മലയൻകുഞ്ഞ്’ എന്ന സിനിമയിലൂടെ 30 വർഷത്തിനുശേഷം എ ആർ റഹ്മാന്റെ സംഗീതം വീണ്ടും മലയാളത്തിൽ എത്തുമ്പോൾ വരികൾ എഴുതുന്നത് ആരാകുമെന്ന ആകാംക്ഷ ആരാധകർക്ക് ഉണ്ടായിരുന്നു.
1992ൽ ‘യോദ്ധ’ സിനിമയ്‌ക്കുവേണ്ടി മലയാളത്തിൽ ആദ്യമായി സംഗീതസംവിധാനം ചെയ്യുമ്പോൾ ബിച്ചു തിരുമലയായിരുന്നു എഴുതിയത്. പിന്നീട് ‘ദിൽസെ’ എന്ന ഹിന്ദി സിനിമയിലെ ഒരു പാട്ടിന് മലയാളവരികളെഴുതാൻ ഗിരീഷ് പുത്തഞ്ചേരിക്കായിരുന്നു അവസരം.
ഇത്രയും വർഷത്തെ ഇടവേളയ്‌ക്കുശേഷം റഹ്മാൻ വീണ്ടും എത്തുമ്പോൾ ഒരു ഇരുപത്തെട്ടുകാരനായിരുന്നു നിയോഗം. പേര് വിനായക് ശശികുമാർ. എന്തുകൊണ്ടാണ് ഒരു യുവ എഴുത്തുകാരനെ തെരഞ്ഞെടുത്തതെന്ന് ചോദിച്ചാൽ 10 വർഷമായി വിനായക് മലയാളത്തിനു സമ്മാനിച്ച പാട്ടുകൾതന്നെയാണ് മറുപടി. തന്റെ പാട്ടെഴുത്ത് ജീവിതത്തിന്റെ 10–-ാം വാർഷികത്തിൽ എ ആർ റഹ്മാനോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം ദേശാഭിമാനിയോട് പങ്കുവയ്‌ക്കുകയാണ് വിനായക് ശശികുമാർ.
എ ആർ റഹ്മാൻ ഒരു സ്വപ്‌നമായിരുന്നു

എ ആർ റഹ്‌മാനൊപ്പമുള്ള സെൽഫി
എ ആർ റഹ്മാനൊപ്പം പ്രവർത്തിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ‘ആടുജീവിതം’ എന്ന സിനിമയ്‌ക്ക് എ ആർ റഹ്മാനാണ് സംഗീതം ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ പാട്ടെഴുതാൻ അവസരം ചോദിച്ചു. പക്ഷേ, നടന്നില്ല. എന്റെ പ്രാർഥന കൊണ്ടാകാം മലയൻകുഞ്ഞിനുവേണ്ടി അവസരം എന്നെ തേടിയെത്തുകയായിരുന്നു.
മലയൻകുഞ്ഞ് ഒരു നിയോഗം
ഈ സിനിമയെക്കുറിച്ച് ആലോചിക്കുമ്പോഴും ചിത്രീകരണം പൂർത്തിയായപ്പോഴും ഞാൻ അതിന്റെ ഭാഗമായിരുന്നില്ല. എ ആർ റഹ്മാൻ സംഗീതം ചെയ്യാൻ തീരുമാനിച്ചശേഷമാണ് പാട്ടെഴുതാനുള്ള അവസരം തേടിവന്നത്. ഒരു ദിവസം സംവിധായകൻ അമൽ നീരദ് വിളിച്ചുപറഞ്ഞു– ‘‘ഫഹദ് ഫാസിൽ വിളിക്കും. ഒരു നല്ല കൊളാബ്രേഷൻ ഉണ്ട്’’ എന്ന്. ഫഹദ് ഫാസിൽ വിളിച്ച് മലയൻകുഞ്ഞിനുവേണ്ടി പാട്ടെഴുതാൻ അവസരം തന്നപ്പോഴാണ് എ ആർ റഹ്മാനുവേണ്ടി പാട്ടെഴുതുന്നതാണ് അമൽ നീരദ് പറഞ്ഞ കൊളാബ്രേഷനെന്ന് മനസ്സിലായത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ മഹേഷ് നാരായണന്റെ കാക്കനാടുള്ള എഡിറ്റിങ് സ്റ്റുഡിയോയിലാണ് സംവിധായകൻ സജിമോനുമായി കൂടിക്കാഴ്‌ച നടത്തിയത്. അപ്പോഴേക്കും സിനിമയുടെ എഡിറ്റിങ് കഴിഞ്ഞു. സിനിമ മുഴുവനും കാണാനാണ് അവർ എന്നോട് ആവശ്യപ്പെട്ടത്. അവർ പറഞ്ഞ ഭാഗത്ത് പാട്ട് വരണമെന്ന് നിർദേശിച്ചു.
ട്യൂൺ വാട്‌സാപ്പിൽ എത്തി
എ ആർ റഹ്മാന്റെ അസിസ്റ്റന്റ് കാർത്തിക്കിനെയാണ് ആദ്യം ബന്ധപ്പെട്ടത്. പിന്നീട് വാട്‌സാപ്പിലേക്ക് എ ആർ റഹ്മാന്റെ ശബ്ദത്തിൽ ട്യൂൺ വന്നു. ട്രാക്കൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശബ്ദത്തിൽത്തന്നെ ട്യൂൺ കിട്ടിയപ്പോൾ പുതുമ തോന്നി. അങ്ങനെ എഴുത്തുതുടങ്ങി. സംവിധായകൻ സജിമോനും മഹേഷ് നാരായണനും ഒപ്പമുണ്ടായിരുന്നു.
