14 June Monday

സ്റ്റാർട്ട്‌ അപ്‌ ആക്‌ഷൻ

സുനീഷ്‌ ജോ suneeshmazha@gmail.comUpdated: Sunday Jun 6, 2021

ആദിത്യ സോളാർ ഫെറിയുടെ വിജയം കേരള ജലഗതാഗത വകുപ്പിന്റെകൂടി വിജയമാണ്‌. മലിനീകരണ രഹിതമായി സർവീസ്‌ നടത്താൻ ബോട്ടുകൾ സൗരോർജത്തിലേക്കോവൈദ്യുതിയിലേക്കോ മാറ്റാൻ സംസ്ഥാന സർക്കാരും തയ്യാറായി കഴിഞ്ഞു. കായൽ സംരക്ഷണം മാത്രമല്ല പരിസ്ഥിതി സംരക്ഷണ  സന്ദേശത്തിന്റെ പതാകവാഹകരാകാൻ സർക്കാർ സംവിധാനം മുന്നിട്ടിറങ്ങുന്നതിന്റെ  സവിശേഷതയും ഇതിലുണ്ട്‌. ആദിത്യവിജയത്തിന്റെ കഥ പറയുന്നു നവാൾട്ട്‌ സ്‌റ്റാർട്ടപ്‌ സിഇഒ സന്ദിത്‌ തണ്ടാശേരി 

സന്ദിത് തണ്ടാശേരി

സന്ദിത് തണ്ടാശേരി

ആദിത്യയുടെ  നാലുവർഷം ഇങ്ങനെ: മൊത്തം സർവീസ്‌: 80000 കി.മീ., യാത്രക്കാർ: 13.5 ലക്ഷം, ലാഭിച്ചത്‌: 1.3 ലക്ഷം ലിറ്റർ ഡീസൽ. ഡീസൽ ലാഭിച്ചതിലൂടെ മാത്രം ലാഭം: 88 ലക്ഷം രൂപ, ഒഴിവാക്കിയ മലിനീകരണം:  330 ടൺ കാർബൺഡൈ ഓക്‌സൈഡ്‌, 4.6 ടൺ നൈട്രജൻ ഓക്‌സൈഡ്‌, 1 ടൺ സൾഫർ ഓക്‌സൈഡ്‌, 124 കിലോയോളം പൊടിപടലങ്ങൾ

സംസ്ഥാനത്തെ ആറു ജില്ലയിലായി അറുന്നൂറോളം സർവീസുകൾ. ഒന്നരക്കോടിയിലേറെ ആളുകൾ വർഷം ഈ ബോട്ടുകളിൽ സഞ്ചരിക്കുന്നു. 55 ബോട്ടാണ് കേരള ജല ഗതാഗത വകുപ്പിനുളളത്. ഇതിലൊന്ന് സോളാർ ഫെറി. കോട്ടയം ജില്ലയിലെ വൈക്കത്തുനിന്ന്‌ ആലപ്പുഴയിലെ- --തവണക്കടവിലേക്ക്‌  സർവീസ് നടത്തുന്നു. ദിവസം 22 സർവീസ്‌. മുമ്പ് ഏകദേശം 35000 ലിറ്റർ ഡീസൽ വർഷത്തിൽ ഈ സർവീസിന്‌ വേണമായിരുന്നു. ഇന്നത്തെ ഡീസൽ വില കണക്കാക്കിയാൽ പ്രതിദിനം ഏകദേശം എണ്ണായിരം രൂപ. സോളാറിലേക്ക് മാറിയപ്പോൾ പ്രതിദിനചെലവ്‌ 150 രൂപയിലൊതുങ്ങി. കനത്ത മഴക്കാലത്ത് 230 രൂപവരെ. മൂന്നു വർഷംകൊണ്ട് മുടക്കുമുതൽ തിരിച്ചുകിട്ടിയതായി ഔദ്യോഗിക പ്രഖ്യാപനം. നാലര വർഷമായി അറ്റകുറ്റപ്പണികളില്ലാതെ സൂപ്പറായി ‘ആദിത്യ’ സർവീസ് നടത്തുന്നു. ജലഗതാഗത വകുപ്പിന്റെ അഭിമാനമാണ് അന്നും ഇന്നും ഈ സർവീസ്. 2017 ജനുവരി 12ന് വൈക്കത്തുനിന്ന് ‘ആദിത്യ’ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യുമ്പോൾ രാജ്യത്തെ ആദ്യത്തെ സോളാർ ഫെറി എന്ന പെരുമ. കേരളത്തിലെ നവാൾട്ട്‌  സ്റ്റാർട്ടപ് കമ്പനിയുടെ ആദ്യ സംരംഭം.  അതിന്റെ സിഇഒ ആണ്‌ സന്ദിത്‌ തണ്ടാശേരി. അറിയാം ആ കഥകൂടി.

