15 December Sunday

അകമനസ്സില്‍ തറച്ച പൊന്‍ശരം

വി കെ അനില്‍കുമാര്‍ anilksna@gmail.comUpdated: Sunday May 5, 2019

കതിവനൂര്‍ വീരന്‍ വലിയതോറ്റം- ‐ കണ്ടോന്താർ വിനുപെരുവണ്ണാൻ ഫോട്ടോ: വരുണ്‍ അടുത്തില

34 വയസ്സ് മാത്രമുള്ള കണ്ടോന്താർ വിനുപെരുവണ്ണാൻ തുലാപ്പത്തിനു ശേഷം മേടപ്പാതിവരെ കെട്ടിയാടിയത് ഇരുപതോളം കതിവനൂർ വീരൻ തെയ്യം. ഇനി നാല് തെയ്യത്തിന് കൂടി അടയാളം വാങ്ങീട്ടുണ്ട്. ഒരൊറ്റ കളിയാട്ടക്കാലത്ത് ഇത്രയധികം കതിവനൂർ വീരൻ തെയ്യങ്ങളെ ഒരാൾ കെട്ടിപ്പൂർത്തിയാക്കുക എന്നത് അത്യപൂർവമായിമാത്രം സംഭവിക്കുന്നതാണ്. ഉത്തരമലബാറിലെ തെയ്യക്കാരുടെ പൊള്ളിക്കുന്ന ജീവിതക്കാഴ്ചകള്‍

 
മേടവിഷു കഴിഞ്ഞതോടെ ഉത്തരമലബാറിലെ കളിയാട്ടക്കാലം അതിന്റെ  അവസാനത്തിലേക്ക് കടക്കുകയാണ്. തുലാമഴയിൽ നനഞ്ഞുറഞ്ഞ തെയ്യങ്ങൾ ഇടവപ്പാതിപ്പെയ്‌ത്തോടെ മുടിയെടുക്കും. അസ്ഥിയുരുകി വെള്ളമായിമാറുന്ന അത്യുഷ്ണച്ചൂളയിലാണ് തെയ്യം നിറഞ്ഞാടുന്നത്. പയ്യന്നൂർ മമ്പലത്ത് തെയ്യങ്ങളിൽ ഏറ്റവും കരുത്തുറ്റ പുരുഷസൗന്ദര്യം, കതിവനൂർ വീരൻ നിറഞ്ഞാടുകയാണ്. ഒരുപക്ഷേ ഭൂമിയിൽ വിനു പെരുവണ്ണാന് മാത്രംസാധിക്കുന്ന അസാധാരണ മെയ്ക്കരുത്തോടെ.
തെയ്യം അനുഷ്ഠാനത്തിലെ ഏറ്റവും ദൈർഘ്യമേറിയതും സങ്കീർണമായ അനുഷ്ഠാനഘടനയോടുകൂടിയതും ഒരു തെയ്യക്കാരന് മുഴുവൻ ചടങ്ങുകളും പിഴയ്ക്കാതെ കെട്ടിപ്പൂർത്തിയാക്കാൻ അങ്ങേയറ്റത്തെ പ്രയാസം നിറഞ്ഞിരിക്കുന്നതുമായ തെയ്യമാണ് കതിവനൂർ വീരൻ. ഒരു ദിവസം സന്ധ്യയ്ക്ക് തുടങ്ങി പിറ്റെന്നാൾ രാത്രിയാണ് തെയ്യം അവസാനിക്കുന്നത്. ഒരാൾക്ക് ഈ തെയ്യത്തിന്റെ മുഴുവൻ ചടങ്ങുകളും ഒരുസ്ഥലത്തുവച്ച് കണ്ടുതീർക്കാനാകില്ല. കാഴ‌്ചക്കാരും കൂടെയുള്ളവരും ഇടയ്ക്ക് മാറുകയോ വിശ്രമത്തിനുശേഷം വീണ്ടും  വരികയോ ചെയ്യുമ്പോഴും മാങ്ങാട്ട് മന്നപ്പനെന്ന കതിവനൂർ വീരൻ വർധിതവനവീര്യത്തോടെ ആടിക്കൊണ്ടേയിരിക്കണം. 
 

