20 February Wednesday

നിൽക്കക്കള്ളിയില്ലാത്തവന്റെ കള്ളി

വിമീഷ‌് മണിയൂർUpdated: Sunday Aug 5, 2018

 ഞാൻ ജനിക്കുംമുമ്പുള്ള അമ്മയുടെ പരവേശമോ വെപ്രാളമോ ആയിരിക്കണം എന്റെ ആദ്യ എഴുത്ത്. അതിനെ കുറിച്ചുള്ള ഓർമകൾ തിരിച്ചെടുക്കാനാകാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും ഓർമകളുടെ കീഴറ്റംകൊണ്ട് ഞാനെന്നും മൂന്ന് നാല് മില്ലീ മീറ്ററുകൾ കുഴിച്ചു ചെല്ലുന്നു. ഒരുപക്ഷേ പുതിയ സമാഹാരമായ 'ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി' എന്നതിലെ 'ഞാൻ ജനിക്കുമ്പം ലോകം ഇവിടുണ്ട്' എന്ന കവിത അത്തരം കുഴിച്ചുകൊണ്ടിരിക്കലിലൂടെ രൂപപ്പെട്ടതാകണം. അത്രപോലും ആലോചനകളില്ലാതെ ഒരുപക്ഷേ എനിക്കെന്റെ നാട്ടിൽ നിന്ന് പറഞ്ഞുതുടങ്ങാം. അപ്പോഴും ഏത് നാട്? എന്ന് മനസ്സ് തിരക്കുകൂട്ടുന്നത് നാടിനെക്കുറിച്ച് എഴുതാനിരുന്നപ്പോഴെല്ലാം അനുഭവിച്ചിട്ടുണ്ട്. എല്ലാ കാലത്തും കൂട്ടംതെറ്റിയവന്റെയും വീട് നഷ്ടപ്പെട്ടവന്റെയും നിസ്സഹായതയുടെ തൊഴുത്ത് കെട്ടിയവന്റെയും ഓരം ചേർത്ത് നിർത്തി എഴുത്തുകാരന്റെ വിത്തിട്ടുതന്ന നാട് എന്റെ പേരിനൊപ്പമുള്ള മണിയൂരല്ല, മറിച്ച് കോഴിക്കോട് കുതിരവട്ടത്തിനടുത്തുള്ള ഗോവിന്ദപുരം എന്ന ചെറിയ പ്രദേശമാണ്. എരവത്ത‌്കുന്നും മൈലമ്പാടി വയലും പാർഥസാരഥി കുളവും എണ്ണമറ്റ അത്ഭുതങ്ങൾ ഒളിപ്പിച്ച തൊടികളും കഥകളും വിചിത്രസ്വഭാവമുള്ള മനുഷ്യരും എന്നെ പേടിപ്പിച്ചതിനും അതിലേറെ രസിപ്പിച്ചതിനും കൈയുംകണക്കുമില്ല. എന്റെ എഴുത്തിന്റെ ലഗൂണുകളിലേക്ക് വേരും വെള്ളവുമെത്തിക്കുന്ന തിരക്കിട്ട ജോലി ഇന്നും ഗോവിന്ദപുരമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.  

തുടക്കത്തിലേ മലയാള അക്ഷരങ്ങൾ എന്റെ തലയ്ക്കുനേരെ തോക്ക് ചൂണ്ടി നിന്നു. അവ എഴുതുന്നത് സാരിയുടുക്കുന്നതുപോലെ ശ്രമകരമായ ഒരു പ്രവൃത്തിയായി പുറമെനിന്ന് തോന്നിത്തുടങ്ങി. ക്ലാസിലെ ഏറ്റവും മോശക്കാരനാകാതിരിക്കാൻ ഒരു കൂട്ടുകാരനെ ദൈവം എന്റെയും പുറകിൽ നിയമിച്ചു. പൂജ്യത്തിന് അത്രയും അനുഭവസമ്പത്തുണ്ടെന്ന് ഞങ്ങൾ ഒരുമിച്ച് തിരിച്ചറിഞ്ഞു. ഇതിൽ നിന്നൊക്കെ രക്ഷപ്പെടാൻ പറക്കാനുള്ള വരം തരണമേ എന്ന് നിരന്തരമായി ഞാൻ ദൈവത്തോട് പ്രാർഥിച്ചുകൊണ്ടിരുന്നു.
