19 January Sunday

ഭരണഘടനയെ മറികടക്കുന്ന ഇന്ത്യൻ ജാതി യാഥാർഥ്യം

കെ എ നിധിൻ നാഥ് nidhinnath@gmail.comUpdated: Sunday Jul 7, 2019

മുൽക്ക‌് എന്ന ചിത്രത്തിനുശേഷം അനുഭവ‌് സിൻഹ സംവിധാനം ചെയ‌്ത ആർട്ടിക്കിൾ 15 ഇന്ത്യയുടെ ജാതിവ്യവസ്ഥയുടെ ദയാശൂന്യത യെയാണ‌് ആവിഷ‌്കരിക്കുന്നത‌്. ആയുഷ‌്മാൻ ഖുറാന പ്രധാന റോളിലെ ത്തുന്ന ഈ സിനിമ ഒരു സാമൂഹ്യ വിമർശനം എന്ന നിലയ‌്ക്ക‌് ശ്രദ്ധനേടുകയാണ‌്

 
‘അതിർത്തിയിൽ ജീവത്യാഗം ചെയ്യുന്നവരേക്കാൾ കൂടുതൽ പേർ മാൻഹോൾ വൃത്തിയാക്കാനായി ജീവത്യാഗം ചെയ്യുന്നുണ്ട്. പക്ഷേ, അവർക്കൊന്നും ഹീറോ പരിവേഷം ലഭിക്കുന്നില്ലല്ലോ?'
 
കേന്ദ്ര കഥാപാത്രമായ അയൻ രഞ‌്ജൻ (ആയുഷ്‌മാൻ ഖുറാന) ചോദിക്കുന്ന ഈ ചോദ്യത്തിന്റെ ഉത്തരമാണ് ആർട്ടിക്കിൾ 15 എന്ന സിനിമ. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വമെന്ന ആശയം ഒരു ഉട്ടോപ്യൻ ചിന്തയായി അവശേഷിക്കുന്ന ഇന്ത്യൻ യാഥാർഥ്യമാണ് സിനിമയുടെ ഇതിവൃത്തം. ഹിന്ദു ഐക്യത്തിന്റെ ശബ്ദം ആപൽക്കരമായി മുഴങ്ങുന്നിടത്താണ‌് അനുഭവ് സിൻഹയുടെ ആർട്ടിക്കിൾ 15ന്റെ പ്രസക്തി.
 
ഇന്ത്യയിലെ ഗ്രാമങ്ങളെക്കുറിച്ച് പുസ്‌തകങ്ങളിൽ മാത്രം കേട്ടറിഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥനാണ് അയൻ. മനോഹരമായ നന്മ നിറഞ്ഞ നാട്ടിൻപുറമെന്ന സ്വപ്‌നവുമായാണ് അയാൾ  ഉത്തർപ്രദേശിലെ ലാൽഗാവിലെ പൊലീസ് സ്റ്റേഷന്റെ ചുമതല ഏറ്റെടുക്കുന്നത്. ജാതി മേൽക്കോയ‌്മ കൊടിനാട്ടിയ നാട്‌. ശ്വസിക്കുന്ന വായുവിൽ പോലും ജാതി നിറഞ്ഞുനിൽക്കുന്നു. ഭരണഘടനയെ മനുസ്‌മൃതി മറികടക്കുന്ന നാട്. ലാൽഗാവ് ഒറ്റപ്പെട്ട തുരുത്തല്ലെന്നും ഇന്ത്യയുടെ പരിച്ഛേദമാണെന്ന സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പ്രേക്ഷകന്റെ വായനയ‌്ക്ക‌് വഴിയൊരുക്കിയാണ് അനുഭവ് സിൻഹ ചിത്രം ഒരുക്കിയിട്ടുള്ളത്. 
 
ലാൽഗാവിലെ മൂന്നു ദളിത് പെൺകുട്ടികളെ കാണാതാകുന്നു. അതിൽ രണ്ടുപേരെ കെട്ടിത്തൂക്കിക്കൊന്ന നിലയിൽ  ഒരു പൊതുസ്ഥലത്ത‌് കണ്ടെത്തുന്നു. ഇന്ത്യയുടെ സമകാലിക യാഥാർഥ്യത്തിലേക്ക‌ു കൂടി ഈ സന്ദർഭത്തെ ചിത്രം കൊണ്ടുപോകുന്നുണ്ട്.
 