ഒരു നാട്ടുദൈവത്തിന്റെ പിറവി

 
ഇന്ന് കതിവനൂർ വീരൻ തെയ്യം കെട്ടുന്ന കോലധാരികളിൽ പ്രമുഖസ്ഥാനത്തുള്ള കോലക്കാരനാണ് 34 വയസ്സ് മാത്രം പ്രായമുള്ള കണ്ടോന്താർ വിനുപെരുവണ്ണാൻ. തുലാപ്പത്തിന് ശേഷം മേടപ്പാതിവരെ ഇരുപതോളം കതിവനൂർ വീരൻ തെയ്യം ഈ കോലക്കാരൻ കെട്ടിക്കഴിഞ്ഞു.  ഇനി നാല് തെയ്യത്തിന് കൂടി അടയാളം വാങ്ങീട്ടുണ്ട്. ഏഴ് മാസമുള്ള കളിയാട്ടക്കാലത്ത് ഇരുപത്തിനാല് തവണയാണ് കതിവനൂർ വീരന്റെ പൂക്കട്ടിയെന്ന തിരുമുടിയേന്തുന്നത്. ഒരൊറ്റ കളിയാട്ടക്കാലത്ത് ഇത്രയധികം കതിവനൂർ വീരൻ തെയ്യങ്ങളെ ഒരാൾ കെട്ടിപ്പൂർത്തിയാക്കുക എന്നത് അത്യപൂർവമായിമാത്രം സംഭവിക്കുന്നതാണ്. തെയ്യത്തിന്റെയും തെയ്യക്കാരുടെയുമൊക്കെ കാര്യമായതുകൊണ്ട് ഇതൊന്നും ആർക്കും അത്ര വലിയ കാര്യമാകുന്നില്ല.
 
ഏഴാംക്ലാസിൽ പഠിക്കുന്ന സമയത്ത്,  ഒരു പത്ത് പന്തീരാണ്ടും നൽപ്രായത്തിൽ മങ്ങാട്ട് മന്നപ്പന്റെ ചിറ്റമ്പും ചെറുവില്ലും തൊഴുതെടുത്തു. കതിവനൂർ വീരന്റെ ചെറിയ തോറ്റം എന്ന തെടങ്ങിത്തോറ്റം ആദ്യമായി കഴിച്ചു. അച്ഛനായ കണ്ടോന്താർ കുഞ്ഞിരാമ പെരുവണ്ണാനായിരുന്നു വലിയ തോറ്റമായുറഞ്ഞ്‌ ഉറുമി വീശിയത്. അച്ഛനോടൊന്നിച്ചുള്ള യാത്രയിലൂടെ തെയ്യങ്ങളുടെ വിസ‌്മയകരവും വിഭ്രമാത്മകവുമായ ലോകങ്ങൾ കണ്ടു. തെയ്യങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ പാഠപുസ്തകങ്ങൾ മറന്നു. പന്ത്രണ്ടാം ക്ലാസിൽ പഠനം നിർത്തി. എത്ര പഠിച്ചുതീർത്താലും അത്രതന്നെ വീണ്ടും ബാക്കിയാകുന്ന തെയ്യങ്ങളെന്ന സർവകലാശാലയുടെ ഭാഗമായി. ആചാര്യനും വഴികാട്ടിയുമായി അച്ഛൻ കൈവിളക്കേന്തി മുന്നാലെ നടന്നു. അച്ഛൻതെയ്യത്തിന്റെ കാൽച്ചിലമ്പൊലി പിൻപറ്റി കുഞ്ഞിത്തെയ്യമായി മോനും പിന്നാലെ നടന്നു. പിന്നീടൊരു തിരിഞ്ഞു നടത്തം വിനു പെരുവണ്ണാന്റെ ജീവിതത്തിലുണ്ടായിട്ടില്ല. 
 
