23 May Monday

നാടൻപാട്ടിന്റെ നടവഴികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

പാട്ടുകൾക്കും ഈണങ്ങൾക്കും  ജീവിതത്തിലുള്ള സ്വാധീനം ചെറുതല്ല.  അവയില്ലാത്ത ജീവിതം എത്ര വിരസമായിരിക്കും. ഏത്‌ ജീവിതത്തിലും ഏത്‌ സംസ്‌കാരത്തിലും ഇത്തരം ഈണങ്ങൾ നിറഞ്ഞൊഴുകുന്നത്‌ നാടൻപാട്ടുകളിലൂടെയാണ്‌. പ്രകൃതിയിൽനിന്നും ഏറ്റവും കീഴാളരായ മനുഷ്യരിൽനിന്നുമാണവ രൂപപ്പെട്ടിട്ടുള്ളത്‌.  അത്തരം മനുഷ്യർ  നേരിടേണ്ടിവന്ന പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും അനുഭവങ്ങളിൽനിന്ന്‌ ഊറിക്കൂടിയവയാണ്‌ ഈ പാട്ടുകളും ഈണങ്ങളും. വായ്‌മൊഴികളിലൂടെ തലമുറകളിലേക്ക്‌  പടർന്ന ഈണങ്ങളുടെയും നാടൻപാട്ടുകളുടെയും പഠനത്തിന്‌ തുടക്കം 19–-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്‌.

1846ൽ ഇംഗ്ലീഷുകാരനായ വില്യം ജോൺ തോംസ്‌ നാടോടി വിജ്ഞാനീയം (folklore) എന്ന സംജ്ഞ വിളക്കിച്ചേർത്തതോടെയാണ്‌ ഇതേപ്പറ്റിയുള്ള പഠന–-ഗവേഷണങ്ങൾക്ക്‌ ശക്തിപകർന്നത്‌. മലയാളത്തിലാകട്ടെ, ഡോ. എം വി വിഷ്‌ണുനമ്പൂതിരി (കേരളത്തിലെ നാടൻസംഗീതം, നാടോടി വിജ്ഞാനീയം), രാഘവൻ പയ്യനാട്‌ (എഡി കേരള ഫോക്‌ലോർ), ഡോ. സോമൻ കടലൂർ (ഫോക്‌ലോറിന്റെ സൗന്ദര്യശാസ്‌ത്രം), വേലായുധൻ പണിക്കശേരി (പതിനായിരം പഴഞ്ചൊല്ലുകൾ) തുടങ്ങിയവർ നാടൻപാട്ടുകളുടെയും നാടോടി വിജ്ഞാനീയത്തിന്റെയും സമാഹരണവും അവയുടെ സാംസ്‌കാരിക പശ്ചാത്തലവുമൊക്കെ പഠനവിഷയമാക്കിയിട്ടുണ്ട്‌. ഈ ദിശയിൽ അടുത്തിടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ച ഗവേഷണ ഗ്രന്ഥമാണ്‌ ‘നാടൻപാട്ടുകൾ സാഹിത്യമരതകങ്ങൾ’. ജലോത്സവങ്ങളെപ്പറ്റിയും വഞ്ചിപ്പാട്ടിനെപ്പറ്റിയും കഥാപ്രസംഗകലയെപ്പറ്റിയുമൊക്കെ  പഠന–-ഗവേഷണങ്ങൾ നടത്തിയ കൈനകരി സുരേന്ദ്രനാണ്‌ ഗ്രന്ഥകർത്താവ്‌.  ഭാഷയുടെയും സംസ്‌കാരത്തിന്റെയും പാട്ടുവഴികളുടെയും ഏറെ അറിയപ്പെടാത്ത സ്ഥലരാശികളെ മലയാളിക്ക്‌ പരിചയപ്പെടുത്തിയ കൈനകരി സുരേന്ദ്രന്റെ പ്രകൃഷ്ടകൃതി എന്നുവിളിക്കാവുന്ന ഗ്രന്ഥമാണിത്‌.

