20 February Wednesday

നിറയെ നിറവ്

പി വി ജീജോUpdated: Sunday Aug 6, 2017

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിറവിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മാലിന്യപരിപാലന പദ്ധതി സംബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡ്. നിറവ് പ്രവര്‍ത്തകര്‍ മാലിന്യം വേര്‍തിരിക്കുന്നു (വലത്ത്)

കാക്കപോലും മൂക്കുപൊത്തി മീതെ പറന്ന ദുരിതംനിറഞ്ഞ മാലിന്യക്കാലമുണ്ടായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തിന് 2013 വരെ. മാലിന്യസംസ്കരണത്തിന് സവിശേഷ ഏര്‍പ്പാടുകളുള്ള വേങ്ങേരി നിറവ് റസിഡന്‍സ് അസോസിയേഷനുമായി ഇക്കാലത്താണ് അധികൃതര്‍ ബന്ധപ്പെടുന്നത്. ഒന്നര ഏക്കറില്‍ പരന്നുകിടന്ന വിമാനത്താവളത്തിലെ  മാലിന്യക്കൂമ്പാരം നീക്കാന്‍ നാലേമുക്കാല്‍ ലക്ഷത്തിനാണ് കരാറാകുന്നത്. മാലിന്യമല വേങ്ങേരിക്കാര്‍ക്ക് ഭാരമായില്ല. എല്ലാം ക്ളീനാക്കി ആ സ്ഥലത്തുതന്നെ കിടിലനൊരു കാപ്പിയും അനത്തി കുടിച്ചാണ് അവര്‍ സ്ഥലംവിട്ടത്.

നിറവില്‍ മഴമാപിനി ഉപയോഗിച്ച് മഴ അളക്കുന്നു

നിറവില്‍ മഴമാപിനി ഉപയോഗിച്ച് മഴ അളക്കുന്നു

കൂടിയാലൊരു പച്ചക്കറിത്തോട്ടം, അങ്ങേയറ്റത്തൊരു ബോധവല്‍ക്കരണക്ളാസ്. പതിരും പായാരവുംമാത്രം പൊതുവില്‍ ചര്‍ച്ചചെയ്യുന്ന നമ്മുടെ നാട്ടിലെ പതിവ് റസിഡന്‍സ് അസോസിയേഷനുകാര്‍ക്ക് കണ്ടുപഠിക്കാം വേങ്ങേരി നിറവിനെ. മാനംമുട്ടെ പറക്കുകയാണ് ഇവര്‍. വിമാനത്താവളത്തിലെ മാലിന്യനീക്കത്തില്‍ വൈദഗ്ധ്യം തെളിയിച്ചതിനാല്‍ വിജയവാഡ അടക്കമുള്ള ഇന്ത്യയിലെ ഇരുപതോളം വിമാനത്താവളക്കാര്‍ നിറവിനെ ഇതിനായി ചുമതല ഏല്‍പ്പിച്ചുകഴിഞ്ഞു. തീര്‍ന്നില്ല പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗളൂരൂ റെയില്‍വേസ്റ്റേഷനുകള്‍, കോഴിക്കോട് ഐഐഎം, എന്‍ഐടി... രാജ്യാന്തര പ്രശസ്തമായ ഈ സ്ഥാപനങ്ങളെയെല്ലാം മാലിന്യവിമുക്തമാക്കുകയാണ് ഈ കോഴിക്കോടന്‍ ഗ്രാമീണക്കൂട്ടായ്മ. കോഴിക്കോട് നഗരത്തോട് ചേര്‍ന്നുള്ള വേങ്ങേരി എന്ന ഗ്രാമത്തിലെ 127 വീട്ടുകാരുടെ സംഘം സ്വപ്നം കണ്ടുതുടങ്ങിയാല്‍ അതിന് അതിരില്ല. ഇന്ത്യന്‍ ജനകീയശാസ്ത്ര സമ്മേളനത്തിലും എ കെ ജി പഠനഗവേഷണകേന്ദ്രത്തിന്റെ അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിലും മാലിന്യപരിപാലനത്തെക്കുറിച്ച് പഠനപ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ച ഈ സംഘത്തിന്റെ മാലിന്യപരിപാലന പദ്ധതി ഇന്ന് സംസ്ഥാനത്തെ നൂറിലധികം തദ്ദേശസ്ഥാപനങ്ങള്‍ക്കും മാതൃകയാണ്.