കപ്പൽക്കഥകളിൽനിന്ന് തുടക്കം

12–-ാം ക്ലാസുവരെ വിഎസ്എസ്‌സി സെൻട്രൽ സ്‌കൂളിലായിരുന്നു സന്ദിത് തണ്ടാശേരിയുടെ പഠനം. ഐഎസ്ആർഒയിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്ന ടി കെ അറുമുഖന്റെയും ഉമാദേവിയുടെയും മകൻ. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി. കപ്പലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ബന്ധുവിൽനിന്നാണ് കപ്പലുകളെക്കുറിച്ച് ആദ്യം കേൾക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണത്. കപ്പലുകളെക്കുറിച്ചറിയാനുള്ള കൗതുകം അങ്ങനെയായിരിക്കണം മുളപൊട്ടിയത്‌. കുടുംബത്തിൽ മറ്റാർക്കും കപ്പലുകളുമായൊന്നും ബന്ധമുണ്ടായിരുന്നില്ല. മദ്രാസ് ഐഐടിയിൽ പ്രവേശനം കിട്ടിയപ്പോൾ നേവൽ ആർക്കിടെക്ചറിന് ചേർന്നു. പഠനം പൂർത്തിയാക്കിയശേഷം രണ്ടു വർഷം ഗുജറാത്തിലെ ഷിപ്പ് യാർഡിൽ ജോലി.  ചെറിയ യാനങ്ങളുടെ പണിശാലയാണത്‌. പിന്നീട് അഞ്ചു വർഷം ലോകത്തിലെ  ഏറ്റവും വലിയ കപ്പൽ നിർമാണ രാജ്യമായ ദക്ഷിണ കൊറിയയിൽ.  അമേരിക്കൻ കമ്പനിക്ക് വേണ്ടി വലിയ കപ്പൽ നിർമിക്കുന്നതിന്റെ ഭാഗമായി ജപ്പാനിലുമുണ്ടായിരുന്നു. ഇക്കാലത്ത്‌ വലിയ യാർഡുകളിൽ പോകാനും വലിയ വലിയ കപ്പലുകൾ നിർമിക്കുന്നതിന്റെ ഭാഗമാകാനും കഴിഞ്ഞു. ഏഴുവർഷത്തിനുശേഷം ഫ്രാൻസിലെ പ്രശസ്‌തമായ ഇൻസീഡിൽനിന്ന്‌ എംബിഎ പൂർത്തിയാക്കി 2007ൽ തിരികെ കേരളത്തിൽ.  

2008 ജനുവരി കൊച്ചി

അതൊരു തുടക്കമായിരുന്നു. നവ്ഗതി ഗ്രൂപ്പ്‌ 2008ൽ ജനുവരിയിൽ കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. ഘട്ടം ഘട്ടമായി 25 ഓളം ജീവനക്കാർ. നിലവിൽ നൂറോളം പേർ. ഡിസൈൻ ആൻഡ്‌ കൺസൾട്ടൻസിയായിരുന്നു ആദ്യം. ബോട്ടിന്റെ രൂപകൽപനയിലൂടെ എങ്ങനെ ഇന്ധനം ലാഭിക്കാമെന്നും കാര്യക്ഷമത കൂട്ടാമെന്നുമായിരുന്നു അന്വേഷണം. പിന്നീടാണ് സോളാർ ബോട്ട് എന്ന ആലോചനയിലേക്ക് കടന്നത്. 2013ൽ നവാൾട്ട്‌ എന്ന സ്റ്റാർട്ട്‌ അപ്‌ തുടങ്ങി. തുടർന്ന്‌ ആലപ്പുഴയിൽ ബോട്ട് നിർമാണ വിഭാഗം തുറന്നു.

