23 January Wednesday

ഇവിടെ നോക്കൂ... ഇനിയൊന്നു ചിരിക്കൂ

കൃഷ‌്ണ പൂജപ്പുരUpdated: Sunday Jul 8, 2018

 നാട്ടുമ്പുറത്തെ വല്യമ്മ വീട്ടിലുള്ളവരോട്‌, ശബ്ദമൊന്നടക്കിപ്പിടിച്ച്‌, അപ്പുറത്തെ വീട്ടിലെ കൊച്ചിന്റെ വിചിത്രമായ അസുഖത്തെക്കുറിച്ച്‌ പറയുകയാണ്‌. ‘‘പാവം, ഓരോരുത്തർക്ക്‌ ഓരോന്നു വരാൻ എത്രനേരം വേണം. രണ്ടുദിവസമായി ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിട്ട്‌. ഒറ്റയ്‌ക്കിരുന്ന്‌ ചിരിക്കുകയാ പലപ്പോഴും. ചില സമയത്ത്‌ കഴുത്തിലെ ഞെരമ്പുകളൊക്കെ വലിഞ്ഞുമുറുകും. കണ്ണ്‌ മേൽപ്പോട്ടാകും. കൈവിരലുകൾ മടക്കുകേം നിവർത്തുകേം ചെയ്യും. തല ഒരുമാതിരി ഏങ്കോണിച്ച്‌ ചരിക്കും. കൈനിവർത്തി മേലോട്ട്‌ പിടിക്കും. എന്റെ വല്യപ്പൂപ്പന്‌ ഇമ്മാതിരി ഒരസുഖം ഉണ്ടായിരുന്നു.’’

 

വീട്ടുകാർക്ക്‌ കാര്യം മനസ്സിലായി. അവർ ഒന്നുചിരിച്ചു. ‘‘അയ്യോ മുത്തശ്ശീ, അത്‌ സെൽഫിയാ... ആ കൊച്ച്‌ സെൽഫി എ
ടുക്കുന്നതാ.’’
‘‘അതു ശരി. പണ്ട്‌ ഇതിന്‌ ചുഴലീന്നാ പറഞ്ഞിരുന്നെ. അസുഖങ്ങളുടെ പേരുകൾക്കുവരെ പരിഷ്‌കാരമായിപ്പോയി.’’
വല്യമ്മയെ കുറ്റം പറയാൻ പറ്റില്ല. ചിലരുടെ സെൽഫിയെടുപ്പു കണ്ടാൽ ചുഴലിദീനമാണെന്നേ തോന്നൂ. ഫോട്ടോയെടുപ്പിന്റെ പല അവസ്ഥാന്തരങ്ങളിലൂടെയും മനുഷ്യരാശി കടന്നുപോയിട്ടുണ്ടെങ്കിലും ഇത്രയും മാരക വേർഷൻ ഫോട്ടോഗ്രഫിയിലുണ്ടാകുമെന്ന്‌ ക്യാമറ കണ്ടുപിടിച്ച കക്ഷി കരുതിയിട്ടുണ്ടാകില്ല. പണ്ട്‌ വാക്കിങ്‌ സ്‌റ്റിക്കായിരുന്നെങ്കിൽ ഇന്ന്‌ കൈയിൽ സെൽഫി സ്റ്റിക്കാണ്‌. മൊബൈൽ ഫോൺ അതിന്റെ അറ്റത്ത്‌ ഘടിപ്പിച്ച്‌ ആകാശത്തേക്ക്‌ നീട്ടും. ഫോട്ടോയെടുപ്പു കൂടാതെ മാങ്ങ പറിക്കാനും തേങ്ങയിടാനും ഉപകരിക്കത്തക്ക നീളത്തിലുള്ള സെൽഫി സ്‌റ്റിക്കുകൾ ഉണ്ട്‌. പണ്ട്‌ മഴയത്ത്‌ കുടയുള്ളവൻ കുട തുറക്കുമ്പോൾ കൂടെയുള്ളവർ പറ്റിക്കൂടുന്നതുപോലെ സെൽഫിയെടുക്കാൻ സ്‌റ്റിക്ക്‌ നീണ്ടുകഴിഞ്ഞാൽ പ്രാന്തപ്രദേശത്തുള്ളവരെല്ലാം ഓടിക്കൂടുകയാണ്‌. തൊട്ടുമുമ്പു കണ്ട ആളല്ല സെൽഫിക്കുവേണ്ടി നിൽക്കുമ്പോൾ. 
 