ആദ്യം പതിവ് പച്ചക്കറി

നിറവിലെ എല്‍ഇഡി ബള്‍ബ് നിര്‍മാണം

നിറവിലെ എല്‍ഇഡി ബള്‍ബ് നിര്‍മാണം

ഒരു സാധാരണ റസിഡന്‍സ് അസോസിയേഷനായിത്തന്നെയായിരുന്നു നിറവ് വേങ്ങേരിയുടെയും തുടക്കം. 11 വര്‍ഷംമുമ്പൊരു കേരളപ്പിറവിദിനത്തില്‍. ഐക്യകേരളത്തിന്റെ അമ്പതാംവാര്‍ഷികമായതിനാല്‍ എന്തെങ്കിലും ചെയ്യണമെന്നുതോന്നി. അസോസിയേഷനില്‍ ഉള്‍പ്പെട്ട 127 വീട്ടിലും ഒരു സര്‍വേ നടത്തി. സ്ത്രീകളില്‍ ക്യാന്‍സര്‍ബാധിതരായവരുടെ എണ്ണം കണ്ട് ഞെട്ടി. തുടര്‍ന്ന് ഡോ. ബി ഇക്ബാല്‍ അടക്കമുള്ള ജനകീയാരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നു. ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന ചിന്തയില്‍ പതിവുപോലെ പച്ചക്കറിക്കൃഷിയിലേക്കും തിരിയുന്നു. മൂന്ന് സെന്റുമുതല്‍ പത്ത് സെന്റുവരെയുള്ള വീട്ടുകാരുടെ പറമ്പില്‍ ഒരു മുളകുതൈയെങ്കിലും നട്ടായിരുന്നു തുടക്കം. ഇതോടൊപ്പം മാലിന്യനിര്‍മാര്‍ജനത്തിനുള്ള ശ്രമവുമായി. വീട്ടിലെ പ്ളാസ്റ്റിക്, ഇതര മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കാനായി നീക്കം. ഇതിനായി ഓരോവീട്ടിലും മൂന്ന് ചാക്ക് നല്‍കി. ഒന്നില്‍ പ്ളാസ്റ്റിക്, മറ്റൊന്നില്‍ ഇരുമ്പ്, കുപ്പി, മൂന്നാമത്തേതില്‍ റബര്‍, തെര്‍മോകോള്‍ തുടങ്ങിയവ. മാലിന്യമെന്ന പേരുതന്നെ ഒഴിവാക്കിയുള്ള പ്രചാരണം. ജൈവവും അജൈവവുമായ വസ്തുക്കള്‍ തരംതരിക്കുക എന്നതായിരുന്നു രീതി. ഇതോടൊപ്പം വീടുകളില്‍ വളക്കുഴിനിര്‍മാണവും പ്രോത്സാഹിപ്പിച്ചു. പിന്നീടത് ബയോഗ്യാസ് എന്നതിലേക്ക് വികസിപ്പിച്ചു. അത് വിജയമായി. മാലിന്യശേഖരണം ഹിറ്റായി. ആക്രിസാധനങ്ങള്‍ പൊതുമേഖലാസ്ഥാപനമായ സ്റ്റീല്‍ കോംപ്ളക്സ് ഏറ്റെടുക്കുന്ന സ്ഥിതിവരെയായി. വീടിനൊപ്പം  മുന്നിലെ പൊതുവഴി ശുചീകരിക്കാനുള്ള ചുമതലയും അതത് വീട്ടുകാര്‍ക്കായതോടെ ആദ്യ മുന്നേറ്റം സഫലമായി. മാലിന്യമുണ്ടാകുന്നത് കുറഞ്ഞു. മാലിന്യസംസ്കരണമല്ല പരിപാലനമാണ് തങ്ങള്‍ നടപ്പാക്കിയതെന്നാണ് ഈ വിജയത്തെക്കുറിച്ച് നിറവുകാര്‍ പറയുക. ആദ്യകാലത്ത് മൂന്നുമാസത്തിലൊരിക്കലാണ് വീടുകളില്‍നിന്ന് പ്ളാസ്റ്റിക് മാലിന്യം ശേഖരിച്ചതെങ്കില്‍ പിന്നീടത് ആറുമാസത്തിലൊരിക്കലും ഇന്നത് വര്‍ഷത്തിലൊരിക്കലുമായി മാറി.