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത്, മാതമംഗലം കണ്ടോന്താറിൽ ഒരു നാട്ടുദൈവം പിറവിയെടുക്കുന്നതങ്ങനെയാണ്. പുലിത്തെയ്യങ്ങളായും കാട്ടുതീയിൽ സർപ്പദംശമേറ്റ കണ്ടനാർ കേളനായും തോട്ടുങ്കരപ്പോതി, മാമ്പള്ളി ഭഗവതി എന്നീ ഉഗ്രമൂർത്തികളായും  വിനു പെരുവണ്ണാൻ ഉറഞ്ഞാടി. പെരുമ്പുഴയച്ചൻ, വേട്ടയ‌്ക്കൊരുമകൻ, ഊർപ്പഴശ്ശി തുടങ്ങിയ വീരപുരുഷന്മാരുടെ മീശയും താടിയുമണിഞ്ഞു. സാധാരണയിൽ സാധാരണക്കാരുടെ കൺകണ്ട ദൈവമായ മുത്തപ്പൻ വെള്ളാട്ടത്തിന്റെ കൊടുമുടിയേറി നാട്ടിലുടനീളം സഞ്ചരിച്ചു. തെയ്യങ്ങളുടെ നിഴൽ പടർന്ന പെരിയകളിലൂടെയുള്ള ഒരു പെരുവണ്ണാന്റെ സമാനതകളില്ലാത്ത യാത്ര. വീര്യവും ശാന്തവുമുള്ള എത്രയോ ഉഗ്രസ്വരൂപികളായ ദൈവതങ്ങൾ ഈ ചെറുപ്പക്കാരന്റെ ശരീരത്തിലെ ഉൾച്ചൂടിൽ തെളിഞ്ഞു. കണ്ടോന്താറുകാർ നാടിന്റെ അഭിമാനമായ ചെക്കനെ പട്ടുടുപ്പിച്ച് പൊൻവളചൂടിച്ചു. ദേശത്തിന്റെ  പെരുവണ്ണാനെന്ന ആചാരസ്ഥാനം കൽപ്പിച്ചുനൽകി. 2008ൽ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ പുതിയപുര കൊട്ടുങ്കര തറവാടിൽ കണ്ടനാർ കേളൻ തെയ്യം കെട്ടി ചെറുവച്ചേരി മീത്തലെ അറയിൽനിന്നാണ് പട്ടുവളയും പെരുവണ്ണാൻ സ്ഥാനവും നൽകി ആചാരപ്പെട്ടത്. കെട്ടിയാടിയ തെയ്യങ്ങളിൽ പക്ഷേ മാങ്ങാട്ട് മന്നപ്പൻ ആ ശരീരത്തിലുറച്ചു പോയിരുന്നു. എറകോട് ചേർന്നിരിക്കുന്ന എറച്ചിയുടെ  അംശംപോലെ അറുത്ത് ഭേദിക്കാൻ പറ്റാത്തവിധം മാങ്ങാട്ട് മന്നപ്പൻ വിനുപെരുവണ്ണാന്റെ ശരീരത്തോട് അത്രമേൽ താദാത്മ്യപ്പെട്ടു.
എന്റെ ചെമ്മര‘ത്തീയേ’...    കതിവനൂര്‍ വീരന്‍ തെയ്യം ചെമ്മരത്തിത്തറക്കു മുന്നിൽ

എന്റെ ചെമ്മര‘ത്തീയേ’... കതിവനൂര്‍ വീരന്‍ തെയ്യം ചെമ്മരത്തിത്തറക്കു മുന്നിൽ

 