പണ്ട്‌ മൊബൈലൊക്കെ വരുംമുമ്പ്‌ ഫോട്ടോയെടുപ്പെന്നുവച്ചാൽ അതൊരു അനുഭവമാണ്‌. ഒരു ശരാശരി മനുഷ്യന്റെ ജീവിതത്തിൽ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽമാത്രം സംഭവിക്കുന്ന കൗതുകങ്ങൾ. ഇന്ന്‌ ഒരുദിവസം അഞ്ഞൂറു ഫോട്ടോയാണെങ്കിൽ പണ്ട്‌ അഞ്ഞൂറുദിവസത്തിൽ ഒരു ഫോട്ടോപോലും ഉണ്ടാകില്ല. ഇന്ന്‌ ഫോട്ടോകൾ മൊബൈലിൽ എടുത്ത്‌ മൊബൈലിൽ ഉപയോഗിച്ച്‌ മൊബൈലിൽ അവസാനിക്കുമ്പോൾ പണ്ട്‌ വീട്ടിലെ ചുവരുകൾക്കുവേണ്ടിയാണ്‌ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ഫോട്ടോകൾ. 
 

ചുവരിലെ ഫോട്ടോ

 
പണ്ട്‌ വീട്ടിലെ ചുവരുകളുടെ പ്രധാന ധർമംതന്നെ ഫോട്ടോകളെ താങ്ങിനിർത്തുക എന്നതാണ്‌. എന്തുമാത്രം ആണിയാണ്‌ ചുമരുകളിലേക്ക്‌ അടിച്ചുകയറ്റുന്നത്‌. ആണികൾക്കിടയിൽ  ചുവര്‌ കണ്ടുപിടിക്കാൻ പ്രയാസം. വെയ്‌റ്റുള്ള ഫോട്ടോക്ക്‌ കനമുള്ള ആണി. ആ ആണികളിൽ പ്രേക്ഷകന്‌ കുടുംബചരിത്രംതന്നെ മനസ്സിലാകുന്ന തരത്തിൽ ഫോട്ടോകൾ അങ്ങനെ വിന്യസിച്ച്‌ കിടക്കുകയാണ്‌. ഇന്നിപ്പോൾ ചുമരിൽ ആണിയെന്ന സങ്കൽപ്പം തന്നെയില്ല. പിന്നെയല്ലേ ഫോട്ടോ. കുടുംബാംഗങ്ങളുടെ ഫോട്ടോയുടെ സ്ഥാനം പെയിന്റിങ്ങുകൾ കൈയടക്കി. ഫോട്ടോ മാക്‌സിമം ഒന്നോ രണ്ടോ. 
 

കാരണവരും കൂട്ടരും

 
പണ്ടത്തെ ഒരു ശരാശരി വീട്ടിലെ ചുവർഫോട്ടോയിൽ ഫസ്റ്റ‌് പൊസിഷൻ കുടുംബത്തലെ കാരണവർക്കോ വല്യമ്മാവനോ ആയരിക്കും. അതായിരിക്കും മിക്കവാറും വലിയ ഫോട്ടോ. കാരണവർ ചിലപ്പോൾ ഷർട്ട്‌ രഹിതനായിരിക്കും. മേൽമുണ്ട്‌ പുതച്ചും ടിയാനെ കാണപ്പെടാറുണ്ട്‌. ഫോട്ടോയുടെ ഭാരംമൂലം  രണ്ടാണികൾ അടിയിൽ അതിനെ താങ്ങിനിർത്തിയിട്ടുണ്ടാകും. മുകളിലെ ആണിയിൽ വലിച്ചുകെട്ടപ്പെട്ട നിലയിൽ മുന്നോട്ടൊന്ന്‌ ചരിഞ്ഞിട്ടാണ്‌ നില. വീടിന്റെ പ്രധാന സ്‌പോട്ടിലായിരിക്കും കാരണവർ. മിസിസ്‌ കാരണവർക്ക്‌ അത്രയും പ്രാധാന്യം നൽകാറില്ല.  ഫോട്ടോയുടെ കാര്യത്തിലും ഉണ്ടായിരുന്നു ആൺകോയ്‌മ. സൂര്യന്‌ ചുറ്റും ഗ്രഹങ്ങളെന്നപോലെ കാരണവർക്ക്‌ ചുറ്റും മറ്റ്‌ അംഗങ്ങളുടെ ഫോട്ടോകൾ അങ്ങനെ ചിതറിക്കിടക്കും. 
 

