03 February Friday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Nov 6, 2022

പദപാകത്തിന്റെ ശക്തിവിശേഷം

ഡോ.എം സി അബ്ദുൾ നാസർ

ഇതിഹാസങ്ങളിൽ പുനരാഖ്യാനങ്ങൾക്ക് സ്വാഭാവിക വഴികളേറെയുണ്ട്. ഭാരതകഥകളും മറ്റും പ്രചരിക്കുന്ന സന്ദർഭങ്ങളിൽ തന്നെ, അവ പാടി നടന്ന സൂതരും മാഗധരും കുശീലവൻമാരും ആ പാഠങ്ങളുടെ നിശ്ചിതത്വത്തെ എടുത്തു കളഞ്ഞിട്ടുണ്ട്. പാടിപ്പാടിപ്പോന്നപ്പോൾ മനുഷ്യകുലത്തിന്റെ പരിമിതികളിൽനിന്നും ഭൗമതലത്തിന്റെ പരിധികളിൽനിന്നും ഉയർന്നുയർന്നു പോയ ആ കഥകളെ പ്രക്രിയാപരമായി സമീപിച്ചാൽ ഇന്ത്യൻജനത പിന്നിട്ട അനുഭൂതിഘടനകളുടെ ചരിത്രം ഉരുത്തിരിഞ്ഞു വരും.

വീരഗാഥകളിലൂടെ ഭൂമിയിൽനിന്ന് ഉയർന്നുയർന്നു പോയ അമാനുഷികരുടെ മടമ്പുകൾ വീണ്ടും മണ്ണിൽ തൊടുവിക്കാൻ നടത്തിയ ശ്രമങ്ങൾ ഇതിഹാസകഥകൾക്ക് പുതുവേഷങ്ങളായി.

പത്മനാഭൻ കാവുമ്പായിയുടെ ‘അവസാനത്തെ സൈന്യാധിപൻ' എന്ന കാവ്യം, ഈ ദിശയിലുള്ള സമകാല ചലനങ്ങളിലൊന്നാണ്. അശ്വത്ഥാമാവിന്റെ മനസ്സിനെ  മനുഷ്യകഥാചരിത്രങ്ങളുടെ അനാദിയും അനന്തവുമായ പ്രവാഹത്തിലേക്ക്  ചേർത്തുവയ്‌ക്കുകയാണ് ‘അവസാനത്തെ സൈന്യാധിപൻ'. 

നിത്യവും ജീവിതം വിതയേറ്റി കൊയ്യുന്ന പാടമായി ലോകത്തെ കണ്ട ഒരു കവിയുടെ തുടർച്ചയിൽ ഈ കാവ്യം വായിക്കാനാകും.അശ്വത്ഥാമാവിന്റെ ജീവിതം ആദിമധ്യാന്തകാലപ്പൊരുത്തത്തോടെ പറയുന്നതിനു പകരം ഭാരതത്തിലെ വൈവിധ്യമാർന്ന ഭാവങ്ങളേയും സന്ദർഭങ്ങളേയും ആ ജീവിതത്തിലേക്ക് കൊരുത്തുവച്ച ആഖ്യാനസാധ്യതകളാണ് കാവ്യത്തെ അമ്മട്ടിൽ ഇതിഹാസ ഘടനയിലേക്കുയർത്തുന്നത്.

ഒരു പദം കൈവരിക്കുന്ന ചരിത്രബലമാണ്  അതിനെ സവിശേഷ അന്തരീക്ഷങ്ങളിലേക്ക്  ചേർത്തു നിർത്തുന്നത്. ‘അവസാനത്തെ സൈന്യാധിപൻ' വായിക്കുമ്പോൾ പദപാകം ഒരു ശക്തിവിശേഷമായി മാറുന്നത് പല മട്ടിൽ അനുഭവിക്കാനാകും. ഞാൺ വലിച്ചു മുറുക്കുന്നതു പോലെ വാക്ക് മുറുക്കുന്ന വിദ്യയറിയാം ഈ കവിക്ക്‌.  അവതാരിക: സുനിൽ പി ഇളയിടം. പഠനം: ഡോ.എ.എം ശ്രീധരൻ.

 

 

അനുഭവവെയിൽച്ചൂടിൽ പിറന്ന നോവൽ

ഇളവൂർ ശ്രീകുമാർ

ജീവിതത്തിന്റെ പ്രതിരൂപമായാണ് എഴുത്തച്ഛൻ തന്റെ കവിതകളിൽ സമുദ്രത്തെ സങ്കൽപ്പിച്ചിട്ടുള്ളത്. അവ രണ്ടും മുൻവിധികളെ എപ്പോഴാണ് തെറ്റിക്കുന്നതെന്ന് പ്രവചിക്കാനാകില്ല, ചിലപ്പോൾ ശാന്തമായൊഴുകുന്നു .മറ്റു ചിലപ്പോൾ കലിതുള്ളി ആർത്തലയ്ക്കുന്നു.