തെയ്യങ്ങളുടെ (മുൾ)കിരീടം

 
തുടർച്ചയായി കതിവനൂർ വീരൻ തെയ്യം കെട്ടി സ്വഗാത്രം പരീക്ഷണശാലയാക്കി മാറ്റുന്ന ഈ തെയ്യക്കാരനെപ്പറ്റി നാടിന് അഭിമാനമുണ്ട്. എന്നാൽ, ഏറെ അടുപ്പമുള്ളവർക്ക് അതിലേറെയുള്ളത് ഉൽക്കണ്ഠയാണ്. തെയ്യങ്ങളുടെ (മുൾ)കിരീടമണിഞ്ഞവരുടെ പൂർവകാലം ഒട്ടും സുഖകരമല്ല. കടുത്ത സങ്കടക്കടൽ കുടിച്ചുവറ്റിച്ചാണ് ചെറുപ്പക്കാരായ ഒരോ തെയ്യവും അകം പൊള്ളുന്ന മനുഷ്യരുടെ കരം നുകർന്ന് മഞ്ഞൾക്കുറിക്കുളിർമ നൽകുന്നത്. മുപ്പത് വയസ്സ് കഴിഞ്ഞ പ്രധാന കോലക്കാരിൽ അച്ഛനോ അമ്മാവനോ ജീവിച്ചിരിക്കുന്നവർ വളരെ കുറവാണ്. തെക്കുംകര ബാബു കർണമൂർത്തി, രാജീവൻ നേണിക്കം, സജേഷ‌്‌പണിക്കർ ഇവരൊക്കെയും ഉറ്റവരില്ലാത്ത ദൈവമക്കളാണ്. അമ്മാവന്മാരും അച്ഛന്മാരും നേരത്തെ തിരിതാഴ്‌ത്തി അണിയറയിലെ ഇരുളിലേക്ക് പൊലിഞ്ഞുപോയപ്പോൾ ദൈവങ്ങളായവരാണേറെയും. നടു തകർന്നും പക്ഷാഘാതം പിടിപെട്ടും കാൽപാദങ്ങളിലെ എല്ലുകൾ തേഞ്ഞുതീർന്നും കളിയാട്ടക്കാവുകളിൽ ഇടറിനടക്കുന്ന നരവ്യാഘ്രസമരായ കോലധാരികൾ. ഒറ്റക്കോലം കെട്ടി ഒടുവിൽ ഒറ്റക്കാലുമായി ജീവിതം താണ്ടുന്ന കുഞ്ഞാരപ്പെരുവണ്ണാൻ, പീറ്റത്തെങ്ങിന്റെ ഉച്ചിയിൽനിന്നു വീണ സുമേഷ് പെരുവണ്ണാൻ അങ്ങനെ തെയ്യങ്ങളുറയുന്ന ഓരോ നാടിനും പറയാനുണ്ടാകും ദൈവത്തിന്റെ എല്ലാ അണിയലങ്ങളുമഴിച്ചുവച്ച് സ്വന്തം ശരീരവും ഊരിവച്ച് മറവിയുടെ ഇരുൾക്കയങ്ങളിലൊടുങ്ങിപ്പോയവരെ കുറിച്ച്. വിനുപെരുവണ്ണാന്റെ അച്ഛനും രോഗത്തെ തുടർന്ന് അറുപത്തിമൂന്നാമത്തെ വയസ്സിൽ തലപ്പാളി അഴിച്ചുവച്ച് കാലത്തിന്റെ  അണിയറയിൽ ലയിച്ചു. ഇരുപത്തി രണ്ടാംവയസ്സിൽ ഗുരുവിനെയും പിതാവിനെയും നഷ്ടമായ മകൻ തളർന്നുപോയില്ല. 
 

കുളിർമ കൊടുക്കൽ

 
കഴിഞ്ഞമാസം രണ്ടുമുതൽ ഒമ്പതുവരെ തുടർച്ചയായി മൂന്ന് കതിവനൂർ തെയ്യമാണ് വിനു പെരുവണ്ണാൻ കെട്ടിയാടിയത‌്. മീനത്തിലെ കൊടുംചൂട് സഹിച്ച്  തുടർച്ചയായ ഒമ്പതുദിവസം കൃത്യമായ ഭക്ഷണമോ ഉറക്കമോ വിശ്രമമോ ഇല്ലാതെ തെയ്യംകെട്ടിയെന്നർഥം. പല കാവുകളിലായി പെരുവണ്ണാന്റെ മറ്റ് തെയ്യങ്ങളും നടക്കുന്നുണ്ട്. ഒരു സ്ഥലത്തെ കതിവനൂർ വീരൻ തെയ്യം അവസാനിച്ച് നേരെ മറ്റൊരു കാവിൽ പോയി അടുത്ത തെയ്യംകെട്ടൽ എത്രയോ തവണ ഉണ്ടായി. സൂര്യാഘാതമേൽക്കാതിരിക്കാനുള്ള മുന്നറിയിപ്പുകളൊന്നും തെയ്യത്തിന് ബാധകമാകില്ലല്ലോ. സൂക്കേട് വന്നാൽ മൂന്നുനേരം മരുന്നോ ഗുളികയോ കഴിക്കാൻ തെയ്യക്കാരന് പറ്റാറില്ല. കാരണം പുലർച്ചെ ഇറങ്ങുന്ന തെയ്യം മുടിയെടുക്കുന്നത് മിക്കപ്പോഴും രാത്രിയിലാണ്. മൂന്നു നേരത്തേക്കുമുള്ള ഗുളികയും മരുന്നും ഒരുമിച്ച് കഴിക്കേണ്ടിവരും.
 