ദുരഭിമാനക്കൊലയാണെന്നു പറ‍ഞ്ഞ് കേസ് അവസാനിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നു. എന്നാൽ, പെൺകുട്ടികളുടെ മരണം ബലാത്സംഗത്തിനുശേഷം സംഭവിച്ചതാണെന്ന അയൻ രഞ‌്ജന്റെ  സംശയം സത്യമാകുന്നു. തുടർന്ന് കൊലയാളികളെയും മൂന്നാമത്തെ പെൺകുട്ടിയെയും കണ്ടെത്താനുള്ള അന്വേഷണത്തിലൂടെയാണ് സിനിമ മുന്നേറുന്നത‌്.  
ക്രൈം ത്രില്ലർ ശൈലിയിൽ ഒരുക്കിയ സിനിമ സാമൂഹിക യാഥാർഥ്യങ്ങൾകൂടി വരച്ചിടുന്നു. രണ്ടു പെൺകുട്ടികൾ കൊല ചെയ്യപ്പെടുന്നത് സീരിയസ് കേസല്ലെന്ന് സവർണനായ പൊലീസുകാരന് പറയാൻ കഴിയുന്നത് അവരുടെ ജാതിബോധം കൊണ്ടാണെന്ന്‌ അയൻ രഞ‌്ജന്റെ തിരിച്ചറിയുന്നു. ഭരണഘടനയും നിയമവും ഖാപ് പഞ്ചായത്തുകളുടെ മുന്നിൽ നിശ്ചലമാകുന്ന ജാതി ഇന്ത്യ. തൊഴിലിടത്തിൽ കൂലി കൂടുതൽ ചോദിച്ചതിന് ബലാത്സംഗംചെയ്‌ത‌് ജീവനോടെ തൂക്കിക്കൊല്ലുന്ന നാടായി മാറിയെന്ന സത്യമാണ് സിനിമ പറയുന്നത്. ഇന്ത്യൻ ഭരണഘടയെ കാണിച്ചുകൊണ്ടാണ് അനുഭവ് സിൻഹയുടെ മുൽക്ക് അവസാനിക്കുന്നത്. അവിടെനിന്നാണ് ഒരർഥത്തിൽ ആർട്ടിക്കിൾ 15 തുടങ്ങുന്നത്. 
 
ദളിതരെ മാറ്റിനിർത്തുന്ന ഹിന്ദുത്വരാഷ്ട്രീയം അവരെ വോട്ടു ബാങ്കിനായി ഉപയോഗിക്കുന്നത് കാണിക്കുന്ന ചിത്രം പല യഥാർഥ സംഭവങ്ങളെക്കൂടി സിനിമയിൽ സന്നിവേശിപ്പിക്കുന്നു. ആൾക്കൂട്ട ആക്രമണങ്ങളും ഹിന്ദുത്വ ക്രിമിനൽവൽക്കരണവും സമീപകാല ദളിത് മുന്നേറ്റങ്ങളുമെല്ലാം ചിത്രം സംസാരിക്കുന്നുണ്ട്.
 
സിനിമയിലുടനീളം കാണിക്കുന്ന ഒരു രംഗമുണ്ട്‌. സവർണനായ പൊലീസുകാരൻ അവിടെ അലഞ്ഞുനടക്കുന്ന പട്ടിക്ക് ബിസ‌്കറ്റ് കൊടുക്കുന്നത്‌. ദളിത്‌ കൊലപാതകവും അവരുടെ പരാതികളും പ്രശ്നങ്ങളും സീരിയസായ കേസെല്ലെന്ന് അവർത്തിക്കുന്ന പൊലീസുകാരൻ നായക്ക് കൃത്യമായി ബിസ‌്കറ്റ് നൽകുകയാണ്‌. ഇങ്ങനെ ജാതിയെന്ന അരികുവൽക്കരണത്തെ ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 
 
ആയുഷ‌്മാൻ ഖുറാനയെ കൂടാതെ ഇഷ തൽവർ, മനോജ് പഹ്‌വ, മുഹമ്മദ് ഷീഷാൻ അയൂബ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലുള്ളത്. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും സിനിമയുടെ മാറ്റുകൂട്ടുന്നവയാണ്. ഇസ്‌ലാമോഫോബിയയെ കുറിച്ചു സംസാരിച്ച മുൽക്കിനുശേഷം അനുഭവ് സിൻഹ സംവിധാനംചെയ്‌ത ‘ആർട്ടിക്കിൾ 15’ രാജ്യത്തെ ജാതിവ്യവസ്ഥയ‌്ക്ക‌് എതിരെയുള്ള നിലപാടാണ്. വാഴ‌്ത്തുപാട്ട് സിനിമകളുടെയും കച്ചവട ആഘോഷ പ്രതിലോമസൃഷ്ടികളുടെയും ബോളിവുഡ്  കാലത്ത് അനുഭവ് സിൻഹമാരും ആർട്ടിക്കിൾ 15ഉം സൃഷ്ടിക്കുന്ന ബദലുകൾ അത്യന്താപേക്ഷിതമാണ്.

 

പ്രധാന വാർത്തകൾ
 Top