ഒരു പാട്ട് രണ്ടായി
ചോലപ്പെണ്ണേ എന്നപാട്ടും മണ്ണുംനിറഞ്ഞേ എന്ന പാട്ടും ഒരു പാട്ടായിട്ടാണ് എഴുതിയത്. പല്ലവി ആയിട്ട് എഴുതിയ വരികൾ ചോലപ്പെണ്ണേ ആയിട്ടും ഇറങ്ങി, അനുപല്ലവിയായി എഴുതിയ വരികൾ ‘മണ്ണുംനിറഞ്ഞേ’ എന്ന പാട്ടായും മാറുകയായിരുന്നു. സിനിമയിൽ ഈ രണ്ടു പാട്ടും ഒരേസമയത്തുതന്നെ കാണാനാകുമെന്നതാണ് മറ്റൊരു സവിശേഷത. ‘പൊന്നിമകളേ’ എന്ന താരാട്ടുപാട്ടും എഴുതി.
നേരിൽ കാണുന്നത് പാട്ട് ഇറങ്ങിയ ദിവസം
മലയൻകുഞ്ഞിലെ പാട്ടുകൾ എഴുതുമ്പോഴോ, റെക്കോഡ് ചെയ്യുമ്പോഴോ എ ആർ റഹ്മാനെ കാണാൻ അവസരം ലഭിച്ചിട്ടില്ല. അദ്ദേഹം ദുബായിലും ഞാൻ എറണാകുളത്തുമായിരുന്നു. പാട്ടുകൾ മലയാളത്തിലും ഇംഗ്ലീഷിലുമായി ഇ മെയിലിൽ അയച്ചുകൊടുക്കുകയായിരുന്നു. അതോടൊപ്പം എന്റെ ശബ്ദത്തിലും വരികൾ അയച്ചുകൊടുത്തു. അദ്ദേഹത്തെ നേരിൽ കാണണമെന്ന ആഗ്രഹം അപ്പോഴും മനസ്സിൽ ബാക്കിയായി. കാണാൻ പോകുമ്പോൾ തന്നെയുംകൂടെ കൂട്ടണമെന്ന് സംവിധായകൻ സജിമോനോടും മഹേഷ് നാരായണനോടും പറഞ്ഞിരുന്നു.
വിളിയെത്തി
മലയൻകുഞ്ഞിന്റെ പാട്ട് റെക്കോഡിങ് പൂർത്തിയായപ്പോൾ എ ആർ റഹ്മാന്റെ ചെന്നൈ സ്റ്റുഡിയോയിൽനിന്ന് വിളിയെത്തി. വിക്രം നായകനായ ‘കോബ്ര’ എന്ന തമിഴ് സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ അതിലെ മുഴുവൻ പാട്ടും മലയാളത്തിൽ എഴുതണമെന്നു പറഞ്ഞായിരുന്നു വിളി. പറഞ്ഞദിവസംതന്നെ ചെന്നൈയിൽ എത്തി, അദ്ദേഹത്തെ കണ്ടു. അന്നുതന്നെ ചോലപ്പെണ്ണേ എന്ന പാട്ടിന്റെ വീഡിയോയും ഇറങ്ങി. അത് അദ്ദേഹത്തോടൊപ്പംതന്നെ കാണാൻ കഴിഞ്ഞതും സന്തോഷം ഇരട്ടിയാക്കി. മറ്റു ചില അവസരങ്ങളും അന്ന് ലഭിച്ചു. പൊന്നിയൻ സെൽവൻ സിനിമയുടെ റെക്കോഡിങ്ങിനു വേണ്ടി സംവിധായകൻ മണിരത്‌നം സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തെയും പരിചയപ്പെട്ടു.
ഓർമയിൽ സൂക്ഷിക്കാനൊരു സെൽഫി
മനസ്സിൽ ആരാധിക്കുന്ന സംഗീത സംവിധായകനെ പരിചയപ്പെടുമ്പോൾ, ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം എന്റെ ഫോൺ വാങ്ങി സെൽഫി എടുത്തുനൽകുകയായിരുന്നു.
വിനായക് ശശികുമാറിന്റെ പ്രധാന പാട്ടുകൾ:
പവിഴമഴയേ (അതിരൻ)
ദൂരേ, ദൂരേ (നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി),
തനിയേ മിഴികൾ, ഗബ്രിയേലിന്റെ (ഗപ്പി)
ഉയിരിൻ നദിയേ (മായാനദി)
മിന്നി മിന്നി കണ്ണു ചിമ്മി (ജൂൺ)
എഴുതാക്കഥ പോൽ (കുമ്പളങ്ങി നൈറ്റ്‌സ്)
ഞാൻ ജാക്‌സൺ അല്ലടാ, ന്യൂട്ടൺ അല്ലടാ (അമ്പിളി)
ആരാധികേ (അമ്പിളി)
പറുദീസ (ഭീഷ്‌മപർവം)
രതിപുഷ്‌പം പൂക്കുന്ന യാമം (പറുദീസ)
ഏലമലക്കാടിനുള്ളിൽ (പത്താം വളവ്)
ശാന്തേ, സൗമ്യേ, ശാലീനേ, ശ്രീലോലേ (ജയ ജയ ജയ ജയഹേ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..