22 March Friday

വത്തിക്കാൻ വിശേഷങ്ങൾ

പി രാജീവ്‌ prajeevcpm@gmail.comUpdated: Sunday Oct 7, 2018

ഫ്രാൻസിസ‌് മാർപാപ്പ. ലോകമെങ്ങുമുള്ള കത്തോലിക്ക വിശ്വാസികളുടെ നല്ല ഇടയൻ. മുതലാളിത്തത്തിന്റെ ചൂഷണാത്മക സമീപനങ്ങളെ ധീരമായി എതിർത്തുകൊണ്ട‌് മുൻഗാമികൾക്ക‌് അപരിചിതമായ പുതുവഴിയിലൂടെ സഞ്ചരിക്കുന്നു അദ്ദേഹം. ക്രിസ‌്ത്യാനികളെപ്പൊലെ ചിന്തിക്കുന്നത‌് കമ്യൂണിസ‌്റ്റുകാരാണെന്ന‌് പറയാൻ മടിയില്ലാത്ത ‘മഹാനായ പരിഷ‌്കർത്താവ‌്’.  വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ‌്സ‌് ബസിലിക്കയിൽ  മാർപാപ്പയെ സന്ദർശിച്ച ദേശാഭിമാനി ചീഫ‌് എഡിറ്റർ പി രാജീവ‌് എഴുതുന്നു

 
 
"It is the communist who think like Christians'-- Pope Francis, (Interview with Eugenio Scalfari)
 
കേരളത്തിൽനിന്നാണെന്ന്‌ പറഞ്ഞപ്പോൾ മാർപാപ്പ പതുക്കെ ഇരുകൈകളും ചേർത്തുപിടിച്ചു. പ്രളയത്തിന്റെ കെടുതികളിൽനിന്ന‌് നാട്‌ വീണ്ടെടുക്കലിന്റെ നാളുകളിലാണെന്ന്‌ പറഞ്ഞപ്പോൾ താൻ കേരളത്തിനായി പ്രാർഥിക്കുന്നുണ്ടെന്ന്‌ അദ്ദേഹം പതുക്കെ മന്ത്രിച്ചു . കഴിഞ്ഞ ദിവസം പ്രസംഗത്തിനിടയിൽ കേരളത്തെക്കുറിച്ച്‌ പരാമർശിച്ചതിന്‌ അദ്ദേഹത്തോട്‌ നന്ദി പറഞ്ഞു. സി പി ചന്ദ്രശേഖർ എഴുതിയ  Karl Marx's Capital and The Present  എന്ന പുസ്‌തകത്തിന്റെ കോപ്പി അദ്ദേഹത്തിന‌് നൽകി. ചെറുപുഞ്ചിരിയോടെ അദ്ദേഹം പുസ്‌തകത്തിലേക്ക്‌ നോക്കി. അങ്ങ്‌ എപ്പോഴും അസമത്വത്തെ കുറിച്ചും പണത്തെ ദൈവമാക്കുന്ന മുതലാളിത്തത്തെ കുറിച്ചും പറയുന്നത്‌ വായിക്കാറുണ്ടെന്നുപറഞ്ഞപ്പോൾ അദ്ദേഹം പതുക്കെ നെറ്റിയടുപ്പിച്ചു.  ഞാനൊരു കമ്യൂണിസ്റ്റാണെന്ന‌് അദ്ദേഹത്തോട്‌ പറഞ്ഞു. ഒരുകൈ അദ്ദേഹം പതുക്കെ ഉയർത്തി. പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:  ‘God Bless You’.  നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെയെന്ന വാചകം കേട്ടപ്പോൾ ഞാൻ മാർപാപ്പ യുജെനിയോ സ്‌കൾഫാരിക്ക്‌ നൽകിയ അഭിമുഖത്തിലെ വാക്കുകൾ അറിയാതെ ഓർത്തുപോയി. 
 