വീടിനുമുന്നിലെ ഇടവഴിയില്‍നിന്ന് തുടങ്ങിയ മാലിന്യശേഖരണമാണ് വേങ്ങേരിക്കാരെ വിമാനത്താവളത്തിലേക്കും മറ്റു വലിയ സ്ഥാപനങ്ങളിലേക്കും നടത്തിച്ചത്. തരംതിരിച്ച് അഴുകുന്നവ അവിടെത്തന്നെ സംസ്കരിച്ചും അല്ലാത്തവ ആക്രിയും മറ്റുമായി നീക്കംചെയ്തും ചുരുങ്ങിയ സമയംകൊണ്ട് വേങ്ങേരിക്കാര്‍ മാലിന്യമല കീഴടക്കിയത് കരിപ്പൂര്‍ വിമാനത്താവള അധികൃതരെ വിസ്മയിപ്പിച്ചു. മികച്ച മാലിന്യപരിപാലനത്തിന് ഇന്ത്യന്‍ റെയില്‍വേയുടെ അവാര്‍ഡ് പാലക്കാട് ഡിവിഷന് ലഭിക്കാനും നിറവിന്റെ സഹകരണത്തിലൂടെ സാധ്യമായി. കഴിഞ്ഞയാഴ്ച കടല്‍കടന്ന് നിറവ് ലക്ഷദ്വീപിലുമെത്തി. ഇതിനൊപ്പമാണ് പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ബേദിയുടെ സാന്നിധ്യത്തില്‍ മയ്യഴിയില്‍ മാലിന്യസംസ്കരണപദ്ധതി അവതരിപ്പിച്ചതും. ഏറ്റവുമൊടുവില്‍ നബാര്‍ഡിന്റെ ജലസംരക്ഷണയജ്ഞം കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്നത് നിറവുകാരാണ്. പൂനൂര്‍പുഴയെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് നിറവിപ്പോള്‍.

