29 May Friday

നവനാസ‌്‌തികതയുടെ അശ്വാരൂഢര്‍

ഡോ. ബി ഇക‌്ബാൽ ekbalb@gmail.comUpdated: Sunday Jun 9, 2019

ഇനിയും ഉത്തരം കണ്ടെത്തേണ്ട നിരവധി ഭൗതിക പ്രതിഭാസങ്ങളു ണ്ടെന്ന് സമ്മതിക്കുന്നു എന്നതാണ് ശാസ‌്ത്രത്തിന്റെ പ്രത്യേകത. എന്നാല്‍ എല്ലാത്തിന്റെയും അന്തിമസത്യം കണ്ടെത്തിയെന്ന് അടിസ്ഥാനരഹിതമായ മതവിശ്വാസികള്‍ അവകാശപ്പെടുന്നു.  അയല്‍പക്കക്കാരെ അറിയിക്കുക എന്ന ലേഖനത്തില്‍ ഡാനിയല്‍ ഡെന്നറ്റ് മതവിശ്വാസികളോട് കൂടുതല്‍ ഉദാരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്

പത്രപ്രവർത്തകൻ ഗാരി വോൾഫ‌് 2006ൽ എഴുതിയ ലേഖനത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ  കടുത്ത നാസ‌്‌തികരെ നവനാസ‌്‌തികർ എന്ന്  വിശേഷിപ്പിച്ചു. റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ്,  ഡാനിയൽ ഡെന്നെറ്റ്, ക്രിസ്‌റ്റഫ ർ ഹിച്ചൻസ് എന്നീ പ്രശസ‌്‌ത യുക്തിചിന്തകരെയാണ് പൊതുവിൽ നവനിരീശ്വരർ എന്ന് വിളിക്കാറുള്ളത്. ബൈബിളിലെ വെളിപാട് പുസ‌്‌തകത്തിലെ പ്രയോഗത്തെ അടിസ്ഥാനമാക്കി ഇവരെ  ഫലിത രൂപേണ നാല് അശ്വാരൂഢർ   (Four Horsemen) എന്നും വിളിക്കാറുണ്ട്. മുൻകാല നാസ‌്‌തികരിൽനിന്ന‌് നവനാസ‌്‌തികരെ വ്യത്യസ‌്‌തരാക്കുന്നത് നിരീശ്വരത്വം പ്രചരിപ്പിക്കുന്നതിൽ അവർ പ്രകടിപ്പിക്കാറുള്ള സുവിശേഷ പ്രചാരണതുല്യമായ പ്രതിബദ്ധതയും  അർപ്പണമനോഭാവവുമാണ്. അന്ധവിശ്വാസവും  യുക്തിഹീനതയും ഒരു വിട്ടുവീഴ്‌ചയുംകൂടാതെ നേരിടുകയും തുറന്നുകാട്ടുകയും എതിർക്കുകയും  ചെയ്യേണ്ട ചിന്താഗതികളാണെന്ന് നവനാസ‌്‌തികർ കരുതുന്നു.  

2001 സെപ്തംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെതുടർന്ന് 2004ൽ  സാം ഹാരിസ് പ്രസിദ്ധീകരിച്ച  മതവിശ്വാസത്തിന്റെയും ഭീകരതയുടെയും  അവസാനവും  യുക്തിചിന്തയുടെ ഭാവിയും (The End of Faith: Religion, Terror, and the Future of Reason)  എന്ന പുസ‌്തകമാണ് നവനാസ‌്‌തികതയ‌്ക്ക് തുടക്കം കുറിച്ചതെന്ന് കരുതപ്പെടുന്നു. ഇസ്ലാം, ക്രിസ‌്‌തുമതം, യഹൂദമതം തുടങ്ങിയയുടെ ഹിംസാത്മകതയെ  സാം ഹാരിസൺ രൂക്ഷമായി വിമർശിക്കയും തുറന്നുകാട്ടുകയും ചെയ്തു.  2006ൽ റിച്ചാർഡ് ഡാക്കിൻസിന്റെ ഏറെ പ്രശസ‌്തി  നേടിയ ദൈവ മിഥ്യാഭ്രമം (God Delusion)  എന്ന പുസ്‌തകം പ്രസിദ്ധീകരിക്കപ്പെട്ടു. തുടർന്ന് ക്രിസ്‌റ്റഫർ ഹിച്ചൻസിന്റെ ദൈവം ഉൽക്കൃഷ‌്ടനല്ല (God Is Not Great,)   ഡാനിയൽ ഡെന്നെറ്റിന്റെ ഡാർവിന്റെ ആപൽക്കരമായ ആശയം (Darwin's Dangerous Idea) തുടങ്ങിയ പുസ‌്തകങ്ങളും പുറത്തു വന്നതോടെ മതവിശ്വാസികളും യുക്തിചിന്തകരും ലോകമെമ്പാടും നവനാസ‌്തികർ മുന്നോട്ടുവച്ച ആശയങ്ങളോട് പ്രതികരിച്ചുകൊണ്ട് ചൂടുപിടിച്ച വാദപ്രതിവാദങ്ങളാരംഭിച്ചു. അതിപ്പോഴും തുടരുകയാണ്.  
എഴുത്തിലും പ്രഭാഷണത്തിലും പരിമിതപ്പെടുത്താതെ യുക്തിചിന്തയും നിരീശ്വരത്വവും പ്രചരിപ്പിക്കുന്നതിനായി ഡാക്കിൻസും സുഹൃത്തുക്കളും നിരവധി പ്രസ്ഥാനങ്ങൾക്ക‌് രൂപം നൽകി. ഡാക്കിൻസ്, ഫൗണ്ടേഷൻ ഫോർ റീസൺ ആൻഡ‌് സയൻസ്, സ്ഥാപിക്കുകയും ഹിച്ചൻസ് സെക്കുലർ കോയലിഷൻ ഓഫ് അമേരിക്കയുമായും  ഡാനിയൽ ഡെന്നെറ്റ് മതവിശ്വാസം നഷ്ടപ്പെട്ട  മതനേതാക്കൾ രൂപീകരിച്ച ക്ലർജി പ്രോജക്ടുമായും സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ‌്തു. സൊമാലിയൻ എഴുത്തുകാരിയും ഫെമിനിസ്റ്റുമായ അയാൻ ഹിർസി അലി ഓസ‌്ട്രേലിയയിൽവച്ച് 2012ൽ സംഘടിപ്പിക്കപ്പെട്ട ആഗോള നാസ‌്തിക കൺവൻഷനിൽ പങ്കെടുത്ത് നവനാസ‌്തികതയോട് പിന്തുണ പ്രഖ്യാപിച്ചതോടെ അവരെ  പ്ലസ‌്‌വൺ അശ്വാരൂഢ (Plus one Horsewoman)  എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി. 
 