സങ്കീർണവും സംഘർഷഭരിതവുമായ കടൽജീവിതത്തിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ ഇടങ്ങളിലേക്കുള്ള ഒരെഴുത്തുകാരന്റെ എത്തിനോട്ടമാണ് കുളങ്ങര കോശി ഫിലിപ്പിന്റെ ‘എറീക്ക’ എന്ന നോവൽ. സമുദ്ര ജീവിതത്തിന്റെ തിരക്കോളുകളിൽപ്പെട്ട് ഗണിതക്രമങ്ങൾ തെറ്റിപ്പോകുന്ന കുറേ മനുഷ്യരും  അവരുടെ ജീവിതം ത്രസിച്ചു നിൽക്കുന്ന ഹൃദയസ്പന്ദനങ്ങളും നാം അടുത്തറിയുന്നു.

ജീവിതത്തെ വിശാലമായ ഒരു കാഴ്ചപ്പാടിലേക്ക് വളർത്തുന്ന തലങ്ങൾ നമുക്ക് ഈ നോവലിൽ കാണാൻ കഴിയും. ദേശകാലങ്ങളുടെ അതിർവരമ്പുകൾക്കതീതമായ മാനവികതയുടെ സംഗീതം നിറഞ്ഞുനിൽക്കുന്ന നോവലാണ് എറീക്ക.

മലയാളത്തിലെ ആദ്യത്തെ കപ്പൽ ജോലിക്കാരുടെ കഥ പറയുന്ന നോവൽ കൂടിയാണ്. ഏഴുകടലിന്റെയും മനോഹര കാഴ്ചകൾ മാത്രമല്ല ജീവിതത്തിന്റെ മാധുര്യവും നമുക്ക് ആവോളം നുകരാം.  

ചേപ്പാട്  ഗ്രാമത്തിൽനിന്നും യാത്ര തുടങ്ങുന്ന മാത്യു എന്ന ചെറുപ്പക്കാരൻ ബോംബെയിൽ എത്തി കപ്പൽ ജോലിക്കായി പരിശ്രമിക്കുന്നു. ഇതിനിടയിൽ സൂസനെ കണ്ടെത്തുന്നു.  കപ്പലിൽ കയറാൻ തയ്യാറെടുക്കുമ്പോൾ സൂസൻ അയാളെ ഓസ്ട്രേലിയയിലേക്ക് ക്ഷണിക്കുന്നു. ഏഴു കടലും ചുറ്റു ന്നതിനിടയിൽ അയാൾ വീണ്ടും അവിചാരിതമായി സൂസനെ ഓസ്ട്രേലിയയിൽ കണ്ടെത്തുന്നു. നാളുകൾ കഴിഞ്ഞു നാട്ടിലെ സൂസന്റെ വീട്ടിലെത്തുന്ന മാത്യുവിനെ കാത്തിരുന്നത് കടലിനേക്കാൾ വലിയ നിഗൂഢതയായിരുന്നു. നോവൽ അവസാനിക്കുമ്പോൾ  അത്ഭുതത്തിന്റെയും അറിവിന്റെയും വാതായനങ്ങൾ തുറന്നിട്ട്‌ മാത്യു തന്റെ യാത്ര തുടരുന്നു.

 

 

അനുഭവസമ്പന്നമായ പാഠപുസ്തകം

ഡോ. ദീപേഷ് കരിമ്പുങ്കര

രണ്ടുതരം ഓര്‍മകളുണ്ട്. ആത്മസ്മൃതികളും അപരസ്മൃതികളും. ആത്മസ്മൃതികളാണ് ആത്മകഥകളായി മാറുന്നത്. അപരസ്മൃതികള്‍ പലപ്പോഴും അവനന്റെ മനസ്സില്‍ നിലകൊള്ളുകയും അവനവനോടൊപ്പം മറഞ്ഞുപോവുകയും ചെയ്യുന്നു. അപൂര്‍വം ചിലതാകട്ടെ സവിശേഷവ്യക്തികളുടെ ജീവിതം അടയാളപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ശേഖരിക്കുകയും കാലത്തിലേക്ക് പകര്‍ത്തിവയ്ക്കുകയും ചെയ്യുന്നു. രമേഷ് പുതിയമഠം എഴുതിയ  ‘ജഗതി: ഒരു അഭിനയവിസ്മയം' ഒരഭിനേതാവിന്റെ ജീവിതത്തെ ഏറ്റവും അടുത്തുനിന്നു നോക്കിക്കാണാന്‍ അവസരം തരുന്നു. സിനിമയില്‍ ഇന്ന് അന്യമായ പല നന്മകളുടെയും പേരായിത്തീരുന്നു ജഗതി ശ്രീകുമാര്‍. 