 പ്രകൃതിയും മനുഷ്യനും അധ്വാനവും ജീവിതത്തിന്റെ കയറ്റിറക്കങ്ങളെയും വ്യാകരണപ്പിശകുകളെയും അടയാളപ്പെടുത്തിത്തുടങ്ങിയ കാലങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന സാഹിത്യരൂപമാണ്‌ വായ്‌മൊഴിപ്പാട്ടുകൾ. ഓരോ പ്രദേശത്തിന്റെയും കഥ പറയുന്ന പാട്ടുകൾ. ഉദാഹരണത്തിന്‌ വടക്കൻ പാട്ടുകൾ, തെക്കൻ പാട്ടുകൾ, കാലം അടിസ്ഥാനപ്പെടുത്തിയുള്ള തിരുവാതിരപ്പാട്ട്‌, ഓണപ്പാട്ട്‌, സംഗീത ഉപകരണങ്ങളെ ആധാരമാക്കിയുള്ള കോലടിപ്പാട്ട്‌, വില്ലടിച്ചാൻ പാട്ട്‌, ഉടുക്കുപാട്ട്‌, നന്തുണിപ്പാട്ട്‌, തൊഴിലുമായി ബന്ധപ്പെട്ട വള്ളപ്പാട്ടും വണ്ടിപ്പാട്ടും കൃഷിപ്പാട്ടും ഞാറ്റുപാട്ടും, വിശ്വാസപ്രമാണങ്ങളുടെ തേരിലേറി പടർന്നുപന്തലിച്ച സർപ്പപ്പാട്ട്‌, തുയിലുണർത്തുപാട്ട്‌, ഭദ്രകാളിപ്പാട്ട്‌, കുത്തിയോട്ടപ്പാട്ട്‌, പാട്ടിന്റെയും ഈണത്തിന്റെയും താളത്തിന്റെയും അകമ്പടിയോടെ അനവദ്യമായ ദൃശ്യാനുഭവം നൽകുന്ന ചൊൽക്കാഴ്‌ച, വായ്‌ത്താരികൾ  എന്നിങ്ങനെ  പാട്ടിന്റെ  സമൃദ്ധസ്ഥലികൾ ഒത്തിരിയുണ്ട്‌  മലയാളത്തിൽ. ക്ലാസിക്കൽ ഭാഷയുടെ ചിട്ടവട്ടങ്ങളെല്ലാം ഭേദിച്ച്‌, പണിയെടുക്കുന്ന സാധാരണ മനുഷ്യരുടെ ജീവിതദുരിതങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളുമൊക്കെ പൂത്തുലയുന്ന വാങ്മയങ്ങളാണവ.   

അരത്തുണ്ട്‌ കള്ളും തന്ന്‌/ കൊല്ലാക്കൊല കൊല്ലണിയോ/അരമുറി കരിക്കും തന്ന്‌/കൊല്ലാക്കൊല കൊല്ലണിയോ എന്ന പാട്ട്‌ ഏത്‌ സാമൂഹ്യ–-സാംസ്‌കാരിക പശ്ചാത്തലത്തിലാണ്‌ നാടൻപാട്ടുകളുടെ ഉദയമെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. ഒ എൻ വിയെപ്പോലുള്ള മഹാകവികൾ ഇവയുടെ ഈടുവയ്‌പ്‌ സ്വന്തം കവിതകളുടെ ഭാവം രൂപപ്പെടുത്തുന്നതിൽ ചെലുത്തിയ സ്വാധീനത്തെപ്പറ്റി വാചാലരായിട്ടുണ്ട്‌. ‘ആരേപോയ പുകിൽക്കിപ്പാടത്തരിമയോടാര്യൻ വിത്തിട്ടു’ എന്ന്‌ ഇടശ്ശേരി  ‘പുത്തൻകലവും അരിവാളും’ എന്ന കവിത തുടങ്ങുന്നത്‌  നാടൻപാട്ടിന്റെ സ്വാധീനത്തിൽ.  ‘പൂതപ്പാട്ടി’ൽത്തന്നെ എത്ര വൈവിധ്യമാർന്ന നാടൻ ഈണങ്ങളാണ്‌ ഇടശ്ശേരി വിളക്കിച്ചേർത്തത്‌. പിന്നീടത്‌ വൈലോപ്പിള്ളിയും ചങ്ങമ്പുഴയും ഡി വിനയചന്ദ്രനും ബാലചന്ദ്രൻ ചുള്ളിക്കാടും അടക്കമുള്ള എത്രയോ  കവികളെയാണ്‌ ആവേശം കൊള്ളിച്ചിട്ടുള്ളത്‌.

ഇത്തരം പാട്ടുകളുടെയും ഈണങ്ങളുടെയും നിധികുംഭമാണ്‌ കൈനകരി സുരേന്ദ്രന്റെ ‘നാടൻ പാട്ടുകൾ സാഹിത്യ മരതകങ്ങൾ’ സമ്മാനിക്കുന്നത്‌. മലയാളത്തിൽ ലഭ്യമായ  എല്ലാതരം നാടൻപാട്ടുകളും ഇതിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്‌.  അവയ്‌ക്ക്‌  ഭാഷയിലും സാഹിത്യത്തിലും സംസ്‌കാരത്തിലുമുള്ള സാംഗത്യമെന്ത്‌ എന്ന  അന്വേഷണപഠനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. ചിതറിക്കിടക്കുന്ന നാടൻപാട്ടുകളുടെ എല്ലാ വഴികളിലൂടെയും അദ്ദേഹം  സഞ്ചരിക്കുന്നു. ഓരോ പാട്ടിനും ആധാരമായ പ്രദേശ–-തൊഴിൽ–-സംസ്‌കാര–-വിശ്വാസ–-ആചാര–-അനുഷ്‌ഠാന പശ്ചാത്തലവും   വിശദീകരിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top