വേർപാടുകളുടെ മണമുള്ള കാലത്താണ് എഴുത്ത് കൈമോശം വന്നത്. കുഞ്ഞനുജത്തി ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയ പകൽ പിന്നിട് കൂരിരുട്ടായി. എഴുതിയതും വായിച്ചതും എഴുതാനുള്ളതും ഒക്കെ നിശ്ചലമായി. ജീവിതം ഇത്രേയേ ഉള്ളൂ എന്ന് പറയാതെ പറഞ്ഞവൾ മുമ്പേ പോയി. കാലത്തിന് ആരെയും നോക്കേണ്ട കാര്യമില്ലല്ലോ. പിന്നീട് അവളുടെ ഓർമകളേകിയ കരുത്തിൽ തന്നെയാണ് എഴുത്തിലേക്ക് വീണ്ടും തിരിച്ചു വന്നതും
ഓർമകൾക്ക് പല നിറങ്ങളാണ്. മരങ്ങൾക്കിടയിൽ ഓടിക്കളിക്കുന്ന വെയിൽ ചിത്രങ്ങൾ പോലെ പലപ്പോഴും മങ്ങിയും തെളിഞ്ഞും പിന്നെ മാഞ്ഞു പോവുകയും ചെയ്യുന്ന ഓർമച്ചിത്രങ്ങൾ. എങ്കിലും ഇത്തരം ചിത്രങ്ങൾ തരുന്ന അതിജീവനമാണ് നമ്മളെ നമ്മളാക്കുന്നതിൽ ഏറിയ പങ്കും വഹിച്ചിട്ടുണ്ടാവുക.
വായന, എഴുത്ത്, ജീവിതം എന്നീ മേഖലകളിലൂടെ അതിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ അതിനെ പറ്റിയുള്ള ഓർമകൾ പല നാടുകളിലായി പകുത്തു കിടക്കുകയാണ്.ഒരു ദേശം തന്ന സംസ്കാരവും കാഴ്ചയുമല്ല മറ്റൊരു ദേശം തരുന്നത്. ഈ നാടുകളൊക്കെ തന്ന കാഴ്ചകൾ വ്യത്യസ്തമാണ്. ചിലത് സുന്ദരം, മറ്റു ചിലത് വേദനാജനകവും. എങ്കിൽ കൂടി അവയെല്ലാം ജീവിതത്തിന്റെ കരുത്ത് കൂട്ടും. മനസ്സ് സംശുദ്ധമാക്കും.
പാലക്കാടിന്റെ തെക്കൻ പ്രദേശമായ കൊല്ലങ്കോടാണ് ജനിച്ചു വളർന്നത്. സംസ്കാര വൈവിധ്യമുള്ള പ്രദേശം. തമിഴ്‐മലയാള സങ്കരഭൂമി.
നിറയെ കരിമ്പനകളുള്ള വയൽ വരമ്പുകളിൽ മഴക്കാലത്തും വേനൽക്കാലത്തും ഒരു പ്രത്യേക ഭംഗി പകരാൻ കഴിയുന്നത് തന്നെയാണ് പാലക്കാടിന്റെ തെക്കേ അറ്റത്ത് തെന്മലയുടെ ചോട്ടിലുള്ള കൊല്ലങ്കോടെന്ന ഗ്രാമത്തിന്റെ പ്രത്യേകത. വേനൽക്കാലത്ത് കടുത്ത ചൂടാണെങ്കിലും ജലക്ഷാമം രൂക്ഷമെങ്കിലും വൈകുന്നേരങ്ങളിൽ ഒഴിഞ്ഞ പാടങ്ങൾ താണ്ടി പനമ്പട്ടതഴുകി ഒഴുകി വരുന്ന കാറ്റിന് തമിഴകത്തിന്റെ ഗന്ധം.
കൊയ്ത്തുകഴിഞ്ഞ് വിണ്ടു കിടക്കുന്ന പാടങ്ങളിൽ രാത്രി പൊറാട്ടുകളിയുണ്ടാവും. നേരം വെളുക്കുവോളമുള്ള പൊറാട്ടുകളി കാണാൻ അമ്മമാർ ചെറിയ കുട്ടികളെ ഒക്കത്തെടുത്ത് പായും ചുരുട്ടിപ്പിടിച്ചാണ് പോവുക. തനി പാലക്കാടൻ ശൈലിയിലുള്ള സംഭാഷണങ്ങളിൽ സമ്പന്നമാണ് ഈ ആക്ഷേപഹാസ്യനാടകം. പകലന്തിയോളമുള്ള പണിയുടെ വിരസത മാറ്റാൻ പനങ്കള്ള് കുടിച്ച് പുരുഷന്മാരും ഇത് കാണാൻ വരും.
