07 February Tuesday

തീക്കനലായി ഉയിർക്കുന്ന സഫ്ദർ

ഡോ. ജിനേഷ് കുമാർ എരമം jineshkumareramam@gmail.comUpdated: Sunday Nov 6, 2022

നീ തെരുവിന്റെ തീക്കനൽ നാടകത്തിലെ ഒരു ദൃശ്യം

നാടകത്തിനായി ജീവൻ ഹോമിച്ച സഫ്ദർ ഹാഷ്മിയുടെ രക്തസാക്ഷിത്വം നിരവധി കലാസൃഷ്ടികളുടെ പിറവിക്ക് പ്രചോദനമായിട്ടുണ്ട്. രാജ്കുമാർ സന്തോഷിയുടെ  ഹല്ലാ ബോൽ സിനിമയും (2008) എം എഫ് ഹുസൈന്റെ നാലരക്കോടി രൂപയ്ക്ക് വിറ്റുപോയ ട്രിബ്യൂട്ട് ടു ഹാഷ്മി എന്ന പെയിന്റിങ്ങും ഇവയിൽ എടുത്തുപറയേണ്ടതാണ്. 33 വർഷത്തിന് ശേഷവും ഹാഷ്മി അനശ്വരനായി തുടരുക തന്നെയാണെന്ന് തെളിയിച്ച്‌ ആ ജീവിതത്തെക്കുറിച്ച് ശ്രദ്ധേയമായ ഒരു നാടകം അരങ്ങ് കീഴടക്കിക്കൊണ്ടിരിക്കുന്നു. കണ്ണൂർ ജില്ലയിലെ ഏഴോം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാടിന്റെ തീപ്പാട്ടുകാർ എന്ന സംഘത്തിന്റെ ‘നീ തെരുവിന്റെ തീക്കനൽ.' ഈ വർഷത്തെ അബുദാബി ശക്തി അവാർഡ് ജേതാവ്കൂടിയായ പ്രശസ്ത നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ രചനയും ഡോ.സാംകുട്ടി പട്ടംകരി സംവിധാനവും നിർവഹിച്ച  നാടകമാണിത്‌. 

ഇതൊരു നാടകക്കാരനെക്കുറിച്ചുള്ള നാടകമാണ്. എന്നാൽ അത്‌ ജീവിതകഥയിൽ ഒതുങ്ങുന്നില്ല. കേരളത്തിലെ സാമൂഹിക പ്രതിബദ്ധതയുള്ള നാടക പ്രവർത്തകരും പുതിയകാലത്ത് ഹാശ്മിയുടേതിന് തുല്യമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് നാടകം ചൂണ്ടിക്കാട്ടുന്നു. യഥാതഥവും ശൈലീകൃതവുമായ വേഷവും അഭിനയവും   കലർന്നുവരുന്ന മികച്ച ദൃശ്യാനുഭവം. സിന്ദഹേ എന്ന ഹിന്ദി പാട്ടിൽ തുടങ്ങി കാലമായി നമുക്കു മുന്നേറുവാൻ എന്ന മലയാള ഗാനത്തിൽ നാടകം അവസാനിക്കുന്നു. സഫ്ദറിന്റെ  ഗ്രാമം മുതൽ നഗരം വരെ, രാജാവിന്റെ പെരുമ്പറ, യന്ത്രം, സ്ത്രീ എന്നീ നാടകങ്ങളുടെയും  കെ ടി മുഹമ്മദിന്റെ  കാഫർ, കരിവെള്ളൂർ മുരളിയുടെ കുരുതിപ്പൂക്കൾ എന്നിവയിലെയും രംഗങ്ങൾ  സന്ദർഭാനുസൃതമായി  ഉപയോഗിച്ചിട്ടുണ്ട്. ചാർവാകൻ എന്ന നാടകത്തിന്റെ ദൃശ്യത്തോടെയാണ് തുടക്കം. ആരുടെയോ ചരട് വലിക്കൊത്ത് ചലിക്കുന്ന പാവയെപ്പോലെ ചിലർ ഒരു  ദേവീവിഗ്രഹത്തെ എഴുന്നള്ളിക്കുകയാണ്. അത് ചോദ്യം ചെയ്യുന്ന ചാർവാകനെ കപട വിശ്വാസത്തിന്റെ കോമരങ്ങൾ ആക്രമിക്കുന്നു. ഇത്തരം ആക്രമണങ്ങൾ നാടകപ്രവർത്തകർക്ക് പുത്തരിയല്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ഹാശ്മി വധത്തിലേക്ക് രംഗം നീളുന്നു. ഹാശ്മി അന്ത്യശ്വാസം വലിച്ച ദില്ലി റാം മനോഹർ ലോഹ്യ ആശുപത്രിയാണ് അടുത്ത രംഗം. ജനനാട്യ മഞ്ചിന്റെ തെരുവരങ്ങിലൂടെ തുടർന്ന് ഹാശ്മിയുടെ നാടകങ്ങളുടെ രാഷ്ട്രീയമെന്തെന്ന് വ്യക്തമാക്കുന്നു. കറുപ്പ്, ചുവപ്പ്, വെള്ള  നിറങ്ങളുടെ കോമ്പിനേഷനാണ് മിക്ക രംഗങ്ങളിലും. സഫ്ദറിന്റെ സഹോദരിയും കോളേജിലെ സഹപ്രവർത്തകരും സഫ്ദറിന്റെ വിദ്യാർഥിയുമൊക്കെ പ്രഭാഷണരൂപത്തിൽ ഓർമകൾ പങ്കുവയ്‌ക്കുന്നു. 

