17 September Tuesday

മൈ നെയിം ഈസ‌് ഗൗഹര്‍ജാന്‍

നദീം നൗഷാദ‌് noushadnadeem@gmail.comUpdated: Sunday Jun 9, 2019

ഗൗഹർ ജാൻ റെക്കോഡിങ്‌ വേളയിൽ

ആദ്യത്തെ ഗ്രാമഫോണ്‍ ഗായിക എന്ന നിലയില്‍ ഗൗഹറിന്റെ പ്രശസ‌്തി ഉയര്‍ന്നുകൊണ്ടിരുന്നു. അക്കാലത്ത് സ‌്ത്രീകളുടെ ശബ‌്ദം റെക്കോഡ്‌ ചെയ്യുക പ്രയാസകരമാ യിരുന്നു.  സ‌്റ്റേജിൽ പാടുന്നത‌് മോശം പ്രവൃത്തിയായാണ്  മധ്യവര്‍ഗം  കണ്ടിരുന്നത്. അന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം  വാങ്ങുന്ന ആര്‍ടിസ്റ്റ് ആയിരുന്നു ഗൗഹര്‍ജാന്‍. മൂവായിരം രൂപ വരെ കച്ചേരിക്ക്‌  വാങ്ങി

 

1902 നവംബറിൽ ഫ്രെഡറിക്ക് വില്യം ഗൈസ്ബെർഗ് എന്ന സായിപ്പ്  ഇന്ത്യയിലെത്തുന്നു. ലക്ഷ്യം ഇന്ത്യൻ ഗ്രാമഫോൺ വിപണി. കൊൽക്കത്തയിലെ  ഹോട്ടലിൽ രണ്ടു വലിയ മുറികൾ റെക്കോർഡിങ്ങിന‌് സജ്ജം. പാട്ടുകാരെ കണ്ടെത്താനും പരിശീലനം കൊടുക്കാനും  തദ്ദേശീയരായ ചിലരെ ചുമതലപ്പെടുത്തി.  നർത്തകികളായ സോഷിമുഖി,  ഫനിബാല എന്നിവരുടെ ശബ്ദം ആദ്യം  റെക്കോർഡ്‌ ചെയ‌്തു. പക്ഷേ ഗൈസ്ബർഗിന്റെ അഭിപ്രായത്തിൽ അവരുടെ ശബ്ദം ‘പരിതാപകരം’. അനുയോജ്യ ശബ്ദത്തിന‌്  അന്വേഷണമായി. ഒടുവിൽ ഗായികയെ കണ്ടെത്തി. ഒരു സമീന്ദാറിന്റെ  വീട്ടിൽ പാടാൻ വന്ന മുപ്പതുകാരി. ഗൗഹർ ജാൻ. കൊൽക്കത്തയിലെ അറിയപ്പെടുന്ന നർത്തകി. ദർബംഗ, രാംപുർ കൊട്ടാരങ്ങളിലെ ഗായിക. അവരുടെ പാട്ടിന‌് ഏറെ ആരാധകരുണ്ട‌്.  വിലകൂടിയ വസ്‌ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് നല്ല ആത്മവിശ്വാസത്തോടെ ഗൗഹർജാൻ റെക്കോർഡിങ്ങിനെത്തി. ജോഗിയ രാഗത്തിലുള്ള ഖയാൽ മൂന്ന് മിനിറ്റ‌് പാടി. അങ്ങനെ 1902 നവംബർ 14ന്  ഗ്രാമഫോണിൽ  ആദ്യമായി ഇന്ത്യൻ സംഗീതം റെക്കോർഡ്‌ ചെയ‌്തു.  