അങ്ങ്‌ തുല്യതയുടെ സമൂഹത്തെക്കുറിച്ച്‌ എപ്പോഴും പറയുന്നുവെന്നും അത്‌ മാർക്‌സിസമല്ലേയെന്നുമുള്ള ചോദ്യത്തിന്‌ മാർപാപ്പ നൽകിയ മറുപടി ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഈ ചോദ്യം പലതവണയായി താൻ കേട്ടിട്ടുണ്ടെന്നും അതുസംബന്ധിച്ച തന്റെ പ്രതികരണം ഒന്നുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്‌ത്യാനികളെപോലെ ചിന്തിക്കുന്നത്‌ കമ്യൂണിസ്റ്റുകാരാണെന്നുപറഞ്ഞ മാർപാപ്പ അത്‌ വിശദീകരിക്കുകയുംചെയ്‌തു. ദരിദ്രരും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങൾക്ക്‌ തീരുമാനമെടുക്കാൻ അധികാരമുണ്ടാകേണ്ട സമൂഹത്തെക്കുറിച്ചാണ്‌ ക്രിസ്‌തു പറഞ്ഞുകൊണ്ടിരുന്നത്‌. അത്‌ ഭരണാധികാരികളോ ഭരണനേതൃത്വമോ അല്ല, ദരിദ്രരായ ജനങ്ങളാണെന്ന്‌ മാർപാപ്പ പറഞ്ഞു. അവർ ദൈവത്തിൽ വിശ്വസിക്കുന്നുവോ ഇല്ലയോ എന്നതല്ല കാര്യം, അവരാണ്‌ തുല്യതയ‌്ക്കും സ്വാതന്ത്ര്യത്തിനുമായി നിലകൊള്ളുന്നത്‌. ഇത്തരത്തിലുള്ള പ്രതികരണങ്ങളും പ്രവൃത്തികളും വഴിയൊക്കെയാണ്‌  ഫ്രാൻസിസ്‌ പാപ്പ ജനങ്ങളെ തന്നിലേക്ക്‌ അടുപ്പിക്കുന്നത്‌.
 
മാർപാപ്പയ‌്ക്കൊപ്പം ലേഖകൻ

മാർപാപ്പയ‌്ക്കൊപ്പം ലേഖകൻ

 
ബുധനാഴ്‌ചകളിലാണ്‌ മാർപാപ്പ ജനങ്ങളുമായി നേരിട്ട്‌ സംവദിക്കുന്നത്‌. കത്തോലിക്കാ മതവിഭാഗത്തിന്റെ തലവനെന്നതോടൊപ്പം അദ്ദേഹം വത്തിക്കാൻ എന്ന രാജ്യത്തിന്റെ ഭരണാധികാരികൂടിയാണ്‌. ബുധനാഴ്‌ചകളിലെ പുലരിയിൽ എല്ലാ വഴികളും റോമിലേക്കാണ്‌. സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിലേക്ക്‌ ജനം ഒഴുകിയെത്തും. നേരത്തെ ഇത്രയും ജനങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം മാർപാപ്പയായതിനുശേഷം ജനപ്രവാഹം വർധിച്ചെന്നും അങ്ങോട്ടുള്ള യാത്രയ‌്ക്കിടയിൽ ഡോ. ജോസ്‌ വട്ടക്കോട്ടയിൽ പറഞ്ഞു. നേഴ്സി‌ങ്‌ അധ്യാപകൻകൂടിയായ ജോസിന‌് നാലുപതിറ്റാണ്ടിലേക്ക്‌ നീളുന്ന ജീവിതമുണ്ട്‌ റോമിൽ. ലണ്ടനിൽ പഠിക്കുന്ന അദ്ദേഹത്തിന്റെ മകൻ മാത്യുവും അത്‌ ശരിവച്ചു. 
 