2017 ജനുവരി 12 വൈക്കം

2017 ജനുവരി 12ന് വൈക്കത്തുനിന്ന് ‘ആദിത്യ’യുടെ സർവീസ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തപ്പോൾ

2017 ജനുവരി 12ന് വൈക്കത്തുനിന്ന് ‘ആദിത്യ’യുടെ സർവീസ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തപ്പോൾ

അന്നുവരെ  പലരും അപ്രാപ്യമെന്ന് കരുതിയ ദൗത്യം യാഥാർഥ്യമാക്കി. രാജ്യത്തെ ആദ്യത്തെ സോളാർ ഫെറി എന്ന അംഗീകാരം. 2016-ൽ നിർമാണം തുടങ്ങി ഒരു വർഷത്തിനകം പൂർത്തീകരിച്ചു. ഇതുസംബന്ധിച്ച നിയമങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് അനുമതി കിട്ടാനും വൈകി. ടെസ്റ്റിങ്ങിനും സമയമെടുത്തു. ഒരു വർഷത്തിൽ കുറഞ്ഞ സമയം മാത്രമേ ഇത്തരത്തിൽ ഒരു ബോട്ട് നിർമിക്കാൻ വേണ്ടൂ. പക്ഷേ, ഞങ്ങളുടെ വെല്ലുവിളികൾ പലതായിരുന്നു. പലതും എങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു. സംസ്ഥാന സർക്കാരിൽനിന്ന് ഓർഡർ കിട്ടിയത് മാത്രമായിരുന്നു ഞങ്ങളുടെ ആത്മവിശ്വാസം. കൊറിയയിൽ ജോലി ചെയ്‌തുണ്ടാക്കിയ സമ്പാദ്യം മുഴുവൻ ഫ്രാൻസിലെ എംബിഎ പഠനത്തിന് ചെലവായിരുന്നു. കാര്യമായി മൂലധനമില്ലാതെയാണ്‌ 2008ൽ കൺസൾട്ടൻസി തുടങ്ങുന്നത്. അഞ്ചുവർഷമെടുത്തു നിർമാണവിഭാഗം തുടങ്ങാൻ. 1.8 കോടി രൂപയ്‌ക്കാണ് ജലഗതാഗത വകുപ്പ്  ബോട്ടിന്‌ ഓർഡർ നൽകിയത്. സുഹൃത്തുക്കൾ, സഹപാഠികൾ എന്നിവരിൽനിന്നായി പണം വാങ്ങിയാണ് തുടക്കത്തിൽ മൂലധനമുണ്ടാക്കിയത്. വൈക്കം–- -തവണക്കടവ് റൂട്ടിലാണ് ആദിത്യ സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത് എന്നാണ് പറഞ്ഞിരുന്നത്. അതിനായി ഇവിടങ്ങളിലെ ജെട്ടികളെക്കുറിച്ചും കായലിന്റെ സ്വഭാവത്തെക്കുറിച്ചും പഠിക്കണമായിരുന്നു. മൂന്ന് നിബന്ധനയുമുണ്ടായിരുന്നു. ഫൈബർ ബോട്ടായിരിക്കണം. മറ്റൊന്ന് രണ്ട്‌ ഹൾ ഉള്ള കറ്റാമറെൻ ബോട്ടായിരിക്കണം. മൂന്നാമത്തേത് ഐആർഎസ് ക്ലാസിലായിരിക്കണം. തേക്കടി ബോട്ട് ദുരന്തത്തെ തുടർന്ന്‌ സുരക്ഷാച്ചട്ടം കർക്കശമാക്കിയിരുന്നു. 75 പേർക്ക് യാത്ര ചെയ്യാവുന്ന  ബോട്ട്‌ നിർമിക്കാനുള്ള ഗവേഷണത്തിനുള്ള ഫണ്ട് ഞങ്ങൾ  കണ്ടെത്തണമായിരുന്നു. ബോട്ട് പൂർത്തിയായപ്പോൾ ഏകദേശം രണ്ടരക്കോടിയായി ചെലവ്. ഇതൊരു നഷ്ടമായി ഞങ്ങൾ കാണുന്നില്ല. ഭാവിയിൽ ഞങ്ങൾക്കിത് പരിഹരിക്കാൻ കഴിയും. ആദിത്യ നാലര വർഷമായി ഒരു കുഴപ്പവുമില്ലാതെ സർവീസ് നടത്തുന്നത് കാണുമ്പോൾ അഭിമാനം. ഒരു കോടി രൂപയിൽ താഴെ മാത്രമാണ് ഒരു ഡീസൽ ബോട്ടിന് ചെലവ്. ആറു മാസം കഴിയുമ്പോൾമുതൽ  അറ്റകുറ്റപ്പണികൾ ആരംഭിച്ചു തുടങ്ങും. ആദിത്യ സർവീസ് തുടങ്ങി മൂന്നു വർഷം കഴിഞ്ഞ് 2020ൽ വകുപ്പ് മന്ത്രിയും ഡയറക്ടറും ചേർന്ന് മുടക്കുമുതൽ തിരിച്ചുകിട്ടിയതായി പ്രഖ്യാപിച്ചിരുന്നു.  ട്രിപ്പിന് 5 യൂണിറ്റ് കറന്റായിരുന്നു പറഞ്ഞിരുന്നത്. ആദിത്യക്ക്‌ 3.5 യൂണിറ്റ് മതി. മണിക്കൂറിൽ 11.5-–-12.5 വേഗം പറഞ്ഞിടത്ത് 13.5 കീ.മീറ്റർ വേഗം കൊണ്ടുവരാനായി . ജലഗതാഗത വകുപ്പ് ആറ് ബോട്ടിനു കൂടി ഓർഡർ നൽകിയിട്ടുണ്ട്. 100 പേർക്ക് ഇരിക്കാവുന്ന എ സി ഡബിൾ ഡക്കർ ബോട്ട് ആഗസ്‌തിൽ നിർമാണം പൂർത്തീകരിക്കും. മറ്റ്‌ അഞ്ചെണ്ണവും ഈ വർഷം കൈമാറും. ഇതും യാത്രാ ബോട്ടുകളാണ്. നാവികസേനയ്‌ക്കായി ഒരു ബോട്ടും നിർമിക്കുന്നുണ്ട്.എല്ലാം  സൗരോർജ യാനങ്ങൾ. ആദിത്യയിൽനിന്നാണ് ഇതെല്ലാം സാധ്യമായത്.