രാജസേനന്‍, സുരേഷ് ഉണ്ണിത്താന്‍, കലൂര്‍ഡെന്നീസ്, ഡെന്നീസ് ജോസഫ്, എസ്എന്‍ സ്വാമി തുടങ്ങിയ സംവിധായകരും ജഗദീഷ്, മണിയന്‍പിള്ള രാജു, കല്‍പ്പന, പ്രേംകുമാര്‍, മധുപാല്‍, കോട്ടയം നസീര്‍ തുടങ്ങിയ അഭിനേതാക്കളും ജഗതിയോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്നു. വല്ലപ്പോഴും വീട്ടിലെത്തിച്ചേരുന്ന ദിവസങ്ങളുടെ അനുഭവങ്ങളാണ് പിതാവിനെക്കുറിച്ച് രാജ്കുമാറിന്റെയും പാര്‍വതി ഷോണിന്റെയും ഓര്‍മകള്‍.  ഈ പുസ്തകം ഒരഭിനേതാവിന്റെ ജീവിതരേഖ എന്നതിനപ്പുറം അനുഭവസമ്പന്നമായ ഒരു പാഠപുസ്തകം കൂടിയായിത്തീരുന്നു.

 

 

 

കഥകളിലെ വീരനായകന്മാർ

ഡോ.  ഉണ്ണി ആമപ്പാറയ്ക്കൽ

കേരളത്തിലെ നാടോടി ഗാനങ്ങളിലെ വീരനായകന്മാരുടെ കഥാഖ്യാനമാണ് ഡോ. ശശിധരൻ ക്ലാരിയുടെ നാടോടി വീരകഥകൾ.  വടക്കൻ പാട്ടിലും തെക്കൻ പാട്ടിലും ഇതര നാടോടി പാട്ടുകളിലും പരാമർശിക്കുന്ന പതിനാല് വീരന്മാരുടെ വീറും പൊലിമയുമാണ് തെളിമയാർന്ന ഭാഷയിൽ ഗ്രന്ഥകർത്താവ് പറഞ്ഞുവയ്‌ക്കുന്നത്.  

ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളുടെ കഥകളും അരികുവൽക്കരിക്കപ്പെട്ട ജനതയിൽനിന്ന് ഉയർന്നുവന്ന പോരാളികളുടെ ധീരഗാഥകളും പലയിടങ്ങളിൽനിന്ന് നിർദ്ധാരണം ചെയ്തെടുത്തതാണെങ്കിലും ഒരൊറ്റ ചരടിൽ കോർത്തെടുത്തപോലെ അവതരിപ്പിക്കാനായി.  പൊട്ടൻ തെയ്യത്തിന്റെയും തേവരായി മാറിയ വെള്ളയന്റെയും കഥകൾ ഒരു കാലത്തെ സാമൂഹ്യ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.  പുലയനായ വട്ട്യൻ പൊള്ള തെയ്യമായി മാറിയ കഥ മതസൗഹാർദത്തിന്റെ സൂചനകൂടി നൽകുന്നു.  കതിവന്നൂർ വീരന്റെയും നാദാപുരം കണ്ണന്റെയും ചെങ്ങന്നൂർ ആതിയുടെയും പൊന്നാരമാൻ കോട്ടയിലെ കുഞ്ഞിക്കണ്ണന്റെയും ഉലകുടയ പെരുമാളുടെയും ഇരവിക്കുട്ടിപ്പിള്ളയുടെയും വീരകൃത്യങ്ങൾ മാത്രമല്ല പ്രണയത്തിന്റെ ആർദ്രതകൂടി ഉൾക്കൊള്ളുതാണ് ഇതിലെ പല കഥകളും.  മാമാങ്കത്തിലെ അവസാനത്തെ ചാവേറായ ചന്ദ്രോത്ത് ചന്തുണ്ണിയുടെയും കണ്ടൻ മേനവൻ പാട്ടിലെ ഇത്താപ്പു എന്ന ബാലന്റെയും രക്തസാക്ഷിത്വം വായനക്കാരന്റെ ഉള്ളുലയ്ക്കുന്നതാണ്.

സത്യത്തിനും ധർമത്തിനുംവേണ്ടി പോരാടുകയും വർണവ്യവസ്ഥയുടെ ഏത് അളവുകോൽവച്ച് അളന്നാലും കള്ളിക്കു പുറത്താവുകയും ചെയ്യുന്ന ജനതതിയുടെ വേവും നോവും പോരാട്ട വീര്യവുമാണ് ഇത്തരം കഥകളിൽ പ്രതിഫലിക്കുന്നതെന്ന് പറയാതെ പറയുകയാണ് ഈ പുസ്തകം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top