ബസിലിക്കയുടെ മുമ്പിലെത്തിയപ്പോൾ ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. അവിടെ നാട്ടുകാരൻകൂടിയായ ബിഷപ‌് സ്റ്റീഫൻ ചിറപ്പറത്ത്‌ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പോപ്പിനെ നേരിൽ കാണാനായി ഇ മെയിൽ അയച്ചിരുന്നെങ്കിലും അടുത്തുകാണാനാകുമെന്ന്‌ കരുതിയിരുന്നില്ല. നേരിട്ട്‌ മാർപാപ്പ കാണുന്നവരുടെ കൂട്ടത്തിലാണ്‌ പാസ്‌ ലഭിച്ചിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
 
മാർപാപ്പയുടെ വേദിയുടെ ഒരുവശത്തായി ഇത്തരം പാസുള്ളവർക്കായി പ്രത്യേകം ഇരിപ്പിടമുണ്ട്‌. അങ്ങോട്ട്‌ ബിഷപ്പുമാർ ഉൾപ്പെടെ ആർക്കും പ്രവേശനമില്ല. അമ്പതോളം കസേരകൾമാത്രം. പാസിലെ നമ്പർ നോക്കി അവർ കസേരയിലേക്ക്‌ നയിച്ചു. മന്ത്രിമാർ, സ്ഥാനപതിമാർ തുടങ്ങി പ്രധാന വ്യക്തിത്വങ്ങളാണ്‌ അവിടെ ഇരിക്കുന്നവരിൽ മഹാഭൂരിപക്ഷവും. യൂറോപ്യൻ പ്രൊ ഫഷണൽ ഫുട‌്ബോൾ ലീഗിന്റെ സെക്രട്ടറി ജോർജ്‌ പാങ‌്‌ലും ഭാര്യയുമാണ്‌ അടുത്തിരുന്നത്‌. യൂറോപ്യൻ ലീഗിന‌് ചുക്കാൻ പിടിക്കുന്ന അദ്ദേഹം കേരളം കാണാൻ ആഗ്രഹിക്കുന്നുവെന്ന്‌ പറഞ്ഞു. വർത്തമാനത്തിനിടയിൽ താഴെ  മനുഷ്യരുടെ  കടലിരമ്പുന്നതു കണ്ടു. ജനങ്ങൾക്കിടയിലൂടെ മാർപാപ്പ  പോപ്‌മൊബീൽ എന്ന തുറന്ന വാഹനത്തിൽ വേദിയിലെത്തി. സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയുടെ  മുകളിലെ നിലയിലാണ്‌ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവ്‌ നടക്കുന്നത്‌.
 
കറുത്ത പുകയും വെളുത്ത പുകയും നോക്കി മാധ്യമപ്രവർത്തകരും ജനങ്ങളും നോക്കിനിൽക്കുന്നത്‌ ഇങ്ങോട്ടാണ്‌. അതിനപ്പുറത്ത്‌ മാർപാപ്പയെ പ്രഖ്യാപിക്കുകയും അദ്ദേഹം അഭിസംബോധന ചെയ്യുകയുംചെയ്യുന്ന കിളിവാതിൽ.
 
ഫ്രാൻസിസ്‌ മാർപാപ്പ തന്റെ ആദ്യസന്ദർശനങ്ങളിലൊന്ന്‌ ജന്മനാട്ടിലേക്ക്‌ നടത്തിയപ്പോൾ തൊഴിൽരഹിതരായ ഖനിത്തൊഴിലാളികളെ അഭിസംബോധനചെയ്യുകയുണ്ടായി. തൊഴിൽ രഹിതന്റെ ജീവിതം ദുരിതങ്ങളുടേതാണ്‌. പണം ദൈവമാകുന്ന മുതലാളിത്ത സാമൂഹ്യവ്യവസ്ഥയാണ്‌ ഇതിനുപുറകിലെന്ന്‌ അദ്ദേഹം ആധികാരികമായി പറഞ്ഞു. അപ്പോൾ പോപ്പ്‌ ഫ്രാൻസിസ്‌ കാൾ മാർക്‌സിനെ ഓർമിപ്പിച്ചു. രൊക്കം പൈസയൊഴികെ മറ്റൊരു ബന്ധവും ബാക്കിവയ്‌ക്കാത്ത മുതലാളിത്തത്തെക്കുറിച്ചാണ്‌ മാർക്‌സ്‌ എഴുതിയത്‌. ഇത്തരം സാമ്യങ്ങളാണ്‌ പലപ്പോഴും മാർപാപ്പയെ വ്യത്യസ്‌തനാക്കുന്നത്‌. ദർശനം എന്ന നിലയിൽ മാർക്‌സിസത്തെ അംഗീകരിക്കുന്നുവോയെന്ന അടിസ്ഥാനത്തിലല്ലാതെതന്നെ പ്രയോഗത്തിൽ അദ്ദേഹം ദുരിതം അനുഭവിക്കുന്നവർക്കൊപ്പം നിൽക്കുകയും ആഗോളവൽക്കരണത്തിനും മുതലാളിത്തത്തിനുമെതിരായ ആധികാരികനിലപാട്‌ സ്വീകരിക്കുകയും ചെയ്യുന്നു.
 
