27 February Thursday

വിശപ്പ്‌ വരയ്‌ക്കുന്ന അമ്മയുടെ ചിത്രം

ഷൈജു അലക്‌സ്‌Updated: Sunday Dec 8, 2019

 എന്റെ തൊണ്ടയിൽനിന്ന്‌ പുറപ്പെട്ടുപോയ ശബ്‌ദങ്ങളെല്ലാം എനിക്ക് കവിതയാണ്.  ‘ജനിക്കുമ്പോൾ കവിതയായി പിറന്നാൽ മതിയായിരുന്നു' എന്ന് ‘കൂട്ടായി വരുന്ന നിന്നെ' എന്ന കവിതയിൽ പറഞ്ഞിട്ടുണ്ട്.  കെട്ടുപാടുകളുടെ ചൂടുള്ള നൊമ്പരമാണ് എനിക്ക് കവിത, അടുപ്പിന് തീകൂട്ടാനുള്ള ഒറ്റക്കമ്പ്.  ദുരിതങ്ങളിൽ പിടിവള്ളിയായി നിൽക്കാനുള്ള കച്ചിത്തുരുമ്പ്. പലിശ കൊടുത്തു മുടിഞ്ഞ പടിക്കെട്ടുകളിൽ വീണ കണ്ണുനീരാണ് എന്റെ കവിതകളുടെ ഊർജം. 

 

ഷൈജു അലക്‌സ്‌

ഷൈജു അലക്‌സ്‌

ദുഃഖത്തിന്റെ പുകക്കുഴലിലൂടെ ബാല്യം പിന്നിട്ടതുകൊണ്ടാകാം ജീവിതത്തിന്റെ പലമുഖങ്ങൾ എഴുത്തിൽ തെളിഞ്ഞത്. സ്‌കൂളിൽ അവസാന പീരീഡുകളെത്തുമ്പോൾ വയറ്റിൽ നിന്നുണ്ടാകുന്ന ആലോചന അടുക്കളയെക്കുറിച്ചാണ്. അമ്മയുടെ  സ്‌നേഹത്തിന്റെ ചോറ് കഴിക്കാമല്ലോ എന്ന സ്വപ്‌നം പലപ്പോഴും ചിതറിത്തെറിച്ചുപോയിട്ടുണ്ട്. നിരാശയുടെ വിറകുകൊള്ളികൾ ചുമന്ന് തൊട്ടടുത്തുള്ള കടപ്പുറമണ്ണിലേക്ക് ഊളിയിട്ട് ആണുങ്ങളുടെ പന്തുകളിയും പെണ്ണുങ്ങളുടെ കല്ലുകളിയും പ്രായമായവരുടെ ചീട്ടുകളിയും ആസ്വദിച്ചിരിക്കും.  അടുക്കളയിലെ ഒഴിഞ്ഞ പാത്രങ്ങൾ എന്നെ നോക്കി പുഞ്ചിരിക്കുമ്പോൾ പരിതാപത്തിന്റെ പച്ചവെള്ളം കുടിച്ച് മിഴിച്ചിരിക്കും. 
 
അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ സഹപാഠി ലോർദോൻ ഭക്ഷണം പങ്കിട്ട് തരുമായിരുന്നു.  ചോറ്റുപാത്രത്തിന്റെ അടപ്പിൽ ഒരു പിടിക്കു തീർക്കാവുന്ന ചോറ്.  ആ ഒരു പിടിവറ്റ് ആഴമേറിയ വിശപ്പിന് തണലേകിയില്ല.  നിരവധി വാടകവീടുകളിലെ താമസവും കടബാധ്യതയും സമ്മാനിച്ച നീറ്റലിൽ ഞാൻ തുഴഞ്ഞു കൊണ്ടേയിരുന്നു.  
 
