22 August Thursday

പ്രപഞ്ചപ്പൊരുളിന്റെ താക്കോൽ

സജയ് കെ വിUpdated: Sunday Jan 7, 2018
ജനപ്രിയസാഹിത്യത്തിന്റെ ശ്രേണിയിലാണ് അപസർപ്പകാഖ്യാനങ്ങളുടെ സ്ഥാനം. അപസർപ്പകാഖ്യാനത്തിന്റെ ഘടനയാണ് പിൻപറ്റുന്നത്, ഡാൻബ്രൗണിന്റെ ‘ആദി' (ഒറിജിൻ) എന്ന പുതിയ നോവൽ; ഡാൻബ്രൗണാകട്ടെ ലോകമെമ്പാടും വായനക്കാരുള്ള ജനപ്രിയസാഹിത്യകാരനും. ജനപ്രിയസാഹിത്യമെന്നാൽ ബുദ്ധിമാനായ വായനക്കാരനെ നിരാശനാക്കുന്ന സരളാഖ്യാനമാണെന്ന ധാരണ പാടേ തിരുത്തിയ എഴുത്തുകാരനാണ് ഡാൻബ്രൗൺ. ത്രില്ലർ ഫിക്ഷന്റെ ഉദ്വേഗജനകത്വത്തെ ബുദ്ധിപരമായ സങ്കീർണതയുമായി ഇണക്കുന്നതിലാണ് ഈ നോവലിസ്റ്റിന്റെ വിജയം. ‘ആദി' എന്ന നോവലിന്റെ തുടക്കത്തിൽ നോവലിസ്റ്റിന്റേതായി നമ്മൾ വായിക്കുന്ന ഒരു സത്യവാങ്മൂലമുണ്ട്. അതിങ്ങനെയാണ് ‘ഈ നോവലിൽ പ്രമേയവൽക്കരിക്കപ്പെടുന്ന കലയും വാസ്തുവിദ്യയും സ്ഥലങ്ങളും ശാസ്ത്രവും മതസംഘടനകളുമെല്ലാം യഥാർഥമാണ്.'  തന്റെ നോവലുൾക്കൊള്ളുന്ന വിശദാംശസമൃദ്ധിയുടെ യഥാതഥത്വത്തെയാണ് ഇതിലൂടെ നോവലിസ്റ്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്; ഒപ്പം കലയും ശാസ്ത്രവും മതവുമെല്ലാം ആഖ്യാനതന്തുക്കളാകുന്ന കഥനസങ്കീർണതയാണ് ലക്ഷ്യമിടുന്നത്. ഇതെല്ലാം ഒരു പ്രതീതി മാത്രമാകാം; എന്നാൽ, ആ പ്രതീതിയെ വിശ്വാസമാക്കുന്നതിലുള്ള പാടവമാണ് ത്രില്ലർ നോവലിസ്റ്റിന്റെ വിരുത്.
 
