24 July Saturday

ശാസ്‌ത്രയുക്തിയിൽ അടിയുറച്ച്‌

കെ പി വേണു kpvenu@gmail.comUpdated: Sunday Feb 9, 2020

കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയിൽ ഇന്ത്യൻ ശാസ്‌ത്രകോൺഗ്രസ്‌ നടക്കുകയാണ്‌. വളരെ പണ്ടൊന്നുമല്ല, 1990ൽ. ശാസ്‌ത്ര കോൺഗ്രസിന്റെ അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി പ്രൊഫ. യശ്‌പാൽ. രാജ്യം കണ്ട എക്കാലത്തെയും മികച്ച ജനകീയ ശാസ്‌ത്ര പ്രചാരകൻ, യുജിസി അധ്യക്ഷൻ. കൺവീനറായി പ്രവർത്തിച്ചത്‌ അന്നത്തെ കുസാറ്റ് ഇലക്ട്രോണിക്‌സ്‌ വകുപ്പ് ഡയറക്ടർ  പ്രൊഫ. കെ ജി നായർ. സയൻസ് ഇൻ സൊസൈറ്റി എന്ന സെഷനിൽ യശ്പാൽ  നിർദേശംവച്ചു, സമൂഹത്തിലാകെ ശാസ്‌ത്രപ്രചാരണത്തിനായി കുസാറ്റിൽ ഒരു കേന്ദ്രമുണ്ടാക്കണം; യുജിസി സഹായിക്കും. എന്നാൽ, സമൂഹത്തിനായല്ല സ്‌കൂൾ വിദ്യാർഥികൾക്കായാണ് ഇത്തരമൊരു കേന്ദ്രം വേണ്ടതെന്ന് കെ ജി നായർ വാദിച്ചു. അടിസ്ഥാന ശാസ്‌ത്രതത്വങ്ങളെയും ശാസ്‌ത്ര പ്രതിഭകളെയും അറിഞ്ഞ വിദ്യാർഥികളിലൂടെ സമൂഹത്തിൽ ശാസ്‌ത്രപ്രചാരണം എളുപ്പമാകുമെന്ന യുക്തി അവസാനം യശ്പാൽ അംഗീകരിച്ചു.

ആ ഇടപെടലാണ്‌ ശാസ്‌ത്രസമൂഹകേന്ദ്രം എന്ന ആശയത്തിലേക്ക്‌ നയിച്ചത്‌. ഇന്ത്യയിലെ മറ്റൊരു സർവകലാശാലയ്‌ക്കും അർഹതപ്പെടാൻ കഴിയാത്ത ഒരിടം.   

 ദീർഘകാലം കുസാറ്റിൽ അധ്യാപകനായിരുന്ന പ്രൊഫ. കെ ജി നായരുടെ ജീവിതം ശാസ്‌ത്രാധ്യാപനത്തിനും പ്രചാരണത്തിനുമായി സമർപ്പിച്ചതാണ്‌. ശാസ്‌ത്രം കുട്ടികളിലും സാധാരണക്കാരിലുമെത്തിക്കാൻ കവിയായും കഥാകാരനായും നിരവധി പുസ്‌തകങ്ങളുടെ കർത്താവായും പരിഭാഷകനായും പ്രവർത്തിച്ചു.  മൈക്രോവേവ് ആന്റിന പഠനശാഖയുടെ ഗുരു. അദ്ദേഹത്തിന് ആദരമായി ഒരു അന്താരാഷ്ട്ര സെമിനാർ കുസാറ്റ് ഇലക്ട്രോണിക്‌സ്‌ വിഭാഗം എല്ലാ വർഷവും നടത്തുന്നുണ്ട്.
 
