുപത്തെട്ടു വയസ്സുള്ള ഭാര്യ ഇന്ദിരയ‌്ക്ക‌് കടുത്ത മുട്ടുവേദനയും. എട്ടു കിലോമിറ്റർ അകലെ സർക്കാർ ആശുപത്രിയെ ആശ്രയിച്ചിരുന്ന ഉണ്ണിക്കും ഇന്ദിരയ‌്ക്കും ഇന്ന‌് മൊബൈൽ ക്ലിനിക്കിന്റെ സൗജന്യ സഹായമുണ്ട‌്.
 
പതിറ്റാണ്ടുകളുടെ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്നവ രവീന്ദ്രനാശാരിയെയും ഉണ്ണിയെയും ഇന്ദിരയെയും പോലെ എത്രയോ പേർ. സ്വന്തം കുടുംബത്തിൽ അഭിപ്രായം പറയാൻപോലും സ്വാതന്ത്ര്യമില്ലാത്തവർ.   ഇവരെ  മുഖ്യധാരയുടെ ഭാഗമാക്കാനുള്ള കേരള സാമൂഹ്യസുരക്ഷാ മിഷന്റെ തീവ്രശ്രമത്തിന്റെ ആണിക്കല്ലാണ‌് വയോമിത്രം പദ്ധതി. സാന്ത്വന പരിചരണം, കൗൺസലിങ‌്, മാനസികോല്ലാസത്തിനായി  കലാപരിപാടികൾ, വിനോദയാത്ര എന്നിവയെല്ലാം പദ്ധതിയിലുണ്ട്‌.  നഗരകേന്ദ്രിതമായിരുന്നു ഈ പദ്ധതി.  തൊഴിൽ സൗകര്യത്തിനായി നഗരകേന്ദ്രങ്ങളിലെത്തിയ പുതുതലമുറയുടെ അണുകുടുംബ സങ്കൽപ്പത്തിൽ മാതാപിതാക്കൾക്ക‌് സ്ഥാനമില്ലാത്തത്‌  ഗ്രാമങ്ങളിലെ വൃദ്ധജനസംഖ്യ ഉയർത്തുകയാണെന്ന തിരിച്ചറിവോടെ വയോമിത്രം പദ്ധതി ഗ്രാമങ്ങളിലേക്ക‌് കുടിയേറുകയാണ‌്.
 
വിഷാദം, ഉന്മാദം, ഓർമ നശിക്കൽ, ആകാംക്ഷ തുടങ്ങി മാനസികാരോഗ്യ പ്രശ‌്നങ്ങൾ, രക്തസമ്മർദം, പ്രമേഹം, ഹൃദ‌്‌രോഗം, അർബുദം, അന്ധത, ബധിരത, സാംക്രമികരോഗങ്ങൾ തുടങ്ങിയവ വൃദ്ധരെ വല്ലാതെ അലട്ടുന്നു. താങ്ങാനാകാത്ത ചികിത്സച്ചെലവ് രോഗാതുരത വർധിപ്പിക്കുന്നു. ഇവിടെയാണ‌് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം എന്നീ രംഗങ്ങളിൽ സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്നത‌്.   
 
2010ലാണ‌് വയോമിത്രം പദ്ധതിക്ക‌് തുടക്കമിട്ടത‌്. തിരുവനന്തപുരം, കൊല്ലം നഗരങ്ങ‌ളിലായിരുന്നു പരീക്ഷണം. ആറു വർഷത്തിൽ 14 ജില്ലയിലേക്കും പദ്ധതി വ്യാപിച്ചെങ്കിലും 38 യൂണിറ്റിലായി പ്രതിദിനം 2400 പേർക്കുമാത്രമാണ‌് പ്രയോജനം ലഭ്യമായത‌്. കഴിഞ്ഞ മൂന്നുവർഷത്തിൽ വൻ പുരോഗതി.  എല്ലാ പട്ടണങ്ങളിലേക്കും പദ്ധതി വ്യാപിക്കുമെന്ന‌് ആരോഗ്യ–-സാമൂഹ്യനീതിമന്ത്രി കെ കെ ശൈലജ 2016 ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു. മൂന്നു വർഷത്തിനിടയിൽ 93 പട്ടണത്തിലേക്കും പദ്ധതി കടന്നുചെന്നു. പ്രതിദിനം 14,000 പേരാണ‌് വൈദ്യസഹായ ക്യാമ്പുകളിൽ എത്തുന്നത‌്. പ്രതിമാസം രണ്ടരലക്ഷം പേർക്ക‌് വൈദ്യസഹായം ലഭിക്കുന്നു. മൂന്നു മാസത്തിനിടയിൽ ശരാശരി 3.5 കോടി രൂപയുടെ മരുന്നാണ‌് കേരള മെഡിക്കൽ സപ്ലൈസ‌് കോർപറേഷൻവഴി ശേഖരിച്ച‌് വയോജനങ്ങൾക്ക‌് വിതരണം ചെയ്യുന്നത‌്. 
 