ഉത്തർപ്രദേശിലെ അസംഗഡിൽ അർമീനിയക്കാരനായ റോബർട്ട് യോവാർഡിന്റെയും വിക്ടോറിയ ഹെമ്മിങ്ങിന്റെയും മകളായി 1873 ജൂൺ 26ന് ഗൗഹർജാൻ ജനിച്ചു. ആദ്യ പേര് അഞ്ജലീന യോവാർഡ്‌. അമ്മ വിക്ടോറിയ ഇന്ത്യൻ സംഗീതവും നൃത്തവും അഭ്യസിച്ചിരുന്നു. റോബർട്ടിന‌് ഭാര്യയുടെ കലാ പ്രവർത്തനങ്ങളോട്  താൽപ്പര്യമില്ല. താമസിയാതെ വിക്ടോറിയ ഭർത്താവുമായി വേർപിരിഞ്ഞു.  കച്ചവടക്കാരനായ ഖുർഷിദിനൊപ്പം താമസം തുടങ്ങി. ബനാറസിലേക്ക് താമസം മാറ്റി അവിടെവച്ച് ഇസ്ലാം മതം സ്വീകരിച്ചു. വിക്ടോറിയ മൽകജാനായി.  മകൾ ഗൗഹർജാനും. എട്ട് വർഷത്തെ തീവ്ര പരിശീലത്തിനു ശേഷം മൽകജാൻ പ്രൊഫഷണൽ കലാകാരി(ബൈജി)യായി ജോലി ചെയ‌്തുതുടങ്ങി. കുറച്ച് വർഷം കഴിഞ്ഞപ്പോൾ   കൊൽക്കത്തയിലേക്ക്  മാറി. അവിടുത്തെ കച്ചവടക്കാരും സമീന്ദാർമാരും കലാകാരന്മാരെ നന്നായി പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു. മൽകജാൻ അതിവേഗം പ്രശസ്‌‌തിയിലേക്കുയർന്നു. അവർ മകളെ സംഗീതവും നൃത്തവും സാഹിത്യവും പഠിപ്പിച്ചു.
   
 പതിനാലാം വയസ്സിൽ  ദർബംഗ കൊട്ടാരത്തിൽ പാടിക്കൊണ്ടായിരുന്നു  ഗൗഹർജാന്റെ തുടക്കം. വലിയൊരു പാട്ടുകാരിയായി അവൾ വളർന്നു. വധുവില്ലാത്ത വിവാഹം പോലെയാണ് ഗൗഹർജാൻ ഇല്ലാത്ത മെഹ‌്ഫിൽ എന്ന് അക്കാലങ്ങളിൽ ഒരു ചൊല്ലുണ്ടായിരുന്നു. കേൾവിക്കാരുടെ അഭിരുചികളും സദസ്സിന്റെ അന്തരീക്ഷവും  നോക്കി പാടാൻ പ്രത്യേക കഴിവുണ്ടായിരുന്നു. മറാഠി ആസ്വാദകരുടെ മുമ്പിൽ  നാട്യസംഗീതവും ബംഗാളികൾക്കുമുന്നിൽ രബീന്ദ്ര സംഗീതവും പാടി ആസ്വാദകരെ  കൈയിലെടുത്തു. 
 
ആദ്യത്തെ ഗ്രാമഫോൺ ഗായിക എന്ന നിലയിൽ ഗൗഹറിന്റെ പ്രശസ‌്തി ഉയർന്നു. അക്കാലത്ത് സ‌്ത്രീകളുടെ ശബ‌്ദം റെക്കോർഡ്‌ ചെയ്യുക പ്രയാസകരമായിരുന്നു.  സ‌്റ്റേജിൽ പാടുന്നത‌് മോശം പ്രവൃത്തിയായാണ്  മധ്യവർഗം  കണ്ടിരുന്നത്. അന്ന് ഏറ്റവും കൂടുതൽ പ്രതിഫലം  വാങ്ങുന്ന ആർടിസ്റ്റ് ആയിരുന്നു ഗൗഹർജാൻ. മൂവായിരം രൂപ വരെ കച്ചേരിക്ക്‌  വാങ്ങി. ഓസ്ട്രിയയിൽ നിർമിച്ച്‌ ഇന്ത്യയിൽ വിൽപ്പന നടത്തുന്ന തീപ്പെട്ടികളിൽ  ഗൗഹറിന്റെ  ലേബൽ ഉണ്ടായിരുന്നു. പോസ്റ്റ്‌ കാർഡുകളിൽ ഫോട്ടോകൾ രാജ്യം മുഴുവൻ പ്രചരിച്ചു.  വിലപിടിപ്പുള്ള കാറുകളും വസ‌്ത്രങ്ങളും വജ്രാഭരണങ്ങളും ഭ്രമമായിരുന്നു.  കൊൽക്കത്ത നഗരത്തിലൂടെ കുതിരവണ്ടിയിൽ യാത്രചെയ്യുന്നതിലും കുതിരപ്പന്തയം കാണാൻ മുംബൈയിൽ പോവുന്നതിലും ഹരംകൊണ്ടു.  തന്റെ പൂച്ച പ്രസവിച്ചപ്പോൾ  ഇരുപതിനായിരം രൂപ ചെലവിട്ട‌്  വിരുന്ന് നൽകിയതും ഗൈസ്ബെർഗ് രേഖപ്പെടുത്തിയിട്ടുണ്ട്. 
പത്ത് വയസ്സിനു ഇളപ്പമുള്ള  സെയ‌്ദ‌് ഗുലാം അബ്ബാസിനെ അവർ വിവാഹം കഴിച്ചു.  അയാൾക്ക് പരസ‌്ത്രീബന്ധമുണ്ടെന്നറിഞ്ഞപ്പോൾ  കേസ് കൊടുത്തു. പിന്നീട്  ഗുജറാത്തി നാടകനടൻ അമ്രിത് കേശവ് നായക്കിനെ പ്രണയിച്ചു. നാല് വർഷം മാത്രം നീണ്ട ആ ബന്ധത്തിന‌് നായിക്കിന്റെ ആകസ‌്മിക നിര്യാണത്തോടെ തിരശ്ശീല വീണു. ബന്ധുക്കൾ ഗൗഹർജാനിനെ കൊൽക്കത്തയിലേക്ക് മടങ്ങി വരാൻ നിർബന്ധിച്ചെങ്കിലും  താൽപ്പര്യം കാണിച്ചില്ല.  അവസാനം  വോഡയാർ രാജാവിന്റെ ക്ഷണം സ്വീകരിച്ച്  മൈസൂരിലേക്ക് പോയി. 
 
