24 February Sunday

ലേറ്റാ വന്താലും...

സൂക്ഷ്മൻUpdated: Sunday Jan 7, 2018
പ്രചോദനത്തെ വിളിച്ചുവരുത്തുന്നത് മനുഷ്യനായിരിക്കാം; പക്ഷേ അവൻ പറയുമ്പോഴൊക്കെയും അത് മടങ്ങിപ്പോകണമെന്നില്ല എന്ന് ബോദ്‌ലെയർ പറഞ്ഞുവച്ചത് ശിവാജിറാവു ഗെയ്ക്‌വാദിന്റെ കാര്യത്തിൽ പലവട്ടം ശരിയായിട്ടുണ്ട്. 1975ൽ ബസ് കണ്ടക്ടറിൽനിന്ന് രജനികാന്തിലേക്ക് ശിവാജിറാവു ഗെയ്ക്‌വാദിനെ എത്തിച്ചത് സിനിമാഭിനയം എന്ന പ്രചോദനമാണ്. ബാലചന്ദറിന്റെ' അപൂർവരാഗങ്ങളിലൂടെ തമിഴ് സിനിമയിൽ അപൂർവശൈലികളുമായി എത്തിയ രജനികാന്തിന് സമൻമാരായി ഇന്ന് മറ്റാരുമില്ല ശൈലീവല്ലഭനും ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരവുമായി ഒന്നരലക്ഷം ഫാൻസ് അസോസിയേഷനുകളുടെ കരുത്തിൽ അപൂർവങ്ങളിൽ അപൂർവമായ പ്രതിഭാസമായി ഉയർന്നിരിക്കുന്നു രജനികാന്ത്. 
 
രജനിയുടെ രാഷ്ട്രീയപ്രവേശം മറ്റൊരു പ്രചോദനമാണ്. ചലച്ചിത്രതാരങ്ങളുടെ കൈവെള്ളയിലമർന്നിരുന്ന തമിഴ്‌നാടിനെ അതേ ദിശയിലേക്ക് നയിക്കാനുള്ളതാണാ പ്രചോദനം. ആരാധകരുടെ മായാവലയം രാഷ്ട്രീയസ്വത്താക്കി പരിവർത്തിപ്പിക്കാമെന്ന തമിഴ് അനുഭവങ്ങളുടെ കാഴ്ചയിൽ തെളിഞ്ഞതുമാണാ പ്രചോദനം.  ഇടയ്ക്ക് പലവട്ടം സിനിമയുടെ അതിർത്തിയിൽനിന്ന് രാഷ്ട്രീയത്തിന്റെ വിളഭൂമിയിലേക്ക് വിത്തും വളവുമായി കടന്നുചെന്നിട്ടുണ്ട് രജനികാന്ത്. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ കോൺഗ്രസിന് സഹായ വാഗ്ദാനവുമായി രജനിയെത്തി. രജനി  പിന്തുണച്ചാൽ കോൺഗ്രസിന് 130 സീറ്റുവരെ ലഭിക്കുമെന്ന്   അഭിപ്രായ സർവേ വന്നു. തെരഞ്ഞെടുപ്പിൽ ജയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയായി രജനി വരുന്നത് കാണണമെന്നായിരുന്നത്രേ നരസിംഹറാവുവിന്റെ ആഗ്രഹം. 
 
 രജനി പക്ഷേ എന്തുകൊണ്ടോ കോൺഗ്രസ് കൂടാരത്തിൽ കയറിയില്ല. കോൺഗ്രസ് ജയലളിതയ്‌ക്കൊപ്പം പോയി. അതോടെ രജനിയുടെ കൂറ് കലൈഞ്ജരോടായി. മൂപ്പനാരുടെ തമിഴ് മാനില കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള മുന്നണിയുടെ പതാകയേന്തി രജനി നിലകൊണ്ടു. അണ്ണാമലൈ ചിത്രത്തിലെ  സൈക്കിളിൽ കയറി അന്ന് രജനി പ്രഖ്യാപിച്ചു:  അണ്ണാ ഡിഎംകെ അധികാരത്തിലെത്തിയാൽ ദൈവത്തിനുപോലും തമിഴ്‌നാടിനെ രക്ഷിക്കാനാകില്ല. പ്രഖ്യാപനം തമിഴ് മക്കൾ ഏറ്റെടുത്തു. ജയലളിതയും കോൺഗ്രസും നിലംപൊത്തി. 1998ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പക്ഷേ കഥമാറി. രജനിവിരുദ്ധ പക്ഷത്തിനായി വൻ വിജയം. 2004ൽ എത്തിയപ്പോൾ രജനിയുടെ പക്ഷമാണ് മാറിയത്. പിന്തുണ ബിജെപി ജയലളിത മുന്നണിക്ക്. 
 