എല്ലാ ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞ് 86–--ാം വയസ്സിൽ തൃക്കാക്കര ക്ഷേത്രത്തിനടുത്ത് നന്ദനം വീട്ടിൽ,  മറവിരോഗവുമായി മല്ലിട്ട്  കഴിയുകയാണിപ്പോൾ. സംസാരിക്കുമ്പോൾ ഓർമയുടെ കണ്ണികൾ മുറിയും. അപ്പോൾ അന്വേഷിക്കും, അടുത്ത അവറിൽ ആരുടെ ക്ലാസാണെന്ന്‌. ചിലപ്പോൾ കുട്ടികളോട് ശബ്‌ദമുണ്ടാക്കരുതെന്ന് പറയാൻ പറയും. ശാസ്‌ത്ര സമൂഹ കേന്ദ്രത്തിലെത്തുന്ന  കുട്ടികൾ മറവിയുടെ മറയ്‌ക്കുള്ളിലും കലപില കൂട്ടുന്നു. നാലുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്കായി മധ്യവേനലവധിയിൽ ശാസ്‌ത്രാഭിമുഖ്യ - പ്രാപ്തി വികസന പദ്ധതി, സ്‌കൂളുകൾക്കായി ഏകദിന സമ്പർക്ക പരിപാടി, അധ്യാപകർക്ക് മൂന്നുദിവസം നീണ്ടുനിൽക്കുന്ന ശാസ്‌ത്രപോഷിണി; പഠനോപകരണ രൂപകൽപ്പനാ ക്ലാസുകൾ എന്നിവ സെന്ററിൽ നടക്കുന്നുണ്ട്. 28 വർഷത്തിനിടെ രണ്ടു ലക്ഷത്തിലേറെ സ്‌കൂൾ വിദ്യാർഥികളും  പന്ത്രണ്ടായിരത്തോളം അധ്യാപകരും മൂവായിരത്തോളം സ്‌കൂളുകളെ പ്രതിനിധാനംചെയ്‌ത്‌ ശാസ്‌ത്രസമൂഹകേന്ദ്രം സന്ദർശിച്ചു. അടിസ്ഥാന ശാസ്‌ത്ര പ്രചാരണരംഗത്ത്   മറ്റൊരു സർവകലാശാലയ്‌ക്കും അവകാശപ്പെടാനാകാത്ത നേട്ടം!
   
കുസാറ്റിലെ ശാസ്‌ത്രസമൂഹ കേന്ദ്രം സന്ദർശിച്ച വിദ്യാർഥികൾ (ഫയൽ ചിത്രം)

കുസാറ്റിലെ ശാസ്‌ത്രസമൂഹ കേന്ദ്രം സന്ദർശിച്ച വിദ്യാർഥികൾ (ഫയൽ ചിത്രം)

കുട്ടനാട്ടിൽ വടക്കൻ വെളിയനാട്ട് കുഞ്ചുപിള്ളയുടെയും ജാനകിയമ്മയുടെയും ഏകമകൻ. ഭക്ഷണത്തിന് പ്രയാസമില്ലെങ്കിലും പണത്തിന് വലിയ ഞെരുക്കമുള്ള കുട്ടിക്കാലം. അമ്മാവന്റെ ഹോട്ടലിൽ സഹായിയായി. കണക്കിനോടായിരുന്നു കമ്പം. പത്താംക്ലാസ് പരീക്ഷയിൽ സംസ്ഥാന റാങ്കിനൊപ്പം മാർക്ക് നേടിയെങ്കിലും തോറ്റു. കണക്കിന് 98 മാർക്ക് കിട്ടിയപ്പോൾ ഹിന്ദി ചതിച്ചു. രണ്ടാമത് എഴുതിയാണ് പാസായത്.
 
പത്ത് കഴിഞ്ഞാൽ അന്ന് നാട്ടുനടപ്പ് ആരോഗ്യമുണ്ടെങ്കിൽ പട്ടാളത്തിൽ ചേരലാണ്. തിരുവനന്തപുരത്ത് സെലക്‌ഷനുവേണ്ടി പോയി. പരിശോധനയുടെ പല ഘട്ടങ്ങൾ പിന്നിട്ട് തെരഞ്ഞെടുക്കും എന്നായപ്പോൾ  യുദ്ധത്തെക്കുറിച്ചോർത്ത് പേടിയായി. ഓഫീസർമാരുടെ കണ്ണുവെട്ടിച്ച്  മുങ്ങി.
പിന്നീട് പഠനത്തിനൊപ്പം സുഡന്റ്സ് ഫെഡറേഷൻ പ്രവർത്തനവും. ഫിസിക്‌സിൽ നല്ല മാർക്കോടെ ബിരുദം. പിജി പ്രവേശനത്തിന് തിരുവനന്തപുരം എംജി കോളേജിലെ ലിസ്റ്റ് വന്നു. പക്ഷേ, പേരില്ല. തന്നേക്കാൾ മാർക്ക് കുറഞ്ഞവർ ലിസ്റ്റിലുണ്ട്. പ്രിൻസിപ്പൽ കർക്കശക്കാരൻ. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞാൽ ലിസ്റ്റ് തിരുത്തുമെന്നുറപ്പ്. പക്ഷേ, കാണാൻ അനുമതി കിട്ടില്ല.
 