ക്ലാസിൽ കുട്ടികൾ ബഹളത്തിന്റെ മതിൽക്കെട്ട് തീർക്കുമ്പോൾ ഞാൻ കവിതകൊണ്ട് എന്റെ സർഗാത്മകതയെ പൂരിപ്പിച്ചുകൊണ്ടേയിരുന്നു.  അച്ഛനും അമ്മയും ഞാനൊരു കലാകാരനാകണം എന്ന് ആഗ്രഹിച്ചിരുന്നു.  തകർന്നു തരിപ്പണമായ ജീവിതവഞ്ചി പതിയെ മുന്നോട്ടുപോകുമ്പോഴാണ് പലിശക്കാരന്റെ വീട്ടിലേക്ക്  സാവകാശം ചോദിക്കാൻ ഞാനും അമ്മയും പോയത്.  ‘അകത്തിരുന്ന് സംസാരിക്കാം' എന്നു പറഞ്ഞ് ഞങ്ങളെ മുറിക്കുള്ളിലാക്കി കതക് പൂട്ടിയപ്പോൾ നെഞ്ച് തകർന്നുപോയി.  മൂലയിലിരുന്ന് കരയുന്ന അമ്മയും ഇരുട്ടും ജനാലയിലൂടെ അരിച്ചിറങ്ങുന്ന ചെറുവെട്ടവും.  വിശന്നുതളർന്ന് ഞാനുറങ്ങിയപ്പോഴും കരഞ്ഞുകരഞ്ഞ്‌ ആ മൂലയിൽത്തന്നെ അമ്മയിരിപ്പുണ്ടായിരുന്നു.  സന്ധ്യയ്‌ക്കാണ്  വീടുപറ്റിയത്.  അമ്മയും ഞാനും അന്ന് നടന്നുപോയ വഴികൾ എന്തുമാത്രം കണ്ണീര് കുടിച്ചിട്ടുണ്ടാകണം, എത്ര മഴപെയ്‌താലും വെയിലേറ്റാലും അതിന്റെ തിണർപ്പുകൾ, പാടുകൾ ഇന്നും ആ വഴിയിലുണ്ടെന്ന് എനിക്കുറപ്പുണ്ട്.
 
ബാധ്യതകളുടെ കൂമ്പാരമൊഴിയുന്നില്ലല്ലോ എന്ന് നെടുവീർപ്പിടുമ്പോഴും മനസ്സിൽ പ്രതിഷേധങ്ങളുടെ അലകൾ മുളച്ചു കൊണ്ടിരുന്നു.  അത് കവിതയായി കത്തിപ്പടരാൻ അധികസമയം വേണ്ടിവന്നില്ല.  ദുഃഖങ്ങളുടെ വളയത്തിൽനിന്ന്‌ പുറത്തുചാടാൻ ശ്രമിക്കുമ്പോഴാണ് ആദ്യ കവിതാസമാഹാരം ‘ഇന്നീ മഴയത്ത്' പ്രസിദ്ധീകരിക്കുന്നത്.  ഒരു ഞായറാഴ്‌ച പട്ടിണിയുടെ സാമ്രാജ്യം നിവർന്നുവന്നപ്പോൾ കഴിക്കാൻ ഒന്നുമില്ല.  അച്ഛനും അമ്മയും രണ്ട് പെങ്ങന്മാരും നിന്ന് കിതച്ചപ്പോൾ പുതിയ പുസ്‌തകവുമെടുത്ത് ഒരു വർക്കത്തുള്ള വീട്ടിലേക്ക് കുതിച്ചു.  മൂന്ന് പുസ്‌തകം വിറ്റ 90 രൂപയും കൊണ്ട് അരിമേടിച്ച് വീട്ടിലേക്കുവന്ന എന്നെ നോക്കി അമ്മ ആശ്വസിച്ചതും ചോറ് വേവാൻ മൂന്നുമണിക്കൂറിലധികം കാത്തിരുന്നതുമായ നിമിഷങ്ങൾ.  അന്ന് അക്ഷരങ്ങൾ വിറ്റ് കഴിച്ച അന്നത്തിന് നല്ല സ്വാദുണ്ടായിരുന്നു.
 