നാടിറങ്ങിയ സ്വപ്‌നങ്ങൾ

ഐഐടി സഹപാഠികൾ കൂടുതലും യൂറോപ്പിലാണ് ജോലി ചെയ്യുന്നത്. ഇത്തരമൊരു തെരഞ്ഞെടുപ്പിന് ചിലരെ പ്രേരിപ്പിക്കുന്നത് കാശായിരിക്കും. സൗകര്യങ്ങൾ, മികച്ച തൊഴിൽ സ്ഥാപനങ്ങൾ എന്നിവയൊക്കെയായിരിക്കും മറ്റൊരുകൂട്ടർക്ക്. നാട്ടിൽ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ്  സ്റ്റാർട്ടപ് തുടങ്ങിയത്. വിചാരിക്കുന്ന അത്ര എളുപ്പത്തിൽ കാര്യങ്ങൾ നടന്നില്ലെന്ന് വരാം. കേരളത്തിൽ നിർമാണം നടത്തുമ്പോൾ  വെല്ലുവിളികളേറെ. എല്ലാത്തിനും പ്ലസും മൈനസുമുണ്ടല്ലോ. ഇവിടെ തുടരാനാണ് ആഗ്രഹം. മറുനാട്ടിൽപോയി ചെയ്യുന്നതിനേക്കാൾ നല്ലത് ഇവിടെയാണ്‌. പുതിയ പുതിയ ആളുകൾ ഈ മേഖലയിൽ വരുന്നുണ്ട്. മത്സരം വേണം. അതില്ലെങ്കിൽ ആ ഫീൽഡ് ഒന്നിനും കൊള്ളില്ലെന്ന തോന്നലുണ്ടാകും. ഇവിടെ മാർക്കറ്റ് റെഡിയാണ്. കൊച്ചിൻ ഷിപ്പ് യാർഡ് ഇലക്ട്രിക് ബോട്ട് ചെയ്‌തുതുടങ്ങി. വലിയ കമ്പനികൾ രംഗത്തു വന്നുകഴിഞ്ഞു. പുതുമകളുമായി അവരുടെ മുന്നിൽ നിൽക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇംപ്രൂവ്മെന്റ്, ഡെവലപ്‌മെന്റ്, റിസർച്ച് ഇവയെല്ലാം തുടർപ്രക്രിയയാണ്. പുതിയ ആപ്ലിക്കേഷൻ ചെയ്യണം. എന്നാലേ നമ്പർ വൺ ആകാൻ പറ്റൂ. 2020 വരെ വേറെ ആരും സോളാർ ഫെറി ഇന്ത്യയിൽ ചെയ്‌തിട്ടില്ല. 2017, 18, 19, 20 നാല് വർഷം ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. 2021ൽ മൂന്ന് നാലെണ്ണം വരും. കൊച്ചിൻ ഷിപ്പ് യാർഡിന്റെ അടക്കം. ഈ വർഷം ഞങ്ങൾ മികച്ച ആറെണ്ണം കൊണ്ടുവരും. അങ്ങനെ നമ്മൾ നമ്പർ വൺ ആയി നിൽക്കും. ചെറുപ്പത്തിൽ തന്നെ പുസ്‌തകവായനയുണ്ടായിരുന്നു. നോവലുകളും കഥകളുമായിരുന്നു ആദ്യകാലത്തെ കമ്പമെങ്കിലും ഇപ്പോൾ വായന ചരിത്രപുസ്‌തകങ്ങളും ശാസ്‌ത്രഗ്രന്ഥങ്ങളുമാണ്‌. പ്രൊഫഷനുമായി നേരിട്ട്‌ ബന്ധമില്ലാത്ത പുസ്‌തകങ്ങളും പുതിയ ആശയങ്ങളിലേക്ക്‌ നയിച്ചിട്ടുണ്ട്‌. 

