25 July Sunday

അർഥ്‌ പ്രണയവും പ്രത്യാശയും വിഭ്രാന്തിയും

കെ ബി വേണു venukarakkatt@gmail.comUpdated: Sunday Feb 9, 2020

 ‘‘നിങ്ങൾ എന്നോടു കാണിച്ച നെറികേട് എന്റെ ഭാഗത്തുനിന്നാണുണ്ടായതെങ്കിൽ ഇതുപോലെ മടങ്ങിവന്ന് മാപ്പപേക്ഷിച്ചാൽ എന്നെ സ്വീകരിക്കുമായിരുന്നോ?'' 

ശിലാസമാനമായ നിസ്സംഗതയോടെ പൂജ ചോദിച്ചു. ഒരു നിമിഷം ആലോചിച്ചശേഷം ഭർത്താവ് ഇന്ദർ പറഞ്ഞു–- ‘‘ഇല്ല''

‘‘ഗുഡ് ബൈ, ഇന്ദർ''–- പൂജ തിരിഞ്ഞു നടന്നു.
 
ജഗ്‌ജിത്‌ സിങ്‌

ജഗ്‌ജിത്‌ സിങ്‌

ആ വിടവാങ്ങലിൽ സ്‌ത്രീ–- പുരുഷബന്ധങ്ങളെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചുമുള്ള പരമ്പരാഗത ബോളിവുഡ് വ്യവഹാരങ്ങൾ തിരശ്ശീലയിൽ തകർന്നുവീണു. ദാമ്പത്യത്തിനും വിവാഹയിതര ബന്ധങ്ങൾക്കുമിടയിൽ ഊഞ്ഞാലാടിക്കളിക്കുന്ന ഭർത്താവിനെ അവസാനനിമിഷത്തിലെ പശ്ചാത്താപ പ്രകടനത്തിന്റെ പിൻബലത്തോടെ വീണ്ടും ഭാര്യയുമായി ചേർക്കുന്ന ഇന്ത്യൻ ചലച്ചിത്ര സമവാക്യം തിരുത്തിയെഴുതിയ സിനിമകളിലൊന്നായ മഹേഷ് ഭട്ടിന്റെ അർഥ് (1982) സംവിധായകന്റെതന്നെ ജീവിതാനുഭവങ്ങളുടെ വേദന കിനിയുന്ന ഒരധ്യായമാണ്. 1970കളിലും 1980കളിലും ബോളിവുഡിലെ താരറാണിയായിരുന്ന പർവീൺ ബാബിയുമായി ഭട്ടിനുണ്ടായിരുന്ന പ്രക്ഷുബ്‌ധമായ വിവാഹിതര ബന്ധത്തിന്റെ നീറുന്ന ഓർമകൾ. ബാല്യകാലസഖികൂടിയായ ഭാര്യ കിരണിനെയും മകളെയും ഉപേക്ഷിച്ചാണ് ഭട്ട് പർവീണുമായി ബന്ധമാരംഭിച്ചത്. 
 
സ്‌കിസോഫ്രേനിയയുടെയും സംശയരോഗത്തിന്റെയും നീരാളിപ്പിടിത്തത്തിലായിരുന്നു പർവീൺ ബാബി എന്ന് ഭട്ട് താമസിയാതെ തിരിച്ചറിഞ്ഞു. അമിതാഭ് ബച്ചൻ അടക്കം പലരും തന്നെ വധിക്കാൻ ഗൂഢാലോചന നടത്തുന്നതായി അവർ വിശ്വസിച്ചു. പലപ്പോഴും അക്രമാസക്തയായി പെരുമാറിയിട്ടും പർവീണുമായുള്ള ‘അപകടകരമായ' ബന്ധം ഭട്ട് നാലുവർഷത്തോളം തുടർന്നു. ഒടുവിൽ അതവസാനിച്ചു. മനസ്സിൽ ആഴത്തിലേറ്റ മുറിവുകളെ വീണ്ടും കുത്തിനോവിച്ചുകൊണ്ട് മഹേഷ് ആ ബന്ധത്തിന് ചലച്ചിത്രാവിഷ്‌കാരം നൽകിയപ്പോഴാണ് ഇന്ത്യൻ മധ്യവർത്തി സിനിമയിലെ നാഴികക്കല്ലുകളിലൊന്നായ അർഥ് സംഭവിച്ചത്.
 