സുപ്രീംകോടതി പറഞ്ഞത്‌

 
2007ൽ പാർലമന്റ്‌ പാസാക്കിയ വയോജന ക്ഷേമ നിയമം (മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട്) കാര്യക്ഷമമായി നടപ്പാക്കുന്നതിന‌് സാമ്പത്തികസ്ഥിതി തടസ്സമാകരുത‌്. ഇക്കാര്യം കേന്ദ്ര –സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണം. 
 
‘അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള വയോജനങ്ങളുടെ ഭരണഘടനാപരമായ അവകാശം പാലിക്കപ്പെടണം. ഇതിനായി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒന്നിച്ചു പ്രവർത്തിക്കണം. താമസം, ആരോഗ്യ സംരക്ഷണം, മരുന്നുകൾ എന്നിവ കൃത്യമായി ലഭ്യമാക്കണം. പ്രവർത്തനങ്ങൾ സമയാസമയം വിലയിരുത്തണം’– -സുപ്രീംകോടതിയുടെ ഈ നിർദേശങ്ങളെ അക്ഷരംപ്രതി നടപ്പാക്കുകയാണ‌് കേരളം. എല്ലാവർക്കും താമസ സൗകര്യം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തനം നടത്തുന്നു. സാമൂഹ്യസുരക്ഷാ പെൻഷൻവഴി 55 ലക്ഷം വയോജനങ്ങൾക്ക‌് പ്രതിമാസം 1200 രൂപയുടെ വരുമാനമെങ്കിലും ഉറപ്പാക്കുന്നു. ഇതിനുപുറമെയാണ‌്   ചികിത്സ വയോജനങ്ങളിലെത്തുന്നത‌്.   
 
 ഡോക്ടർ, സ്റ്റാഫ‌് നേഴ‌്സ‌്, ജൂനിയർ പബ്ലിക‌് ഹെൽത്ത‌് ഇൻസ‌്പെക്ടർ, കോ–-ഓർഡിനേറ്റർ, മരുന്ന‌് എന്നിവ അടങ്ങിയതാണ‌് ഒരു വയോമിത്രം ക്ലിനിക്കൽ യൂണിറ്റ‌്. രണ്ടാഴ‌്ചയിൽ ഒരിക്കലെങ്കിലും യൂണിറ്റ‌് നഗരസഭയിലെ എല്ലാ വാർഡുകളിലും എത്തും. ഒരു ദിവസം കുറഞ്ഞത‌് രണ്ടു കേന്ദ്രത്തിൽ. 108 തരം ജറിയാട്രിക‌് മരുന്നുകൾ വിതരണംചെയ്യുന്നു. എല്ലാ വാർഡിലും 65 വയസ്സിനുമുകളിലുള്ളവരുടെ ആരോഗ്യപരിരക്ഷാ ക്ലിനിക്കുകൾ ഉറപ്പാക്കുന്നു. ആറു കോർപറേഷനിലും ആലപ്പുഴ, കൊല്ലം മുനിസിപ്പാലിറ്റികളിലും രണ്ടുവീതം ക്ലിനിക്ക‌് പ്രവർത്തിക്കുന്നു.

