19 February Tuesday

അമ്പോ അംബാനി!

സൂക്ഷ്മന്‍Updated: Sunday Aug 6, 2017

ഒരു സ്മാര്‍ട്ട് ഫോണും അതില്‍ ജിയോ സിമ്മുമുണ്ടെങ്കില്‍ ഭൂലോകം കൈയിലൊതുക്കാമെന്നാണ് ഒടുവിലത്തെ വാഗ്ദാനം. അതിന് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും. ഏറ്റവും കുറഞ്ഞ ഡാറ്റാ നിരക്കും സൌജന്യ 4ജി ഫീച്ചര്‍ഫോണും അവതരിപ്പിച്ചത് മുകേഷ് അംബാനിയാണ്. അതിന്റെ അവതരണത്തോടെ പലതരം അത്ഭുതങ്ങളാണ് സംഭവിച്ചത്. ഒറ്റയടിക്ക് മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ ധനാഢ്യനായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിവില കുതിച്ചുകയറി. അതിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടെ സ്വത്തില്‍ 77,000 കോടിയുടെ വര്‍ധനയുണ്ടായി. ജിയോ കയറിയപ്പോള്‍ മറ്റുള്ളവര്‍ക്ക് ഇറക്കമായിരുന്നു. എയര്‍ടെല്ലും ഐഡിയയും ബിഎസ്എന്‍എല്ലുമെല്ലാം നിന്നുവിയര്‍ത്തു. കുടുംബസമേതം വേദിയിലെത്തി, മുകേഷ് അംബാനി  പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍കൊണ്ട് ടെലികോം മേഖലയിലെ ഇതര കമ്പനികളുടെ നഷ്ടം കൈയും കണക്കുമില്ലാത്തതായി.
വാരിപ്പിടിക്കുക എന്നതുമാത്രമല്ല, മറ്റുള്ളതിനെയെല്ലാം തകര്‍ക്കുക എന്നതാണ് അംബാനിയന്‍ തന്ത്രം. ജിയോ വരുന്നതിനുമുമ്പ് ആറുമാസത്തെ രാജ്യത്തെ ഡാറ്റാ ഉപയോഗം 20 കോടി ജിബിയായിരുന്നു. ജിയോയുടെ കടന്നുവരവോടെ അത് 120 കോടി ജിബി ആയി. ഇന്ന് മൊബൈല്‍ ഡാറ്റാ ഉപയോഗിക്കുന്ന ലോകത്തെ ഒന്നാംരാജ്യമാണിന്ത്യ. ആദ്യം വാരിക്കോരിക്കൊടുത്ത് ഉപയോഗം കൂട്ടുക, പിന്നീട് കാശുചുമത്തി വന്‍ ലാഭമുണ്ടാക്കുക എന്ന തന്ത്രത്തിന്റെ ആദ്യപടി വിജയിച്ചുകഴിഞ്ഞു. തുടക്കത്തില്‍  സൌജന്യസേവനം ഉപയോഗിച്ചവര്‍ മുക്കാലും പണം നല്‍കുന്ന പാക്കേജിലേക്ക് മാറി. നിലവില്‍ 78 കോടി ഫോണ്‍ ഉപയോക്താക്കള്‍. അതില്‍ 50 കോടി പേര്‍ക്ക് മുന്‍കൂര്‍ ഡിപ്പോസിറ്റ് വാങ്ങി ഫീച്ചര്‍ ഫോണും സിമ്മും കൊടുത്താല്‍ മുകേഷിന് ലോകത്തിലെ ഒന്നാം ധനികന്റെ കിരീടമണിയാനുള്ള വഴി തെളിയുമെന്നാണ് പ്രവചനം. ധീരജ്ലാല്‍ ഹീരാചന്ദ് അംബാനി (ധിരുബായ്) ഇല്ലായ്മയില്‍നിന്ന് അധ്വാനംകൊണ്ട് കെട്ടിപ്പടുത്ത സാമ്രാജ്യത്തെ അമ്പരപ്പിക്കുന്ന കച്ചവടകൌശലംകൊണ്ട് വാനോളമുയര്‍ത്തുകയാണ് മകന്‍ മുകേഷ്. 1977ല്‍  പൊതുജനങ്ങളുടെ വിഹിതത്തോടെ തുടങ്ങിയ റിലയന്‍സ് കമ്പനി 2007ല്‍ 60 ബില്യന്‍ ഡോളര്‍ ആസ്തിയിലാണെത്തിയത്. പിന്നെയും പതിറ്റാണ്ടുചെന്നപ്പോള്‍ ഏഷ്യയില്‍ ഒന്നാമതേക്ക്.