പരസ്യചിത്രങ്ങളുടെ സംവിധായകനായ ഇന്ദർ മൽഹോത്ര (കുൽഭൂഷൺ ഖർബന്ദ) ഭാര്യ പൂജ (ശബാന ആസ്‌മി)യെ ഉപേക്ഷിച്ച് നടിയും മോഡലുമായ കവിത സന്യാലിനോടൊപ്പം (സ്‌മിത പാട്ടീൽ) ജീവിക്കാൻ തീരുമാനിക്കുന്നു. വൈകാരികമായും സാമ്പത്തികമായും ഭർത്താവിനെ ആശ്രയിച്ചുകഴിയുന്ന ഏതൊരു ഇന്ത്യൻ സ്‌ത്രീയെയുംപോലെ ആദ്യം ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്നുണ്ടെങ്കിലും അടിച്ചേൽപ്പിക്കപ്പെട്ട ഏകാന്തജീവിതവുമായി പൊരുത്തപ്പെടുകയും പ്രതിസന്ധികളെ ഒന്നൊന്നായി നേരിടുകയും ചെയ്യുന്ന പൂജയാണ് സിനിമയുടെ കേന്ദ്രസ്ഥാനത്ത്‌.  ഭാര്യയോടും മകളോടും ചെയ്‌ത അനീതിക്ക് പ്രായശ്ചിത്തമെന്നോണം ഇന്ദർ എന്ന കഥാപാത്രത്തെ വ്യക്തിത്വവും അഭിപ്രായസ്ഥിരതയുമില്ലാത്ത ഭർത്താവായി ഭട്ട് അവതരിപ്പിച്ചു. ഇന്ദറിന്റെ കാമുകി കവിതയാകട്ടെ പർവീൺ ബാബിയുടെ മാനസികാസ്വാസ്ഥ്യങ്ങൾ ഏതാണ്ട് അതേപടി പേറുന്ന അക്രമാസക്തയായ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു. മൂവരുടെയും ഇരുണ്ട ജീവിതങ്ങൾക്കിടയിലെ രജതരേഖയായി കടന്നുവരുന്നത് രാജ് (രാജ് കിരൺ) എന്ന ഗായകനാണ്. പൂജയെക്കുറിച്ചുള്ള സംവിധായകന്റെ നിരീക്ഷണങ്ങൾ പലപ്പോഴും രാജ് ആലപിക്കുന്ന ഗാനങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നു. 
 
രാജിനെ ഒരു പാർടിയിൽവച്ചാണ് പൂജ പരിചയപ്പെടുന്നത്. കവിതയോടൊപ്പം പരസ്യമായി ആ മധുപാനസദിരിൽ പങ്കെടുക്കാൻ ഇന്ദറും എത്തിയിരുന്നു. ഏകാന്തതയും അപമാനവുംകൊണ്ട്‌ വീർപ്പുമുട്ടുന്ന പൂജയുടെ മനസ്സ്‌ വായിച്ചിട്ടെന്നോണം രാജ് പാടുന്നു...
 
കോയി യേ കൈസേ ബതായെ കെ, വൊ തന്ഹാ ക്യൂം ഹൈ?
വോ ജോ അപ്‌നാ ഥാ വോ ഹി, ഓർ കിസി കാ ക്യൂം ഹൈ?
ഒറ്റപ്പെടലിനെ എങ്ങനെ നിർവചിക്കുമെന്ന ചോദ്യത്തോടെയാണ് കൈഫി ആസ്‌മി എഴുതി ജഗ്ജിത് സിങ്‌ ഈണം പകർന്ന് അദ്ദേഹംതന്നെ ആലപിച്ച ഈ ഗസൽ തുടങ്ങുന്നത്. ഇന്നലെവരെ സ്വന്തമെന്നു കരുതിയത് ഇന്ന് അന്യാധീനമായിരിക്കുന്നു. 
ദിൽ–-എ–-ബർബാദ് സെ നികലാ നഹീ അബ് തക് കോയീ
ഇക് ലുടേ ഘർ പേ ദിയാ കർതാ ഹേ, ദസ്‌തക് കോയി
ആസ് ജോ ടൂട് ഗയീ ഫിർ സേ, ബന്ധാതാ ക്യൂം ഹൈ?
 
