16 February Saturday

പണ്ഡിതനാണെന്ന് തോന്നുന്നു

സൂക്ഷ്‌മൻUpdated: Sunday May 6, 2018

 കിണറ്റിലെ തവളകൾ  ശ്രുതി, താള, ഭാവനിബദ്ധമായ സംഗീതം കേൾക്കുന്നില്ല. കഥ പ്രപഞ്ചനംചെയ്യുന്ന  കഥക് നൃത്തം ആസ്വദിക്കുന്നുമില്ല.  രണ്ടോ മൂന്നോ മീറ്റർ  വ്യാസത്തിൽ കെട്ടിക്കിടക്കുന്ന വെള്ളവും അതിലെ ചെറുജീവികളും ഇടയ്‌ക്കു താഴ്‌ന്നുവരുന്ന കയറും തൊട്ടിയും അവയുടെ ലോകം. സംഘം അത്തരമൊരു കിണറാണ്. വിദ്വേഷവും വികാരവും വിവരക്കേടും കെട്ടിക്കിടക്കുന്ന വിചിത്രലോകത്തുള്ളവർക്ക‌് സാധാരണ മനുഷ്യരുടെ വിവേകമുണ്ടാകില്ല. ത്രിപുരയിൽ ആഞ്ഞുപിടിച്ചു ഭരണം  ഉണ്ടാക്കിയപ്പോൾ ബിജെപി കണ്ടെത്തിയത് പതിനഞ്ചുവർഷം പ്രചാരകനായ ബിപ്ലവ് കുമാർ ദേബിനെ. ബംഗ്ളാദേശിൽനിന്ന് വിഭജനകാലത്ത‌് ഗോമതി ജില്ലയിലെത്തിയെ  കുടുംബത്തിലെ  പുത്രൻ സംഘത്തിലേക്ക് ചെറുപ്പത്തിൽ കുടിയേറി. ത്രിപുര പിടിക്കാൻ കോൺഗ്രസിനെ വിലയ‌്ക്കെടുത്തതും വിദ്വേഷ പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും മോഡിയുടെ ഈ പിന്മുറക്കാരൻ. സംഘത്തിനുള്ളിൽ പറയുന്ന കഥകളേ കേട്ടിട്ടുള്ളൂ. ഡോക്ടർജി എന്ന ഹെഡ്ഗെവാറും  ഗുരുജിയെന്ന ഗോൾവാൾക്കറും ദൈവതുല്യരാണെന്നു വിശ്വാസം. മോഹൻ ഭാഗവതും മോഡിയും കൺകണ്ട ദൈവങ്ങൾ. അതിനപ്പുറം അന്വേഷണവും ബുദ്ധിയും അനാവശ്യം സംഘപുത്രർക്ക്.

