25 May Monday

രാജേഷ് അമ്പലത്തറയല്ല; ഉണ്ണിരാജ്‌ ചെറുവത്തൂർ

ഷംസുദ്ദീൻ കുട്ടോത്ത്‌ shamsudeen.p@gmail.comUpdated: Sunday Feb 9, 2020

സിനിമാ സഹസംവിധായകനും നാട്ടുകാരനുമായ കെ ടി സുധാകരനാണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ സിനിമയുടെ ഓഡീഷന്‌ വിളിച്ചത്‌. അതിലെ കവി രാജേഷ് അമ്പലത്തറ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമ ജീവിതമാർഗമായി. ദിലീഷ് പോത്തന്റെ ശിക്ഷണം നടനെന്ന നിലയിൽ വലിയ തിരിച്ചറിവ്‌ തന്നു

 
സിനിമയിൽ അപരിചതമായ കാസർകോടൻ ഭാഷയുടെ സൗന്ദര്യം മലയാളിക്ക്‌ മുന്നിലേക്ക്‌ ‘നല്ല പാങ്ങി’ൽ പറഞ്ഞുകൊടുത്ത നടനാണ്‌ ഉണ്ണിരാജ്‌ ചെറുവത്തൂർ. ഭാഷയുടെ ‘മറിമായ’ത്തിലൂടെ നർമത്തിന്റെ മർമത്തിൽ തൊടുന്ന അഭിനയശേഷിക്ക്‌ ഉടമ.  സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ 20 വർഷമായി മൈം, സ്‌കിറ്റ്‌ പരിശീലകനായി അരങ്ങിന്റെ പിന്നിൽ നിറഞ്ഞുനിന്ന ഉണ്ണിരാജ്‌  ഇന്ന്‌ അറിയപ്പെടുന്നത്‌ ക്യാമറയ്‌ക്ക്‌ മുന്നിലെ നടനായിത്തന്നെ.  അതിജീവനത്തിന്റെ വഴികൂടിയാണ്‌ ഉണ്ണിക്ക്‌ കലാപ്രവർത്തനം. പതിനഞ്ച്‌ സിനിമകളിൽ ഇതിനകം വേഷമിട്ടു. ഇല്ലായ്‌മയുടെ ഇന്നലെകളിൽനിന്ന്‌ തുടങ്ങിയ  കലായാത്രയെക്കുറിച്ച്‌ ഉണ്ണി സംസാരിക്കുന്നു...
 

ചെറുവത്തൂരിലെ പട്ടിണിക്കാലം

 

കാസർകോട്‌ ചെറുവത്തൂരാണ്‌ സ്വദേശം. വീടിനു തൊട്ടടുത്തുള്ള വി വി സ്‌മാരക കലാവേദിയുടെ നാടകങ്ങൾ കണ്ടാണ്‌ വളർന്നത്‌. റിഹേഴ്സൽ കാണാൻ പതിവായി പോയതോടെ നാടകങ്ങൾ ജീവിതത്തിന്റെ ഭാഗമായി. പട്ടിണി നിറഞ്ഞ കുട്ടിക്കാലത്ത്‌ നല്ല ഭക്ഷണമോ വസ്‌ത്രമോ ഇല്ലാതെ ബുദ്ധിമുട്ടി. കൊവ്വൽ യുപി സ്‌കൂളിലും കുട്ടമത്ത് ഗവൺമെന്റ്‌  ഹൈസ്‌കൂളിലും പഠിക്കുമ്പോൾ നാടകങ്ങളിൽ സജീവമായി. എസ്‌എസ്‌എൽസിക്കു ശേഷം പഠനം തുടരാനും ഏറെ ബുദ്ധിമുട്ടി. അങ്ങനെ 15–-ാം വയസ്സിൽ കൂലിപ്പണിക്കാരനായി. നീലേശ്വരം സ്‌കോളർ കോളേജിൽ പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോഴും പെയിന്റിങ്‌, കിണർ പണി, റോഡ്‌ പണി, കെട്ടിട നിർമാണം  അങ്ങനെ പല  ‘വേഷ’ങ്ങൾ. മൂന്നുവർഷത്തോളം പെയിന്റ്‌ കടയിൽ തൊഴിലാളിയായി. ഉച്ചവരെ കോളേജും തുടർന്ന്‌ കടയിലും.
 