1928ൽ മൈസൂർ കൊട്ടാരത്തിലെ  ഗായികയായി.  ഒന്നര വർഷത്തോളം അവിടെ തുടർന്നു.  ഇതിനിടെ ആരോഗ്യസ്ഥിതി മോശമായി. വിഷാദ രോഗവും  പിടിമുറുക്കി. 1930 ജനുവരി 17ന്  വിടപറയുമ്പോൾ പ്രായം 57 മാത്രം. അതോടെ വിസ്‌മൃതിയിലായ ഗൗഹർജാനെ പിന്നീട് വീണ്ടെടുത്തത് വിക്രം സമ്പത്തിന്റെ മൈ നെയിം ഇസ്  ഗൗഹർ ജാൻ എന്ന പുസ‌്തകം. അവരുടെ 150 റെക്കോർഡുകളും  ഫോട്ടോകളും  ഇപ്പോഴും നിലനിൽക്കുന്നു.    
 
പാട്ടിൽ പാരമ്പര്യവും ആധുനികതയും  വിളക്കി ചേർത്തു എന്നതാണ് സംഗീത രംഗത്ത് ഗൗഹറിന്റെ സംഭാവന. പത്തോളം ഭാഷകളിൽ 600ൽ പരം പാട്ടുകൾ  റെക്കോർഡ്‌ ചെയ്തു.  ബീഗം അക്തർ ഉൾപ്പെടെയുള്ള  പ്രഗത്ഭ ഗായികമാർ ഗൗഹർ ജാനിനെ അനുകരിച്ചു. ഹംദം എന്ന തൂലികാ നാമത്തിൽ ഗൗഹർ ഗസൽ എഴുതി. പാട്ടുകൾ  കമ്പോസ്   ചെയ്‌തു. സംഗീത പണ്ഡിതൻ വി എൻ ഭാട്‌ഖാണ്ടേ ഗൗഹർ ജാനെ മികച്ച ഖയാൽ  ഗായികയായി വിലയിരുത്തുന്നു. ഗൗഹർ പാടിയ   ഭൈരവിയിലെ തുമ്രി മോരാ നാഹക് ലായേ ഗവൻവാ പ്രചരിച്ചത് ഗിരിജാദേവിയുടെ ആലാപനത്തിലൂടെയാണ്. ഗൗഹർ പാടി അനശ്വരമാക്കിയ  രാധേ കൃഷ്‌ണ ബോൽ മുഖ്സേ ഇപ്പോഴും ഭജൻ പ്രേമികളുടെ ഇഷ്ടഗാനം. പല ശബ‌്ദങ്ങളിലൂടെ ഇപ്പോഴും ഗൗഹർ ജാന്റെ പാട്ടുകൾ സംഗീത പ്രണയികളുടെ ഹൃദയത്തിൽ  ജീവിക്കുന്നു.
പ്രധാന വാർത്തകൾ
 Top