പിന്നെ നാടന്‍ വഴുതിന

ഐടി@നിറവിലെ യുവ എന്‍ജിനിയര്‍മാര്‍

ഐടി@നിറവിലെ യുവ എന്‍ജിനിയര്‍മാര്‍

മാലിന്യസംസ്കരണം സജീവമാക്കുകകൂടി ലക്ഷ്യമിട്ട് വീടുകളില്‍  പച്ചക്കറിവളര്‍ത്തിയതിന്റെ തുടര്‍ച്ചയായിരുന്നു നെല്‍ക്കൃഷി ചെയ്യാനുള്ള 2008ലെ തീരുമാനം. വേങ്ങേരിക്കടുത്ത് ഗ്രീന്‍വേള്‍ഡില്‍ പതിനെട്ടേക്കറില്‍ നെല്‍ക്കൃഷി ഇറക്കാനാണ് തീരുമാനിച്ചത്. ജൈവരീതിയില്‍ പരമ്പരാഗതവിത്തായ മുണ്ടകനിറക്കി. എല്ലാരും പാടത്തേക്ക് എന്ന നിറവിന്റെ സന്ദേശത്തിന് പിന്തുണയുമായി കവി സുഗതകുമാരിയും എ പ്രദീപ്കുമാര്‍ എംഎല്‍എയും കോഴിക്കോട് മേയറായിരുന്ന എം ഭാസ്കരനും കലക്ടര്‍ ഡോ. എ ജയതിലകും പരിസ്ഥിതിപ്രവര്‍ത്തകരായ ഡോ. എ അച്യുതനും പ്രൊഫ. ടി ശോഭീന്ദ്രനുമെല്ലാമെത്തി. കാര്‍ഷികോത്സവപ്പൊലിമയില്‍ റെക്കോഡുവിള. വേങ്ങേരിയെ സംസ്ഥാനത്തെ ആദ്യ ജൈവവാര്‍ഡായി പ്രഖ്യാപിച്ച് അന്നത്തെ കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പച്ചക്കറിക്കൃഷിക്ക് പ്രത്യേക സഹായവും പ്രഖ്യാപിച്ചു. 1.37 ലക്ഷം രൂപയുടെ തനിനാടന്‍ പച്ചക്കറിയാണ് ഇതിലൂടെ ഉണ്ടാക്കിയത്. ആനക്കൊമ്പന്‍ വെണ്ടയും വൈദ്യകുമ്പളവും ആകാശവെള്ളരിയുമെല്ലാം വിളയിച്ചു. കൃഷിക്കായി സര്‍ക്കാര്‍ നല്‍കിയ അരലക്ഷത്തില്‍ ചെലവായ 37,800 രൂപ കഴിച്ച് 11,200 തിരിച്ചുനല്‍കിയാണ് വേങ്ങേരിക്കാര്‍ പച്ചക്കറിപ്പാടത്തുനിന്ന് മടങ്ങിയത്.

2009ല്‍ ബി ടി (ജനിതകമാറ്റം വരുത്തിയ) വഴുതിനയുടെ കടന്നുവരവും വിവാദവുമരങ്ങേറിയപ്പോള്‍ തനതായ നാടന്‍ വഴുതിന വിത്തുല്‍പ്പാദിപ്പിച്ച് നിറവ് പ്രതിരോധത്തിന്റെ കൃഷിപാഠവും രചിച്ചു. ഓരോ വീട്ടിലും ഒരു പായവിരിക്കുന്ന സ്ഥലത്ത് ആയിരം നാടന്‍ വഴുതിന തൈയുണ്ടാക്കിയാണ് തുടക്കം. ഈ വഴുതിന കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍ കൊണ്ടുപോയി പരിശോധിച്ചു. ചവര്‍പ്പില്ല, കീടബാധക്കുറവ് തുടങ്ങിയ ഗുണങ്ങളുള്ള വഴുതിനയ്ക്ക് 'വേങ്ങേരി വഴുതിന' എന്ന് പേരുമിട്ടു. ഇന്ന് കേരളമാകെ വേങ്ങേരി വഴുതിന വിളയുന്നു. ഇപ്പോള്‍ നിറവിന് സ്വന്തമായ വിത്തുബാങ്കുണ്ട്. 2010ല്‍ വഴുതിനയില്‍നിന്ന് വാഴക്കൃഷിയിലായിരുന്നു നിറവിന്റെ ശ്രദ്ധ. കഞ്ഞിയിലിടാനൊരു പച്ചമുളകു  പോലുമില്ലാതിരുന്ന എല്ലാവീട്ടിലും റോബസ്റ്റയും നേന്ത്രയും കദളിയും തളിര്‍ത്തു. തനതു വിത്തിനങ്ങളുടെ ഉല്‍പ്പാദനത്തിനു പുറമെ കൃഷിപ്പുര നേഴ്സറി, പച്ചക്കറിക്കട എന്നിവയും ജൈവകൃഷിക്ക് അനുബന്ധമായി നിറവിലുണ്ട്.