വഴികാട്ടിയ മൈം

 

നാട്ടിലെ സ്‌കൂളുകളിൽ മൈം, സ്‌കിറ്റ്‌ എന്നിവയുടെ പരിശീലകനായത്‌ കലാജീവിതത്തിൽ വഴിത്തിരിവായി. സ്വന്തമായി മൈമും  നാടകങ്ങളും ഉണ്ടാക്കിയാണ്‌ വിവിധ സ്‌കൂളുകളിൽ അവതരിപ്പിച്ചത്‌. 2000 മുതൽ കണ്ണൂർ, കാസർകോട്‌ ജില്ലകളെ പ്രതിനിധീകരിച്ച്‌ സംസ്ഥാനതലത്തിൽ എത്തുന്നത്‌ ഞാൻ പഠിപ്പിച്ച മൈമുകളും സ്‌കിറ്റുകളുമാണ്‌. കണ്ണൂർ സർവകലാശാല കലോത്സവത്തിലും സജീവം. സാമ്പത്തിക ബുദ്ധിമുട്ട്‌ കാരണം ഒരു കുട്ടിയും മത്സരങ്ങളിൽ പങ്കെടുക്കാതിരിക്കരുതെന്ന്‌ നിർബന്ധമുള്ളതിനാൽ പലരെയും സ്‌പോൺസർ ചെയ്യാറുമുണ്ട്‌. വർഷങ്ങളോളം ബാലസംഘം വേനൽതുമ്പിയുടെ സംസ്ഥാനതല പരിശീലകനുമായി. സംഗീത നാടക അക്കാദമി അവാർഡുകൾ നേടിയ വേഷം, ആത്മാവിന്റെ ഇടനാഴി, ചായം തുടങ്ങിയവ ഉൾപ്പെടെ  നാടകങ്ങളിലും അഭിനയിച്ചു.
 

കവി രാജേഷ് അമ്പലത്തറ

 

സുഹൃത്ത് അഡ്വ. പ്രദീപാണ് ചാനൽ പരിപാടികളിലേക്ക്‌ കൊണ്ടുവന്നത്‌. ‘മറിമായ’ത്തിലെ കാസർകോടൻ ഭാഷ സംസാരിക്കുന്ന കഥാപാത്രത്തിന്‌ വൻ സ്വീകാര്യത കിട്ടി. സിനിമാ സഹസംവിധായകനും നാട്ടുകാരനുമായ കെ ടി സുധാകരനാണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ സിനിമയുടെ ഓഡീഷന്‌ വിളിച്ചത്‌. അതിലെ കവി രാജേഷ് അമ്പലത്തറ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമ ജീവിതമാർഗമായി. ദിലീഷ് പോത്തന്റെ ശിക്ഷണം നടനെന്നനിലയിൽ വലിയ തിരിച്ചറിവ്‌ തന്നു. തുടർന്ന്‌ ഞാൻ, അരവിന്ദന്റെ അതിഥികൾ, കായംകുളം കൊച്ചുണ്ണി, എന്റെ ഉമ്മാന്റെ പേര്, വിജയ് സൂപ്പറും പൗർണമിയും, മമ്മാലി എന്ന ഇന്ത്യക്കാരൻ, പുഴയമ്മ, ഒരു നക്ഷത്രമുള്ള ആകാശം, കക്ഷി അമ്മിണിപ്പിള്ള, പ്രണയ മീനുകളുടെ കടൽ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കമൽ സംവിധാനം ചെയ്‌ത  പ്രണയ മീനുകളുടെ കടലിലെ ആണ്ടിയേട്ടൻ, രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്റെ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനി’ലെ ടൈലർ രഘു എന്നീ കഥാപാത്രങ്ങൾ ഏറെ പ്രിയപ്പെട്ടവ.
 

പുതിയ ചിത്രങ്ങൾ

 

വെള്ളം, ഹിഗ്വിറ്റ, മെമ്പർ രമേശൻ –- 9-ാംവാർഡ് തുടങ്ങിയവയാണ്‌ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
 

കുടുംബം

 

ഭാര്യ: സിന്ധു. മക്കൾ: ആദിത്യരാജ്‌, ധൻവിൻ രാജ്‌.
പ്രധാന വാർത്തകൾ
 Top