നവനാസ‌്തികതയുടെ മുഖ്യവക്താക്കളായ റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ്, ഡാനിയൽ ഡെന്നെറ്റ്, ക്രിസ്റ്റോഫർ ഹിച്ചൻസ് എന്നിവർ  2007ൽ ആദ്യമായി ഒരുമിച്ചുവന്ന് ആധുനിക നാസ‌്തിക ചിന്താധാരകളെക്കുറിച്ച‌്  ചർച്ച  നടത്തിയിരുന്നു. വീഡിയോ റെക്കോഡ് ചെയ്‌ത‌് യൂടൂബ് തുടങ്ങിയ സാമൂഹ്യ ശൃംഖലകളിൽ പ്രചരിപ്പിക്കപ്പെട്ട  സംവാദം  കോടിക്കണക്കിനാളുകളാണ് വീക്ഷിക്കുന്നത്. ഈ സംവാദം ഡാക്കിൻസ് എഡിറ്റ് ചെയ‌്ത‌് പ്രസിദ്ധ ബ്രിട്ടീഷ് എഴുത്തുകാരനും നടനുമായ സ്റ്റീഫൻ പ്രൈയുടെ അവതാരികയോടെ ‘നാല് അശ്വാരൂഡർ:  നാസ‌്തികവിപ്ലവത്തിന് തുടക്കംകുറിച്ച സംവാദം' എന്ന പേരിൽ  (The Four Horsemen: The Conversation That Sparked an Atheist Revolution: Random House 2019)  ഈ വർഷം പ്രസിദ്ധീകരിച്ചിട്ടുള്ളത് ദൈവാസ‌്തിത്വ ചർച്ചകൾക്ക് വീണ്ടും ഊർജംപകർന്നിരിക്കയാണ്.  ക്രിസ്റ്റഫർ ഹിച്ചൻസിന്റെ മരണശേഷമാണ് ഇത‌് പ്രസിദ്ധീകരിക്കാനായത്. അന്നനാളത്തിലെ ക്യാൻസർബാധയെത്തുടർന്ന് 2011ൽ ഹിച്ചൻസ് മരണമടഞ്ഞിരുന്നു. 
 
