02 June Tuesday

ഞാനടക്കം എല്ലാവരിലുമുണ്ട‌് ഒരു ഗോവിന്ദ‌്

ഡി കെ അഭിജിത്ത്‌ abhijithdkumar51@gmail.comUpdated: Sunday Jun 9, 2019

ഒന്നിച്ചിരുന്ന്‌ ഉയരെയുടെ കഥകേട്ട്‌ കുറച്ചുകഴിഞ്ഞ്‌ പാർവതിയെ ഫോണിൽ വിളിച്ചു. ഭാഗ്യത്തിന്‌ കോൾ വെയ്‌റ്റിങ്ങിലാ യിരുന്നു. ഒറ്റയടിക്ക്‌ എട്ടു തവണ പാർവതിയെ ത്തന്നെ വിളിച്ചു കൊണ്ടിരുന്നു. അവസാനം അപ്പുറത്തെ കോൾ കട്ടാക്കി പാർവതി ഫോൺ എടുത്തു. അപ്പോൾത്തന്നെ ഞാൻ തട്ടിക്കയറി. ""നീ എന്താണ്‌ എട്ട്‌ പ്രാവശ്യം വിളിച്ചിട്ട്‌ എന്റെ ഫോൺ എടുക്കാത്തത്‌' എന്ന്‌ ചോദിച്ചു

 
തിരശ്ശീലയിൽ പലയിടത്ത‌് പലവട്ടം കണ്ടു. എന്നാൽ, സോൾട്ട്‌ ആൻഡ്‌ പെപ്പറിൽ ട്രെയിനിൽവച്ച‌് "ആറ്റിങ്ങലാണോ വീട്‌' എന്ന്‌ ചോദിച്ച് മീനാക്ഷിയെ വളയ‌്ക്കാൻ നോക്കുന്ന മനുവിലൂടെയാണ്‌ ആസിഫ‌് അലി വന്ന‌് നമ്മുടെ മനസ്സിൽ കസേര വലിച്ചിട്ടിരുന്നത‌്. സ്വന്തത്തിൽപ്പെട്ട പയ്യനെപ്പോലെ. തന്നിലെ നടനെ എട്ടു വർഷംമുമ്പ്‌ ഏറ്റവും നന്നായി കൈകാര്യം ചെയ്‌തത്‌ സോൾട്ട്‌ ആൻഡ്‌ പെപ്പറിൽ ആഷിഖ്‌ അബുവാണെന്ന‌് ആസിഫ‌്.  വൈറസിലൂടെ വീണ്ടും ആഷിഖ്‌ അബു ചിത്രത്തിൽ.  വൈറസിൽ വിഷ്‌ണുവായാണ‌് ആസിഫിന്റെ വരവ്‌.  
 

വൈറസിലെ വിഷ്‌ണു

 
കേരളം നേരിട്ട യഥാർഥ സംഭവത്തെ അവതരിപ്പിക്കുന്ന ചിത്രമാണ്‌ വൈറസ്‌. അതിൽ ശക്തമായ കഥാപാത്രമാണ്‌ വിഷ്‌ണു. നിപായുടെ  ഇരയാണ്‌ വിഷ്‌ണു. വിഷ്‌ണുവിനായി പ്രതീക്ഷിച്ചിരുന്ന സ്വഭാവമുണ്ടായിരുന്നു. ഷൂട്ട്‌ തുടങ്ങുംമുമ്പ്‌. നമുക്ക്‌ എപ്പോഴെങ്കിലും ഒരു അസുഖം വന്ന്‌ കിടപ്പായ അനുഭവമൊക്കെയായിരുന്നു ഉദ്ദേശിച്ചിരുന്നത്‌. അല്ലെങ്കിൽ ഏതെങ്കിലും സിനിമയിൽനിന്ന്‌ മനസ്സിലാക്കാവുന്നത്‌. പക്ഷേ, ഇതൊന്നും ആയിരുന്നില്ല തിരക്കഥയിലുള്ള എന്റെ കഥാപാത്രം. കോഴിക്കോട്ടും പരിസരത്തും പടർന്നുപിടിച്ച നിപാ  വൈറസിന്റെ തീവ്രത ഞാൻ തിരിച്ചറിഞ്ഞത്‌ മെഡിക്കൽ കോളേജ‌് സ്റ്റാഫും  ഡോക്ടർമാരുമായുള്ള സംസാരത്തിലൂടെയാണ്‌. എത്ര ഭീകരമായിരുന്നു അതെന്ന്‌ അവിടെ ഇല്ലാത്തൊരാൾക്ക്‌ പൂർണമായും മനസ്സിലാക്കാൻ പറ്റില്ല. സോൾട്ട്‌ ആൻഡ്‌ പെപ്പറിനുശേഷം ആഷിഖ്‌ അബുവിനൊപ്പം ഇത്രയും ദിവസം ചെലവഴിക്കുന്നത്‌ ആദ്യം. തിരക്കഥാകൃത്തുക്കൾ രണ്ടുപേരും കോഴിക്കോട്ടുകാർ. പെർഫെക്ടായിട്ടാണ്‌ ഓരോ കഥാപാത്രത്തെയും അവർ ഞങ്ങളിലെത്തിച്ചത്‌.
 