സ്‌മാർട്ടാണ് സ്റ്റാർട്ടപ് മിഷൻ

ഒരു സംശയവുമില്ല. കേരള സ്റ്റാർട്ടപ് മിഷൻ വലിയ സപ്പോർട്ടാണ് ഈ മേഖലയിൽ നൽകുന്നത്. മറ്റു പല സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ് ഓർഗനൈസേഷനുമായി സംസാരിച്ചിട്ടുണ്ട്. അതുവച്ച് നോക്കുമ്പോൾ ഏറ്റവും സൗഹാർദം കേരളത്തിലെ സ്റ്റാർട്ടപ് മിഷനാണ്. 2016-ൽ സജി ഗോപിനാഥ് ചുമതല ഏറ്റെടുത്ത ശേഷമാണ് ഈ മാറ്റമുണ്ടായത്. കേരളത്തിൽ ഇന്ന് 2500–3000 സ്റ്റാർട്ടപ്പുകളുണ്ടെന്നാണ് കണക്ക്. കാശ് കൊടുക്കുക മാത്രമല്ല സഹായം. അത് കുറഞ്ഞാലും മറ്റ് കാര്യങ്ങളിൽ സ്ട്രോങ് സപ്പോർട്ട് ഉണ്ടായാൽ മുന്നേറ്റമുണ്ടാക്കാനാകും.  സ്റ്റാർട്ടപ്പിനെ സംബന്ധിച്ച് ഏറ്റവും പ്രധാനം ക്ലയന്റാണ്. ബാക്കി എല്ലാം പിന്നെ. -ഇവിടെ ക്ലയന്റായി കേരള സർക്കാർ തന്നെ ഉണ്ടല്ലോ. 