ഹിച്ചൻസിന്റെ അഭാവത്തിൽ മറ്റ് മൂന്നുപേരും എഴുതിയിട്ടുള്ള ആമുഖ ലേഖനങ്ങൾ പുസ‌്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘മതത്തിന്റെ അഹങ്കാരം, ശാസ‌്ത്രത്തിന്റെ വിനയം, നാസ‌്തികതയുടെ ബൗദ്ധികവും ധാർമികവുമായ ധീരത' എന്ന ലേഖനത്തിൽ ഡാക്കിൻസ്  അയാൻ ഹിർസ അലികൂടി നവനാസ‌്തികരോടൊപ്പം ചേർന്നതോടെ നാല് അശ്വാരൂഢർ വിവേകത്തിന്റെ അഞ്ച് സ‌്തൂപങ്ങളായി മാറിയെന്ന് പ്രഖ്യാപിക്കുന്നു. ഇനിയും ഉത്തരം കണ്ടെത്തേണ്ട നിരവധി ഭൗതിക പ്രതിഭാസങ്ങളുണ്ടെന്ന് സമ്മതിക്കുന്നു എന്നതാണ് ശാസ‌്ത്രത്തിന്റെ പ്രത്യേകത. എന്നാൽ, എല്ലാത്തിന്റെയും അന്തിമസത്യം കണ്ടെത്തിയെന്ന് അടിസ്ഥാനരഹിതമായി  മതവിശ്വാസികൾ അവകാശപ്പെടുന്നു. ‘അയൽപക്കക്കാരെ അറിയിക്കുക' എന്ന ലേഖനത്തിൽ ഡാനിയൽ ഡെന്നറ്റ് മതവിശ്വാസികളോട് കൂടുതൽ ഉദാരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അമിതമാകാതെയും സമൂഹത്തിന‌് ദ്രോഹകരമാകാതെയുമുള്ള മതവിശ്വാസത്തോട് തനിക്ക് എതിർപ്പില്ലെന്ന് ഡെന്നെറ്റ് വ്യക്തമാക്കുന്നു. വ്യക്തിപരമായ ദുരിതങ്ങൾ നേരിടുന്നതിൽ മതസംഘടനകളിൽനിന്ന‌് പലർക്കും സഹാനുഭൂതി ലഭിക്കുന്നുണ്ട്. ഭരണകൂടം പൊതുസമൂഹത്തിനുള്ള അഭയകേന്ദ്രമായെങ്കിൽമാത്രമേ മതങ്ങൾ അപ്രസക്തമാവുകയുള്ളൂ എന്നാണ് ഡെന്നെറ്റ് അഭിപ്രായപ്പെടുന്നത്. ‘നല്ല ചങ്ങാതികളോടൊപ്പം' എന്ന ലേഖനത്തിൽ സാം ഹാരിസ് കൂടുതൽ ശക്തമായ മതവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. മതമൗലികവാദം വിജ്ഞാനത്തിന്റെ വളർച്ച തടയുകയും മനുഷ്യരാശിയെ ഭിന്നിപ്പിക്കയും ചെയ്യുന്നു. ദൈവവിശ്വാസംമൂലമാണ് ചിലർ നന്മചെയ്യുന്നതെന്ന വാദത്തിൽ കഴമ്പില്ല. തെറ്റായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല ശരിയും ന്യായവുമായ കാരണങ്ങളാലാണ് സദ്പ്രവൃത്തികൾ നടത്തേണ്ടത്.  
 
പൊതുവിൽ മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമാന കാഴ്ചപ്പാടുകൾ സ്വീകരിക്കുന്നവരാണ്  നാലുപേരും.  മനുഷ്യാസ‌്തിത്വം, ആധ്യാത്മികത, നൈതിക ജീവിതം, വിശ്വാസികളുമായുള്ള ആശയവിനിമയം തുടങ്ങി അടിസ്ഥാന സൈദ്ധാന്തിക സമീപനങ്ങളിൽ സൂക്ഷ്‌മതലത്തിൽ വ്യത്യസ‌്ത വീക്ഷണം പുലർത്തുന്നവരുമാണ്. ആധുനിക നാസ‌്തികതയുടെ വളർച്ചയും പരിണാമവുമാണ്  ഇവർ ചർച്ചചെയ‌്തിട്ടുള്ളത്. മതവിശ്വാസത്തിനെതിരായ യുദ്ധത്തിൽ വിജയം സാധ്യമോ? ആത്മീയത മതങ്ങളുടെ കുത്തകയോ? മനുഷ്യനറിയാൻ സാധിക്കാത്ത സത്യങ്ങളുണ്ടോ? വിശ്വാസത്തിന്റെ അന്ത്യം സംഭവിക്കുമോ? തുടങ്ങിയ തത്വചിന്താപരമായ പ്രഹേളികകൾക്ക് ഉത്തരം കണ്ടെത്താനാണ‌് ഇവർ ശ്രമിക്കുന്നത്.  
 
ദൈവവിശ്വാസത്തിൽനിന്നല്ല  കല, സാഹിത്യം, കായികവിനോദം, തത്വചിന്ത തുടങ്ങിയ സർഗാത്മകമേഖലകളിൽനിന്നാണ്  പൊതുസമൂഹം  പ്രതീക്ഷയും  മനസ്സമാധാനവും സാന്ത്വനവും കൈവരിക്കേണ്ടതെന്നാണ് ചർച്ചയിലൂടെ ഉരുത്തിരിയുന്ന പ്രധാന സന്ദേശം. അജ്ഞതയുടെയും കാപട്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള അന്ധമായ വിശ്വാസപ്രമാണങ്ങളിൽ അഭയം തേടുന്നതിനുപകരം ശാസ‌്ത്രത്തിന്റെ വെള്ളിവെളിച്ചത്തിലേക്കാണ് മനുഷ്യരാശി മുന്നേറേണ്ടതെന്നാണ്  നാലുപേരുടെയും പൊതുനിലപാട്.
പ്രധാന വാർത്തകൾ
 Top