19 February Tuesday

കല്യാണപ്പെണ്ണിന്റെ മിമിക്രി ഏറ്റില്ല

കൃഷ്‌ണ പൂജപ്പുരUpdated: Sunday Aug 5, 2018

 മൊബൈലിൽ ഒരു വീഡിയോ കാണുകയാണ‌് വീട്ടുകാർ. ഞാനും ഒന്നുനോക്കി. ഒരടിപിടിയും അക്രമവും ബഹളവും. ഒരു ചെറുപ്പക്കാരനെ ആൾക്കൂട്ടം വലിച്ചിഴയ്‌ക്കുന്നു. നിസ്സംഗനായി നിൽക്കുന്ന അവന്റെ തലയിലൂടെ ചാണകവെള്ളമോ മറ്റോ ഒഴിക്കുന്നു. ചെറുപ്പക്കാരിയുടെ തലയിൽ കനമുള്ള എന്തോ വസ്‌തു വച്ചിട്ട്‌ തെരുവിലൂടെ നടത്തുന്നു. അതാ ചെറുപ്പക്കാരനെ മുട്ടുകാലിൽ ഇഴയിക്കുന്നു. ജനക്കൂട്ടം അതു നോക്കിരസിക്കുന്നു. വീഡിയോയിൽ പകർത്തുന്നു. കേരളത്തിലാണ്‌ സംഭവം. ഇവിടെയും ആൾക്കൂട്ട വിചാരണയോ? എനിക്ക്‌ നിയന്ത്രണംവിട്ടു.

‘‘ഹൊ, ഇതെന്തു ക്രൂരത?’ ഞാൻ ആത്മരോഷംകൊണ്ടു. ഈ ദുഷ്‌ടന്മാരെ അറസ്റ്റ‌് ചെയ്‌തില്ലേ? പൊതുസ്ഥലത്തുവച്ച്‌ രണ്ടു മനുഷ്യജീവികളെ കൊല്ലാക്കൊല ചെയ്യുന്നവരെ ജീവപര്യന്തം അകത്തിടണം. കണ്ടുനിൽക്കുന്നവരുടെ പേരിലും കേസെടുക്കണം. ഇത്രയ്‌ക്ക്‌ പ്രതികരണശേഷി നഷ്ടപ്പെട്ടുപോയോ സമൂഹത്തിന്‌?
എന്റെ ആത്മരോഷം കണ്ടു വീട്ടുകാർ ചിരിയോട്‌ ചിരി. 
‘‘അമ്മാവാ ഇത്‌ കല്യാണ വീഡിയോ ആണ്‌.’’ 
‘‘ടേയ്‌ ആളും തരവും നോക്കിവേണം തമാശ പറയാൻ.’’ ഞാൻ പരമ്പരാഗത രീതിയിൽ അവനോട്‌ ചൂടായി. ‘‘പിന്നേ, കല്യാണ വീഡിയോ! പൊതുസ്ഥലത്ത്, അതും ജീവിതത്തിലെ ഏറ്റവും ഐശ്വര്യമുള്ള ദിവസത്തിൽ ഇങ്ങനെ അലമ്പ്‌ കാണിക്കുന്നതല്ലേ ആഘോഷം? ഇത്‌ അക്രമമാ അക്രമം. ഐപിസി...’’
ഞാൻ വകുപ്പൊക്കെ പറയുംമുമ്പേ അനന്തരവൻ ടീം എന്നെ പിടിച്ചിരുത്തി. ഒരു സ്റ്റഡി ക്ലാസെടുത്തു. വിവാഹച്ചടങ്ങുകളിൽ പൊതുവെയും വിവാഹസൽക്കാരത്തിൽ പ്രത്യേകിച്ചും ഇപ്പോൾ ഇങ്ങനെയാണത്രെ. ഞാൻ കണ്ട വീഡിയോയിലെ ചെറുപ്പക്കാരൻ കല്യാണചെറുക്കനും പെണ്ണ്‌ കല്യാണപ്പെണ്ണുമാണത്രെ. ചെറുക്കന്റെ കൂട്ടുകാർ എന്നവകാശപ്പെടുന്നവരാണത്രെ തലയിൽ വെള്ളമൊഴിച്ചതും വധുവിനെ ചുടുകട്ട ചുമപ്പിച്ചതും. കേരളത്തിലെ ചില പ്രത്യേക മേഖലകളിൽ തുടങ്ങിയ ഈ കലാരൂപം പ്രാദേശിക അതിരുകൾ ഭേദിച്ച്‌ സർവസ്ഥലത്തും പടർന്നു പിടിക്കുകയാണത്രെ. 
 മറ്റു കുറെ വീഡിയോകളും കാണിച്ചു. ഒരിടത്ത്‌ നവവധുവിനെക്കൊണ്ട്‌ അമ്മിക്കല്ലിൽ മുളകരപ്പിക്കുന്നു, സദ്യക്കിരിക്കുമ്പോൾ പച്ചക്കറി വിളമ്പിക്കഴിക്കാൻ ആവശ്യപ്പെടുന്നു, ഐസ്‌ക്രീം മുഖത്ത്‌ തേക്കുന്നു, കാളവണ്ടിയിൽ പാളത്തൊപ്പി ധരിപ്പിച്ച്‌ നഗരപ്രദക്ഷിണം ചെയ്യിക്കൽ, പൂമാലയിട്ട്‌ പെട്ടി ഓട്ടോയിലോ ബുൾഡോസറിലോ ഘോഷയാത്ര...  സിനിമയിൽ സലിംകുമാർ അന്തംവിട്ടപോലെ ഞാനും. എനിക്ക്‌ ഭ്രാന്തായതാണോ അതോ ലോകത്തിനാണോ ഭ്രാന്ത്‌? കല്യാണാഘോഷത്തിന്റെ ട്രെൻഡുകൾ മാറിമറിയുകയാണല്ലോ? 
 

