09 December Monday

മഴയുടെ ചാട്ടവാറടി

പി കെ പാറക്കടവ്Updated: Sunday Aug 6, 2017

പത്തുവര്‍ഷത്തെ പ്രവാസജീവിതം എനിക്ക് ഒരുപാടനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. കാരുണ്യം ഇനിയും വറ്റിത്തീരാത്ത മണലാരണ്യം എന്നോട് ഒരുപാട് സംസാരിച്ചിട്ടുണ്ട്. എന്റെ ആദ്യകൃതിയുടെ പേര് തന്നെ 'ഖോര്‍ ഫുക്കാന്‍കുന്ന്'എന്നാണ്. പ്രവാസജീവിതം നിര്‍ത്തിയതിനുശേഷവും ഒരുപാട് വട്ടം സാഹിത്യസമ്മേളനങ്ങള്‍ക്കൊക്കെയായി ഞാനീ നാടുകളിലൊക്കെ പോയിട്ടുണ്ട്. നാട്ടില്‍നിന്ന് പുറത്തുപോകുമ്പോള്‍ അറിയാതെ നമ്മുടെ മനസ്സിന്റെ വാതിലുകളും നാം തുറന്നിടുന്നു. ചില പലസ്തീനി സുഹൃത്തുക്കളുണ്ടാകുന്നതക്കാലത്താണ്്.
ഖത്തറിലായിരിക്കുമ്പോള്‍ ഞാന്‍ ബ്രീട്ടിഷ് ലൈബ്രറിയില്‍ അംഗത്വമെടുത്തിരുന്നു. പലസ്തീനി കവികളുമായി ഏറെ അടുക്കുന്നതങ്ങനെയാണ്. മഹമൂദ് ദര്‍വീശിനെയും ബദര്‍ ശാക്തിര്‍ അല്‍ സയ്യാബിയെയും ഷൌഖി അബി ഷഖ്റയെയും അഡോണിസിനെയും തൌഫീഖ് സിയാഗിനെയും ഫായിസ് സിയാഗിനെയും നിസാര്‍ ഖബ്ബാനിയെയും നെഞ്ചേറ്റുന്നതങ്ങനെയാണ്. അറബില്‍നിന്ന് ഇംഗ്ളീഷിലേക്ക് മൊഴി മാറ്റിയ പുസ്തകങ്ങളിലൂടെയാണ് ഈ കവികള്‍ എന്നോടൊപ്പം വന്നത്. പിന്നീട് അഡോണിസിന്റെ തെരഞ്ഞെടുത്ത കവിതകളടക്കം സ്വന്തമാക്കാനെനിക്കായി. ഈ പുസ്തകത്തിന്റെ കവറും അഡോണിസ് തന്നെ രൂപകല്‍പ്പന ചെയ്തതാണ്.
1941ല്‍ പലസ്തീനില്‍ ജനിക്കുകയും 1948ല്‍ ജോര്‍ദാനിലേക്ക് താമസം മാറ്റുകയും പിന്നീട് ബൈറൂത്തിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് സാമൂഹ്യശാസ്ത്രത്തില്‍ ബിരുദം നേടുകയുംചെയ്ത ഫായിസ് സുയാഗിന്റെ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റാന്‍ തെരഞ്ഞെടുത്തപ്പോഴാണ് മഴയുടെ മറ്റൊരു മുഖം ഞാന്‍ കാണുന്നത്.
'മഴയുടെ ചാട്ടവാറടി' എന്നൊരു പ്രയോഗം കവിതയിലൂടെ ലഭിച്ചപ്പോള്‍ പൊട്ടിത്തെറിക്കുന്ന നഗരത്തിലും ചോരയുടെ പാതകളിലും ജീവിച്ച ഒരു ജനതയെ ഞാന്‍ കണ്ടു. അവര്‍ക്ക് മഴ നമ്മെപ്പോലെ മനോഹരമായ കര്‍ക്കടകക്കുളിരല്ല. മഴപോലും ചാട്ടവാറടിയായേ പീഡിതരായ ഒരു ജനതയ്ക്ക് അനുഭവപ്പെടൂ.
ബഹ്റൈനിലും യുഎഇയിലും ഖത്തറിലുമൊക്കെ എനിക്ക് പലസ്തീനി സുഹൃത്തുക്കളുണ്ടായിരുന്നു. തിരിച്ചുപോകാന്‍ ഒരു നാടില്ലാതെ, ഉന്നതവിദ്യാഭ്യാസം നേടിയ, കവിതയിലും ചിത്രകലയിലും നേട്ടങ്ങള്‍കൊയ്ത പലസ്തീനികള്‍ എന്നും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
പലസ്തീന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഒരു നോവല്‍ എഴുതണമെന്ന ചിന്ത വര്‍ഷങ്ങളായി എന്റെ മനസ്സിലുണ്ടായിരുന്നു. ഡോ. താരീഖ് സുവൈദാന്റെ പലസ്തീന്‍ സമ്പൂര്‍ണചരിത്ര മടക്കം ഒരുപാട്് പുസ്തകങ്ങള്‍ ഇതിനുവേണ്ടി വായിച്ചു. ഗാസയില്‍ ഇസ്രയേല്‍ തീബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ അരമനയിലെ രാജാക്കന്മാരുടെ നിശ്ശബ്ദത എന്റെ ഉറക്കം കവര്‍ന്നു. പലസ്തീന്റെ പശ്ചാത്തലത്തില്‍ പോരാട്ടവും പ്രണയവുമെല്ലാമുള്ള 'ഇടിമിന്നലുകളുടെ പ്രണയം' അങ്ങനെയാണെഴുതുന്നത്.
നോവല്‍ പൂര്‍ത്തിയായപ്പോള്‍ ആദ്യം വായിക്കാന്‍ അയച്ചുകൊടുത്തത് പ്രശസ്ത കവി സച്ചിദാനന്ദനായിരുന്നു. 'കവിതയും സ്നേഹവും പലസ്തീനിയന്‍ പോരാളികളോടുള്ള ഐക്യദാര്‍ഢ്യവും അസ്വസ്ഥപ്രദേശങ്ങളിലെ മനുഷ്യജീവിതത്തെക്കുറിച്ചുള്ള കാഴ്ചയും വിസ്മയകരമായ കൈയൊതുക്കവുംകൊണ്ട് അത്ഭുതപ്പെടുത്തുന്ന ഈ ലഘുനോവല്‍ രാഷ്ട്രീയവിഷയങ്ങള്‍ എങ്ങനെ കലാപരമായി കൈകാര്യംചെയ്യാമെന്നതിന് മികച്ച ഉദാഹരണമാണ്' -സച്ചിദാനന്ദന്‍ നോവല്‍ വായിച്ച് എനിക്ക് ഇങ്ങനെ ഇ-മെയില്‍ ചെയ്തപ്പോള്‍ ഏറെ ആഹ്ളാദം തോന്നി.
അറഫാത്തും സലാഹുദ്ദീന്‍ അയ്യൂബിയും മാത്രമല്ല ഗാന്ധിജിയും നോവലില്‍ വരുന്നുണ്ട്. ഇടിമിന്നലുകളുടെ പ്രണയത്തില്‍ പ്രധാന കഥാപാത്രങ്ങളായ ഫര്‍നാസും അലാമിയയും സ്വര്‍ഗത്തില്‍ ഗാന്ധിജിയെ കണ്ടുമുട്ടുന്നുണ്ട്.

പ്രധാന വാർത്തകൾ
 Top