25 May Monday

കൂന്തൻകുളത്തെ ചിറകുള്ള മക്കൾ

സുരേഷ‌് ഗോപി sureshgopidbi@gmail.comUpdated: Sunday Feb 9, 2020

കൂന്തൻകുളത്ത്‌ ചേക്കേറിയ ദേശാടനപ്പക്ഷികൾ ഫോട്ടോ: ജോബി കട്ടേല

ഈ ദേശാടനപ്പക്ഷികൾ കൂന്തൻകുളം ഗ്രാമത്തിന്‌ അതിഥികളല്ല, മക്കളാണ്‌.  ഒക്‌ടോബർ മുതൽ ഏപ്രിൽവരെയുള്ള കാലം മുടങ്ങാതെയെത്തും  ഈ കുഞ്ഞുങ്ങൾ. പല ഭൂഖണ്ഡങ്ങളിലും പടർന്ന കാട്ടുതീച്ചൂടിൽനിന്ന്‌ രക്ഷപ്പെടുന്ന  പറവകൾക്ക്‌ ഈ ഗ്രാമം കൂടൊരുക്കുകയാണ്‌. ഒരു സീസൺ കഴിഞ്ഞാൽ തങ്ങളുടെ കുട്ടികളുടെ അടുത്ത വരവിന്‌ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ കൂന്തൻകുളത്തെക്കുറിച്ച്‌

ആമസോൺ മഴക്കാടുകളുടെ കരിഞ്ഞ ഭൂപടം. കഴിഞ്ഞവർഷം പ്രകൃതിസ്‌നേഹികളെ ഏറെ നൊമ്പരപ്പെടുത്തി ആ ചിത്രം. അതിന്റെ  നൊമ്പരച്ചൂട്‌ മാറുംമുമ്പ്‌ ഓസ്ട്രേലിയയിൽ 123.5 ലക്ഷം ഏക്കർ കത്തിയമർന്നു. കാട്ടുതീ നക്കിത്തുടച്ചത്‌ അരക്കോടിയോളം ജന്തുജാലങ്ങളെ. വെള്ളം കുടിച്ചുതീർക്കുന്നുവെന്നു പറഞ്ഞ്‌ ദയാവധം വിധിച്ചത്‌ അരലക്ഷം ഒട്ടകങ്ങൾക്ക്‌. അതിജീവിക്കാനായി ഒരിഞ്ച് മണ്ണിനോ ചേക്കേറാനൊരു ചില്ലയ്‌ക്കോവേണ്ടി പരക്കംപായുകയാണ്  ജീവജാലങ്ങൾ. 

ദേശാടനപ്പക്ഷികൾ ചിറകൊന്നൊതുക്കാൻ ഉലകംചുറ്റുമ്പോൾ തമിഴ്‌നാട്ടിലെ ഒരു ഗ്രാമം മാനംനോക്കിയിരിക്കുന്നു. മക്കൾ വരുന്നതും കാത്ത്‌. മക്കൾക്ക് പേരുകളില്ല. ദേശഭേദങ്ങളില്ല. അവർ ദേശാടനപ്പക്ഷികൾ. ലോകത്തിന്റെ ഏതുകോണിൽനിന്നും അവർ വരും. ആയിരക്കണക്കിനു കാതം ആകാശംതാണ്ടി പറന്നിറങ്ങും. 
 
തിരുനെൽവേലി ജില്ലയിലെ നാങ്കുനേരി താലൂക്കിലാണ് കൂന്തൻകുളം. പക്ഷികളെ മക്കളെപ്പോലെ സ്‌നേഹിച്ച്‌ പരിപാലിച്ച് വളർത്തിവിട്ട് അടുത്ത വർഷം അവർ വരുന്നതും കാത്തിരിക്കുന്ന പക്ഷികളുടെ ഗ്രാമം. കൂന്തൻകുളത്തെ പക്ഷിസങ്കേതത്തിലേക്ക് എത്തുന്നത് ലക്ഷക്കണക്കിനു ദേശാടനപ്പക്ഷികളാണ്. ഏക്കറുകളോളം പരന്നുകിടക്കുന്ന തണ്ണീർത്തടംതേടി പക്ഷികൾ പറന്നെത്തുന്നു. വർഷങ്ങളായി തുടരുന്ന ദേശാടനം. ലക്ഷ്യം തെറ്റാതെ...
ഓസ്ട്രേലിയ, റഷ്യയിലെ സൈബീരിയൻ മേഖല, ആർട്ടിക്പ്രദേശം, ജർമനി,  ഗ്രീസ്, ഈജിപ്ത്, മംഗോളിയ, പോളണ്ട്, ഫിൻലൻഡ്, ഉക്രെയ്‌ൻ, റുമാനിയ, തുർക്കി എന്നിവിടങ്ങളിൽനിന്നുമാണ് പക്ഷികൾ എത്തുന്നത്. കൂട്ടമായി എത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ പറക്കമുറ്റുംവരെ പോറ്റിവളർത്തിയാണ് മടക്കം. 
 