വിശദമായ അന്വേഷണത്തിൽ ഒരു വഴിതെളിഞ്ഞു. അദ്ദേഹം അതിരാവിലെ പത്രമെടുക്കാൻ ഗേറ്റിൽ വരും. അവിടെവച്ച് കാണാം. അങ്ങനെ വെളുപ്പിന്  വീടിനടുത്ത് നിൽപ്പുറപ്പിച്ചു. ആറു മണിക്ക്‌ അദ്ദേഹമെത്തി. അദ്ദേഹം എന്താണ് എന്ന മട്ടിൽ ഒരു നോട്ടം. കാര്യം ചുരുക്കിപ്പറഞ്ഞു. പത്തു മണിക്ക് ഓഫീസിലെത്താൻ കല്പന. അന്നത്തെ കൂടിക്കാഴ്‌ചയിൽ പിജി റാങ്ക് ലിസ്റ്റിലെ തെറ്റ് തിരുത്തി.
  
കുസാറ്റ് ഫിസിക്‌സ്‌ വകുപ്പിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുമ്പോൾ ഡൽഹി സർവകലാശാലയിലും കേരളത്തിന്റെ സമാന്തര വിദ്യാഭ്യാസസ്ഥാപനമായ ഔവർ കോളേജിലും  പഠിപ്പിച്ചിരുന്നു. ഡോ. കെ ജി എൻ മേധാവിത്വത്തിലാണ്‌ കുസാറ്റിൽ ഇലക്ടോണിക്‌സ്‌ വിഭാഗം തുടങ്ങുന്നത്.  1991ൽ ശാസ്‌ത്ര സമൂഹകേന്ദ്രം പ്രവർത്തനമാരംഭിച്ചതുമുതൽ ഡോ. നായർ അതിന്റെ ചുമതലക്കാരനാണ്. ഒരു ഔദ്യോഗികചുമതല എന്നതിലുപരി സ്വന്തം ശരീരഭാഗംതന്നെയായിരുന്നു അദ്ദേഹത്തിനത്‌.  ഏതാനും മാസംമുമ്പുവരെ അദ്ദേഹം  ഓണററി ഡയറക്ടറായി ശാസ്‌ത്ര സമൂഹകേന്ദ്രത്തിലുണ്ടായിരുന്നു.
  
1994ൽ ആണ് കുസാറ്റ് ക്യാമ്പസിൽ സ്റ്റിക് (സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ്‌ ഇൻസ്ട്രുമെന്റേഷൻ സെന്റർ) തുടങ്ങുന്നത്. വ്യാവസായികോപകരണങ്ങളുടെയും ലാബ് ഉപകരണങ്ങളുടെയും കൃത്യത നിർണയിക്കാനും ഗവേഷണഫലങ്ങളുടെ വിശകലനത്തിനുമായി സംസ്ഥാനത്താദ്യത്തെ കേന്ദ്രം. പ്രധാനമായും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ്   പ്രവർത്തിക്കുന്നത്‌. ഈ സ്ഥാപനത്തിന്റെ പ്രോജക്ട് രൂപകൽപ്പനമുതൽ ഓരോ ഘട്ടത്തിലും കെ ജി നായരുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. 94ൽ ഇലക്ട്രോണിക്സിൽനിന്ന് വിരമിച്ചു.
   
ഡോ. വെളിയനാട് ഗോപാലകൃഷ്ണൻ എന്ന പേരിലായിരുന്നു രചനകൾ. ശാസ്‌ത്രകാരന്മാരുടെ ജീവിതകഥകളെ മുൻനിർത്തി 1960ൽ എഴുതിയ ‘ശാസ്‌ത്രവീഥിയിലെ നാഴിക്കല്ലുകൾ' നിരവധി പതിപ്പുകളാണ് ഇറങ്ങിയത്.
 
കുട്ടനാടിന്റെ പശ്ചാത്തലത്തിൽ എഴുതിയ ഇടതുപക്ഷ രാഷ്ട്രീയചായ്‌വ്‌ പ്രകടമാക്കുന്ന മറ്റൊലി പത്തു കവിതകളുടെ സമാഹാരമാണ്. തെളിഞ്ഞ ഭാഷയിൽ ലളിതപദങ്ങളിൽ വൃത്തഭംഗി ചോരാതെയുള്ള കവിതകൾ  യൗവനകാലത്ത് എഴുതിയവാണ്. 
പത്തു ശാസ്‌ത്രകവിതകളുടെ സമാഹാരമായ ശാസ്‌ത്രസ്‌പന്ദനത്തിന്‌ അവതാരിക എഴുതിയത്‌ പ്രൊഫ.  കെ സാനു ആണ്‌. ശാസ്‌ത്രസാഹിത്യ പരിഷത് പ്രസിദ്ധീകരണങ്ങളിലും നിരന്തരം അദ്ദേഹം എഴുതി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാസ്‌ത്രഗ്രന്ഥങ്ങളുടെ പരിഭാഷകനായും പ്രവർത്തിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top