തെയ്യങ്ങളിൽ ഏറ്റവും കരുത്തുറ്റ പുരുഷസൗന്ദര്യമാണ് കതിവനൂർ വീരൻ. മുഖത്ത് മഞ്ചണ ചാർത്തി നാകം താഴ്ത്തിയെഴുതി വച്ചുകെട്ടി തെയ്യത്തെ മറ്റുള്ളവർ ഒരുക്കുന്നത് അത്രയും കൃത്യതയോടെയാണ്. ശരീരത്തിലെ ഓരോ കെട്ടും എത്രത്തോളം മുറുക്കാൻ കഴിയുമോ അത്രത്തോളം കെട്ടിമുറുക്കും എന്നാണ് വിനുപെരുവണ്ണാൻ പറയുന്നത്. പുലർച്ചെ നാലിന് തെയ്യം ഇറങ്ങിയാൽ സന്ധ്യസമയത്ത് തെയ്യം അവസാനിക്കുന്നതുവരെ ദൈവത്തിന്റെ ശോഭ കെട്ടുപോകരുത്. അതുകൊണ്ടാണ് ഇത്രയും ശക്തമായി കെട്ടിമുറുക്കുന്നത്. തലമൂർത്തിയിൽ  മകുടം എന്ന ചമയമാണ് മുടിവയ‌്ക്കുന്നതിനുമുമ്പായി വരിഞ്ഞുമുറുക്കി ഉറപ്പിക്കുന്നത്. അതിനുമുകളിലാണ് പൂക്കട്ടിയെന്ന മുടി വയ‌്ക്കുന്നത്. പേരുപോലെ മുടി പൂക്കട്ടിതന്നെയാണ്. അഞ്ച് കിലോയിൽ അധികം ചെക്കിപ്പൂ മുടിയിൽമാത്രമുണ്ട്. കട്ടി കൂടിയതും ഭാരമേറിയതുമായ വെളിമ്പനാണ് അരച്ചമയം. 
 
പെരുവിരലുമുതൽ തലമൂർത്തിവരെ മനുഷ്യന്റെ  എല്ലാ ചലനങ്ങളെയും തടയുംവിധമാണ് ശരീരത്തിലെ ബന്ധനങ്ങൾ. രക്തചംക്രമണം താറുമാറാകും. ശരീരമാസകലം മുറുക്കത്തിലുള്ള വച്ചുകെട്ടലുകളുമായി ഭക്ഷണംകഴിക്കാതെ തുടർച്ചയായി മലമൂത്രബന്ധനം നടത്തുന്ന തെയ്യക്കാരന്റെ ശരീരം കഠിനാവസ്ഥയിലൂടെയാണ‌്‌ കടന്നുപോകുന്നത്. മുടിയെടുത്ത് മോത്തെഴുത്ത് മായ്ച്ച് കഴിഞ്ഞാലും തെയ്യക്കാരന് മൂത്രമൊഴിക്കാൻ സാധിച്ചെന്നുവരില്ല. തെയ്യം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയാൽ എന്തൊക്കെയോ കഴിക്കണമെന്ന് തോന്നും. പക്ഷേ ഒന്നും കഴിക്കാനാകില്ല.  തിളച്ചുമറിയുന്ന കൊടുംതാപം മുഴുവൻ കുടിച്ചാണ് തെയ്യം ഭക്തന് കുളിർമ പകരുന്നത്. കുളിർമ കൊടുക്കൽ തെയ്യത്തിലെ ഒരു ചടങ്ങാണ്. 
സഞ്ചരിക്കാനാകാത്ത 
 
കണ്ടോന്താർ വിനുപെരുവണ്ണാൻ

കണ്ടോന്താർ വിനുപെരുവണ്ണാൻ

 