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ മലയാളവിഭാഗം അധ്യാപകരുടെ കരുതലിൽ അടുത്ത ജീവിതഘട്ടം, പ്രൊഫ. വി മധുസൂദനൻനായർ, ഡോ. ലേഖ നരേന്ദ്രൻ, ഡോ. ഐറിസ് കൊയ്‌ലിയോ, ഡോ. ദീപ എന്നിവരുടെ വാക്കുകളിലൂടെ വിശപ്പിനെ ഞാൻ അതിജീവിച്ചു. എന്റെ വിശപ്പകറ്റാൻ  സഹപാഠി സലിനാ ബീവി തയ്യാറായതും രണ്ട് വർഷത്തോളം എനിക്ക്‌ പൊതിച്ചോറ് കൊണ്ടുവന്നതും ഇന്നും അത്ഭുതം. മൂന്നുവർഷം കൺസഷൻ ടിക്കറ്റെടുത്തുതന്ന പ്രിയപ്പെട്ട അധ്യാപിക ഡോ. ലേഖ നരേന്ദ്രനെ എങ്ങനെ മറക്കും. നിന്റെ കവിതയിൽ വിതയുണ്ടെന്നും തീരത്തിന്റെ ശബ്‌ദം നിന്നിലൂടെമാത്രമേ സാധ്യമാകൂ എന്നും വിളിച്ചുപറഞ്ഞ നിരൂപകൻ സുനിൽ സി ഇയെയും കവിതചൊല്ലലിൽ അത്ഭുതപ്രപഞ്ചം തീർക്കുന്ന അകാലത്തിൽ മരണപ്പെട്ടുപോയ കൂട്ടുകാരൻ ജോ വിക്ടറിനെയും പ്രോത്സാഹനത്തിന്റെ വളമേകുന്ന കൊച്ചു പപ്പയെയും സാഹിത്യത്തിൽ പ്രചോദനമേകുന്ന മുതിർന്ന കവി തിരുമല ശിവൻകുട്ടിയെയും, എന്റെ നോവുകൾക്ക് അഭയമാകുന്ന ഭാര്യ സെബിയെയും ആത്മാവിന്റെ ചില്ലയിൽനിന്ന്‌ വേർപെടുത്താൻ കഴിയില്ല.
 
തീരത്ത് കാലുറപ്പിച്ചുനിൽക്കാൻ പ്രയാസമാണ്, കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോയി അടിമണ്ണു കാണാം. എങ്കിലും വേരിൽനിന്ന് ഒരു പൂവുണ്ടാകുമെന്ന പ്രത്യാശയിൽ ഞങ്ങൾ ജീവിക്കുന്നു.  തീരത്തെ നോവുകളുടെ ഇടയിൽനിന്ന് മുഖ്യധാരയിലെ നോവുകളോട് കൊഞ്ഞനം കുത്തുന്നു, കലഹിക്കുന്നു. 
 
ജീവിതത്തെക്കുറിച്ച് കവിതയിൽ ചിന്തിക്കുമ്പോൾ കയറിവരുന്ന വാത്സല്യമാണ് അമ്മ.  ചോർന്നുപോകാത്ത, ബലം തരുന്ന അമ്മയാണ്  കവിതയിലിന്നും ഞാൻ ജീവിക്കാൻ കാരണം.  അതുകൊണ്ടുതന്നെ 2014 ൽ ‘എന്റെ അമ്മയുടെ 1980കളിലെ ഫോട്ടോ' എന്ന പുസ്‌തകത്തിന്റെ കവർ പേജിൽ  അമ്മയുടെ ചിത്രംതന്നെയാണ് സ്ഥാനം പിടിച്ചത്. 
 
‘വേദനകളുടെ ശിഷ്ടകാലത്തും അമ്മയെങ്ങനെ ചിരിക്കുന്നു?' എന്ന് അതിശയംകൊള്ളുന്നു.  അമ്മ രാവിലെ നടക്കുന്ന ദൂരങ്ങളെ അടയാളപ്പെടുത്തുന്നു.  കവിതയിൽ പട്ടിണിപ്പേനകൊണ്ട് ഞാനിന്നും അമ്മയെ വരച്ചുകൊണ്ടിരിക്കുന്നു.
പ്രധാന വാർത്തകൾ
 Top