വെറുതെ വളരുന്നതല്ല. മോഡിയാണ് രക്ഷകന്‍. മോഡി രാജ്യാധികാരിയായ നാട്ടില്‍ ഇന്ത്യയുടെ സ്വത്തിന്റെ അധിപനായി മുകേഷ് അംബാനിയുണ്ടാകും. 2014ല്‍ മോഡി ഭരണമേറ്റെടുത്തശേഷം ഏറ്റവും കൂടതല്‍ മാധ്യമസ്ഥാപനങ്ങള്‍ വാങ്ങിയത് അംബാനി കുടുംബമാണ്. റിലയന്‍സ് വിചാരിക്കുന്നത് ജനങ്ങള്‍ അറിയും. റിലയന്‍സ് മോഡിക്കുവേണ്ടി വിചാരിക്കും. അപ്പോള്‍ മോഡി ഇച്ഛിക്കുന്നതുമാത്രം വാര്‍ത്തയാകും. മുകേഷും വന്‍കിട ഷോപ്പിങ് മാളുകളും ചെറുകച്ചവടക്കാരെ തകര്‍ത്തതുപോലെയാണ് മാധ്യമരംഗത്തെ ആധിപത്യത്തിലൂടെ ചെറു പത്രസ്ഥാപനങ്ങളെയും ചാനലുകളെയും അംബാനി കണ്ണുവയ്ക്കുന്നത്.
ഭാര്യ നിത അംബാനിയും ചരിക്കുമ്പോഴും ഇരിക്കുമ്പോഴും കരിമ്പൂച്ചകള്‍ കൂടെയുണ്ട്- സംസാരിക്കുമ്പോള്‍ മോഡി സ്തുതിയും. പുതിയ ജിയോ സേവനങ്ങള്‍ അവതരിപ്പിച്ച് രണ്ടുവട്ടം മോഡിയുടെ പേരാണ് പറഞ്ഞത്. സൌജന്യസേവനങ്ങളില്‍ ഒന്ന് മോഡിയുടെ പ്രസംഗമാണ്. ട്രായിയെ മറികടക്കാനുള്ള ജിയോ വിദ്യകളില്‍ വോഡ ഫോണിനും എയര്‍ടെല്ലിനും ഐഡിയക്കും പരാതിയുണ്ട്- പക്ഷേ മോഡി സര്‍ക്കാര്‍ അത് കേള്‍ക്കുന്നില്ല. കൈയൂക്കുള്ളവനാണ് കാര്യക്കാരന്‍. ജിയോ ചുഴലിക്കാറ്റില്‍ ഇന്ന് ടെലികോം രംഗത്തെ ചെറുമരങ്ങളാണ് പറന്ന് നിലംപൊത്തുന്നതെങ്കില്‍ നാളത്തെ ഊഴം മാധ്യമങ്ങളുടേതാണ്.
മുകേഷ് അംബാനി പുസ്തകമെഴുതുന്നുണ്ട്. തന്റെ വ്യാപാര ചിന്തകളാണത്രെ ഇതിവൃത്തം. അംബാനി സാമ്രാജ്യത്തിന്റെ വ്യാപാരതന്ത്രങ്ങളും നയങ്ങളും അതില്‍ വായിക്കാമെന്നാണ് മറ്റു  കോര്‍പറേറ്റുകളുടെ പ്രതീക്ഷ. അല്ലെങ്കിലും അംബാനി പറയുന്നത് കേള്‍ക്കാനേ അവരില്‍ പലര്‍ക്കും ഇനി വിധിയുള്ളൂ. ഒരു സിനിമ കാണണമെങ്കില്‍ പോലും അംബാനിയെ ആശ്രയിക്കണം. തുടര്‍ച്ചയായി ഇന്ത്യയിലെ വലിയ സമ്പന്നനായി തെരഞ്ഞെടുക്കപ്പെടുന്ന മുകേഷിന് ലോകത്തെ വലിയ സമ്പന്നനായി മാറാന്‍ ഏറെ വര്‍ഷംവേണ്ടെന്ന് പ്രവചിച്ചത് ഫോബ്സ് മാഗസിനാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉദാത്തമായ ചിറകുകളിലേറി രാഷ്ട്രീയ അധികാരത്തിന്റെ പാര്‍ശ്വത്തില്‍ സാമ്പത്തിക അധികാരങ്ങളുടെ കേന്ദ്രബിന്ദുവായി മുകേഷ് ജ്വലിച്ചുനില്‍ക്കും- മോഡി പദവിയിലുള്ള കാലത്തോളം. അംബാനിയെ പിടിക്കാന്‍ അദാനി വളര്‍ന്നുവന്നാലേ ഭീഷണിയുള്ളൂ.

പ്രധാന വാർത്തകൾ
 Top