ചോരപുരണ്ട വസ്ത്രങ്ങളുമായാണ് സഫ്ദർ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. ചെങ്കൊടി പുതച്ച സഫ്ദറിന്റെ മൃതദേഹം തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച് പന്തങ്ങളുമായി പാട്ടുപാടുന്ന ആൾക്കൂട്ടത്തിന്റെ അവസാന ദൃശ്യം ശക്തവും ആവേശവുമാണ്. അവർക്കിടയിലൂടെ ഉയർത്തെഴുന്നേറ്റു വരികയാണ് സഫ്ദർ. അരങ്ങിനെ രണ്ടു പകുതിയാക്കി ഭാഗിച്ച് ഒരു ഭാഗം ഫ്രീസ് ചെയ്ത് മറുഭാഗത്തെ ചലനാത്മകമാക്കുന്നതും പിൻകർട്ടൻ കറങ്ങിത്തിരിയുമ്പോൾ രംഗം മാറുന്നതുമെല്ലാം സംവിധായകന്റെ പ്രതിഭ തെളിയിക്കുന്നതാണ്. സഫ്ദർ മറ്റൊരു മതത്തിൽപ്പെട്ട മാലശ്രീയെ ജീവിതസഖിയാക്കിയതിനു സമാനമായി മറ്റൊരു മതക്കാരിയെ വിവാഹം ചെയ്യുന്ന കേരളത്തിലെ നാടക പ്രവർത്തകനെയും രംഗത്ത് കൊണ്ടുവരുന്നുണ്ട്. വർഗീയവാദികൾ ഇവർക്കെതിരെ തിരിയുന്നു.   ഇടതുപക്ഷ  നാടകവേദിയുടെ  പ്രസക്തി വർധിച്ചുവരികയാണെന്ന് സഫ്ദറിന്റെ ജീവിതത്തെ മുൻനിർത്തി ബോധ്യപ്പെടുത്തുന്ന ഈ നാടകം  ദില്ലി ജനനാട്യമഞ്ച്, ജനസംസ്കൃതി എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് അരങ്ങിലെത്തിച്ചത്. സുനിതാ ദിനേശ്, നളിനി എം ടി , അഥീന, പാർവണ, വൈഷ്ണവി,  സന്തോഷ് എം വി, കൃഷ്ണപ്രിയ, ഷറഫ് ചിരന്തന , രാജു ബദറുദ്ദീൻ, സുരേഷ് പരിയാരം, മണി മുക്കം, ഷാജി പടുവളം, മധു പറവൂർ, അഭിരാം, രമേശൻ കാവുംചാൽ, അശോക് ഓലയിൽ, ക്ലിന്റ് പവിത്രൻ, ശിവദാസ് ആനപ്പള്ളി, സജീവ് കുമാർ, അനിൽ, സുധി ഏഴോം, സനിൽ പരിയാരം, കൃഷ്ണൻ കാനായി, അവിജ, അഭിനന്ദ് നെരുവമ്പ്രം, പ്രവീൺ രുഗ്മ എന്നിവരാണ് അഭിനേതാക്കൾ. അമൃതനന്ദ, ബിജു ഏഴോം, സുരേഷ് ഏഴോം, ശ്രവ്യ സുധി , ദേവിക, അവിജ, അഭിനന്ദ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top