സ്ഥായിയായ പക്ഷമില്ല; രാഷ്ട്രീയ അഭിപ്രായമില്ല. പക്ഷേ, കൂടെ ആരാധകരുണ്ട്. എല്ലാവർക്കും പ്രിയമാണ് രജനിയെ. കൂടെ വന്നാൽ അഭിപ്രായം മാറ്റിയെടുക്കാമല്ലോ എന്ന പ്രതീക്ഷ. മോഡി വന്നപ്പോൾ രജനി ബിജെപിയിലെത്തുമെന്ന് വാർത്തകൾ, ഭാവി പ്രവചനങ്ങൾ. രാഷ്ട്രീയത്തിൽ പൊട്ടിയ താരങ്ങളുമായി സ്റ്റൈൽ മന്നൻ ഉപമിക്കപ്പെട്ടു. രജനി‐കമൽ ദ്വന്ദ്വത്തിന്റെ രാഷ്ട്രീയപ്രവേശമായി അടുത്ത വാർത്ത. അതിനും ആയുസ്സുണ്ടായില്ല. ഒടുവിലിതാ, രജനി സ്വന്തം സ്റ്റൈലിൽ പാർടി പ്രഖ്യാപിക്കുന്നു. തൊട്ടുപുറകെ കലൈഞ്ജറെ ചെന്ന് കാണുന്നു.
 
നടപ്പും ഇരിപ്പും നടിപ്പുംകൊണ്ടാണ് രജനി തമിഴ് മക്കളുടെ മന്നനായത്. ഓരോ സിനിമ പൂർത്തിയാകുമ്പോഴും ഹിമാലയം കയറുന്ന; സസ്യാഹാരംമാത്രം കഴിക്കുന്ന;  കമൽ ഹാസനെയും കണ്ണദാസനെയും ഒരുപോലെ ഇഷ്ടപ്പെടുന്ന; കറുപ്പിനാണ് ഏഴഴകെന്ന് വിളിച്ചുപറയുന്ന രജനികാന്തിന് അതേ ഭാവത്തിൽ അതേ താളത്തിൽ രാഷ്ട്രീയം വഴങ്ങുമോ എന്നതാണ് തമിഴ്‌നാടിന്റെ അതിർത്തിക്കു പുറത്തും മുഴങ്ങുന്ന ചോദ്യം. വെള്ളിത്തിരയിലെ പടയപ്പയ്ക്ക് നൂറുപേരെ ഒരു നിമിഷംകൊണ്ട് അടിച്ചോടിക്കാനാകും. കൈകാലുകൾക്ക് ഉരുക്കിനോളവും വാക്കുകൾക്ക് വെള്ളിടിയോളവും ശക്തി സൃഷ്ടിക്കാനുമാകും. അതേ താളത്തിൽ രാഷ്ട്രീയത്തിലിറങ്ങിയാൽ അത്ഭുതങ്ങൾ സംഭവിക്കുന്നതിന് മുൻകാലാനുഭവമില്ല. താരപരിവേഷത്തോടൊപ്പം മറ്റ് പലതുമുണ്ടായിരുന്നു എം ജി ആറിനും എൻ ടി ആറിനും ജയലളിതയ്ക്കും. തനിക്ക് അങ്ങനെയൊരു തലമുണ്ടെന്നും താൻ ജനങ്ങൾക്കുവേണ്ടി ഇടപെടാനും കണ്ണീരൊപ്പാനും അഭിനയത്തിനപ്പുറം ദൃഢമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കാനും പ്രാപ്തിയുള്ള മനുഷ്യനാണ്; നേതാവാണ് എന്ന് തെളിയിക്കുകയാണ് രജനിക്കു മുന്നിലുള്ള ആദ്യ രാഷ്ട്രീയകടമ്പ. വാനോളമുയർന്ന താരപദവിക്കൊപ്പം ഭൂമിയോളം താഴ്ന്ന മനുഷ്യത്വവും വേണമെന്നർഥം അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. ബോക്‌സോഫീസിൽ ‘ബാബാ' തകർന്നപ്പോൾ രജനി തിയറ്ററുടമകൾക്ക് നഷ്ടപരിഹാരം നൽകി. രാഷ്ട്രീയത്തിൽ ജനങ്ങളുടെ പ്രതീക്ഷകൾ തകർന്നാൽ നഷ്ടപരിഹാരം നൽകാൻ വകുപ്പില്ല.
പ്രധാന വാർത്തകൾ
 Top