17 September Tuesday

ഭാഷാസംസ്ഥാന രൂപീകരണം:- സ്വപ്‌നങ്ങളും മുറിവുകളും

എസ് രാജശേഖരന്‍Updated: Sunday Jun 9, 2019

തമിഴ്നാടും കന്നടദേശവു മായി കേരളം അതിരുകള്‍ പങ്കുവയ‌്ക്കുന്നതു കൊണ്ട്, ഈ സംസ്ഥാന ങ്ങളുടെ വിശാലമായ അതിര്‍ത്തി പ്രദേശങ്ങള്‍ ദ്വിഭാഷാസ്ഥലികളായിത്തീ രുന്നു. ഏതു ഭാഷ എവിടെത്തീരുന്നു, മറ്റൊരു ഭാഷ എവിടെത്തുടങ്ങുന്നു എന്ന് പറയാനാവാത്ത താണ് അവസ്ഥ. ഇത് ഭാഷാപരവും ദേശപരവു മായ അതിര്‍ത്തിത്ത ര്‍ക്കങ്ങളായും അതിനെ ച്ചൊല്ലിയുളള സമരങ്ങളാ യും മാറിയതിന്റെ കഥ കൂടിയുണ്ട് നമ്മുടെ സംസ്ഥാന രൂപീകരണത്തിന്

 

1956 നവംബർ ഒന്നിന് നടന്ന ഭാഷാസംസ്ഥാന രൂപീകരണം ഇന്ത്യയിലെ വിവിധ ഭാഷാസ്വത്വങ്ങളിൽ പ്രമുഖമായ ചിലതിനുള്ള അംഗീകാരവും ഭാഷയ‌്ക്ക‌് ദേശജീവിതത്തിന്റെയെന്നതിൽനിന്നും കടന്ന് ദേശഭരണത്തിന്റെതന്നെ മാപകസ്ഥാനം നൽകിയാദരിക്കലുമായിരുന്നു. ഭരണം, വിദ്യാഭ്യാസം, നിയമനടപടികൾ തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ജനതയുടെ മാതൃഭാഷയിൽത്തന്നെയാകുകയെന്ന ജനാധിപത്യവൽക്കരണ പ്രക്രിയയുടെ ഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന ആ നടപടി ഇനിയും നാം പൂർത്തീകരിച്ചിട്ടില്ല. എന്നിരുന്നാലും, ഒരു ഭാഷ സംസാരിക്കുന്ന ജനതയ‌്ക്ക‌് അവരുടേതായ ഒരു സംസ്ഥാനം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലുള്ള അന്നത്തെ നടപടി ഒരു കുതിച്ചുചാട്ടംതന്നെയായിരുന്നു. ഏറെനാൾ നീണ്ട തർക്കങ്ങളുടെയും സമരങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും ഫലമായിരുന്നു. സാംസ‌്കാരികവും ഭാഷാപരവും ദേശപരവുമായ യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും ഏറ്റുമുട്ടലുകളുടെയും നീണ്ട  കഥ തന്നെ അതിന് പറയാനുണ്ട്. തമിഴ്-കന്നടങ്ങളുടെ സീമകൾക്കുള്ളിൽ  സാംസ‌്കാരികമായും ഭാഷാപരമായും കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന മലയാളത്തിന് അതിന്റെ ഭരണപരമായ സീമയായി കേരളമെന്ന ഭൂസ്ഥലിയെ നിർണയിച്ച് നിയമമാകുമ്പോൾ അത് ദീർഘമായ തർക്കങ്ങളിലൂടെയും സമരങ്ങളിലൂടെയും നീന്തിക്കടന്നശേഷമായിരുന്നു.  ആ സന്ദർഭങ്ങളെയും അവ അവശേഷിപ്പിച്ച രേഖകളെയും സംബന്ധിച്ച ചരിത്രാന്വേഷണങ്ങളാണ് ‘കേരളസംസ്ഥാന രൂപീകരണം: അതിർത്തിത്തർക്കവും ഭാഷാസമരവും 1945-‐56’ എന്ന കൃതിയിലൂടെ ഡോ.ജോയ‌ി ബാലൻ  വ്‌ളാത്താങ്കര നിർവഹിച്ചിരിക്കുന്നത്. 