ക്ലാസിൽ ഞാനും കൂട്ടുകാരൻ കുട്ടനും എവിടെയും തൊടാതെ, കൂട്ടുകാരുടെ വലിയ സംഘങ്ങളിൽ പെടാതെ ഒഴുകിനടന്നു. ഞങ്ങൾ ഒറ്റപ്പെട്ടുപോയതിന്റെ കാരണങ്ങൾ ഇന്നും എനിക്ക് മനസ്സിലായിട്ടില്ല. എന്റെ ഒറ്റപ്പെടലുകളുടെ ചരിത്രം ഒരുപക്ഷേ അവിടംമുതൽ തുടങ്ങിയതാകണം. അന്ന് രാകേഷ് എന്നു പേരുള്ള മെലിഞ്ഞ് കണ്ണടയിട്ട ഒരു കുട്ടിയെ കൂട്ടംചേർന്ന് ഉപദ്രവിക്കുന്നത് മറ്റു കുട്ടികൾക്ക് വലിയ രസമായിരുന്നു. അവനെ അവരിൽനിന്ന് രക്ഷിച്ചെടുക്കുക എന്നതായിരുന്നു അന്നത്തെ ഞങ്ങളുടെ പാഠപുസ്തകം. അവനുവേണ്ടി പിന്നെയും പിന്നെയും ഞങ്ങൾ ഉപദ്രവിക്കപ്പെട്ടു. മെലിഞ്ഞ ആ കൂട്ടുകാരനുവേണ്ടിയാണ് ഞാനാദ്യമായി പ്രണയലേഖനമെഴുതുന്നത്. ക്ലാസിലെ ഏറ്റവും മിടുക്കിയായ രമ്യ എന്ന പെൺകുട്ടിയായിരുന്നു അത് വായിക്കേണ്ടിയിരുന്നത്. വായിച്ചശേഷം കൂടുതൽ പേരിലെത്തിക്കാൻ അവളത് ടീച്ചർമാർക്കും കൊടുത്തു. ആദ്യം രാകേഷിനെയും പിന്നെ എഴുത്തുകാരനായ എന്നെയും ടീച്ചർ വിളിപ്പിച്ചു. രാകേഷിന് നല്ല വഴക്ക്‌. എനിക്ക് അന്ന് പഠിച്ചിരുന്ന സംസ്കൃതത്തിൽനിന്ന് മാറ്റി മലയാളം ക്ലാസിലും ടീച്ചർ ഒരിടംതന്നു. എഴുത്തിന്റെപേരിലുള്ള ആദ്യത്തെ അംഗീകാരം. അന്ന് ആ പെൺകുട്ടിയോട് എനിക്കും വലിയ ഇഷ്ടമായിരുന്നു. 
അന്ന് എനിക്ക് പ്രിയപ്പെട്ടതായി ഒരു പോസ്റ്റ്‌മാൻ ഉണ്ടായിരുന്നു. അയാൾക്കൊപ്പം ഓരോ വീട്ടിലേക്കും കത്തുകളുമായി പല തവണ ഞാൻ നടന്നിട്ടുണ്ട്. അതൊരു വലിയ സന്തോഷമായിരുന്നു. ഒരിക്കൽ കവലയിൽവച്ച് ആ പോസ്റ്റ്മാനെ ഞാൻ കാണുന്നു. എന്നോടുളള കൗതുകംകൊണ്ടോ മറ്റോ ഒരു ചായക്ക് അയാൾ നിർബന്ധിച്ചു. മടിച്ച് ചെറിയ ഒരു ഹോട്ടലിലേക്ക് ഞാൻ കയറി. അൽപ്പസമയത്തിനുളളിൽ ഒരു ഗ്ലാസ് ചായ എന്റെ മുമ്പിലെത്തി. ആദ്യ ഇറക്ക് കുടിച്ചതും ഞാൻ ഞെട്ടി. നല്ല ഉപ്പുരസം. പക്ഷേ എന്റടുത്തിരിക്കുന്ന പോസ്റ്റ്മാനോട് അതു പറയാനുള്ള ധൈര്യം എനിക്കുണ്ടായില്ല. ഇഷ്ടത്തോടെ എന്ന പോലെ ആ ചായ മുഴുവനും ഞാൻ കുടിച്ചു. വീട്ടിൽ ചെന്ന് ഉപ്പുചായയുടെ കഥ ഞാൻ പലരോടും പറഞ്ഞു. ആരും ആ കഥ വിശ്വസിച്ചില്ല. അവിശ്വാസികളുടെ വലിയ ലോകത്തെ ഞാൻ കണ്ടുമുട്ടുകയായിരുന്നു. എത്ര തുറന്നുപറഞ്ഞാലും വിശ്വസിക്കാത്ത ഒരു ജീവിതം എനിക്കുണ്ടാകുന്നത് അങ്ങനെയാണ്. ഒരർഥത്തിൽ പിന്നീട‌് എനിക്കത് ശീലമായി. ഒരുപക്ഷേ ഇനി പറയുന്നതിന് പകരം എഴുതിനോക്കാം എന്ന് എന്റെ മനസ്സ് തീരുമാനിക്കുകയായിരിക്കണം. 
