16 September Monday

ദുരന്തൻ

സൂക്ഷ്മൻUpdated: Sunday Apr 7, 2019

ആർക്കൊക്കെയോവേണ്ടി യുദ്ധം ചെയ്യാനും നാണംകെടാനും സിദ്ദിഖിന്റെ ജീവിതം ബാക്കി. ശരിക്കും പൊട്ടിക്കര യേണ്ടത് രാഘവനായിരുന്നില്ല

 
കഥയിലെ ദുരന്തനായകനും ദുരന്തവും ഒരാൾ ആവുക എന്നത് സവിശേഷമായ പ്രതിഭാസമാണ്. കോഴിക്കോട്ട് അത് സംഭവിച്ചിരിക്കുന്നു. രണ്ടു തരത്തിലും ടി സിദ്ദിഖിനെ കാണാം. ഒളിക്യാമറയിൽ കുടുങ്ങിയ എം കെ രാഘവനുവേണ്ടി കോഴിക്കോട് ഡിസിസി അധ്യക്ഷൻകൂടിയായ ടി സിദ്ദിഖ‌് മാധ്യമപ്രവർത്തകർക്ക് മുന്നിലിരുന്ന് ഉരുകിത്തീരുമ്പോൾ കാണുന്നവരിൽ സഹതാപത്തിന്റെ  ലാവാ പ്രവാഹമാണ് ഉണ്ടായത്. എന്തൊരു ദുര്യോഗമാണ് സിദ്ദിഖിന്റേത്-. വയനാട്ടിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ രാഹുൽ ഗാന്ധി തട്ടിമാറ്റി. അതിന്റെ സങ്കടം തീർന്നിട്ടില്ല. ആ നേരത്തുതന്നെയാണ് എം കെ രാഘവൻ  തെരഞ്ഞെടുപ്പ് അഴിമതി നടത്തിയത് സ്വയം സമ്മതിച്ചുകൊണ്ട് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. രണ്ടോ മൂന്നോ ദിവസംമുമ്പാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ കോഴിക്കോട്ടെ സ്ഥാനാർഥിപ്പട്ടം സിദ്ദിഖിന്റെ  കൈയിൽ എത്തിയേനെ. 
 
ഇവിടെ ഉള്ളതും പോയി അവിടെ ഉള്ളതും പോയി. ഇങ്ങനെ ആർക്കൊക്കെയോവേണ്ടി യുദ്ധം ചെയ്യാനും നാണംകെടാനും സിദ്ദിഖിന്റെ ജീവിതം ബാക്കി. ശരിക്കും പൊട്ടിപ്പൊട്ടിക്കരയേണ്ടത് രാഘവനായിരുന്നില്ല. സിദ്ദിഖിന്റെ  കാര്യത്തിൽ ദുരന്തങ്ങൾ എന്നും സംഭവിക്കുന്നതാണ്. കോൺഗ്രസിൽ ഉമ്മൻചാണ്ടിയുടെ ചാവേറാണ് സിദ്ദിഖ്. സോളാറിൽ ആകെ ഏതോ ഫോൺ ചെയ്തതല്ലാതെ ഒരാരോപണവും സിദ്ദിഖിനെതിരെയില്ല. പക്ഷേ, നാടാകെ നടന്ന‌് ഉമ്മൻചാണ്ടിക്കുവേണ്ടി പറഞ്ഞ‌് പരിഹാസം കേട്ടതും ചെണ്ടപോലെ ആയതും സിദ്ദിഖ്. സോളാർ പ്രളയകാലത്ത് ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ രണ്ടും കൽപ്പിച്ച്  ഇറങ്ങിയ  ഒരേ ഒരാൾ സിദ്ദിഖായിരുന്നു. അതിനുമുമ്പും ഉമ്മൻചാണ്ടി ബ്രിഗേഡിന്റെ  എണ്ണം പറഞ്ഞ യോദ്ധാവായി സിദ്ദിഖുണ്ട്. 
 