ഭാവി പദ്ധതി

പുതിയ കാലത്ത്‌ റോഡിൽ സംഭവിക്കുന്ന ‘ഇലക്‌ട്രിക്‌ വിപ്ലവം’ വെള്ളത്തിൽ കൊണ്ടുവരികയാണ്‌ ലക്ഷ്യം. ഹൈഡ്രജൻ എനർജി  ഉപയോഗിക്കാൻ കഴിഞ്ഞാൽ അത്‌ വലിയനേട്ടമായിരിക്കും.  വൈദ്യുതിയെക്കാളും സൗരോർജത്തെക്കാളും സാമ്പത്തിക ലാഭം. ‌ഉറങ്ങാതിരിക്കുന്ന സമയങ്ങളിലെല്ലാം ഞങ്ങൾ സ്റ്റാർട്ടപ്പുകാർ പണിയിലാണ്‌. ഒന്നാമതാകുകയല്ല അത്‌ നിലനിർത്തുക, അതുതന്നെയാണ്‌ വെല്ലുവിളി. കപ്പ്‌ നേടി ഇനി ഓട്ടം നിർത്താമെന്ന്‌ വച്ചാൽ പിന്നിലാകുകയേ ഉള്ളൂ–സന്ദിത്‌ പറഞ്ഞു. അദ്ദേഹത്തിന്റെ വാട്സാപ്‌ നമ്പറിൽ സംരംഭകത്വം = രാഷ്ട്രനിർമാണം എന്നൊരു സ്റ്റാറ്റസ്‌ കാണാം. അസാധ്യമായത്‌ സ്വപ്‌നം കാണുകയും അത് കൈപ്പിടിയിലാക്കുകയുമാണ് തണ്ടാശേരിയുടെ ത്രിൽ.

പരിസ്ഥിതി സൗഹൃദമാക്കും

ജലഗതാഗത വകുപ്പിനെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതുതായി കുട്ടനാട്ടിൽ ടൂറിസ്റ്റുകൾക്കായി സോളാർ ക്രൂയിസർ അടുത്തു തന്നെ പുറത്തിറക്കും. എസി ബോട്ടിൽ നൂറുപേർക്ക് യാത്രാ ചെയ്യാനാകും.  കൂടുതൽ സൗരോർജ, വൈദ്യുതി  യാത്രാബോട്ടുകൾ ഈ വർഷം പുറത്തിറക്കാനും നടപടിയെടുക്കും. ഡീസൽ ബോട്ടുകൾ ഘട്ടംഘട്ടമായി  ഒഴിവാക്കും.

 

 

 

 

 

വരുന്നു ജലബസ്‌

യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ജലബസ് കേരളത്തിലും വരുന്നു. ജലഗതാഗത വകുപ്പാണ് കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ജലബസ്  ഓടിക്കുക. വൈക്കം–തവണക്കടവ്, മുഹമ്മ–-കുമരകം, പെരുമ്പളം ദ്വീപ്‌ എന്നീ മൂന്നു സ്ഥലങ്ങളാണ് ആദ്യഘട്ടത്തിൽ വകുപ്പ് പരിഗണിക്കുന്നത്. ബസ്‌ സ്‌റ്റാൻഡിൽനിന്ന്‌ യാത്രക്കാരെ എടുത്ത്‌ കായൽ കടന്ന്‌‌ അക്കരെയുള്ള ബസ്‌ സ്‌റ്റാൻഡുവരെയായിരിക്കും സർവീസ്‌. ഇതുവഴി യാത്രക്കാർക്ക്‌ സമയലാഭവും സാമ്പത്തിക ലാഭവുമുണ്ടാകും. സോളാർ–-ഇലക്‌ട്രിക്‌ ആയതിനാൽ വകുപ്പിനും സർവീസ്‌ ഓപ്പറേറ്റ്‌ ചെയ്യാൻ ചെലവ്‌ കുറയും. തദ്ദേശീയമായി ജലബസ്‌ നിർമിക്കുകയാണ്‌ ലക്ഷ്യം. കുസാറ്റിന്റെ സാങ്കേതിക സഹായവുമുണ്ടാകും. സാങ്കേതികവൽക്കരണവും ആധുനികവൽക്കരണവും നടപ്പാക്കുന്നതിലൂടെ വകുപ്പിനെ ലാഭകരമാക്കാനും ജനോപകാരപ്രദമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. ആദിത്യ ഫെറിയുടെ വിജയമറിഞ്ഞ്‌ നാൽപ്പതോളം രാജ്യങ്ങളിലെ സ്ഥാനപതിമാരാണ്‌ വൈക്കത്തെത്തി ജലയാത്ര നടത്തിയത്‌.  കൊച്ചിയിൽനിന്നുള്ള ബോട്ടുകൾ സിഎൻജിയിലേക്ക്‌ മാറ്റാനുള്ള നടപടിയും അന്തിമ ഘട്ടത്തിലാണ്‌. മലിനീകരണ രഹിതം‌ ജലഗതാഗത വകുപ്പിന്‌ ഇനി വെറും വാക്കല്ല!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top