‘നിധിയന്വേഷണം' ഒരു ബാല്യകാലവിനോദമായിരുന്നു ഡാൻബ്രൗണിന്. മറഞ്ഞിരിക്കുന്ന വിലപിടിച്ച രഹസ്യമാണ് നിധി. രഹസ്യാന്വേഷണമാണ് കുറ്റാന്വേഷണം. അതിനാൽ ഇവ രണ്ടും ബാലസഹജമായ മനുഷ്യന്റെ ജിജ്ഞാസയെ ഉണർത്തുന്നു. ഈ ജിജ്ഞാസയെ ഒരു ആഖ്യാനതന്ത്രമാക്കി മാറ്റുന്നു എന്നതല്ല ത്രില്ലറുകളുടെ ആകർഷണഹേതു. ഉയർന്ന ലക്ഷ്യങ്ങൾക്കുവേണ്ടി ഈ ആഖ്യാനഘടനയെ ആദ്യമായി ഉപയോഗിച്ചത് ദൊസ്‌തോവ്സ്‌കിയാണ് ‘കുറ്റവും ശിക്ഷയും' എന്ന കൃതിയിൽ. പിൽക്കാലം ‘നെയിം ഓഫ് ദ റോസ്' എന്ന നോവലിൽ ഉംബർട്ടോ എക്കോയും ഇതേ രീതി പിൻപറ്റി. തന്റെ നോവലിലെഴുതിയ അനുബന്ധക്കുറിപ്പിൽ ദാർശനികാഖ്യാനമായി മാറാനുള്ള അപസർപ്പകാഖ്യാനത്തിന്റെ ശേഷിയെക്കുറിച്ച് എക്കോ പറയുന്നുണ്ട്. ‘ആരാണിത് ചെയ്തത്'? എന്നതാണ് കുറ്റാന്വേഷണ നോവൽ ഉന്നയിക്കുന്ന കാതലായ ചോദ്യം. ‘എന്താണ് പ്രപഞ്ചപ്പൊരുൾ'? എന്ന ദാർശനികസമസ്യയായും അതിനെ വളർത്താമെന്ന് എക്കോ പറയുന്നു. ഡാൻബ്രൗൺ അത്രത്തോളമൊന്നും പോകുന്നില്ല. ജനപ്രിയനോവലിന്റെ പരിഷ്‌കൃതരൂപം എന്നുപറയാം അദ്ദേഹത്തിന്റെ ആഖ്യാനകലയെ. ഈ നോവലിസ്റ്റും വലിയ ചോദ്യങ്ങളുന്നയിക്കുന്നുണ്ട്. എന്നാൽ, പരിമിതലക്ഷ്യങ്ങളെമാത്രം മുൻനിർത്തിയാണ് അയാൾ അങ്ങനെ ചെയ്യുന്നതെന്നുമാത്രം.
ഡാൻബ്രൗൺ

ഡാൻബ്രൗൺ

റോബർട്ട് ലാങ്ഡൺ എന്ന സിംബോളജിസ്റ്റ് പ്രതീകപഠനം നടത്തുന്നയാൾ ആണ് ഈ നോവലിലും ബ്രൗണിന്റെ നായകൻ. ലാങ്ഡൺ നായകനാകുന്ന നോവൽപരമ്പരയിലെ അഞ്ചാമത് നോവലാണിത്. 2002ൽ പുറത്തിറങ്ങിയ ‘മാലാഖമാരും പിശാചുക്കളു'മായിരുന്നു ഈ നായകകഥാപാത്രം രംഗപ്രവേശംചെയ്ത ആദ്യ ഡാൻബ്രൗൺ നോവൽ. മൂന്നുവർഷങ്ങൾക്കുശേഷം പുറത്തുവന്ന ‘ഡാവിഞ്ചികോഡ്' വൻവിജയവുമായി. ഇവിടെ എഡ്മണ്ട് ക്ർഷ് എന്ന നാൽപ്പതുവയസ്സുകാരനായ സാങ്കേതികവിദഗ്ധൻ നടത്താനിരിക്കുന്ന, വമ്പിച്ച ആകാംക്ഷയും ജിജ്ഞാസയുമുണർത്തുന്ന, ഒരു വെളിപ്പെടുത്തലാണ് ആഖ്യാനസന്ദർഭം. സ്‌പെയിനിലെ ‘ ഗ്യൂഗെൻഹീം മ്യൂസിയം ഓഫ് മോഡേൺ ആർട്ടി'ൽ വച്ചാണ് പ്രഖ്യാപനം. വലിയൊരാൾക്കൂട്ടംതന്നെ സന്നിഹിതമായിരുന്നു മ്യൂസിയത്തിൽ; കൂട്ടത്തിൽ റോബർട്ട് ലാങ്ഡൺ എന്ന പ്രേക്ഷകനും. നാടകീയതയുടെ ഒരു മഹാരംഗവേദിയുടെ നടുവിലാണ് നോവലിസ്റ്റ് ക്ർഷിനെ നിർത്തിയിരിക്കുന്നത്. കാരണം ലോകചരിത്രത്തെയും സംസ്‌കാരത്തെയും മതങ്ങളുടെ അടിത്തറയെത്തന്നെയും അസ്ഥിരപ്പെടുത്താൻപോന്ന പ്രപഞ്ചോൽപത്തിരഹസ്യങ്ങളുടെ ശാസ്ത്രീയകാരണങ്ങളാണ് അയാൾ വെളിപ്പെടുത്താൻപോകുന്നത്. പരമ്പരാഗത ജനപ്രിയാഖ്യാനങ്ങളിലെ നായകപ്രതിനായകദ്വന്ദ്വത്തെ വലിയ സംസ്‌കാരികസാംഗത്യമുള്ള ഭീമരൂപികളായ ആശയസമുച്ചയങ്ങളുടെ മഹാസംഘട്ടനമാക്കി മാറ്റുകയാണിവിടെ ഡാൻബ്രൗൺ. ഇത്, തീർച്ചയായും നോവലിസ്റ്റിന്റെ വിജയമാണ്.
 