ചെറുപ്പത്തിൽ എന്നെ പേടിപ്പിക്കുന്നവരായി പലരുമുണ്ടായിരുന്നു. സഹപാഠികൾമുതൽ ചില ഇടവഴികളും മരങ്ങളും പറമ്പുകളും ഒച്ചകളും ഇരുട്ടു മാത്രമായി തിരിച്ചറിഞ്ഞ പ്രേതങ്ങളുംവരെ ഒട്ടനവധി പേർ അങ്ങനെയുള്ള പലരിലേക്കും തുറക്കുന്ന വാതിലുകളായി പകലുകൾ പലപ്പോഴും മാറിക്കഴിഞ്ഞിരുന്നു.  ഒരുദിവസം വൈകുന്നേരം അച്ഛൻ ഏൽപ്പിച്ച കുറിയുടെ പൈസയുമായി വളയനാട് അമ്പലത്തിനടുത്തുള്ള ഒരു വീട്ടിൽ മൂത്ത ഏട്ടനൊപ്പം പോകുകയായിരുന്നു. കറുത്തുതുടങ്ങുന്ന വൈകുന്നേരം. ഞാൻ ഏതൊക്കെയോ കഥകൾ പറയുന്നുണ്ട്. ഏട്ടൻ കൂടെയുള്ള ധൈര്യത്തിൽ  ആ  ഇരുട്ടിനെ നേരിടുകയായിരുന്നു.  ഇരുട്ടുള്ള ഒരിടവഴിയുടെ നടുവിലെത്തിയതും ഏട്ടൻ എന്റെ കൈ അമർത്തി. ഞാൻ ഏട്ടനെ നോക്കി. നീ പേടിക്കരുത്. ഏട്ടൻ പറഞ്ഞുതുടങ്ങി. ഞാൻ ഈ പൈസയുമായി നാടുവിടാൻ പോവുകയാണ്. നീ വീട്ടിലേക്ക് തിരിച്ചു പൊയ്ക്കോ. ഇനി നമ്മൾ കാണില്ല. ഇടിവെട്ടേറ്റതുപോലെ എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു. ഹൃദയം ശക്തിയായ് ഓടിക്കൊണ്ടിരുന്നു.
 ലോകം ചത്ത മീൻ പോലെ നിശ്ചലമായി എന്റെമുന്നിൽ കിടന്നു. ഇനി എന്തു ചെയ്യും? ഏട്ടൻ പോകാനൊരുങ്ങി. ഞാൻ ഒന്നും പറയാനാകാതെ നിന്നു. ഇരുട്ടും ദുരന്തവും ഒരുമിച്ച് വരികയാണ്. ഞാൻ കണ്ണടച്ചു. കണ്ണിൽനിന്ന് ഒരു നിമിഷം ഒറ്റയ്ക്കായി പ്പോയവന്റെ നനവ് മണ്ണിലേക്ക് വീണു. ഓടി രക്ഷപ്പെടാവുന്ന ഒരിടംകൂടിയാണ് ലോകം എന്ന തിരിച്ചറിവ് ആദ്യമായി കടന്നുവരികയായിരുന്നു.
അടുത്ത നിമിഷം ഏട്ടൻ ചിരിച്ചു. എന്നെ തമാശയ്ക്ക് പേടിപ്പിച്ചതാണെന്ന് ഉറപ്പ് പറഞ്ഞു.  അപ്പോഴും അതിന്റെ ആഘാതം വിട്ടുപോയില്ല. എനിക്കു ചുറ്റുമുള്ള എന്തും എപ്പോൾ വേണമെങ്കിലും വിട്ടുപോകാവുന്ന ഒന്നാണെന്ന തിരിച്ചറിവ് അതെന്നിലുണ്ടാക്കി. ഒരിക്കലും വിട്ടുപോകാത്ത ഒന്നിനുവേണ്ടി ഞാൻ പ്രാർഥിച്ചു. പൊട്ടിപ്പോകാത്ത ഒരു കളിപ്പാട്ടം, മരിച്ചുപോകാത്ത അനുസരണയുള്ള ഒരു വളർത്തുമൃഗം അങ്ങനെ ഓരോന്നിനുമായി ഞാൻ ഓടിനടന്നു.  ഒടുക്കം നിൽക്കക്കള്ളിയില്ലാത്തവന്റെ കള്ളിയായി കവിതയുടെ വേരിൽ എന്റെ കൈ മുറുക്കി. വേരുകളും സ്വപ്നങ്ങളും പേടികളും നിറഞ്ഞ ഗോവിന്ദപുരത്തിന്റെ മണ്ണിൽനിന്ന് പറിച്ചെറിയപ്പെട്ടപ്പോൾ കൈയിൽ കുരുങ്ങിയ ആ നിലവിളി കവിതയാണെന്ന് പതിയെ ഞാൻ തിരിച്ചറിഞ്ഞു. ഉണങ്ങാത്ത ഒരു നിലവിളി അങ്ങനെ എന്റെ കൂടെ നടന്നുതുടങ്ങി.
പ്രധാന വാർത്തകൾ
 Top