പായസക്കല്യാണം

പണ്ടൊക്കെ വിവാഹം എന്തുമാത്രം ആർഭാടപൂർണമാണെന്നത്‌  പായസത്തിന്റെ എണ്ണം നോക്കിയാണ്‌ നാട്ടുകാർ തീരുമാനിക്കുക. രണ്ടുകൂട്ടം പായസം നോർമലും മൂന്നു കൂട്ടമാകുമ്പോൾ എബൗ ആവറേജും അഞ്ചുകൂട്ടം അഹങ്കാരവുമൊക്കെയായിരുന്നു. അതുപോലെതന്നെ  മിന്നുകെട്ടിന്‌ വിളമ്പുന്ന ഇറച്ചി ഐറ്റങ്ങളുടെ വൈവിധ്യവും നിക്കാഹിന്‌ ബിരിയാണിയുടെ കേമത്തവുമൊക്കെ. ഇന്നാരുടെ മകളുടെ കല്യാണത്തിന്‌ നാലുകൂട്ടം പായസമായിരുന്നു എന്നൊക്കെ അടുത്ത തലമുറയോട്‌ സാക്ഷ്യപ്പെടുത്തും. (അഞ്ചുകൂട്ടം പായസവും അമ്പതു കറിയുമായി കല്യാണം നടത്തിയവരുടെ പിന്നീടുള്ള അവസ്ഥ കട്ട ശോകമാണ്‌) ഇന്നോ? കുളിക്കും പല്ലുതേപ്പിനുമൊഴികെ ബാക്കി സകലതിനും ഐസ‌്‌‌ക്രീമും ചോക്ക്‌ലേറ്റും ഉപയോഗിക്കുന്ന  ന്യൂജന്നിന്‌ എന്തു പായസം? ബറോട്ടയും ചിക്കനും നാവിൽവച്ച്‌ ചോറൂണ്‌ ചടങ്ങ്‌ നടത്തുന്ന രീതിയിൽ പുരോഗതി പ്രാപിച്ച കാലത്ത്‌ എന്തു ബിരിയാണി. പ്രായംകൂടിയവർക്ക്‌ ഷുഗറും കൊളസ്‌ട്രോളും കാരണം ഇതൊന്നും തൊടാനും വയ്യ. പണ്ട്‌  സദ്യകഴി കഴിഞ്ഞ്‌ അതിനെ രണ്ടു കുറ്റംപറയലുമാണ്‌ ഏറ്റവും വലിയ എന്റർടെയ്‌ൻമെന്റ്‌. ഇന്നിപ്പോഴിതാ കല്യാണചെക്കനെ ചൊറിതണമാലയണിയിച്ച്‌ ഓടിക്കുന്നതിലാണ്‌ മാനസികോല്ലാസം. 
 