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ സിദ്ദിഖിനെ മാറ്റി പകരം ലിജുവിനെ  നിയമിച്ചു. രാഹുൽ ഗാന്ധിയുടെ സർജിക്കൽ സ്ട്രൈക്കായിരുന്നു അത്. ഉമ്മൻചാണ്ടി ഇടപെട്ട‌് പ്രതിപക്ഷനേതാവ് സ്ഥാനം രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. പേടിച്ചുപോയ രാഹുൽ തീരുമാനം റദ്ദാക്കി ലിജുവിനെ ഇറക്കിവിട്ടു. പക്ഷേ, അത്തവണ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നപ്പോൾ വീണ്ടും സിദ്ദിഖിനെ വലിച്ചിറക്കി ലിജുവിനെ പ്രതിഷ്ഠിച്ചു. അന്നാണ് രമേശ് ചെന്നിത്തല തന്നേക്കാൾ നന്നായി ഉപജാപരാഷ്ട്രീയം കളിക്കും എന്ന് ഉമ്മൻചാണ്ടി മനസ്സിലാക്കിയത്.  
 
കാസർകോട്ട് സ്ഥാനാർഥിയായ ഘട്ടത്തിൽ  സിദ്ദിഖ് തന്റെ ഭാര്യയുടെ രോഗം പറഞ്ഞാണ് വോട്ടുപിടിച്ചത്. അത് കഴിഞ്ഞപ്പോൾ തന്നെ ആയുധമാക്കി എന്നു പറഞ്ഞ‌്  ഭാര്യതന്നെ രംഗത്തുവന്നു. അവർ പരസ്യമായി പറഞ്ഞത് ഇങ്ങനെ: "ആദ്യം അയാൾ പൊതുസമൂഹത്തോട്‌ മാപ്പ് പറയട്ട. അത് ഞാനെന്ന സ്ത്രീയോട് ചെയ്ത വന്യതയ‌്ക്കും  ക്രൂരതയ‌്ക്കുംവേണ്ടിയല്ല. മറിച്ച് കേരളത്തിലെ മനുഷ്യരോട്, പ്രത്യേകിച്ച് കാസർകോട്ടുള്ള മനുഷ്യസ്നേഹികളോട് അയാൾ കാണിച്ച കാപട്യത്തിന്റെ പേരിൽ. ക്യാൻസർരോഗിയായ ഭാര്യക്കുവേണ്ടി ദുആ ചെയ്യാൻ ആവശ്യപ്പെടുന്ന ഹൃദയനന്മയുള്ള ഭർത്താവ് എന്ന കാപട്യം അഭിനയിച്ചതിന‌്. എന്റെ അസുഖവാർത്ത അച്ചടിച്ചുവന്ന പത്രകട്ടിങ്ങുകൾ പ്രവാസി സംഘടനകൾക്കും അവിടത്തെ മനുഷ്യ സ്നേഹികൾക്കും അയച്ചുകൊടുത്ത‌് ലക്ഷങ്ങൾ തട്ടിയെടുത്തതിന്. ചാനൽ സ്റ്റുഡിയോകളിൽ കയറി ആദർശ രാഷ്ട്രീയത്തിന്റെ വക്താവ് എന്ന മുഖംമൂടിയണിഞ്ഞ‌് ഇന്നാട്ടിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതിന്. മനുഷ്യരെ വിഡ്ഢികളാക്കിയതിന്.’
 