അതിജീവനത്തിന്റെ കഥ

 
മാധ്യമങ്ങൾ വഴിയുള്ള അറിവേ നിപായെപ്പറ്റി ഉള്ളൂ. മെഡിക്കൽ കോളേജിൽ ഷൂട്ടിങ്ങിനായി എടുത്ത വാർഡ്‌ യഥാർഥത്തിൽ ഐസൊലേറ്റഡ്‌ ആയിരുന്നു. അത്രയും സുരക്ഷയോടെ കൈകാര്യം ചെയ്‌തിരുന്ന അവിടം ഷൂട്ട്‌ തുടങ്ങിയപ്പോഴും പുറമെനിന്നുള്ളവർക്കായി തുറന്നുകൊടുത്തിരുന്നില്ല. ശുചിയാക്കുന്ന ആളുകളാണ്‌ പറഞ്ഞത്‌, ഷൂട്ടിങ്ങുകൂടി കഴിഞ്ഞിട്ടുവേണം പഴയപോലെ പ്രവർത്തനം തുടങ്ങാനെന്ന്‌.  അതേ കിടക്കയിൽ, മുറിയിലാണ്‌ ഞങ്ങൾ ഷൂട്ട്‌ ചെയ്യുന്നതെന്ന്‌ തിരിച്ചറിയുന്നത്‌ പിന്നീടാണ്‌.  ഒരു തുമ്മൽവന്നാൽപ്പോലും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കും. ജലദോഷംപോലെയാണ്‌ ആദ്യം രോഗംവരുന്നതെന്ന്‌  കേട്ടിട്ടുണ്ട്‌. ശരിക്കും അതേ സ്ഥലത്ത്‌ ഷൂട്ട്‌ ചെയ്യുന്നതിന്റെ ഗൗരവം എല്ലാവർക്കും ഉണ്ടായിരുന്നു.  ഇത്‌ കൂട്ടായ്‌മയുടെ അതിജീവനത്തിന്റെ കഥയാണ്‌. നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും ഇത്‌ എത്രത്തോളം ഗൗരവമായി എടുത്ത്‌ അതിൽനിന്ന്‌ ഒരു നാടിനെ കരകയറ്റാൻ ശ്രമിച്ചു എന്ന്‌ ഞാൻ തിരിച്ചറിയുന്നത്‌ അവിടെ ചെന്നശേഷമാണ്‌.
 

ഇരകളുടെ യഥാർഥ ജീവിതം

 
വിഷ്‌ണുവായി മാറാനുള്ള തയ്യാറെടുപ്പുകളൊന്നും ആയിരുന്നില്ല അഭിനയിക്കുമ്പോൾ വേണ്ടിയിരുന്നത്‌. അതിന്‌ ഇരയായവരുടെ അവസ്ഥ നമ്മളൊക്കെ കരുതുന്നതിലും വലുതാണ്‌. നിപാ  വൈറസ്‌ പിടിപെട്ടിട്ടുണ്ട്‌ എന്ന്‌ തിരിച്ചറിയാൻ പറ്റാത്തത്ര മോശം അവസ്ഥയിൽ എത്തിയിട്ടുണ്ടാകും അത്‌ അനുഭവിക്കുന്ന രോഗി. പലരോടും സംസാരിക്കുമ്പോഴാണ്‌ നമുക്കത്‌ ബോധ്യപ്പെടുക. തിരക്കഥാകൃത്തുക്കൾ ഓരോ ഘട്ടവും വളരെ പഠിച്ചാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. 
 