പങ്കെടുക്കുന്ന അതിഥികൾ

സദ്യയിലെ ഐറ്റങ്ങളിലൂടെ കേമത്തം അറിയിച്ചിരുന്ന നാളുകളെ തുടർന്നാണ്‌ പങ്കെടുത്ത ആളുകളുടെ എണ്ണം നോക്കി വിവാഹത്തിന്റെ വിജയപരാജയങ്ങൾ നിശ്ചയിച്ച്‌ തുടങ്ങിയത്‌. അഞ്ഞൂറ്‌ ആയിരം തുടങ്ങി അയ്യായിരവും അതുക്കും മേലെയുമൊക്കെയായി. നാഥനില്ലാ കളരിപോലെ ആയിരിക്കും ഇത്തരം സമ്മേളന സ്ഥലങ്ങൾ. ക്ഷണിക്കാൻ വന്നവരെയൊന്നും  കണ്ടുകിട്ടില്ല. നമ്മൾ മിഴുമിഴാ മിഴിച്ചുനിൽക്കും. വധൂവരന്മാരെ കാണാനൊക്കെ ക്യൂസിസ്‌റ്റം. ( ടോക്കൻ സമ്പ്രദായം ആയിട്ടില്ല). വിഐപി അതിഥികൾക്ക്‌  എമർജൻസി എക്‌സിറ്റുകൾ ഉണ്ട്‌. അവർക്ക്‌ വരിനിൽക്കേണ്ട. അതിഥികളുടെ എണ്ണം കൂടിത്തുടങ്ങിയപ്പോഴാണ്‌ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പുകൾ കല്യാണം ഏറ്റെടുത്തത്‌. സദ്യമാറി ബുഫെ ആയത്‌, ഇരുന്ന്‌ ആഹാരം കഴിച്ചവർ നിന്നും നടന്നും ഒക്കെ ആഹാരം കഴിക്കാൻ സ്വയംപര്യാപ്‌തരായി. 
 