വായനക്കാർ പ്രതീക്ഷിക്കുന്നതുപോലെതന്നെ നിർണായകമായ പ്രഖ്യാപനം നടത്തുന്നതിന് തൊട്ടുമുമ്പ് ക്ർഷ് കൊല്ലപ്പെടുന്നു. കൊലയാളി, സാഹസിയായ ഏതോ തീവ്രമതവിശ്വാസിയാണെന്നതും സ്പഷ്ടം. ഇവിടെയാണ് നാടകീയതകളുടെ പരമ്പര സൃഷ്ടിച്ചുകൊണ്ട് ആഖ്യാനം അതിന്റെ തുടർചലനങ്ങൾക്ക് തുടക്കമിടുന്നത്. ക്ർഷ് കൊല്ലപ്പെട്ടെങ്കിലും അയാളുടെ പക്കലുണ്ടായിരുന്ന അമൂല്യമായ ശാസ്ത്രീയവിവരശേഖരം വെളിപ്പെടുത്തേണ്ടതുണ്ട്. അതിന് അയാൾ ഉപയോഗിച്ചിരുന്ന ‘പാസ്‌വേഡി'ന്റെ പൂട്ടുതുറക്കണം (നാൽപ്പത്തേഴ് അക്ഷരങ്ങളുള്ള ഒരു കവിതാശകലമാണത്!) ആ ചുമതല സ്വയമേറ്റെടുക്കുകയാണ്, ഗൂഢാക്ഷരങ്ങളുടെ ഊടറിയുന്ന ലാങ്ഡൺ എന്ന സിംബോളജിസ്റ്റ്. അതോടെ അയാളെ അതിൽനിന്ന് പിന്തിരിപ്പിക്കാനും കീഴടക്കാനും സുസജ്ജരായ പ്രതിയോഗികളുടെ എതിർനീക്കവുമാരംഭിക്കുന്നു. ഇത്തരത്തിൽ കുറ്റാന്വേഷണത്തെ രഹസ്യാന്വേഷണമായും രഹസ്യാന്വേഷണത്തെ പ്രപഞ്ചപ്പൊരുളിലേക്കുള്ള മനുഷ്യജിജ്ഞാസയുടെ എത്തിനോട്ടമായും മാറ്റിക്കൊണ്ടാണ് ആഖ്യാനം പുരോഗമിക്കുന്നത്. അപസർപ്പകാഖ്യാനങ്ങൾക്ക് പൊതുവിലുള്ള ഒരു ഗുണം, നിരന്തര ജിജ്ഞാസയുണർത്തിക്കൊണ്ട് വായനക്കാരെ ആകാംക്ഷയുടെ ആപൽക്കരമായ മുനമ്പിൽ നിർത്താനാകുന്നു എന്നതാണ്. അത് വായനയെ ഒരു സാഹസികയാത്രയുടെ ഹരംനിറഞ്ഞ ആകസ്മികതകളുടെ പരമ്പരയാക്കിമാറ്റുന്നു. ‘പരിണാമഗുപ്തി' എന്നത് നോവലിസ്റ്റിനെ ദൈവസമാനനാക്കിമാറ്റുന്ന ആഖ്യാനസന്ധികളുടെ ഒളിക്കലും ക്രമേണയുള്ള തുറക്കലുമാണ്. ആ കലയിലുള്ള തന്റെ പാടവം ഒരിക്കൽക്കൂടി പ്രദർശിപ്പിക്കുകയാണ് ഡാൻബ്രൗൺ, ‘ആദി' എന്ന