യൂണിഫോം ഫോട്ടോ

 
കുടുംബത്തിൽ ആരെങ്കിലും പട്ടാളത്തിലോ പൊലീസിലോ ഉണ്ടെങ്കിൽ ഒരു പട്ടാള ഫോട്ടോയും പൊലീസ്‌ ഫോട്ടോയും ഉറപ്പ്‌. പട്ടാള ഫോട്ടോ ഹാഫ്‌ സൈസ്‌ ആയിരിക്കും അധികവും. പൊലീസ്‌ ഫോട്ടോ മിക്കവാറും ഫുൾസൈസിലാണ്‌ കാണപ്പെട്ടിരുന്നത്‌. പഴയ ക്രോസ്‌ ബെൽറ്റും കൈയിൽ സ്‌റ്റിക്കുമൊക്കെയായി സർവപ്രതാപത്തോടെയുമാണ്‌ നിൽപ്പ്‌. ചിലപ്പോൾ കുടുംബാംഗം ഏതോ ആർട്‌സ്‌ ക്ലബ്‌ നാടകത്തിൽ പൊലീസ്‌ വേഷമിട്ടതിന്റേതുമാകാം. നമ്മൾ ഒരുനിമിഷം തെറ്റിദ്ധരിച്ചുപോകും.
സൗഹൃദം
 
കുടുംബത്തിലെ ഏതോ അംഗത്തിന്റെ യുവത്വം അനുസ്‌മരിപ്പിക്കുന്ന ഫോട്ടോയും ഫോട്ടോ ഗ്യാലറിയിൽ ഉണ്ടാകും. ആളിനെ കൂടാതെ രണ്ട്‌ സുഹൃത്തുക്കളും ഉണ്ടാകും. പഴയ കുരുവിക്കൂടൊക്കെ തലയിൽ ഒരുക്കി വർഷങ്ങൾക്കുമുമ്പ‌് സ്‌റ്റുഡിയോ ഫോട്ടോഗ്രാഫറുടെ നിർദേശമനുസരിച്ച്‌ ഇരുന്ന ഇരിപ്പ്‌ ഇന്നും നിത്യയൗവനവുമായി ചുമരിലുണ്ട്‌. പിന്നെ മോളും മരുമോനും പിള്ളേരുംകൂടി ഒരു ഫോട്ടോ.
 

ആറാം മാസത്തിൽ

 
ആറുമാസം പ്രായമുള്ള ഒരു കുഞ്ഞ്‌ കമിഴ്‌ന്നുകിടന്ന്‌ തല ഉയർത്തി ചിരിക്കുന്ന ഫോട്ടോ ഉറപ്പായും ഉണ്ടാകുമായിരുന്നു. കഴുത്തിൽ ഒരു സ്വർണചെയിനൊക്കെ ഉണ്ടാകും. ആ വെളുത്ത തുടുത്ത കുട്ടിയാണത്രെ ഇതാ നമ്മുടെ അടുത്ത്‌ ജീവിതപ്രാരബ്‌ധങ്ങൾക്കിടയിലുള്ള ഓട്ടത്തിൽ തലമുടി പകുതി കൊഴിഞ്ഞതും ഉള്ളതു വെളുത്തും അമ്പതുവയസ്സിൽ അറുപതു വയസ്സിന്റെ എഫക്‌ട്‌ തോന്നിച്ചുമൊക്കെ ഇരിക്കുന്നത്‌. രണ്ട‌് കല്യാണഫോട്ടോ ഉണ്ടാകും. മിന്നുകെട്ട്‌, താലികെട്ട്‌, പുടവ കൊടുക്കൽ തുടങ്ങി ഒന്നോ രണ്ടോ ദൃശ്യങ്ങൾ.
 