കാരണവന്മാർ ഔട്ട്‌

പണ്ട്‌ പുടവ കൊട‐മിന്നുകെട്ട്‌‐നിക്കാഹ്‌ വേദികൾ കാരണവന്മാരുടെ അധികാരകേന്ദ്രങ്ങളായിരുന്നു. പയ്യനും പെണ്ണിനും പോലും താലിചാർത്തുക എന്ന റോളിനപ്പുറം പ്രസക്തിയില്ല. കാര്യങ്ങൾ നിയന്ത്രിക്കാൻ  ക്ഷിപ്രകോപിയായ കാരണവർ. ‘ഇനി അഞ്ചുപേരെ കയറ്റിവിട്‌’ എന്ന്‌ ആജ്ഞാപിച്ച്‌ ആശാൻ സദ്യാലയത്തിന്‌ മുന്നിലുണ്ടാകും. ‘പയ്യന്റെ ബാപ്പ എവിടെ?’ എന്ന്‌ ഒച്ചവയ്‌ക്കും, ‘അച്ചനെ വിളിക്കാൻ പോയവർ എവിടെ?’, എന്ന്‌ പള്ളിമുറ്റത്ത്‌ വെപ്രാളപ്പെടും.  ശ്രദ്ധാകേന്ദ്രം വധൂവരന്മാരല്ല, പുള്ളിക്കാരനായിരിക്കും. വാസ്‌തവത്തിൽ മറ്റു പലേടത്തും നേരിടുന്ന അവഗണ ഇത്തരക്കാർ കോംപൻസേറ്റു ചെയ്യുന്നത്‌ ഇമ്മാതിരി വേദികളിലാണ്‌. പക്ഷേ, ന്യൂജൻ വിവാഹ വേദികൾ കാരണവന്മാർക്ക്‌ ഫിസിക്കലായും മെന്റലായും അഡ്‌ജസ്റ്റ‌് ചെയ്യാൻ പറ്റില്ല. താലിചാർത്തുമ്പോൾ കൊട്ടിനുപകരം ഇപ്പോൾ മാലപ്പടക്കം. അത്‌ വരന്റെ കൂട്ടുകാർ കൊളുത്തി വേദിയിലിടും. വരനെ മുമ്പ‌് പിതാവ്‌ ആനയിച്ചുകൊണ്ടുവരുമ്പോൾ ഇപ്പോൾ വരനും വധുവും സിനിമാറ്റിക്‌ ഡാൻസ്‌ ചെയ്‌ത്‌ മാസ്‌ എൻട്രി നടത്തി മറ്റുള്ളവരെയാണ്‌ ആനയിക്കുക. കാരണവന്മാർക്ക്‌ ചിരക്കണോ കരയണോ എന്ന്‌ പിടികിട്ടില്ല.
 

ഡാൻസും പാട്ടും

ഇപ്പോൾ സ്വീകരണങ്ങൾക്ക്‌ ഡാൻസും പാട്ടും അവിഭാജ്യ ഘടകമാണ്‌. ഡാൻസ്‌ എന്നുവച്ചാൽ പത്രാധിപർ സാറെ, ഒന്നൊന്നര ഡാൻസാണ്‌. അച്ഛൻ, അമ്മ, അമ്മാവൻ ഉൾപ്പെടെ വീടടച്ചുള്ള ഡാൻസ്‌. കൂളിങ്‌ ഗ്ലാസ്‌ ഒക്കെയായി വേദിയെ പ്രകമ്പനം കൊള്ളിക്കും. വധുവും സൂപ്പർ ഡാൻസുകാരിയാണെന്ന്‌ തോന്നും. കല്യാണതീയതി നിശ്ചയിച്ചാൽ ഉടൻതന്നെ റിഹേഴ്‌സൽ തുടങ്ങും. ഓരോ കല്യാണത്തിനും ഓരോ തീം ആണുപോലും. ബന്ധുക്കൾ അണിയുന്ന ഷർട്ട്‌, മുണ്ട്‌, ചുരിദാർ ഒക്കെ തീം അടിസ്ഥാനമാക്കിയാണ്‌. വരനെ സ്വീകരിക്കുന്നതുപോലും ഡാൻസ്‌ ചെയ്‌തിട്ടാണ്‌. ഇതുകഴിഞ്ഞാൽ ഫെയ്‌സ്‌ബുക്കിൽ ഫോട്ടോയും കമന്റും ഇട്ടുതുടങ്ങും, പയ്യന്റെ അച്ഛൻ മാസാണ്‌, കൊലമാസ്‌ എന്നൊക്കെയുള്ള അടിക്കുറിപ്പോടെ. ഈയിടെയായി പല ലക്ഷണമൊത്ത പാട്ടുകാരെയും കല്യാണവേദികൾ സംഭാവനചെയ്യുന്നുണ്ട്‌. കല്യാണവേദികളിൽ പാടി സോഷ്യൽ മീഡിയയിൽ തരംഗമായവർ നിരവധി. 
 