ഒരു നൂറ്റാണ്ട് മുമ്പുതന്നെ നിലവിൽവന്നതാണ് സംസ്ഥാനങ്ങളുടെ ഭരണപരമായ വേർതിരിവ് സംസാരഭാഷയെ അടിസ്ഥാനപ്പെടുത്തിയായിരിക്കണമെന്ന കാഴ്‌ചപ്പാട്. പ്രവിശ്യകൾ ഭാഷാടിസ്ഥാനത്തിൽ പുനഃക്രമീകരിക്കേണ്ടതിന്റെ ആവശ്യകത 1919-ലെ മൊണ്ടേഗു-ചെംസ‌്ഫോർഡ് റിപ്പോർട്ടും 1928-ലെ സൈമൺ കമീഷൻ റിപ്പോർട്ടും സൂചിപ്പിച്ചിരുന്നു. ആന്ധ്ര, കർണാടകം, മദ്രാസ്, കേരള പ്രദേശങ്ങളിൽ 1938 മുതൽതന്നെ ഭാഷാസംസ്ഥാന രൂപീകരണത്തിന്‌ പ്രക്ഷോഭം തുടങ്ങിയിരുന്നു. ഭാഷയുടെയും സംസ‌്കാരത്തിന്റെയും അടിസ്ഥാനത്തിൽ പ്രവിശ്യകൾ പുനഃക്രമീകരിക്കുമെന്ന വാഗ്ദാനം നൽകുന്നതിലേക്ക് 1945–-46 കളിലെ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ കോൺഗ്രസിനെയെത്തിച്ചത് ഈ പ്രക്ഷോഭങ്ങൾ. അത് പിന്നീട് പൊതുവെ രാഷ്ട്രീയപാർടികളുടെ  അവകാശവാദങ്ങളിലൊന്നായിത്തീരുകയും ചെയ‌്തു. അപ്പോഴും, ഭാഷാസംസ്ഥാനരൂപീകരണത്തെ എതിർത്തത് സി രാജഗോപാലാചാരിയായിരുന്നു. രാജ്യ പുരോഗതിയെയും ഐക്യത്തെയും ദേശീയ താൽപ്പര്യങ്ങളെയും അത് തടസ്സപ്പെടുത്തുമെന്ന അദ്ദേഹത്തിന്റെ വാദം ദേശവ്യാപകമായി ഉയർന്ന പ്രക്ഷോഭങ്ങൾക്കിടയിൽ ദുർബലമായി. പോട്ടി ശ്രീരാമുലു ഭാഷാടിസ്ഥാനത്തിൽ ആന്ധ്രാസംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം കിടന്ന് 1952 ഡിസംബർ 15-ന് രക്തസാക്ഷിയായി. പ്രക്ഷോഭങ്ങൾ  ശക്തിയാർജിച്ചു. അങ്ങനെ കേരളമുൾപ്പെടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഉയർന്നുവന്ന ഭാഷാബോധജാഗരണത്തിന്റെയും പ്രക്ഷോഭങ്ങളുടെയും ഫലമായിരുന്നു 1956 നവംബർ ഒന്നിന് നടപ്പായ ഭാഷാസംസ്ഥാനരൂപീകരണം.
 
സംസ്ഥാനങ്ങളുടെ ഭരണാതിർത്തികൾ ഭാഷയുടെ അടിസ്ഥാനത്തിലാക്കിത്തിരിച്ചത് ഒരനിവാര്യതയും വലിയ നേട്ടവുമായിരുന്നെങ്കിലും അത് നേടിയെടുക്കാനുള്ള സമരങ്ങളെപ്പോലെതന്നെ ക്ലേശകരമായിരുന്നു അത് വരുത്തിവച്ച മുറിവുകളും. ദേശത്തെപ്പോലെ ഭാഷയും കൃത്യമായ അതിരുകൾകൊണ്ട് തിരിക്കാവുന്നതല്ലെന്നതാണ് അതിലെ പ്രശ്നം. തമിഴ്നാടും കന്നടദേശവുമായി കേരളം അതിരുകൾ പങ്കുവയ‌്ക്കുന്നതുകൊണ്ട്, അതിർത്തിപ്രദേശങ്ങൾ ദ്വിഭാഷാസ്ഥലികളായിത്തീരുന്നു. ഏതു ഭാഷ എവിടെത്തീരുന്നു, മറ്റൊരു ഭാഷ എവിടെത്തുടങ്ങുന്നു എന്ന് പറയാനാകാത്ത അവസ്ഥ. ഇത് ഭാഷാപരവും ദേശപരവുമായ അതിർത്തിത്തർക്കങ്ങളായും അതിനെച്ചൊല്ലിയുള്ള സമരങ്ങളായും മാറിയതിന്റെ കഥ കൂടിയുണ്ട് നമ്മുടെ സംസ്ഥാനരൂപീകരണത്തിന്. അങ്ങനെയൊരു ദ്വിഭാഷാപ്രദേശമായിരുന്ന കന്യാകുമാരി ജില്ല, ഭൂപ്രകൃതിപരവും സാംസ‌്കാരികവുമായ തുടർച്ചയിരിക്കെത്തന്നെ, കേരളത്തിനു പുറത്തായതും ഏറെ മുറിവുകളുണ്ടാക്കി. നെയ്യാറ്റിൻകര, ചെങ്കോട്ട, ദേവികുളം, പീരുമേട്, കാസർകോട് തുടങ്ങിയ പ്രദേശങ്ങളിലെ പലയിടങ്ങളും ദ്വിഭാഷാമേഖല നൽകുന്ന കൂടിച്ചേരലുകളുടെ സാംസ‌്കാരികദ്വിത്വം വഹിക്കുന്നവയായിരുന്നു. അവയെയെല്ലാം പലവിധത്തിൽ വേർപിരിച്ചുകൊണ്ട്, ആ മുറിവുകളുമായാണ് പുതിയ സംസ്ഥാനം പിറന്നുവീണത്. 
 
അതുമായി ബന്ധപ്പെട്ട തർക്കങ്ങളുടെയും സമരങ്ങളുടെയും  വേർപിരിയലുകളുടെയും കൂടിച്ചേരലുകളുടെയും ചരിത്രരേഖകളാണ് ‘കേരളസംസ്ഥാനരൂപീകരണം: അതിർത്തിത്തർക്കവും ഭാഷാസമരവും’ എന്ന തന്റെ ഗ്രന്ഥത്തിൽ ഡോ.ജോയി ബാലൻ സമാഹരണത്തിനും പഠനത്തിനും വിധേയമാക്കിയിരിക്കുന്നത്. കേരളസംസ്ഥാനത്തെ സംബന്ധിച്ച് ഇനി  നടക്കാനുള്ള പഠനങ്ങളിലേക്ക് നമുക്ക് കിട്ടാവുന്ന വലിയൊരു ചരിത്രരേഖാസമ്പുടമെന്ന് ഈ സമാഹാരഗ്രന്ഥത്തെ വിശേഷിപ്പിക്കാം.
പ്രധാന വാർത്തകൾ
 Top