സോൾട്ട്‌ ആൻഡ്‌ പെപ്പർമുതൽ വൈറസുവരെ

 
ആഷിക്‌ അബുവിന്റെ ഓരോ സിനിമയും വ്യത്യസ‌്തമാണ‌്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ വൈറസ്‌. മലയാള സിനിമാചരിത്രത്തിൽ നാഴികക്കല്ലാകുന്ന ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട‌് ഞങ്ങൾക്ക‌്. ഇത്രയുമധികം അഭിനേതാക്കൾ ഒരു സിനിമയിൽ വരുമ്പോൾ അത്‌ സംവിധായകനോടുള്ള വിശ്വാസമാണ്‌ കാണിക്കുന്നത്‌.  
ഓരോ കഥാപാത്രങ്ങളെയും ഓർത്തിരിക്കും
 
പ്രേക്ഷകർക്ക്‌ വലിയൊരു അനുഭവമായിരിക്കും വൈറസ്‌. ചെറിയ റോളിൽ വരുന്ന കഥാപാത്രങ്ങൾക്കുപോലും വ്യക്തിത്വമുണ്ട‌്. സിനിമയിൽ ഉടനീളം എല്ലാവരും കൂടെയുണ്ടാകും. എല്ലാവർക്കും ഇഷ്ടപ്പെട്ട അഭിനേതാക്കളാണ‌് ഇതിൽ. 
  "ഉയരെ'യിലെ ഗോവിന്ദിനെ തല്ലാൻ തോന്നിയെന്ന്‌ പലരും പറഞ്ഞു
ഉയരെ റിലീസായശേഷം ആദ്യം സന്തോഷംതോന്നിയ കമന്റായിരുന്നു ഗോവിന്ദിനെ കൈയിൽ കിട്ടിയാൽ തല്ലണമെന്നുണ്ടായിരുന്നു എന്നത്‌. ഒരാൾ ഫെയ‌്സ്‌ബുക്കിൽ എഴുതിയത്‌ "ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിപ്പോലും ആരും ആസിഫ്‌ അലിയെ തിയറ്ററിൽ കൊണ്ടുപോകരുത്‌' എന്നാണ്‌. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട്‌ ആലോചിച്ചപ്പോൾ വളരെ സന്തോഷംതോന്നി. ഗോവിന്ദ്‌ അത്രയും ഭംഗിയായി ചെയ്യാൻ കഴിഞ്ഞു എന്നായിരുന്നു ആ പ്രതികരണങ്ങളൊക്കെ സൂചിപ്പിക്കുന്നത്‌.  വലിയ അംഗീകാരമാണത്‌. ഞാനറിയുന്ന ഒരുപാട്‌ കാമുകന്മാരുണ്ട്‌. ഇഷ്ടപ്പെടുന്ന ആൾ വേറൊരാളോട്‌ സംസാരിക്കാൻ പാടില്ല, കാമുകിയുടെ ഫോൺ ബിസിയാകാൻ പാടില്ല എന്നൊക്കെ ചിന്തിക്കുന്നവർ. ഞാൻവരെ അങ്ങനെ ചിന്തിച്ചിട്ടുണ്ട്‌. വളരെ എളുപ്പമായിരുന്നു ഗോവിന്ദിനെ മനസ്സിലാക്കാൻ. ശരിക്കും ആസ്വദിച്ചു. 
 
ഉയരെയിൽ ആസിഫ്‌ അലിയും പാർവതിയും

ഉയരെയിൽ ആസിഫ്‌ അലിയും പാർവതിയും

ആസിഫ്‌ അലിയിലും ഗോവിന്ദ്‌ ഉണ്ട്‌

 
അൽപ്പം ഗോവിന്ദിന്റെ സ്വഭാവമൊക്കെ ആസിഫ്‌ അലിയിലും ഉണ്ട്‌. എല്ലാവരിലും ഒരു ഗോവിന്ദുണ്ട്‌, പലരും സമ്മതിക്കുന്നില്ല എന്നുമാത്രം. ഒരു റിലേഷനിൽ ആയിക്കഴിഞ്ഞാൽ അതിനൊരു ഫാന്റസി പീരിയഡുണ്ട്‌. അത്‌ കഴിഞ്ഞാണ്‌ ഉള്ളിലെ അധികാരം വരുന്നത്‌. നീ ഇന്നലെ എവിടെയായിരുന്നു. വാട്‌സാപ്പിൽ ലാസ്റ്റ‌് സീൻ രണ്ടുമണിക്കായിരുന്നു. ഞാൻ ഉറങ്ങിയത്‌ 12 മണിക്കാണ്‌ എന്നൊക്കെയുള്ളവ അത്‌ കഴിഞ്ഞാണ്‌ പുറത്തുവരുന്നത്‌.
 