കുളങ്ങളൊക്കെ വറ്റിത്തുടങ്ങിയാൽ അടിയിൽ ചേറുണ്ടാവും. അതിൽ പൂണ്ട് നല്ല കണ്ണൻ മീനുകൾ. മൊയ്യും കണ്ണനും ബ്രാലും തുടങ്ങിയ മീനുകളാൽ ഉച്ചഭക്ഷണം സമൃദ്ധം. ചളിയിൽ പൂണ്ട് കിടക്കുന്ന താമരക്കിഴങ്ങിന്റെ ഇളം റോസ് നിറമാർന്ന വള്ളി പറിച്ച് ഉപ്പേരിയും കൊണ്ടാട്ടവും അച്ചാറുമൊക്കെ ഉണ്ടാക്കുന്നത് ഈ നാടിന്റെ മാത്രം സവിശേഷത.
ഇടക്ക് കിട്ടും ഇടിയും കാറ്റും അകമ്പടിയായുള്ള വേനൽമഴ. ചിലപ്പോൾ കുളങ്ങളിലൊക്കെ ചെറുതായി വെള്ളം പൊന്തും. തോട്ടുവക്കത്തെ കൈതകൾ പൂക്കുന്നതപ്പോഴാണ്. ഹൃദ്യമായ സുഗന്ധമാണ് പൂക്കൾക്ക്.
പന ഇളനീരെന്ന പനനൊങ്ക് വേനലിനെ ചെറുക്കാൻ ഒരുപാട് സഹായിച്ചു. അതിന്റെ കാമ്പിനും നല്ല കുളിര്. മൂത്ത പന നൊങ്കുകൾ മണ്ണിൽ കുഴിച്ചിടും അത് മുളച്ച് വരുന്ന കുമ്പ് പറിച്ചെടുത്ത് വേവിച്ച് രുചിയോടെ കഴിക്കാറുണ്ട്. പനങ്കള്ള് വാറ്റിയുണ്ടാക്കുന്ന ചക്കരയും അതിവിശേഷം.
നല്ല വേനലിലാണ് കൊണ്ടാട്ടങ്ങളും മുറുക്കും അരി പപ്പടവും ഉണ്ടാക്കുക. ഉണ്ണിപ്പിണ്ടി അരിയിൽ ചേർത്തുണ്ടാക്കുന്ന കൊണ്ടാട്ടം വിശിഷ്ടം. മഴക്കാലത്തേക്കുള്ള സൂക്ഷിപ്പുകളാണ് ഇതൊക്കെ. രാത്രിയിൽ ഒഴുകി വരുന്ന കണ്യാർകളിയുടെയും പൊറാട്ടുകളിയുടെയും ശീലുകൾ സംസ്കാരത്തെ സമ്പന്നമാക്കിയിരുന്ന വേല–- പൂരങ്ങൾ ഒക്കെ അവസാനിക്കുക വേനലറുതിയിൽ.
മഴക്കാലങ്ങൾ ഈ നാടിനെ സുന്ദരിയാക്കുന്നു. പി കുഞ്ഞിരാമൻ നായർ എന്ന കാവ്യ പ്രതിഭ കവിതയെ തേടിയലഞ്ഞ മണ്ണ്. ദൂരെ തെന്മലച്ചെരിവുകളിലെ വെള്ളച്ചാട്ടങ്ങളും താമരക്കുളങ്ങളും പച്ചപുതച്ച വയലുകളും ആരെയും പ്രകൃതിസ്നേഹിയാക്കും. നാഗരികത വല്ലാതെയൊന്നും ഇവിടെയെത്തിയിട്ടില്ല എന്നതാശ്വാസമാണ്.
നാടിനെ അടുത്തറിഞ്ഞ് അതിൽ ഇഴുകി ചേർന്ന് നീങ്ങുമ്പോൾ അതിന്റെ സാന്നിധ്യം പലപ്പോഴും എന്റെ എഴുത്തിൽ പ്രകടമാകുന്നു എന്നത് പലരും പറയുന്നത് സുഖകരമായിട്ടാണ് തോന്നിയിട്ടുള്ളത്.
ജന്മം കൊണ്ട് കൊല്ലങ്കോടാണെങ്കിലും മണ്ണാർക്കാട് ജീവിക്കുന്നുണ്ടെങ്കിലും അച്ഛനമ്മമാരുടെ നാട് കോഴിക്കോടിനും വടക്ക് നാദാപുരത്തിനടുത്ത ഈയ്യങ്കോടാണ്. അങ്ങോട്ടേക്കുള്ള അവധിക്കാല യാത്രകൾ തന്നെയാണ് ഓർമയിലെ ആദ്യ പച്ചപ്പ്. തീവണ്ടിയാത്ര എന്ന പ്രലോഭനവും കഥകളുറങ്ങുന്ന പഴയ വീടുകളുടെ അകത്തളങ്ങളും പുഴയും ഇലഞ്ഞിമരവും നിറയെ പിച്ചക വള്ളികൾ പടർന്ന് മാമ്പഴമുതിർത്തിരുന്ന മാവുകളും കൈതപ്പൊന്തകളും. എല്ലാത്തിനുമുപരി വേനലൊഴിവിലെ പരീക്ഷകളുടെ ഭാരമില്ലാത്ത കളിക്കാലങ്ങൾ, വായനയും പാട്ടും കവിത ചൊല്ലലും നിറയുന്ന സായാഹ്നനേരങ്ങൾ. ഒപ്പം അച്ഛമ്മയുടെ പാട്ടും.