ഷോപ്പിങ്‌ മാൾ

ഒരു ഷോപ്പിങ്‌ മാളിൽ ചെന്നുപെട്ട പ്രതീതിയാണ്‌ പല കല്യാണ മണ്ഡപങ്ങളിലും ചെല്ലുമ്പോൾ. മെട്രോ ട്രെയിൻ ഒഴികെ എല്ലാമുണ്ട്‌. ചെന്നുകയറുന്ന സ്ഥലത്ത്‌ അതാ നാടൻ ചായക്കട. അവിടെ ചായ, ബജി, പരിപ്പുവട ഒക്കെ കിട്ടും. ചിലയിടത്ത‌് അതിഥികൾക്ക്‌ ഗിഫ്‌റ്റ്‌ പാക്കറ്റുമുണ്ട്‌. ഇതിന്റെ ഫോർമാലിറ്റി അറിയാതെ നമ്മൾ ഒന്ന്‌ അന്ധാളിക്കും. പേടിക്കേണ്ട, ഒന്നുരണ്ടിടത്ത്‌ പോയാൽ അതങ്ങ്‌ ശീലമായിക്കോളും. തലയ്‌ക്കുമുകളിൽ കിരുകിരാ ശബ്‌ദംകേട്ട്‌ ബേജാറാകണ്ട. അത്‌ ഏരിയൽ ഷോട്ട്‌ എടുക്കുന്ന കുഞ്ഞ്‌ ഹെലികോപ്റ്റർ ആണ്‌. നമ്മളെത്തന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട‌് നമ്മളതാ വലിയ സ്‌ക്രീനിൽ മിന്നുന്നു. ചിലപ്പോൾ നമ്മുടെ ഫോട്ടോയും കൈയോടെ കിട്ടും. പയ്യന്റെയും കുട്ടിയുടെയും ബയോഡാറ്റ, അവർ തമ്മിൽ കാണുന്നത്‌, പരിചയപ്പെടുന്നത്‌ തുടങ്ങി അവരുടെ വിഷ്വൽ വിക്കിപിഡിയകൾ സ‌്ക്രീനിൽ തത്തിക്കളിച്ചുകൊണ്ടിരിക്കും. യൂണിവേഴ്‌സിറ്റി കലോത്സവ വേദികളെയും ചില മണ്ഡപങ്ങൾ അമ്പരപ്പിക്കും. പാട്ട്‌, കഥാപ്രസംഗം, മിമിക്രി, ഒപ്പന, ലളിതഗാനം..‌‌.അങ്ങനെ. 
 

കല്യാണക്ഷണം

വിവാഹക്ഷണവും ഇപ്പോൾ ട്രെൻഡിയാണ്‌. ഷോർട് ഫിലിമുകൾ ഒരുക്കിയാണ്‌ ചിലരുടെ ക്ഷണം. സെലിബ്രിറ്റികളുടെ വീഡിയോ കട്ട്‌ചെയ്‌ത്‌ ഡബ്‌സ്‌മാഷ്‌ ചെയ്‌ത്‌ നടത്തിയ കല്യാണക്ഷണം വൈറൽ ആയിരുന്നു. 
 

അഭിപ്രായം

കല്യാണം കൂടി വീട്ടിൽ ചെന്നാൽ വീട്ടുകാരോട്‌ കല്യാണത്തിന്റെ അഭിപ്രായം പറയുമല്ലോ. ഇനി ഈ മട്ടിലായിരിക്കും. ‘‘ചെറുക്കനെക്കൊണ്ട്‌ ചുടുചോറ്‌ വാരിച്ചത്‌ സൂപ്പറായിരുന്നു. പെണ്ണിന്റെ മിമിക്രി അത്ര ഏറ്റില്ല. പയ്യന്റെ അച്ഛന്റെ സിനിമാറ്റിക്‌ ഡാൻസ്‌ തകർത്തു. കൂട്ടുകാരുടെ കൂക്കിവിളി അടിപൊളിയായി.’’
പ്രധാന വാർത്തകൾ
 Top