നോവലിലൂടെ. എങ്കിലും വമ്പിച്ച സ്വീകാര്യത നേടിയ ‘ഡാവിഞ്ചികോഡി'നെയപേക്ഷിച്ച്, ത്രില്ലർ എന്ന നിലയിൽ, ഒരു ദുർബലരചനയായാണ് ഈ കൃതി വിലയിരുത്തപ്പെടുന്നത്. ചിഹ്നങ്ങളുടെയും പ്രതീകങ്ങളുടെയും അപഗൂഢവൽക്കരമെന്ന പതിവ് പന്ഥാവിൽത്തന്നെ ചരിക്കുന്ന ‘സിംബോളജിസ്റ്റി'ന്റെ ചലനങ്ങൾ പ്രവചനീയമാകുന്നു. നോവലിന്റെ ആദ്യ നൂറ് താളുകൾ എഡ്മണ്ട് ക്ർഷിന്റെ വമ്പൻ വെളിപ്പെടുത്തലിനുവേണ്ടിയാണ് നോവലിസ്റ്റ് മാറ്റിവച്ചത്. അതാകട്ടെ, ഏറെക്കുറെ പ്രവചനീയമാംമട്ടിൽ, ഛിദ്രപ്പെടുകയുംചെയ്യുന്നു. നോവലിസ്റ്റിന്റെ വിജ്ഞാനവിതരണശ്രമങ്ങൾ പലപ്പോഴും ‘വിക്കിപീഡിയ'യുടെ പകർപ്പായിപ്പോകുന്നു എന്ന വിമർശനവുമുണ്ട്. അതെന്തായാലും ‘ഡാവിഞ്ചികോഡ്' ഉണർത്തിവിട്ട ആരാധകസമൂഹത്തിന്റെ ഔത്സുക്യം ഇപ്പോഴും, ഡാൻബ്രൗണിനെ പിന്തുണയ്ക്കുന്നുണ്ട്. മാത്രമല്ല, മതനിഷേധത്തോളമെത്തുന്ന പ്രകോപനമാണ് ഈ നോവലിന്റെ ഉള്ളടക്കത്തിലും നോവലിസ്റ്റ് നിക്ഷേപിച്ചിരിക്കുന്നത് എന്ന വസ്തുതയുമുണ്ട്. വർത്തമാനകാല ലോകക്രമത്തിന്റെ യുക്തിപരവും വിശ്വാസസംബന്ധിയുമായ അധിഷ്ഠാനങ്ങളെയാണത് പരിശോധിക്കുന്നത്. നോവലിസ്റ്റുതന്നെ അവകാശപ്പെടുംപോലെ, ആരോഗ്യകരമായ പുനശ്ചിന്തനങ്ങളിലേക്കാണത് നയിക്കുക. എങ്കിൽ, ആ നിലയ്ക്ക്, അർഥവത്തായ ഒരു ആഖ്യാനശ്രമമാണ് ഡാൻബ്രൗൺ നടത്തിയിരിക്കുന്നത്. ഉൽക്കൃഷ്ടസാഹിത്യത്തിലായാലും ജനപ്രിയസാഹിത്യത്തിലായാലും മഹാവിജയങ്ങൾ ആവർത്തിക്കുക ദുഷ്‌കരമാണ്; അങ്ങനെ ചെയ്യാനാകുന്നതാകട്ടെ, പ്രതിഭയുടെ ലക്ഷണവും.
 
 
പ്രധാന വാർത്തകൾ
 Top