ദൈവം അനുഗ്രഹിക്കട്ടെയെന്ന വാചകത്തിനുശേഷം അദ്ദേഹം പുസ്‌തകത്തിലേക്ക്‌ വീണ്ടും നോക്കി. ചെറുപുഞ്ചരിയോടെ ഒന്നുകൂടി ചേർന്നുനിന്ന്‌ പ്രതിവചിച്ചു,   Thank You.  മാർപാപ്പയുടെ ഉപഹാരമായി ഒരു കൊന്തയും ലഭിച്ചു. അപ്പോൾ ഞാൻ ഇ കെ നായനാരെ ഓർത്തു. മുഖ്യമന്ത്രിയായിരുന്നകാലത്ത്‌ നായനാർ അന്നത്തെ  മാർപാപ്പ ജോൺ പോൾ രണ്ടാമനെ സന്ദർശിച്ചപ്പോൾ സമ്മാനമായി കിട്ടിയ കൊന്തയെക്കുറിച്ച്‌ പ്രസംഗിക്കുന്നത്‌ എത്രയോ വേദികളിൽ കേട്ടിരിക്കുന്നു. 
ബസിലിക്കയോട്‌ ചേർന്നുള്ള വത്തിക്കാൻ മ്യൂസിയം ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഇടമാണ്‌. തിങ്ങിനിറഞ്ഞ ജനക്കൂട്ടം നമ്മളെ തള്ളി മുമ്പോട്ടു കൊണ്ടുപോകുമെങ്കിലും മാസങ്ങൾ എടുത്താൽപോലും ആസ്വദിച്ചുതീരാത്ത കലാസൃഷ്ടികളുടെ അപൂർവശേഖരം ആസ്വദിക്കാതെ പോകാനാകില്ല. യൂറോപ്യൻ നവോത്ഥാനകാലത്ത്‌ മൈക്കൽ ആഞ‌്ജലോയും പാബ‌്‌ലോ പിക്കാസോയും ലിയനാർഡോ ഡാവിഞ്ചിയും റഫേലും വരച്ച അതിമനോഹരമായ ചിത്രങ്ങളും ശിൽപ്പങ്ങളുമാണ്‌ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്‌.  എഴുപതിനായിരത്തിലധികം സൃഷ്ടികളിൽ ഇരുപതിനായിരത്തോളം മാത്രമാണ്‌ പ്രദർശിപ്പിച്ചിരിക്കുന്നത്‌. എത്ര സമ്പന്നമായ വൈവിധ്യംനിറഞ്ഞ കരവിരുതിന്റെയും വർണങ്ങളുടെയും ലോകം....
 
സിസ്റ്റിൻ ചാപ്പലിലാണ്‌ മൈക്കൽ  ആഞ‌്ജലോയുടെ ലോക പ്രശസ്‌തമായ  ‘Last judgement'  ഉള്ളത്‌. ശിൽപ്പിയുടെ അസാധാരണമികവിൽ ത്രിമാനമായി തോന്നുന്ന അതിമനോഹരചിത്രം. മുൻവശത്തെ ചുമരിൽനിന്നും മുകളിലെ മാനം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ചിത്രം. ആദ്യം ചുമരിലെ ചിത്രം മറ്റൊന്നായിരുന്നെന്നും അത്‌ പിന്നീട്‌ മാറ്റിയാണ്‌  മൈക്കൽ ആഞ‌്ജലോയെക്കൊണ്ട്‌ വരപ്പിച്ചതെന്നും ഫാദർ ആൽഫ്രഡ്‌  പറഞ്ഞു. അദ്ദേഹത്തിന്‌ ഓരോ ചിത്രങ്ങളെയും ശിൽപ്പങ്ങളെയും കുറിച്ച്‌ നല്ല ധാരണയാണ്‌. 
 