കൈഫി ആസ്‌മി

കൈഫി ആസ്‌മി

പൊട്ടിച്ചെറിഞ്ഞ പ്രത്യാശയുടെ ചരട് വീണ്ടും കൂട്ടിക്കെട്ടുന്നതെന്തിനെന്ന ആത്മഗതത്തോടെ രാജ് ഗസൽ ഉപസംഹരിക്കുമ്പോഴേക്ക്‌ പൂജ മൂന്നു പെഗ്ഗിന്റെ ലഹരിയിൽ ആടിയാടി ഇന്ദറിനും കവിതയ്‌ക്കും അടുത്തെത്തി. വ്യംഗ്യമായെങ്കിലും കവിതയെ അഭിസാരികയെന്നു വിളിക്കുന്നതുവരെയെത്തി അവളുടെ രോഷപ്രകടനം. അന്നു രാത്രി കവിത അമിതമായി ഗുളിക വിഴുങ്ങി ആത്മഹത്യക്കു ശ്രമിച്ചു. പിറ്റേന്ന് ക്രുദ്ധനായി വീട്ടിലെത്തിയ ഇന്ദറിൽനിന്ന് പൂജ ഒരു കാര്യം മനസ്സിലാക്കി. ഇന്ദർ അടുത്തിടെ വാങ്ങി തനിക്കു സമ്മാനിച്ച പുതിയ ഫ്ളാറ്റ് കവിതയുടെ ഔദാര്യമാണ്. ആ നിമിഷംമുതൽ പൂജ തന്റെ ജീവിതം പുനർനിർവചിച്ചു തുടങ്ങി. ഫ്ളാറ്റിന്റെ താക്കോൽ വേലക്കാരിവശം ഇന്ദറിനു കൊടുത്തയച്ച് അവൾ ഒരു വർക്കിങ് വിമൻസ് ഹോസ്റ്റലിലേക്ക്‌ താമസം മാറി. അവിടെയും ഒരിക്കൽ ഇന്ദർ വന്നു. കവിതയുടെ സംശയരോഗം കലശലായിരിക്കുന്നു. ഇന്ദർ വീട്ടിൽനിന്ന് ഇറങ്ങിയാൽ പൂജയ്‌ക്കൊപ്പമാണെന്ന് അവൾ കരുതുന്നു. അതുകൊണ്ട് കവിതയെ ബോധ്യപ്പെടുത്താൻവേണ്ടി വിവാഹമോചനത്തിനുള്ള കടലാസുകളിൽ പൂജ ഒപ്പുവയ്‌ക്കണം. ഒപ്പിടുമ്പോൾ അന്നത്തെ തീയതി ഇന്ദർ പറഞ്ഞുകൊടുക്കുന്നുണ്ട്. അന്ന് പൂജയുടെ പിറന്നാളാണെന്ന് അയാൾ ഓർക്കുന്നേയില്ല. വിവാഹമോചനരേഖയിലെ തന്റെ കോപ്പിയുമായി പോകാനൊരുങ്ങവെ പൂജ പറയുന്നു –- ‘‘പാവം കവിത. നിങ്ങൾക്കൊപ്പം പവിത്രമായൊരു വിവാഹജീവിതം കൊതിക്കുന്നു.
 
ഇതുപോലൊരു കടലാസ്സിൽ അവസാനിക്കാനുള്ളതേയുള്ളൂ എന്നോർക്കാതെ...'' 
 
ജീവിതത്തോടുള്ള പരിഹാസംനിറഞ്ഞ കരയുന്ന ചിരിയോടെ പൂജ അവിടെനിന്ന്‌ പോകുന്നത് അവളുടെ ജന്മദിനമാഘോഷിക്കാൻ തയ്യാറെടുത്തു കാത്തിരിക്കുന്ന രാജിന്റെ വീട്ടിലേക്കാണ്. ഒരു ഗാനാലാപത്തോടെ രാജ് അവളെ സ്വീകരിക്കുന്നു. 
 
തും ഇത്‌ന ജോ മുസ്‌കുരാ രഹേ ഹോ 
ക്യാ ഗം ഹൈ ജിസ്‌കോ ഛുപാ രഹേ ഹോ
ആംഖോം മേ നമീ, ഹസീ ലബോം പേ
ക്യാ ഹാല് ഹേ, ക്യാ ദിഖാ രഹേ ഹോ... 
 
പുഞ്ചിരിക്കുള്ളിൽ അവളൊളിപ്പിച്ച മിഴിനീർ നനവ് അയാൾ തിരിച്ചറിഞ്ഞിരിക്കുന്നു. കാലം സുഖപ്പെടുത്താനൊരുങ്ങുന്ന മുറിവുകളെ വീണ്ടും കുത്തിനോവിക്കരുതെന്നും വിധിയെ പൊരുതിത്തോൽപ്പിക്കണമെന്നും പറയുന്നു, മനോഹരമായ ഈ ഗസൽ.
 