പലതരം ദേശാടനപ്പക്ഷികൾ

 
പെയിന്റഡ് സ്റ്റോർക്ക്, വൈറ്റ് ബ്രെസ്റ്റഡ് കിങ്‌ഫിഷർ, ഗ്രേറ്റർ ഫ്ളമിംഗോ, ഗ്രേ പെലിക്കൺ, കോമൺ റെഡ്ഷാൻക്, ഗ്രേ ഹെറോൺ, ഗ്രേറ്റ് ഇഗററ്റ്, ഇന്ത്യൻ മൂർഹെൻ, യെല്ലോ വാൾട്ടഡ് ലാപ്‌വിങ്, ലിറ്റിൽ ഇഗററ്റ്, കോമൺ സാൻഡ് പൈപ്പർ, പർപ്പിൾ ഹെറോൺ, യുറേഷ്യൻ സ്‌പൂൺബിൽ, ബാർഹെഡഡ് ഗൂസ്, ഗ്രേ പ്ലോവർ തുടങ്ങി അമ്പതോളം വർഗത്തിൽപ്പെട്ട പക്ഷികളാണ്  ഇവിടെയെത്തുന്നത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്ന്‌ പക്ഷികളെത്തും. പല രാജ്യങ്ങളിലും വേട്ടക്കാരുടെ തോക്കിൻമുനയിൽനിന്ന്‌ രക്ഷപ്പെട്ട് സുരക്ഷിതമായി താമസിച്ച് കുഞ്ഞുങ്ങളുമായി മടങ്ങുന്നവയാണ് അധികവും.
  

ഇതാണ്‌ സീസൺ

 
ഒക്ടോബർ–-നവംബർ മാസങ്ങളിൽ എത്തിത്തുടങ്ങുന്ന പക്ഷികൾ ഏപ്രിൽ അവസാനംവരെ ഗ്രാമത്തിലുണ്ടാകും. അപ്പോൾ ഏതുവീട്ടിലും പക്ഷികൾ വന്നു കയറും. ആരും ഉപദ്രവിക്കില്ല. മുറ്റത്തെ മരത്തിൽ കൂടുകൂട്ടും.10–-15 കിലോവരെ ഭാരമുള്ള പക്ഷികൾ ഏതുമരത്തിലും വന്നിരിക്കും. വീട്ടുമുറ്റങ്ങളിൽ വെളുത്ത കാഷ്‌ഠം നിറയും. രാവും പകലും  ശബ്‌ദകോലാഹലംതന്നെ. ആർക്കും പരിഭവമില്ല.  അവർ ഗ്രാമത്തിന്റെ ഐശ്വര്യമാണ്. ചെടിയും പൂവും കായുമെല്ലാം നശിപ്പിക്കും. കിഴങ്ങുകൾവരെ മാന്തിയെടുക്കും. മക്കൾ വരാത്ത വർഷം നാടുമുടിയുമെന്നാണ്  വിശ്വാസം. അത് അന്ധവിശ്വാസമല്ലെന്ന് കൂന്തൻകുളത്തുകാർ സാക്ഷ്യപ്പെടുത്തും. വരൾച്ചയാൽ വെന്ത വർഷങ്ങളിൽ വരവ് കുറയും. അക്കൊല്ലം ഇവിടെയും മഴയുണ്ടാകില്ല. നാട് വരണ്ടുണങ്ങും. ജീവിതം വഴിമുട്ടും. അതുകൊണ്ടാണ് ഈ നാട്‌ പക്ഷികളെ കാത്തിരിക്കുന്നത്. പക്ഷികൾ വന്നുപോയാൽ മണ്ണ് ഫലഭൂയിഷ്‌ഠമാകും. മഴ പെയ്യും. കൃഷി അഭിവൃദ്ധിപ്പെടും. കൂന്തൻകുളത്തുകാർക്ക് പക്ഷികളാണ് എല്ലാം. അവരുടെ സൗഖ്യവും അതിജീവനത്തിനുംതന്നെ ഇവർക്ക്‌ പ്രധാനം. ഏതോ നാട്ടിൽനിന്നു വന്ന് തടാകത്തിൽ നീന്തിത്തുടിച്ച് കൂടുവച്ച് മുട്ടയിട്ട് വിരിയിച്ച് പറക്കമുറ്റാറായ മക്കളെയുംകൊണ്ട് പെലിക്കണും ഫ്ളമിംഗോയുമെല്ലാം പറന്നകലുമ്പോൾ ആ ചിറകൊച്ചയിൽ ഗ്രാമത്തിന് സംതൃപ്തിയാകും. വീണ്ടും കാത്തിരിപ്പാണ് മക്കൾ വരുന്നതും നോക്കി. സൈബീരിയയിൽനിന്നും ഓസ്ട്രേലിയയിൽനിന്നും കിലോമീറ്ററുകൾക്കിപ്പുറമുള്ള കുഞ്ഞുഗ്രാമം തേടി ദേശാടനക്കിളികൾ എത്തിത്തുടങ്ങിയത് എന്നുമുതലാണ്? ആർക്കുമറിയില്ല. പ്രകൃതിയും മനുഷ്യനുമായുള്ള ജൈവബന്ധങ്ങൾക്ക് കാലദേശാതിർത്തികളുമില്ലല്ലോ. അതുകൊണ്ടാണ് ഓസ്ട്രേലിയയിൽ കാട്‌ കത്തുമ്പോൾ കുഞ്ഞുങ്ങളെയുംകൊണ്ട് പുറത്തുകടക്കാനായി വെപ്രാളപ്പെടുന്ന മക്കളുടെ വാർത്തകേട്ട് കൂന്തൻകുളം സങ്കടപ്പെടുന്നത്‌. 
 