 

നാട്ടിടങ്ങളിൽ

 
കോഴിക്കോട‌് റൂറൽ ബ്ലോക്കിൽ തുടക്കമിട്ട പദ്ധതിയാണ‌് സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലേക്കും വ്യാപിപ്പിക്കുന്നത‌്. 152 ബ്ലോക്കിലായി മൂന്നുവീതം യൂണിറ്റായിരിക്കും പ്രവർത്തന സജ്ജമാകുക.  പഞ്ചായത്ത‌് വാർഡുകളിൽ പ്രതിമാസം കുറഞ്ഞത‌് 20 തവണയെങ്കിലും ക്ലിനിക്കിന്റെ സേവനം ലഭ്യമാകും. വർഷം 10 ലക്ഷം പേർക്ക‌് ആരോഗ്യപരിപാലനം ഉറപ്പാക്കുകയാണ‌് ആദ്യഘട്ടത്തിലെ ലക്ഷ്യം. ബ്ലോക്ക‌് പഞ്ചായത്തുകൾ ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. 

 

മാറുന്ന മനോഭാവം

 
ജീവിതസായാഹ്നത്തിൽ എത്തിനിൽക്കുന്നവരെ നമുക്ക് സമഭാവനയോടെ കാണാനാകണം. ആദരിക്കാൻ കഴിയണം‌. ഇക്കാര്യത്തിൽ കേരളം വളരെയേറെ മുന്നേറുന്നതായി വയോമിത്രം സ‌്റ്റേറ്റ‌് പ്രോഗ്രാം കോ–-ഓർഡിനേറ്റർ എസ‌് ഷാജി സാക്ഷ്യപ്പെടുത്തുന്നു. 2016 ഒക്ടോബർ ഒന്ന‌് സംസ്ഥാനചരിത്രത്തിലെ അവിസ‌്മരണീയ ദിനമായി. തിരുവനന്തപുരംമുതൽ കാസർകോടുവരെ ജില്ലാ ആസ്ഥാനങ്ങളിൽ 21,000 വയോജനങ്ങൾ ഒന്നിച്ചണിനിരന്നു. എൺപതുകാരനും അറുപതുകാരിയുമൊക്കെ ചേർന്നവതരിപ്പിച്ച കലാരൂപങ്ങൾ മക്കൾക്കും ചെറുമക്കൾക്കുമൊക്കെ ഹരവും ആവേശവുമായി. വയോജന ക്ലിനിക്കുകളിൽ എത്തുന്ന രോഗികളെയും അല്ലാത്തവരെയും ഒന്നുചേർത്ത‌് രൂപീകരിച്ച ഓൾഡ‌് ഏജ‌് ക്ലബ്ബുകളിലെ അംഗങ്ങളായിരുന്നു ഇവർ. 2017ൽ ഇത‌് വയോജന ഓണാഘോഷ മഹോത്സവവും ഓണവിരുന്നുമായപ്പോൾ പങ്കാളിത്തം 81,000 കവിഞ്ഞു. വയോജന പ്രതിഭകളുടെ കലാമേളകൾ നാടാകെ ഏറ്റെടുത്തു. ഇതിലൂടെ വയോജനക്ഷേമമെന്ന സന്ദേശം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും എത്തിക്കാനായി. 
 
ത്രിതല പഞ്ചായത്തുകളുടെ വികസനഫണ്ടിന്റെ അഞ്ചുശതമാനം തുകയെങ്കിലും വയോജനങ്ങൾക്ക്‌ നീക്കിവയ‌്ക്കണമെന്ന‌് വയോജന നയം നിർദേശിക്കുന്നു. പാലിയേറ്റീവ് കെയർ രോഗികൾ, മനോദൗർബല്യമുള്ളവർ, ഭിന്നശേഷിയുള്ളവർ, കുട്ടികൾ, വയോജനങ്ങൾ എന്നിവരുൾപ്പെടുന്ന വിഭാഗങ്ങളെയാകെ അഞ്ചുശതമാനത്തിൽ ഉൾപ്പെടുത്തുക എന്നതാണ‌് നിലനിൽക്കുന്ന രീതി. ഇതിനും മാറ്റംവരുന്നുവെന്ന‌് ഷാജി പറയുന്നു. 2017–18ൽ 322 പഞ്ചായത്തിൽ 68 കോടിയിൽപ്പരം രൂപ വയോജനക്ഷേമ പദ്ധതികൾക്കുമാത്രമായി വകയിരുത്തി. 2018–-19ൽ തുക 90 കോടിയായി. പഞ്ചായത്തുകൾ 422. ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യഅജൻഡകളിൽ വയോജനക്ഷേമവും വരുന്നു.
പ്രധാന വാർത്തകൾ
 Top