രേഖാവോം കേ ഖേല് ഹേ മുകദ്ദർ
രേഖാവോം സേ മാത് ഖാ രഹേ ഹോ
 
കവിത തുളുമ്പുന്ന ഒരു പ്രണയാഭ്യർഥനയാണ് രാജിന്റെ അടുത്ത ഗസൽ. വിവാഹിതയും പരിത്യക്തയുമായ പൂജയോട് അവളനുഭവിക്കുന്ന വേദനയുടെയും ഏകാന്തതയുടെയും ആഴമറിഞ്ഞുകൊണ്ട് അയാൾ പറയുന്നു...
   
ഝുകീ ഝുകീ സി നസർ ബേക്കരാര് ഹൈ കി നഹീ
ദബാ ദബാ സാ സഹീ ദിൽ മേ പ്യാര് ഹേ കി നഹീ
തു അപ്‌നേ ദിൽ കി ജവാൻ ധഡ്കനോം കോ ഗിൻ കേ ബതാ
മേരി തരഹ് തേരാ ദിൽ ബേക്കരാര് ഹേ കി നഹീ
 
സ്വന്തം ഹൃദയമിടിപ്പുകൾക്ക്‌ കാതോർത്തുകൊണ്ട്‌ പറയൂ, എന്നെപ്പോലെ നീയും അസ്വസ്ഥയല്ലേ..? പ്രണയം പുഷ്‌പിക്കുന്ന ആ നിമിഷത്തിനുവേണ്ടിയാണോ നീ കാത്തിരിക്കുന്നത്? 
 
മഹേഷ്‌ ഭട്ട്‌

മഹേഷ്‌ ഭട്ട്‌

പക്ഷേ, പ്രണയത്തിനുമപ്പുറത്തുള്ള ജീവിതാവേശത്തിലേക്ക്‌ അപ്പോഴേക്കും പൂജ എത്തിക്കഴിഞ്ഞിരുന്നു. സ്‌ത്രീയുടെ അസ്‌തിത്വം ഏതെങ്കിലുമൊരു പുരുഷന്റെ മേൽവിലാസത്തിൽ മാത്രമല്ല എന്ന തിരിച്ചറിവ് അവളുടെ അനുഭവപാഠമാണ്. ആൺതുണതന്നെ കൂടുതൽ ദുർബലയാക്കും എന്നവൾക്ക്‌ ബോധ്യമായിരിക്കുന്നു. രാജിന്റെ വിവാഹാഭ്യർഥന മാന്യമായി തിരസ്‌കരിച്ചുകൊണ്ട് പൂജ തന്റെ ഒറ്റയാൾപ്പാതയിലേക്ക്‌ ഉറച്ച ചുവടുകളോടെ നടന്നുപോകുന്നിടത്ത് മഹേഷ് ഭട്ട് സിനിമ അവസാനിപ്പിക്കുന്നു. ആത്മകഥാസ്‌പർശമുള്ള ഈ പ്രമേയത്തിൽ ഭട്ട് തന്റെ സ്വത്വത്തെ മഹത്വവൽക്കരിക്കുന്നില്ലെന്നു മാത്രമല്ല, തന്റെ ജീവിതത്തിലെ രണ്ടു സ്‌ത്രീകളെയും അനുഭാവപൂർവം സമീപിക്കുകയും ചെയ്യുന്നു. കവിതയെ അവളുടെ മനോവിഭ്രാന്തിയുടെ ലോകത്ത് ഉപേക്ഷിച്ച് ഭട്ട് പൂജയുടെ ജീവിതത്തിലേക്ക്‌ പ്രേക്ഷകരെ വീണ്ടും കൊണ്ടുപോകുന്നു. സൗമ്യനും ശുഭാപ്തിവിശ്വാസിയുമായ ആ ഗായകൻ പൂജയോടു പറയുന്നു...
 
‘‘ഇനി നിനക്ക് ഒരു മൽഹോത്രയുടെയോ രാജിന്റെയോ ആവശ്യമില്ല...'' നന്ദി പറയാൻവേണ്ടി തിരിഞ്ഞുനോക്കുന്ന പൂജയോടുള്ള അയാളുടെ വാക്കുകൾ സിനിമയുടെ പേര് അന്വർഥമാക്കുന്നു –- ‘‘തിരിഞ്ഞു നിൽക്കരുത്. മുന്നോട്ടു നോക്കി പൊയ്‌ക്കോളൂ...''

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top