പടക്കമില്ല, മൈക്കിൽ പാട്ടും ബാങ്കുവിളിയുമില്ല

 
തമിഴ്‌നാട്ടിലാകെ ദീപാവലിക്കും പൊങ്കലിനും പടക്കം പൊട്ടിച്ചും കൊട്ടും പാട്ടും ഡപ്പാംകുത്തുമാണെങ്കിൽ കൂന്തൻകുളത്ത്‌ അങ്ങനെയല്ല. ജല്ലിക്കട്ടുകാലത്തുപോലും പടക്കം പൊട്ടിക്കില്ല. മുട്ടയിട്ട് കുഞ്ഞുങ്ങളുമായിരുക്കുന്ന മക്കൾക്കത്‌ ശല്യമാകും. കുഞ്ഞുമക്കൾ പേടിക്കും. പടക്കക്കടയില്ലാത്ത ഏക ഗ്രാമവും കൂന്തൻകുളമായിരിക്കും. ക്ഷേത്രത്തിൽ മൈക്കില്ല. പള്ളിയിലെ ബാങ്കുവിളിക്ക് തൊട്ടടുത്ത വീടുകളിൽ കേൾക്കാൻമാത്രം ശബ്ദമുള്ള  ചെറിയ സൗണ്ട് ബോക്‌സുമാത്രം. എന്തിന് നാട്ടുകാർ ഉച്ചത്തിൽ കൂവി വിളിക്കാറില്ല. കുഞ്ഞുങ്ങൾ ഒച്ചയെടുത്ത് കരയാറുപോലുമില്ല. അമ്മമാർ ശാസിക്കും. കാരണം, മുറ്റത്തെ മരക്കൊമ്പിൽ കുഞ്ഞുങ്ങളുമായി എത്രയോ അമ്മപ്പക്ഷികൾ കൂടൊരുക്കിയിട്ടുണ്ട്. പക്ഷിക്കുഞ്ഞുങ്ങൾ താഴെ വീണാൽ പൂച്ചയോ പട്ടിയോ പിടിക്കില്ല. ആരെങ്കിലും എടുത്ത് തിരികെ കൂട്ടിൽ വയ്‌ക്കും. പക്ഷികൾ ചത്തുപോയാൽ പോസ്റ്റ്മോർട്ടം നടത്തി കാരണം കണ്ടുപിടിക്കും.  
വനംവകുപ്പിന്റെ കീഴിലാണ് കൂന്തൻകുളം പക്ഷിസങ്കേതം. 1994ലാണ് സർക്കാർ ഏറ്റെടുത്തത്. തിരുനെൽവേലിയിൽനിന്ന്‌ 35 കിലോമീറ്റർ ദൂരം. ഗ്രാമത്തിന്റെ ജലസ്രോതസ്സായ തടാകമാണ്  പക്ഷികളുടെ അഭയാരണ്യം. ആക്രമിക്കാൻ വരുന്ന കുറുക്കനെയും മറ്റും നാട്ടുകാർ ഓടിക്കും. മുട്ട മോഷ്ടിക്കാൻ വരുന്ന പരുന്തിനെയും കാക്കയെയും പക്ഷികൾ നേരിടും. വേനലിൽ തടാകത്തിൽ വെള്ളം കുറയും. പക്ഷികൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ കഴിയില്ല. മീനുകൾ ഉണ്ടാകില്ല. അപ്പോൾ സർക്കാർ ഇടപെടും. കിലോമീറ്റർ അകലെ ഡാമിൽനിന്ന്‌ തടാകത്തിൽ വെള്ളമെത്തിക്കും.  ദേശാടനക്കാലത്തിനുമുമ്പ്‌ ലക്ഷക്കണക്കിനു മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കും. അവ വളരുമ്പോഴേക്കും പക്ഷിക്കൂട്ടമണയും. ദേശാടകരെക്കുറിച്ച്‌ പഠിക്കാനെത്തുന്നവർക്ക്‌ നിരീക്ഷണഗോപുരം ഒരുക്കിയിട്ടുണ്ട്‌. 
 