സ്വന്തം ക്യാമറ

 
സ്വന്തം ക്യാമറ ഉണ്ടെന്നൊക്കെ പറയുന്നത്‌ അസൂയാർഹമായ ഒരു ‘ഇത്‌’ ആയിരുന്നു അന്ന‌്. പഴയ ചില സിനിമകൾ കാണുമ്പോൾ അറിയാം. നഗരത്തിലെ ചെറുപ്പക്കാരൻ ഗ്രാമത്തിൽ സന്ദർശനത്തിനെത്തുന്നു. തോളിൽ ക്യാമറ തൂക്കിയിട്ടുണ്ട്‌. നിഷ്‌കളങ്കയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവളുമായ നായിക. ജീവിതത്തിൽ ആദ്യമായാണ്‌ ക്യാമറ കാണുന്നത്‌. പാവം കുട്ടി. നായകൻ നായികയെ ഫോട്ടോയിലാക്കുമ്പോൾ കൗതുകംകലർന്ന നാണത്തിൽ കാലിലെ പെരുവിരൽകൊണ്ട‌് തറ മാന്തിപ്പൊളിച്ചു നിൽക്കുന്ന ആ ദൃശ്യങ്ങൾ മറക്കാൻ പറ്റുമോ? ഇന്നോ? ബെസ്റ്റ്‌. ദിവസവും ആഹാരത്തിനു മുന്നിലും പിന്നിലുമെന്ന കണക്കിൽ ആറുനേരം പ്രൊഫൈൽ പിക്‌ചർ മാറ്റുന്ന നായിക‐നായക സമൂഹമാണ്‌. ഫോട്ടോയെടുത്ത്‌ പ്രേമം തുടങ്ങാമെന്ന നായകന്റെ പൂതിയൊക്കെ ക്യാമറയിൽ ഇരിക്കുകയേ ഉള്ളൂ. ജനിച്ചുവീഴുന്ന കുട്ടിതന്നെ മൊബൈൽ ക്യാമറയുടെ ക്ലാരിറ്റിയെക്കുറിച്ച്‌ ജ്ഞാനിയാണ്‌. പണ്ട്‌ ക്യാമറയിലെ ഫോട്ടോ എടുപ്പിന്‌ എന്തെന്തു ഘട്ടങ്ങളാണ്‌. ആദ്യം സ്‌റ്റുഡിയോയിൽനിന്ന്‌   ഫിലിം  റോൾ വാങ്ങൽ. അത്‌ ക്യാമറയിൽ ഫിറ്റ്‌ ചെയ്യൽ. ഫോട്ടോ എടുത്തുകഴിഞ്ഞാൽ വാഷ്‌ ചെയ്യാൻ സ്‌റ്റുഡിയോയിൽ ഏൽപ്പിക്കൽ. വാഷ്‌ ചെയ്‌തുകിട്ടാൻ രണ്ടുമൂന്നു ദിവസമൊക്കെ കാത്തിരിക്കണം. പ്രിന്റടിച്ച‌് കിട്ടുമ്പോഴാണ്‌ രസം. ചിലതിന്‌ തലയില്ല. ഉടൽ പകുതി മുറിഞ്ഞിരിക്കുന്നു. 
 

