27 May Monday

അശാന്തിയുടെ മുഖാവരണങ്ങള്‍

എം എസ് അശോകന്‍Updated: Sunday Oct 8, 2017

അന്താരാ വിപണിയിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ നിർമിച്ചുനൽകുന്ന കെ ആൻഡ് എം ടോയ്‌സ് ഇന്റർനാഷണലിൽ ഡിസൈനറായി ജോലിചെയ്യുന്ന സജിത് പുതുക്കലവട്ടം നാളത്തെ കുരുന്നുകളുടെ മാറുന്ന കളികൗതുകങ്ങളെക്കുറിച്ചു മാത്രമല്ല ചിന്തിക്കുന്നത്. തോക്കും വണ്ടിയുമൊക്കെ അവരുടെ കളിയരങ്ങുകളിൽനിന്ന് മാഞ്ഞുപോയതും രൂപഭംഗം വരുത്തിയ കൗതുക കഥാപാത്രങ്ങളിലേക്ക് (അഗ്ലി ടോയ്‌സ്) അഭിരുചി മാറിയതും സജിത് അറിയുന്നു. മാറുന്ന വിപണി ആവശ്യങ്ങൾക്ക് അനുസൃതമായി കളിപ്പാട്ടങ്ങൾ രൂപകൽപ്പന ചെയ്യുന്നതോടൊപ്പംതന്നെ സ്വകാര്യമായ തന്റെ ആവിഷ്‌കാരലോകത്ത് പ്രകൃതിയെയും ജീവജാലങ്ങളെയും കുറിച്ചുള്ള ആശങ്കകളും സ്വപ്‌നങ്ങളും ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് ഈ യുവ ചിത്രകാരൻ.

സജിത് പുതുക്കലവട്ടം

സജിത് പുതുക്കലവട്ടം

ആർഎൽവി കോളേജിൽനിന്ന് ചിത്രകല അഭ്യസിച്ച സജിത് ഫോക്കസ് ഇന്നവേഷനിൽനിന്ന് അനിമേഷൻ പഠിച്ച് ആ രംഗത്താണ് അരങ്ങേറിയത്. കുട്ടികൾക്ക് ട്യൂഷൻ നൽകിയും മറ്റും പണം കണ്ടെത്തിയായിരുന്നു പഠനം. അതുകൊണ്ടുതന്നെ വരുമാനമുള്ള തൊഴിലിലേക്കാണ് ആദ്യം ശ്രദ്ധതിരിച്ചത്. എന്നാൽ, അനിമേഷൻ വളരെവേഗം സജിത്തിനെ മടുപ്പിച്ചു. സ്വതസിദ്ധമായ വരകളെയും അത് പ്രതികൂലമായി സ്വാധീനിക്കുന്നതായി അറിഞ്ഞു. ലോകത്തെവിടെയായാലും അനിമേഷൻ വരകൾക്ക് അതിന്റേതായ സ്റ്റൈലൈസേഷൻ ഉണ്ടെന്നാണ് സജിത്തിന്റെ പക്ഷം. സർഗാത്മക ചിത്രരചനയോട് ആഭിമുഖ്യമുള്ളയാൾക്ക് അത് അരോചകമായി മാറും. അതോടെ അനിമേഷൻ അവസാനിപ്പിച്ച് സജിത് അനിമേഷനിലെ മറ്റൊരു മേഖലയായ ബാക്ഗ്രൗണ്ട് ആർട്ടിസ്റ്റായി. അതിൽ ചിത്രകാരൻ എന്ന നിലയിൽ കൂടുതൽ സ്വാതന്ത്രമുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും ജോലി ചെയ്തു. മുംബൈയിലേക്ക് വീണ്ടും പോകേണ്ടിവന്നപ്പോൾ അതും അവസാനിപ്പിച്ചുപോന്നു. അങ്ങനെയാണ് കൊച്ചിയിലെ കളിപ്പാട്ടക്കമ്പനിയിൽ ഡിസൈനറായത്.

സജിത് പുതുക്കലവട്ടത്തിന്റെ പെയിന്റിങ്‌

സജിത് പുതുക്കലവട്ടത്തിന്റെ പെയിന്റിങ്‌

ഇതിനെല്ലാമിടയിലും സമയക്കുറവുണ്ടായിരുന്നെങ്കിലും ബ്രഷും പെയിന്റും ഉപയോഗിച്ചുള്ള ചിത്രരചന തുടർന്നു. വയനാട്ടിലേക്ക് നടത്തിയ ഒരു യാത്രയാണ് സജിത്തിലെ ചിത്രകാരനെ പുതിയൊരു തലത്തിലേക്ക് എത്തിച്ചത്. കാടിനോടും പ്രകൃതിയോടും അവിടത്തെ സാധാരണക്കാരായ മനുഷ്യരോടുമിണങ്ങിയുള്ള സഹവാസം ചിത്രകാരൻ എന്ന നിലയിൽ വളരെയധികം പ്രയോജനപ്പെട്ടു. നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള ഓട്ടവും ഔദ്യോഗിക തിരക്കുകളും നഷ്ടപ്പെടുത്തിയതെന്തെന്ന തിരിച്ചറിവിൽനിന്ന് പുതിയ കാഴ്ചപ്പാടുകളും ചിത്രങ്ങളും പിറന്നു. ആദിവാസി ഊരുകളിൽ ഉറഞ്ഞുകൂടിയ നൊമ്പരങ്ങളുടെ കാഴ്ചകളിൽനിന്ന് പിറന്ന പ്ലാസ്റ്റിക് പൂവ് മണത്തുനിൽക്കുന്ന പെൺകുട്ടിയുടെ ചിത്രത്തിന് 2014ൽ കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. ഭീഷണമായ പ്രകൃത്യാവസ്ഥകളെച്ചൊല്ലിയുള്ള ആശങ്കയും മുന്നറിയിപ്പും സജിത്തിന്റെ ചിത്രങ്ങളിലെല്ലാമുണ്ട്. ജലച്ചായത്തിലും സോഫ്റ്റ് പേസ്റ്റലിലും അക്രിലിക്കിലും ചെയ്ത നേച്ചർ ഇൻ എ ക്യാരിബാഗ് പരമ്പരയിലെ ചിത്രങ്ങൾ അത് ആഴത്തിൽ അനുഭവിപ്പിക്കുന്നു. വിങ്‌സ് ഓഫ് സ്പ്രൗട്ടിങ് എർത്ത് വേംസ് എന്ന ചിത്രത്തിനാണ് സജിത്തിന് ഈ വർഷത്തെ ലളിതകലാ അക്കാദമി പുരസ്‌കാരം ലഭിച്ചത്. മുഖാവരണമണിഞ്ഞു നിൽക്കുന്ന ജീവപ്രകൃതിയെ മോഹിപ്പിക്കുന്ന വൈവിധ്യങ്ങളോടെ ചിത്രീകരിച്ചതോടൊപ്പം അവസാന ശ്വാസത്തിലേക്ക് പിടയുന്ന കണികയുടെ പൊള്ളലും ആ ചിത്രം അനുഭവിപ്പിക്കുന്നു. സജിത്തിന്റെ വരകളുടെ മൂർച്ചയും തീർച്ചയും ഇനിയും ഏറുമെന്നുതന്നെ ഉറപ്പിക്കാം. പുതുമയുള്ള കൽപ്പനകളും ഇമേജുകളും കാഴ്ചകളുമൊക്കെ അവയിലേക്ക് സംക്രമിക്കുകയാണെന്നതിൽ സംശയംവേണ്ട.

പ്രധാന വാർത്തകൾ
 Top