മൈക്കൽ ആഞ‌്ജലോയും പിക്കാസോയും റാഫേലുമൊക്കെ നിറഞ്ഞുനിൽക്കുന്ന ചുമരുകൾക്കിടയിൽ വല്ലാതെ ആകർഷിക്കുന്ന ഒരു ചിത്രമുണ്ട്‌. കരവാജ്ജിയോയുടെ എൻടോംബ്‌മെന്റ്‌ എന്ന ചിത്രം. എവിടെനിന്നാണ്‌ കരവാജ്ജിയോയുടെ ചിത്രങ്ങളിലേക്ക്‌ വെളിച്ചം വന്നുകയറുന്നതെന്ന‌് ആർക്കും പറയാൻ കഴിയില്ല. 39 വയസ്സുമാത്രം നീണ്ടുനിന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. അരാജകവഴിയിലൂടെയായിരുന്നു സഞ്ചാരമെങ്കിലും ക്യാൻവാസിന്റെ മുമ്പിൽ എത്തിക്കഴിഞ്ഞാൽ അതിവേഗത്തിൽ ജീവനുള്ള ചിത്രങ്ങൾ പിറന്നുവീഴുകയായി. ചരിത്രവും സംസ്‌കാരവും ഇഴചേർന്ന പ്രദർശനത്തിലൂടെ മനുഷ്യകുലത്തിന്റെ സഞ്ചാരപഥങ്ങളിലൂടെയാണ്‌ മ്യൂസിയം നമ്മളെ കൊണ്ടുപോകുന്നത്‌. അധിനിവേശങ്ങളുടെ ചരിത്രം നടത്തിയ കൂട്ടിച്ചേർക്കലുകളൊക്കെ കാണാമെങ്കിലും ഈജിപ്‌തിന്റെയും ഗ്രീസിന്റെയും സംസ്‌കൃതിയുടെ നേർപ്പടങ്ങളും ഇവിടെ നമുക്ക്‌ കാണാം. ഈ മ്യൂസിയത്തിൽനിന്ന‌് വന്നിറങ്ങുന്നത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്കയുടെ അകത്തളങ്ങളിലാണ്‌. അതിന്റെ മുകളിലേക്ക്‌ എത്തിയാൽ റോം പൂർണമായും കാണാം. പള്ളിയുടെ ഒരുവശത്ത്‌ പേപ്പൽ പാലസ്‌. മാർപാപ്പമാരുടെ താമസസ്ഥലം. അവിടെയും പോപ്പ്‌ ഫ്രാൻസിസ്‌ വഴിമാറി നടന്നു. കർദിനാളായിരിക്കുമ്പോൾ വത്തിക്കാനിലെത്തുമ്പോൾ താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ മാർപാപ്പ താമസിക്കുന്നു. ഓസ്റ്റിന്റ ഐവറെ എഴുതിയ ജീവചരിത്രത്തിന്റെ തലവാചകം പ്രസക്തമാകുന്നു. ‘The Great Reformer'   
 

