25 May Monday

ഫ്യൂഡൽകാലത്തെ നവോത്ഥാന നക്ഷത്രങ്ങൾ

സുനീഷ്‌ ജോUpdated: Sunday Feb 9, 2020

നവോത്ഥാനം രൂപപ്പെട്ടതും അതിനിടയാക്കിയ സാഹചര്യവും വിശദമായി പ്രതിപാദിക്കുന്ന ലേഖനവും പുസ്‌തകത്തിലുണ്ട്‌. ശകുന്തളാദേവിയെ ക്കുറിച്ചുള്ള അധ്യായത്തിൽ പഴയ തിരുവിതാംകൂറിൽ നിലനിന്ന ഊഴിയംവേല യെക്കുറിച്ചും അതിനെതിരെ നടന്ന സമരത്തെക്കുറിച്ചും വിശദമായി വിവരിക്കുന്നു

അവർണരെന്ന്‌ കണക്കാക്കപ്പെട്ടവർക്ക്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെയും ചായക്കടയിൽ ചിരട്ടയിലായിരുന്നു ചായ നൽകിയിരുന്നത്‌. ഇതിനെതിരെ സ്വന്തമായി ചായക്കടയുണ്ടാക്കി ഗ്ലാസിൽ ചായ നൽകി വർക്കല രാഘവൻ പ്രതിഷേധിച്ചു. മനുസ്‌മൃതി സംസ്‌കാരത്തെ വെല്ലുവിളിച്ചു. കുറവരെ സംഘടിപ്പിച്ച്‌ അവരുടെ ശബ്‌ദം പ്രജാസഭവരെ എത്തിച്ചു. ദാരിദ്ര്യത്തിൽനിന്നും അടിച്ചമർത്തപ്പെട്ട സാമൂഹ്യാവസ്ഥയിൽനിന്നും ഉയർന്നുവന്ന ആ ജീവിതത്തിലൂടെ കടന്നുപോകുന്നവർക്ക്‌ കേരളം താണ്ടിയ അയിത്തത്തിന്റെയും അനാചാരത്തിന്റെയും യാതനയുടെയും ദയനീയചിത്രം കാണാനാകും. സാമൂഹ്യജീവിതത്തിൽ തുല്യതയ്‌ക്കുവേണ്ടിയുള്ള നിരന്തരസമരങ്ങൾ എത്രയെത്ര. അങ്ങനെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധി നവോത്ഥാന നക്ഷത്രങ്ങളെ പരിചയപ്പെടുത്തുന്ന പുസ്‌തകമാണ്‌ പ്രൊഫ. വി കാർത്തികേയൻനായരുടെ ‘സാമൂഹ്യപരിഷ്‌കരണവും കേരളീയ നവോത്ഥാനവും.’

 ശകുന്തളാദേവിയെക്കുറിച്ചുള്ള അധ്യായത്തിൽ പഴയ തിരുവിതാംകൂറിൽ നിലനിന്ന ഊഴിയംവേലയെക്കുറിച്ചും അതിനെതിരെ നടന്ന സമരത്തെക്കുറിച്ചും വിവരിക്കുന്നു. കൂലി കൊടുക്കാതെ തൊഴിലാളികളെ ചൂഷണം ചെയ്യാൻ സവർണ ജന്മികൾക്കും അധികാരികൾക്കും അവസരമൊരുക്കുന്നതായിരുന്നു ഊഴിയംവേല. പറയുന്ന ജോലി അവധിയില്ലാതെ ചെയ്യണം. ക്രൂരതകൾ ഏറെയും  അനുഭവിച്ചത്‌ ചാന്നാർ വിഭാഗക്കാർ. ക്രൂരനിയമങ്ങളിൽനിന്ന്‌ രക്ഷതേടി ചാന്നാന്മാരെ കൂടാതെ കുറവ, പുലയ, പറയ വിഭാഗക്കാരും ക്രിസ്‌തുമതത്തിലേക്ക്‌ ആകർഷിക്കപ്പെട്ടു. ഇങ്ങനെ പോകുന്നവർക്ക്‌ ഊഴിയംവേല പോലുള്ള ജോലികളിൽനിന്ന്‌ ഇളവ്‌ അനുവദിക്കണമെന്ന്‌ മിഷണറിമാർതന്നെ രാജാവിനോടും ബ്രിട്ടീഷ്‌ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. കൂടാതെ അവർക്ക്‌ മേൽവസ്‌ത്രം ധരിക്കാനും പൊതുനിരത്തിൽ സഞ്ചരിക്കാനും സ്വാതന്ത്ര്യം ലഭിച്ചു. ഇത്തരം മാറ്റങ്ങൾ സൂക്ഷ്‌മമായി തന്നെ ഗ്രന്ഥകർത്താവ്‌ രേഖപ്പെടുത്തുന്നുണ്ട്‌.