2011ലായിരുന്നു രൂക്ഷമായ വരള്‍ച്ച. നിറവിലെ അംഗങ്ങളുടെ വീടുകളിലടക്കം കിണര്‍ വറ്റി. ഇതില്‍നിന്ന് രക്ഷയ്ക്കായി ആവിഷ്കരിച്ചതാണ് ജലശ്രീപദ്ധതി. പെയ്യുന്ന വെള്ളം മണ്ണിലിറക്കിവിടുക, പറമ്പില്‍ വരമ്പിടുക തുടങ്ങി നാടന്‍ ജലരക്ഷാമാര്‍ഗങ്ങള്‍. കിണര്‍ റീചാര്‍ജിങ്ങിനുള്ള ഈ നാടന്‍മാര്‍ഗത്തിലൂടെ നിറവുകാരുടെ കിണറെല്ലാം നിറഞ്ഞു. കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗകേന്ദ്രം (സിഡബ്ള്യുആര്‍ഡിഎം) ഈ പ്രവര്‍ത്തനത്തിന് അംഗീകാരമായി നിറവിനൊരു മഴമാപിനി സമ്മാനിച്ചു. ഇന്നിപ്പോള്‍ നിറവില്‍ വേങ്ങേരിയുടെ മഴയും ചൂടും രേഖപ്പെടുത്തുന്നുവെന്നതും സവിശേഷതയാണ്.

അതാ പ്രകാശിച്ചുതുടങ്ങി

ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ജോണ്‍റോഡ് നിറവിലെത്തിയപ്പോള്‍

ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ജോണ്‍റോഡ് നിറവിലെത്തിയപ്പോള്‍

2012ല്‍ വൈദ്യുതിനിരക്കിലെ വലിയ വര്‍ധന റസിഡന്‍സ് അസോസിയേഷനില്‍ ചര്‍ച്ചാവിഷയമായി. എല്ലാവര്‍ക്കും കനത്ത തുക ബില്‍ വന്നതോടെ എന്ത് പ്രതിവിധി എന്ന അന്വേഷണമാണ് എല്‍ഇഡി ബള്‍ബിന്റെ നിര്‍മാണത്തിലേക്ക് നയിച്ചത്. ഏഴ് വാട്സ് എല്‍ഇഡി ബള്‍ബില്‍നിന്ന് 100 വാട്സ് സാദാബള്‍ബിന്റെ പ്രകാശം കിട്ടുമെന്ന കണ്ടെത്തലായിരുന്നു ഇതിനാധാരം. ഊര്‍ജം ലാഭിക്കാനുള്ള വഴി തെളിഞ്ഞു. എന്നാല്‍, എല്‍ഇഡിക്ക് അന്ന് വിപണിയില്‍ മൂന്ന് വാട്സിന് 599 രൂപയായിരുന്നു. സാധാരണക്കാരായ നിറവുകാര്‍ക്ക് ഷോക്കടിക്കുന്ന വില. തങ്ങളുടെ മക്കളായ  32 എന്‍ജിനിയറിങ് വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് സാധനങ്ങള്‍ വാങ്ങി സ്വന്തമായി എല്‍ഇഡി നിര്‍മിച്ചാണ് നിറവ് ഇതിന് പരിഹാരം കണ്ടത്. നാട്ടിലെ വയര്‍മാന്മാരും സഹായിച്ചതോടെ എല്ലാവീട്ടിലും ഒരു എല്‍ഇഡി എന്ന ലക്ഷ്യം സാധ്യമായി. ഈ എല്‍ഇഡി ബാത്റൂമുകളില്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചു. നിറവിന്റെ പഠനത്തില്‍ വീടുകളില്‍ ഏറ്റവുമധികം വൈദ്യുതി വിനിയോഗം ബാത്റൂമുകളിലാണെന്ന് കണ്ടെത്തിയിരുന്നു. എല്‍ഇഡിക്കു പുറമെ അഞ്ച് സിഎഫ്എല്ലും ഓരോവീട്ടിലും നല്‍കി. ഊര്‍ജസംരക്ഷണത്തിനുള്ള നിറവിന്റെ ഊര്‍ജശ്രീ പദ്ധതിയെ സംസ്ഥാന എനര്‍ജിമാനേജ്മെന്റ് പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്തത് ഇങ്ങനെ: ഇത്തരം പദ്ധതി സംസ്ഥാന- പ്രാദേശിക സര്‍ക്കാരുകള്‍ നടത്തേണ്ടതാണ്. ഒരു റസിഡന്‍സ് അസോസിയേഷന്‍ ഇത്രയും കാര്യക്ഷമമായി ഊര്‍ജസംരക്ഷണം നടപ്പാക്കിയെന്നത് അവിശ്വസനീയം, അഭിനന്ദനീയം...