വായനയെ, എഴുത്തിനെ ഗൗരവമായി കാണാൻ തുടങ്ങിയതും അത്തരമൊരവധിക്കാലത്ത് തന്നെ. മനുഷ്യരിലെ വലിപ്പച്ചെറുപ്പത്തെയല്ല, ധനത്തെയല്ല, ജാതി വേർതിരിവുകളെയല്ല നോക്കേണ്ടതെന്ന് അവരിലെ മനുഷ്യത്വത്തെയാണ് നാം തിരിച്ചറിയേണ്ടതെന്ന് മനസ്സിലാക്കിത്തന്ന അനുഭവങ്ങൾ ഒക്കെ അക്കാലത്ത് ലഭിച്ചതാണ്. പുസ്തകപ്പുഴു എന്ന പേരും അന്നത്തെ സമ്പാദ്യങ്ങളിലൊന്ന്.
മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചത് വിഷുപ്പുലരികളും പുഴയിലെ സന്ധ്യകളുമാണ്. പുഴയിലെ കളികൾക്കിടയിൽ നീന്താനായി അച്ഛമ്മ കെട്ടിത്തന്ന തൊണ്ടു പൊട്ടി പുഴയിലേക്ക് താണുപോയത് ആണ് ഓർമയിലെ ആദ്യത്തെ ഭീതി. അധികം ആഴമില്ലാത്തതു കൊണ്ട് സ്വയം പൊന്തി വന്നപ്പോൾ കയ്യ് പിടിച്ച് കരക്കടുപ്പിച്ചത് അനിയൻ.
ഓലക്കീറുകൾക്കിടയിലൂടെ കാണുന്ന അമ്പിളി, ആകാശവും പടർന്നു നിൽക്കുന്ന ഉങ്ങു മരത്തിൽ പ്രഭ ചൊരിയുന്ന മിന്നാമിന്നിക്കൂട്ടവും. അച്ഛമ്മയുടെ പേരക്കുട്ടികൾ ആയ ഞങ്ങൾ പതിനൊന്ന് പേരും ചേതി എന്നുപറയുന്ന വരാന്തയിൽ ഒപ്പമിരുന്ന് കാണുന്ന കാഴ്ചയായിരുന്നു. അതിനിടയിൽ ഓരോരുത്തരും പറയുന്ന കഥകളും സ്കൂൾ ഓർമകളും ഒക്കെ ഞാനെന്ന എഴുത്തുകാരിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മുത്തശ്ശി പറയുന്ന ഇലഞ്ഞിമരത്തിലെ ബ്രഹ്മരക്ഷസ്സ് ഞങ്ങളെ മറ്റൊരു ലോകത്തെത്തിച്ചു.
ഇത്തരം അനുഭവങ്ങളുടെയും മറ്റും അനുരണനങ്ങളായിരിക്കാം പുതിയ നോവലിന് പ്രേരണ. പൂക്കൾ പറഞ്ഞതും വേരുകൾ തന്നതും എന്ന നോവൽ എഴുതി തുടങ്ങിയതും അങ്ങനെയാണ്. പി സ്മാരക ഗ്രന്ഥാലയവും അച്ഛനമ്മമാരും ജീവിത സഖാവും മക്കളും സഹോദരിയും അധ്യാപകരും സുഹൃത്തുക്കളും ഒക്കെ തന്നെയാണ് എഴുത്തിൽ വായനയിൽ ഒക്കെ പിന്തുണ തരുന്നത്.
വേർപാടുകളുടെ മണമുള്ള കാലത്താണ് എഴുത്ത് കൈമോശം വന്നത്. കുഞ്ഞനുജത്തി ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയ പകൽ പിന്നിട് കൂരിരുട്ടായി. എഴുതിയതും വായിച്ചതും എഴുതാനുള്ളതും ഒക്കെ നിശ്ചലമായി. ജീവിതം ഇത്രേയേ ഉള്ളൂ എന്ന് പറയാതെ പറഞ്ഞവൾ മുമ്പേ പോയി. കാലത്തിന് ആരെയും നോക്കേണ്ട കാര്യമില്ലല്ലോ. പിന്നീട് അവളുടെ ഓർമകളേകിയ കരുത്തിൽ തന്നെയാണ് എഴുത്തിലേക്ക് വീണ്ടും തിരിച്ചു വന്നതും. ഞാൻ ആദ്യം എഴുതിയ പോലെ മങ്ങിയും തെളിഞ്ഞും മാഞ്ഞും മരങ്ങൾക്കിടയിലൂടെ കളിക്കുന്ന വെയിൽ പോലെ പിടി തരാതെ ഒഴുകുന്നു കാലം അതിനൊപ്പം നമ്മളും.