കഥാപാത്രത്തെ ഇഷ്ടപ്പെട്ടാണ്‌ തെരഞ്ഞെടുക്കുന്നത്‌

 
ഏത്‌ കഥാപാത്രം ചെയ്‌താലും എന്തായിരിക്കും അയാൾ അടുത്തതായി ചെയ്യുക എന്ന‌് പ്രതീക്ഷിക്കാൻ പറ്റാത്തതാകണം എന്നാണ്‌ ചിന്തിക്കാറുള്ളത്‌. നല്ലതുമാത്രംചെയ്യുന്ന നായകനാകാൻ താൽപ്പര്യമില്ല. ഇയാൾ നായകനല്ലേ, അയാൾ ക്ലൈമാക്‌സിലേക്ക്‌ എത്തുമ്പോൾ നല്ലവനായിരിക്കും എന്നുള്ളതൊക്കെ ഒരിക്കലും പ്രതീക്ഷിക്കുന്നതാകരുത്‌. ഓരോ സിനിമയിലും വ്യത്യസ്‌തമാകമെന്ന്‌ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌ മിക്‌സ്‌ ചെയ്‌ത്‌ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്‌. പക്ഷേ, വില്ലനിസം ഉള്ള റോൾ ചെയ്യാൻ തയ്യാറായി അത്‌ സംവിധായകൻ വേണ്ടവിധം ഉപയോഗിച്ചില്ലെങ്കിൽ മോശം അഭിപ്രായമാകും. തീർച്ചയായും ക്യാരക്ടർവേഷം ചെയ്യാൻ ഒരുമടിയും ഇല്ല. എങ്ങനെയുള്ള വേഷമായാലും കണ്ണുംപൂട്ടി ചെയ്യും.
 

പാർവതിയെ വിളിച്ച്‌ ഗോവിന്ദിനെപ്പോലെ  സംസാരിച്ചു

 
ഒന്നിച്ചിരുന്ന്‌ ഉയരെയുടെ കഥകേട്ട്‌ കുറച്ചുകഴിഞ്ഞ്‌ പാർവതിയെ ഫോണിൽ വിളിച്ചു. ഭാഗ്യത്തിന്‌ കോൾ വെയ്‌റ്റിങ്ങിലായിരുന്നു. ഒറ്റയടിക്ക്‌ എട്ടുതവണ പാർവതിയെത്തന്നെ വിളിച്ചുകൊണ്ടിരുന്നു. അവസാനം അപ്പുറത്തെ കോൾ കട്ടാക്കി പാർവതി ഫോൺ എടുത്തു. അപ്പോൾത്തന്നെ ഞാൻ തട്ടിക്കയറി. ""നീ എന്താണ്‌ എട്ട്‌ പ്രാവശ്യം വിളിച്ചിട്ട്‌ എന്റെ ഫോൺ എടുക്കാത്തത്‌'' എന്ന്‌ ചോദിച്ചു. പെട്ടെന്ന്‌ പാർവതി സൈലന്റായി. ഞാൻ എന്താ ഉദ്ദേശിക്കുന്നതെന്ന്‌ മനസ്സിലായില്ല. വീണ്ടും അങ്ങനെ ചോദിച്ചിട്ടാണ്‌ ആ കഥാപാത്രത്തിലേക്ക്‌ കടന്നത്‌. അതിന്‌ പാർവതി സപ്പോർട്ട്‌ തന്നതാണ‌്  ഗോവിന്ദ്‌ അത്രയും നന്നാകാൻ കാരണം. പല്ലവിക്കായി പാർവതി എടുത്ത പ്രയത്‌നവും പറയണം. മൂന്നു മണിക്കൂറോളം മേക്കപ്പാണ്‌ ഓരോ തവണയും വേണ്ടിവന്നത്‌.  ഒരു സിനിമ ഒറ്റയ്‌ക്ക്‌ കൈകാര്യം ചെയ്യാൻ കഴിവുള്ള നടിയാണ്‌ പാർവതി.
 