വിപ്ലവം പേരിലുള്ള ബിപ്ലവ ദേബിന് വിവരം തലയിലില്ല എന്ന് കരുതരുത്. ഉള്ള വിവരം ശാഖയിൽനിന്നും നാഗ്‌പുരിൽനിന്ന്‌ ആർജിച്ചതാണ് എന്ന കുഴപ്പമേയുള്ളൂ. ആ ബുദ്ധിക്കു കണ്ടെത്താവുന്നതിന്റെ പരമാവധി അദ്ദേഹം കുറഞ്ഞ നാൾകൊണ്ട് അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സൗന്ദര്യം എന്താണെന്ന് ചോദിക്കൂ ലോകസുന്ദരി ഡയാനയ്ക്ക് ഇല്ലാത്തതാണ് അത് എന്ന് മറുപടി കിട്ടും. സൗന്ദര്യം ഐശ്വര്യറായിക്കാണ‌്. അതാണ് ഇന്ത്യന്‍ സൗന്ദര്യം എന്നാണ‌് മുഖ്യമന്ത്രിയുടെ നിലപാട്. ഇത് പറയുന്നതിന് കൃത്യം പത്തുദിവസം മുമ്പ‌് ദേബ് വിസ്മയകരമായ ചരിത്രാന്വേഷണത്തിന്റെ ഫലം പ്രഖ്യാപിച്ചിരുന്നു. പ്രാചീന ഇന്ത്യയില്‍ ഇന്റര്‍നെറ്റുണ്ടായിരുന്നു എന്ന്.  മഹാഭാരതകാലത്ത് ഇന്റര്‍നെറ്റും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നു. മാർക്കോണിയും റൈറ്റ് സഹോദരരും  ജോൺ ലോഗി ബേർഡും വെറും കോപ്പിയടിക്കാർ. യൂറോപ്യരും അമേരിക്കക്കാരും ടെലിവിഷന്‍ അവരുടെ കണ്ടെത്തലാണെന്ന് അവകാശപ്പെടും. അതിൽ ഒരു കാര്യവുമില്ല. ടിവിയും ഇന്റർനെറ്റും ടെലിഫോണുമെല്ലാം  ഇന്ത്യയുടെ സാങ്കേതികവിദ്യയാണ്‌.  മഹാഭാരതയുദ്ധസമയത്ത‌്  കൊട്ടാരത്തില്‍ ഇരുന്ന അന്ധനായ ധൃതരാഷ്ട്രരെ  സഞ്ജയന്‍ യുദ്ധവിവരങ്ങള്‍ അറിയിച്ചത് ഇന്റര്‍നെറ്റ് വഴിയാണ്. ഗണപതിക്ക്‌ നടത്തിയ പ്ലാസ്റ്റിക് സർജറിയുടെ കഥ പറയുന്ന മുതിർന്ന സംഘികൾക്ക് ശിഷ്യപ്പെടാനുള്ള യോഗ്യത ഇന്റർനെറ്റ് കണ്ടുപിടിത്തത്തിലൂടെ ദേബ് അരക്കിട്ടുറപ്പിച്ചു. 
അമേരിക്കയിൽ   ഇന്റര്‍നെറ്റ് എത്തുന്നതിനേക്കാള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയില്‍ അതെത്തി. കുരുക്ഷേത്രയുദ്ധകാലത്ത്  സാറ്റലൈറ്റും ഇന്റര്‍നെറ്റും ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഉണ്ടായിരുന്നു. അങ്ങനെയൊരു രാജ്യത്തു ജീവിക്കാനായതിലാണ് ദേബിന‌് അഭിമാനം. 
പൗരാണിക കണ്ടുപിടിത്തങ്ങളിൽ മാത്രമല്ല ദേബിന്റെ പാണ്ഡിത്യം. ആധുനിക കാലത്ത‌് ആര് എന്ത് ചെയ്യണമെന്നും കൃത്യമായി പറയും. വിദ്യാസമ്പന്നര്‍  എന്തിന‌്  തൊഴിലിനായി ഓടി നടക്കുന്നു?  പോയി പശുവിനെ പോറ്റിക്കോളൂ അല്ലെങ്കില്‍ മുറുക്കാൻ കട തുടങ്ങൂ  എന്നാണ്   ഉപദേശം. അതും പറ്റുന്നില്ലെങ്കിൽ കറവപ്പണി. 
സിവിൽ സർവീസ് പരീക്ഷയ്ക്ക് സിവിൽ എൻജിനിയർമാരാണ് അപേക്ഷിക്കേണ്ടതെന്നും അല്ലാതെ മെക്കാനിക്കൽ എൻജിനിയർമാരല്ല. അങ്ങനെ പറയാനുള്ള കാരണവും ദേബിന്റെ കൈയിലുണ്ട്.  'ഭരണനിർവഹണമെന്നാൽ സമൂഹത്തിന്റെ നിർമാണമെന്ന് കെട്ടിടങ്ങൾ പണിത് പരിജ്ഞാനമുള്ള സിവിൽ എൻജിനിയർമാർക്ക‌്  അത് എളുപ്പവുമായിരിക്കും.' 
ഇത്രയൊക്കെ പണ്ഡിതോചിത വചനങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പുറത്തുവിട്ട ഒരു നേതാവിനെയും ബിജെപിക്ക് ഇന്നുവരെ കിട്ടിയിട്ടില്ല. അത് മനസ്സിലാക്കാതെ ബിപ്ലവിനെ മോഡിജി ഡൽഹിക്കു വിളിപ്പിക്കുന്നു, എതിരാളികൾ വിമർശിക്കുന്നു, ട്രോളന്മാർ എടുത്തിട്ടലക്കുന്നു. ആ അനീതിക്കെതിരെയും ബിപ്ലവ പ്രതികരിച്ചിട്ടുണ്ട്: വിമര്‍ശനത്തിലൂടെയും പരിഹാസത്തിലൂടെയും സര്‍ക്കാരിന് ഹാനിവരുത്താന്‍ ശ്രമിക്കുന്ന നഖങ്ങള്‍ ചീന്തിക്കളയുമെന്നാണ് പ്രഖ്യാപനം. ബിപ്ലവ ദേബിനെ വിമർശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവർ ആശങ്കപ്പെടണം. നഖം മാത്രമല്ല പോവുക. കേരളത്തിലെ ഒരു സൈദ്ധാന്തികസംഘി ചോദിക്കുന്നു; 'നാരദമുനി വിജ്ഞാനത്തിന്റെ അക്ഷയഖനിയായിരുന്നു ഗൂഗിൾ തോറ്റുപോകും എന്നു പറഞ്ഞാൽ എന്താ ഇത്ര വലിയ കുഴപ്പം?  പിഎസ്‌സി വഴി മുപ്പത്തഞ്ചാം വയസ്സിൽ ജോലി കിട്ടുന്നതുവരെ ഭൂമിക്കു ഭാരമാകാതെ പശുവിനെ വളർത്താൻ പറഞ്ഞാൽ എന്താ കുഴപ്പം?’
 ഡാർവിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്നുപറഞ്ഞത് കേന്ദ്രമന്ത്രി സത്യപാൽ സിങ്ങാണ്. പുഷ്പകവിമാനത്തെ പരാമർശിച്ചു,  ഇന്ത്യാക്കാരാണ് വിമാനം കണ്ടെത്തിയതെന്ന് പ്രഖ്യാപനം നടത്തിയ സിങ‌് ഇന്നും മന്ത്രിസഭയിലുണ്ട്.  ശ്രീലങ്കയിലേക്ക് പാലം നിര്‍മിച്ച രാമന്‍ എന്‍ജിനിയറിങ്ങിന്റെ പിതാവാണെന്ന് പറഞ്ഞത് ഗുജറാത്ത് മുഖ്യമന്തിയായ വിജയ് രൂപാനിയാണ്. ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ പുറത്ത് വിടുന്ന ഏകജീവി പശുവാണെന്ന് രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ് നാനി. ഗണപതി കഥ മോഡി വക. തന്നെപ്പോലെ കുറെ പേര് സ്വന്തം പാളയത്തിലുണ്ട് എന്നതാണ് ബിപ്ലവ ദേബിന്റെ വിജയം. മണ്ടത്തരത്തിലാണ് മത്സരം.
പ്രധാന വാർത്തകൾ
 Top