വയനാട്ടിലെ എംപി ആയിരുന്ന  എം ഐ ഷാനവാസും ചില കോൺഗ്രസ് നേതാക്കളുംകൂടി തന്റെ കുടുംബപ്രശ്നം വഷളാക്കി എന്ന് സിദ്ദിഖ് പരസ്യമായി സോഷ്യൽ മീഡിയയിലൂടെ ആരോപണമുന്നയിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ രംഗത്തുവന്നു. സിദ്ദിഖിന്റെ കുടുംബപ്രശ്നം പാർടിക്ക് പൊതുജനമധ്യത്തിൽ നാണക്കേടുണ്ടാക്കി എന്ന് തുറന്നുപറഞ്ഞു. ഒടുവിൽ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനവും നഷ്ടമായി. അന്വേഷണ കമീഷൻ വച്ചു.
എം ഐ ഷാനവാസിനെക്കുറിച്ച് സിദ്ദിഖ് ഒരു കാര്യം പറഞ്ഞിരുന്നു. "മറ്റൊരു മുസ്ലിം വയനാട്ടിൽനിന്ന‌് വരുന്നതിലുള്ള അസൂയ ആണ് ഷാനവാസിന്’ എന്ന‌്. യഥാർഥത്തിൽ ഇന്ന് കളിച്ച കളി സിദ്ദിഖ് അന്നും കളിച്ചുനോക്കിയിരുന്നു. പക്ഷേ, ഷാനവാസിനു മുന്നിൽ വിലപ്പോയില്ല. ഷാനവാസ് അന്തരിച്ചപ്പോൾ വയനാട് തനിക്കുതന്നെ എന്ന് സിദ്ദിഖ് ഉറപ്പിച്ചിരുന്നു.  ഉമ്മൻചാണ്ടി ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും ഐ ഗ്രൂപ്പുകാർ സിദ്ദിഖിനെതിരെ പരാതികളുടെ കെട്ടുമായി ഡൽഹിയിൽ എത്തിയെങ്കിലും ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിനു വഴങ്ങി സിദ്ദിഖിന്റെ പേരുതന്നെ വയനാട്ടിൽ എഴുതിച്ചേർത്തു. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിലെ മണ്ഡലമായി വയനാട് തെരഞ്ഞെടുത്തപ്പോൾ സിദ്ദിഖ് പിന്നെയും ദുരന്ത കഥാപാത്രമായി.
 
സിദ്ദിഖിനെ രാഹുൽഗാന്ധിക്ക് ഇഷ്ടമല്ല. കാരണം, ഡൽഹിയിലെ  ടാലന്റ‌് ഹണ്ടിൽ സിദ്ദിഖ് ഒരിക്കലും മത്സരാർഥി ആയിട്ടില്ല. ഹൈക്കൻമാൻഡിൽനിന്ന് വലുതായൊന്നും പ്രതീക്ഷിക്കാനില്ല. ഉമ്മൻചാണ്ടിയുടെ സ്നേഹോപഹാരം ആയിട്ടാണ് കോഴിക്കോട് ഡിസിസി അധ്യക്ഷസ്ഥാനം കിട്ടിയത്. ഇപ്പോൾ അതേ ബാക്കിയുള്ളൂ. തോൽക്കുന്ന മണ്ഡലങ്ങളിൽമാത്രം മത്സരിച്ച് ശീലിച്ച്  കോഴിക്കോട്ടെത്തിയ എം കെ രാഘവൻ ലോട്ടറി അടിച്ചപോലെ ഒരുവട്ടം ജയിക്കുകയും പിന്നീട് കോഴിക്കോടിന്റെ സ്വന്തം എന്ന് വരുത്തിത്തീർക്കാൻ അപാരമായ നാടകം ആടുകയും ചെയ്തിരുന്നു. ആ രാഘവൻ മൂക്കുംകുത്തി വീഴുമെന്ന് സിദ്ദിഖ് പ്രതീക്ഷിച്ചില്ല. അല്ലെങ്കിൽ കോഴിക്കോട്ടെങ്കിലും മത്സരിച്ച് രാഘവന് കിട്ടുമെന്ന് രാഘവൻതന്നെ ഒളിക്യാമറയിൽ പറഞ്ഞ ആ തുക സ്വന്തം കൈയിൽ എത്തിക്കാമായിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധി വരില്ലെന്നും താൻതന്നെ സ്ഥാനാർഥിയാകുമെന്നും അവസാന നിമിഷംവരെ സിദ്ദിഖ് കണക്കുകൂട്ടിയിരുന്നു. പ്രചാരണവും നടത്തിയിരുന്നു. താൻതന്നെയാകണമെന്ന‌് ചില സംഘടനകളെക്കൊണ്ട് സമ്മർദം ചെലുത്തിയിരുന്നു. ഒന്നും നടന്നില്ല. അവസാനം വീണിതല്ലോ കിടക്കുന്നു ധരണിയിൽ. ഇതാണ് ദുരന്തം.
പ്രധാന വാർത്തകൾ
 Top