ഗ്രാംഷി– ചിന്തയുടെ തിരമാലകൾ

 
റോമിലേക്കുള്ള യാത്രയിൽ വീണ്ടും ഗ്രാംഷിയെ വായിച്ചിരുന്നു. അന്റോണിയോ ഗ്രാംഷിയുടെ ജയിൽ കുറിപ്പുകൾ വായനയുടെയും ദർശനത്തിന്റെയും പുതിയ ലോകമാണ്‌ തുറന്നിടുന്നത്‌. ഗ്രാംഷിയുടെ പേരാട്ടം ഫാസിസത്തിന്റെ തടവറയിലേക്കാണ്‌ നയിച്ചത്‌. റോമിന്റെ തെരുവുകളിലൂടെയുള്ള യാത്രയിൽ വലിയ കെട്ടിടത്തിന്റെ ബാൽക്കണി കാണിച്ച്‌ മുസോളിനിയുടെ പ്രസംഗത്തിന്റെ വേദിയെ മാത്യു പരിചയപ്പെടുത്തി. അവിടെനിന്നാണ്‌ മുസോളിനി വികാരാവേശത്തിന്റെ വാക്കുകളിലൂടെ തന്നെ വിശ്വസിക്കാനും തന്റെ വഴികളിലൂടെ സഞ്ചരിക്കാനും ആഹ്വാനംചെയ്‌ത്‌ ജനക്കൂട്ടത്തെ ഇളക്കിയത്‌. ആൾക്കൂട്ടത്തിന്റെ ഫാസിസ്റ്റ‌് പ്രയോഗത്തിന്റെ ശരിയായ രൂപം. ഇന്നും ആ ബാൽക്കണി തുറന്നുകിടക്കുന്നു.  നവഫാസിസത്തിന്റെ രാഷ്ട്രീയ രൂപങ്ങൾ ശക്തിയാർജിക്കുന്നകാലത്ത്‌ തുറന്നുകിടക്കുന്ന ബാൽക്കണി നമ്മളെ പലതും ഓർമിപ്പിക്കുന്നുണ്ട്‌. ആ ഓർമയുടെ തള്ളിക്കയറ്റത്തിൽ ഗ്രാംഷി വീണ്ടും കടന്നുവന്നു.
റോമിൽ ഗ്രാംഷിയെ അടക്കംചെയ്‌ത ഇടമുണ്ടെന്ന വായിച്ചറിവിൽ ഇറ്റലിയിലെ സുഹൃത്തുക്കളോട്‌ ചോദിച്ചു. പലർക്കും അത്‌ പുതിയ അറിവായിരുന്നു. നോൺ കാത്തലിക്‌ സെമിത്തേരിയുടെ ഒരറ്റത്ത്‌ ഗ്രാംഷി ഉറങ്ങുന്നു, ചിന്തയുടെ ലോകത്ത്‌ ഇപ്പോഴും തിരമാലകൾ സൃഷ്ടിച്ചുകൊണ്ട്‌. ഇറ്റാലിയൻ കമ്യൂണിസ്റ്റ‌് പാർടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഗ്രാംഷി മാർക്‌സിസത്തിന‌് പുതിയ മാനങ്ങൾ നൽകി. ശരീരത്തിന്റെ പരിമിതികളെ പ്രത്യയശാസ്‌ത്രത്തെളിമകൊണ്ടും സമർപ്പണംകൊണ്ടും മറികടന്നു. ഫാസിസത്തിന്റെ തടവറയിലെ ജീവിതം മരണത്തിലേക്ക്‌ വഴിതെളിച്ചു.
 
ഗ്രാംഷിയുടെ കല്ലറയിൽനിന്ന‌് അധികം ദൂരെയല്ലാതെ ഈ സെമിത്തേരിയിൽ രണ്ടു ലോകപ്രശസ്‌തരുടെ സ്‌മാരകശിലകൾകൂടി കണ്ടു. ഷെല്ലിയും കീറ്റ്‌സും. മനുഷ്യവായനയുടെ അഭിരുചികളെ നിർണയിച്ച മഹദ്‌ വ്യക്തിത്വങ്ങൾ. ഇരിഞ്ഞാലക്കുട ക്രൈസ്റ്റിലെ പ്രീഡിഗ്രി ക്ലാസ‌്മുറിയിൽ സച്ചിദാനന്ദൻ മാഷ്‌ ആംഗലേയത്തിൽ കവിത പഠിപ്പിക്കുന്ന കാലത്തേക്ക്‌ കീറ്റ്‌സ്‌  കൂട്ടിക്കൊണ്ടുപോയി. അറിയുന്നവരും അറിയാത്തവരുമായ എത്രയോ പേർ ഇവിടെ കൊത്തിവയ്‌ക്കപ്പെട്ട പേരുകളായി...  ഒഴിവാക്കപ്പെടാനാകാത്തവരാണെന്ന്‌ ഒരുകാലത്ത്‌ കരുതിയിരുന്നവരാണ്‌ ശ്‌മശാനങ്ങളിൽ നിറയെ...
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top