ബാൽ പാണ്ഡ്യൻ

ബാൽ പാണ്ഡ്യൻ

ബാൽ പാണ്ഡ്യൻ, ദ ബേഡ് മാൻ

 
കൂന്തൻകുളത്തിനോടാപ്പംതന്നെ ചേർത്ത് വായിക്കണം ബാൽ പാണ്ഡ്യൻ എന്ന പേര്‌. പക്ഷികളെ സംരക്ഷിക്കാനായി സ്വന്തം ജീവിതം മാറ്റിവച്ച സാധാരണക്കാരൻ. പക്ഷികളെ കണ്ടുവളർന്ന ബാൽ പാണ്ഡ്യൻ കൃഷിപ്പണിക്കിടയിലും പക്ഷികളെ സംരക്ഷിക്കാൻ മുന്നോട്ടുവന്നു. ബാൽ പാണ്ഡ്യന് അറിയാത്ത പക്ഷികളില്ല. എല്ലാത്തിന്റെയും പേരും സ്വഭാവവും ഭക്ഷണരീതികളും കാണാപ്പാഠം. ഏതു കാലത്ത് അവ എത്തുമെന്ന്‌ കൃത്യമായി അറിയാം. 17 വയസ്സുമുതൽ പക്ഷികൾക്കൊപ്പമാണ്‌. ഉപദ്രവിക്കാനെത്തുന്ന മൃഗങ്ങളെ ഓടിച്ചുവിടും. മുറിവേറ്റവരെ പരിചരിക്കും.  നിരന്തര ബോധവൽക്കരണത്തിലൂടെയാണ്‌ ജനങ്ങളുടെ സഹകരണം ഉറപ്പിച്ചത്. ദേശാടനപ്പക്ഷികളുടെ സംരക്ഷണത്തിനായി നൽകിയ സംഭാവനകളെ മാനിച്ച് 1992ൽ വനംവകുപ്പ് കൂന്തൻകുളത്തുതന്നെ നിയമിച്ചു. 2012ൽ വിരമിച്ചെങ്കിലും പാണ്ഡ്യന് കൂന്തൻകുളം വിടാനാകില്ല. പക്ഷികളെ പരിചരിച്ചും സന്ദർശകർക്ക് അവയെ പരിചയപ്പെടുത്തിയും എപ്പോഴും ഹാജരുണ്ട്‌. ബാൽ പാണ്ഡ്യനെക്കുറിച്ച് 15 ഡോക്യുമെന്ററിയും ഹ്രസ്വചിത്രങ്ങളും പുറത്തിറങ്ങി.  55 അവാർഡാണ് അദ്ദേഹത്തിന്‌ കിട്ടിയത്. 

 

പ്രധാന വാർത്തകൾ
 Top