ഊഴിയംവേലയ്‌ക്കെതിരെ സമരം ചെയ്‌ത്‌ ജീവൻ നഷ്ടപ്പെട്ട പോരാളിയാണ്‌ ശകുന്തളാദേവി. കന്യാകുമാരി ജില്ലയിൽ ജനിച്ച അവർ  വിവാഹത്തോടെ നെയ്യാറ്റിൻകരയിലെത്തി. 1828 ഡിസംബർ 21ന്‌ പത്മനാഭപുരം കൊട്ടാരത്തിലെ ആനകൾക്ക്‌ ഓല ചുമന്ന്‌ കൊണ്ടുപോയി കൊടുക്കാൻ പ്രമാണിമാർ ആവശ്യപ്പെട്ടു. തച്ചൻവിള കുടുംബാംഗത്തിലെ രണ്ടുപേർ ഇത്‌ തടഞ്ഞു. പിന്തിരിഞ്ഞുപോയ പ്രമാണിമാർ പിറ്റേന്ന്‌ പടയുമായി എത്തി. അക്രമം ഭയന്ന്‌ വീടുകളിൽനിന്ന്‌ പുരുഷന്മാർ മാറി. വീട്ടിൽ കുട്ടികൾക്കൊപ്പമായിരുന്നു ശകുന്തളാദേവി. പ്രതിരോധിച്ച കളരിയാശാൻമാരെ കൈയിൽ കിട്ടാതിരുന്നപ്പോൾ ഇവർക്ക്‌ നേരെയായി അക്രമം. അവർ മേൽവസ്‌ത്രം ധരിച്ചതും പ്രമാണിമാരെ പ്രകോപിപ്പിച്ചു. ഉടവാളുമായി അവർ പൊരുതി. വലിയ സംഘത്തോട്‌ പിടിച്ചുനിൽക്കാൻ കഴിയാതെ വീണു. അവരെ മരുതൂർ കുനിച്ചിയിലെ പ്ലാവിൽ കെട്ടിയിട്ടു മർദിച്ചു. അരിശം തീരാതെ പട്ടാളത്തലവൻ പ്ലാവിൽ തലകീഴായി കെട്ടിത്തൂക്കി.  അവർ പിടഞ്ഞുമരിച്ചു, 45ാം വയസ്സിൽ. മരണവാർത്ത അറിഞ്ഞ്‌ ഒളിവിൽ പോയവർ തിരിച്ചെത്തി. തുടർന്ന്‌ യുദ്ധമായി. രാജാവിന്റെ പടയും  സാധാരണ മനുഷ്യരും ഏറ്റുമുട്ടി. 300 പേരോളം മരിച്ചു. ശകുന്തളാദേവിയുടെ കുടുംബക്കാരായ പത്തുകളരിയാശാൻമാരും കൊല്ലപ്പെട്ടു. കാലങ്ങളായി ഉരുണ്ടുകൂടിയിരുന്ന അമർഷത്തിന്‌ പെട്ടെന്ന്‌ തീ പിടിപ്പിച്ചത്‌ ശകുന്തളാദേവിയുടെ രക്തസാക്ഷിത്വമാണ്‌. സമരങ്ങളുടെ ഫലമായി 1854ൽ തിരുവിതാംകൂറിൽ ഊഴിയംവേല നിരോധിച്ചു.
 
അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെയോ, തിരിച്ചറിയപ്പെടാതെയോപോയ  38  പേരെ പുസ്‌തകം അവതരിപ്പിക്കുന്നു. ഗവേഷണം നടത്തി കണ്ടെത്തി അത്തരം ആളുകളെ അവതരിപ്പിച്ചതിലൂടെ വലിയ സംഭാവനയാണ്‌ചരിത്രാധ്യാപകൻകൂടിയായ കാർത്തികേയൻനായർ നൽകിയത്‌.
പ്രധാന വാർത്തകൾ
 Top