കേരളശാസ്ത്ര സാഹിത്യപരിഷത്തിന്റെ സുവര്‍ണജൂബിലിസമ്മേളനം 2012ല്‍ കോഴിക്കോട്ട് നടന്നപ്പോള്‍ വൈദ്യുതി ഒഴിവാക്കി സമ്മേളനത്തിന്റെ ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചതിന്റെ അണിയറയിലും കോ-ഓര്‍ഡിനേറ്റര്‍ ബാബു പറമ്പത്തിന്റെ നേതൃത്വത്തിലുള്ള നിറവ് പ്രവര്‍ത്തകരായിരുന്നു.
സ്വന്തമായി വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്താണ് ഐടി യുഗത്തിലേക്ക് വേങ്ങേരിക്കാര്‍ കടക്കുന്നത്്. കുറഞ്ഞ ചെലവില്‍ വെബ്സൈറ്റ് രൂപകല്‍പ്പനയും മറ്റ് ഐടി അധിഷ്ഠിത സേവനങ്ങളും നടത്തുന്ന ഐടി@നിറവാകാന്‍ അവര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവന്നില്ല.
ഈ വര്‍ഷം ജനുവരി ഒന്നിനാണ് നിറവ് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനു കീഴില്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. രാജ്യത്താദ്യമായി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്ന റസിഡന്‍സ് അസോസിയേഷന്‍ എന്ന ബഹുമതിയും ഇവര്‍ക്കായി. സുസ്ഥിര കൃഷി, മാലിന്യപരിപാലനം, ഊര്‍ജസംരക്ഷണം, ജലസുരക്ഷ, ഐടി എന്നീ അഞ്ചുമേഖലയില്‍ പ്രവര്‍ത്തനലക്ഷ്യവുമായി നബാര്‍ഡിന്റെ സഹായത്തിലാണ് കമ്പനി രൂപീകരണം. എ പി സത്യന്‍ ചെയര്‍മാനും പി പി മോഹനന്‍ സിഇഒയുമായുള്ള കമ്പനിയുടെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബാബു പറമ്പത്താണ്.

നിറവിനെ അറിയാം; 'മഡോരി'ക്ക് വരൂ

നിറവിലെ ജൈവകൃഷി നേരിട്ട് നിങ്ങള്‍ക്ക് കാണാം, എല്ലാ വീട്ടിലെയും മാലിന്യപരിപാലനം മനസ്സിലാക്കാം... ഊര്‍ജസംരക്ഷണപ്രവര്‍ത്തനം നേരിട്ടറിയാം. വരിക ഈ വര്‍ഷാവസാനം വേങ്ങേരിയിലേക്ക്. ഡിസംബര്‍ 20 മുതല്‍ ഒരാഴ്ചയാണ് നിറവിനെ അറിയാനും കാണാനുമുള്ള അവസരമൊരുക്കുന്നത്. ഇതിന്റെ ഭാഗമായി നിറവിലെ എല്ലാവീടും ചായംപൂശി വര്‍ണാഭമാക്കും. 'മഡോരി 17'എന്നാണ് ഈ പ്രകൃതി ഹരിതബിനാലെയ്ക്ക് പേരിട്ടിരിക്കുന്നത്. ജപ്പാനീസ് ഭാഷയില്‍ മഡോരി എന്നാല്‍ പച്ച.

പ്രധാന വാർത്തകൾ
 Top