സ്‌റ്റുഡിയോയിൽ

 
ഇന്ന്‌ പഴയതിനേക്കാൾ സജീവമാണ്‌ സ്‌റ്റുഡിയോകൾ. വമ്പൻ സെറ്റപ്പിലുള്ള ഫോട്ടോയെടുപ്പുകളാണ്‌ ആധികവും. കല്യാണ മാമാങ്കം, ഇവന്റുകൾ അങ്ങനെ. പണ്ട്‌ അങ്ങനെയിരിക്കുമ്പോൾ സ്‌റ്റുഡിയോയിൽ പോകുകയാണ്‌. ഫോട്ടോഗ്രാഫറുടെ മുന്നിൽ ഇരിക്കുമ്പോൾ ഡോക്‌ടറുടെ മുന്നിൽ ഇരിക്കുന്ന ഫീലാണ്‌. ‘ശ്വാസം വലിച്ചു വിടൂ.’’, ‘‘ശ്വാസം പിടിക്കൂ’’ എന്നൊക്കെ ഡോക്ടർ നിർദേശിക്കുംപോലെ ‘വലത്തേക്ക്‌’, ‘ഇടത്തേക്ക്‌’, ‘കഴുത്ത്‌ ഒന്നുയർത്തൽ’ എന്നൊക്കെ നിർദേശങ്ങൾ. ഏതോ അത്ഭുത ലോകത്തു പെട്ടുപോയ ഫീലിലാണ്‌ നമ്മൾ. ഗ്രൂപ്പ്‌ ഫോട്ടോ എടുക്കേണ്ട സന്ദർഭങ്ങളിൽ ഫോട്ടോഗ്രാഫർ വീട്ടിലെത്തും. കൂട്ടുകുടുംബകാലം. ഒരു വീടെന്നു പറയുന്നത്‌ ഒരു താലൂക്കു പോലെയൊക്കെ വരും. അംഗങ്ങളെ തറയിലിരിക്കുന്നവർ, കസേരയിൽ ഇരിക്കുന്നവർ, കസേരയ്ക്ക്‌ പിന്നിൽ നിൽക്കുന്നവർ  എന്നിങ്ങനെ മൂന്നുവരികളിൽ ക്രമപ്പെടുത്തിയാണ്‌ ഫോട്ടോ എടുക്കുന്നത്‌. കസേര വരിയുടെ നടുവിൽ കാരണവരാണ്‌. ഗ്രൂപ്പു കഴിഞ്ഞ്‌ കാരണവരെ ഒറ്റയ്‌ക്കിരുത്തി എടുക്കുന്ന ഫോട്ടോയാണ്‌ നേരത്തെ പറഞ്ഞ പോലെ പ്രാധാന്യത്തോടെ ചുമരിൽ കണ്ടത്‌. 
പാസ്‌പോർട്ട് സൈസ്‌
 
പണ്ടൊക്കെ പത്താംക്ലാസ്‌ എത്തുമ്പോഴാണ്‌ ഒരാൾ ഒറ്റയ്‌ക്ക്‌ സ്‌റ്റുഡിയോയിൽ പോകുന്നത്‌. ഹാൾടിക്കറ്റിൽ ഒട്ടിക്കാനുള്ള ഫോട്ടോ എടുക്കാൻ. പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോ എന്ന പദം ആദ്യം ജീവിതത്തിലേക്ക്‌ കറയുന്നത്‌ അന്നാണ്‌. മൂന്നു കോപ്പിയാണ്‌ അടിസ്ഥാന എണ്ണമായി സ്‌റ്റുഡിയോകൾ നിശ്ചയിച്ചിട്ടുള്ളത്‌. അത്‌ സ്‌റ്റുഡിയോയുടെ പേരുള്ള കൊച്ചു കവറിലിട്ട്‌ നമ്മളെ ഏൽപ്പിക്കും. അവിടെനിന്നുതന്നെ നമ്മൾ അത്‌ നോക്കി വിലയിരുത്തും. കുടുംബ ഫോട്ടോയ്‌ക്ക്‌ മതിപ്പുകൂട്ടാൻ താജ്‌മഹലിന്റെ പശ്ചാത്തലമൊക്കെ സ്‌റ്റുഡിയോയിൽ ഉണ്ടാകും.
 
krishnapoojappura@gmail.com

 

പ്രധാന വാർത്തകൾ
 Top