അഭിമുഖങ്ങൾ ഒഴിവാക്കി

 
ഉയരെ കഴിഞ്ഞശേഷം പല അഭിമുഖങ്ങളും ഒഴിവാക്കിയിട്ടുണ്ട്‌. അതിന്റെ കാരണം, എന്റെ ഭാഗത്തുനിന്ന്‌ ഒരു രീതിയിലും ഗോവിന്ദിനെ ന്യായീകരിക്കാൻ പറ്റില്ല. അയാൾ ഇമോഷണലാകുന്നതും പല്ലവിയെ സ്‌നേഹിക്കുന്നതും മറ്റൊരാളെ പറഞ്ഞ്‌ മനസ്സിലാക്കാൻ പറ്റില്ല. പല്ലവിയെ ആസിഡ്‌ ആക്രമണത്തിന്‌ ഇരയാക്കിയ ആളാണ്‌ ഗോവിന്ദ്‌. അതിന്റെ കാരണങ്ങൾ പറഞ്ഞ്‌ കഴിഞ്ഞാൽ പലയിടത്തും മോശമായി വായിക്കപ്പെടും. ചില സീനുകളിൽ ഗോവിന്ദ്‌ കരയുന്നുണ്ട്‌. അത്‌ എന്തുകൊണ്ടാണെന്ന്‌ പലരും ചോദിക്കുന്നുണ്ട്‌. ഒരിക്കലും അത്‌ പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല.  ഗോവിന്ദിന്‌ അയാളുടേതായ കാരണങ്ങൾ ഉണ്ട്‌. അത്‌ എടുത്തുപറഞ്ഞാൽ പലയിടത്തും ദോഷമാകും. പലരീതിയിൽ വ്യാഖ്യാനിക്കപ്പെടും. ഒരു പരിധിയിൽ കൂടുതൽ അയാളെപ്പറ്റി പറയാൻ ആഗ്രഹിക്കുന്നില്ല.
 

ഫോൺ താൽപ്പര്യമില്ല

 
ഒരാൾക്ക്‌ ഫോൺ നമ്പർ കൊടുക്കുമ്പോൾ പുതിയൊരു ശത്രുവിനെ ഉണ്ടാക്കുന്നു എന്ന്‌ ചിന്തിച്ചാണ്‌ ചെയ്യുന്നത്‌. ഫോൺ പരമാവധി ഉപയോഗിക്കാറില്ല. ഒരാളോട്‌ നേരിട്ട്‌ സംസാരിക്കുമ്പോൾ കിട്ടുന്ന വ്യക്തതയും അടുപ്പവുമൊന്നും ഫോണിലൂടെ സംസാരിച്ചാൽ കിട്ടാറില്ല. പലരും ഇപ്പോഴും പരാതി പറയാറുണ്ട്‌. ഇൻസ്റ്റഗ്രാമിൽവരെ ആക്ടീവായിട്ട്‌ ആറുമാസമേ ആയിട്ടുള്ളൂ. അതിലും വേണ്ടപോലെ ശ്രദ്ധിക്കാൻ കഴിയില്ല.
 

എന്നെങ്കിലുമൊരിക്കൽ സംവിധായകനാകും

 
സിനിമയാണ്‌ എനിക്കുചുറ്റും. പൃഥ്വിരാജിനെപ്പോലെയൊക്കെ ആകുമ്പോൾ സംവിധാനത്തിലേക്ക്‌ എത്തുമായിരിക്കും. മുഴുവൻ സിനിമയുമായി ബന്ധപ്പെട്ട‌് നിൽക്കാനാണ്‌ ആഗ്രഹിക്കുന്നത്‌. എന്നെങ്കിലുമൊരിക്കൽ സംവിധായകനായും പ്രതീക്ഷിക്കാം.
 

കക്ഷി അമ്മിണിപ്പിള്ള

 
പുതിയ സിനിമ വരുന്നത്‌ കക്ഷി അമ്മിണിപ്പിള്ളയാണ്‌. തലശേരി കേന്ദ്രീകരിച്ചുള്ള കഥയാണ്‌. കുസൃതിയുള്ള, രാഷ്ട്രീയക്കാരനായ വക്കീലാണ്‌ പ്രദീപൻ മന്നോടി എന്ന കഥാപാത്രം. വളരെ ആസ്വദിച്ച്‌ ചെയ്‌തുകൊണ്ടിരിക്കുന്ന സിനിമയാണത്‌. അതിനുശേഷം അണ്ടർ വേൾഡ്‌ എന്ന സിനിമ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top