വൻമരങ്ങൾ 

 
ഓരോ തെയ്യക്കാരനും അവരവരുടെ ദേശത്തിന്റെ മണ്ണോർമകളിലെ ആഴങ്ങളിലേക്ക് വേരുകളാഴ്ത്തി പടർന്ന വൻമരങ്ങളാണ്. ഒരുദേശത്തിന്റെ  മണ്ണാഴങ്ങൾക്കും ആകാശവിസ്താരങ്ങൾക്കുമപ്പുറം തെയ്യക്കാരനില്ല. ക്ലാസിക്കൽ കലകളെയും ചലച്ചിത്രതാരങ്ങളെയും നാടെമ്പാടും ആഘോഷിക്കും. പക്ഷേ ഏതു പുകൾപെറ്റ തെയ്യക്കാരന്റെയും ഖ്യാതി സ്വന്തം ചുറ്റുവട്ടത്തിൽമാത്രമൊതുങ്ങും. കണ്ടോന്താർ വിനു പരുവണ്ണാനെയോ അച്ഛനെയും ഏട്ടനെയും കളിയാട്ടങ്ങൾക്ക് ബലി നൽകി ഇപ്രാവശ്യം രണ്ട് തവണ മേലേരിയെന്ന തീമലയിൽ ഒറ്റക്കോലമായി നീറിയ സജേഷ് പണിക്കരെയോ മാധ്യമങ്ങളൊന്നും അങ്ങനെ പാടിപ്പുകഴ്‌ത്താറില്ല.
 
ഒരിക്കൽ ഉത്തരമലബാറിലെ ഉശിരൻ തെയ്യക്കെട്ടുകാരനായിരുന്നു വെങ്ങര അനീഷ് പെരുവണ്ണാൻ. കൊടകറ് നാട്ടിൽനിന്ന‌് പുതുച്ചൊരമിറങ്ങി മലനാട്ടിലവതരിച്ച ദൈവമായി അനീഷ് പെരുവണ്ണാൻ വിളങ്ങിയ സമയത്താണ് വിനുപെരുവണ്ണാനും തെയ്യം കെട്ടാൻ തുടങ്ങുന്നത്. അനീഷിന്റെ കതിവനൂർ വീരന് പകരമായി മറ്റൊന്നില്ലായിരുന്നു. പക്ഷേ രോഗബാധയെ തുടർന്ന് ചെറുപ്പക്കാരനായ കോലക്കാരൻ കതിവനൂർ വീരൻ കെട്ടിൽനിന്ന‌് പിൻവാങ്ങുകയായിരുന്നു. അനീഷിന്റെ പിൻഗാമിയായാണ് വിനുപെരുവണ്ണാൻ യാത്ര തുടർന്നത‌്. മുപ്പത്തിനാല് വയസ്സിനുള്ളിൽ എത്രയോതവണ മന്നപ്പന്റെ കറുത്ത താടിയും മീശയുമണിഞ്ഞു. ഇരുമ്പുരുക്ക് സമം ചേർത്താണ് കണ്ടോന്താർ വിനുവിനെയും മഹേഷ‌്‌ മുത്തത്തിയെയുംപോലുള്ള കോലക്കാരെ നിർമിച്ചതെന്ന് അവരുടെ തെയ്യം കാണുന്നവർക്ക് തോന്നിപ്പോകും. പക്ഷേ കതിവനൂർ വീരന്റെ വലിയ തോറ്റം കഴിഞ്ഞതിന് ശേഷവും ഒറ്റക്കോലത്തിന്റെ മോത്തെഴുത്ത് പഴം ചേർത്ത് മായ്ച്ചതിന് ശേഷം അണിയറയിൽ ഒന്ന് കയറി നോക്കണം. ദൈവം ഉറപൊഴിച്ചിട്ട് ഉപേക്ഷിച്ച സർപ്പശരീരത്തിന്റെ ഒറ്റപ്പെടലും ശൂന്യതയും നൊമ്പരങ്ങളും അവിടെ കാണാം. അതിയടം കണ്ണപെരുവണ്ണാനും അതിയടം കുഞ്ഞിരാമൻപെരുവണ്ണാനും പിടിച്ച കൈവിളക്ക് നോക്കിയാണ് പെരിയ പെഴച്ചുപോകാതെ ഈ ചെറുപ്പക്കാരനും നടക്കുന്നത്. ഇനിയും എത്രയോ ദൂരം താണ്ടാനുണ്ട്. ഹരിനന്ദൻ, ശ്രീനന്ദൻ–- പത്തും ഏഴും വയസ്സുള്ള കുട്ടികളുടെ അച്ഛനാണ് വിനുപെരുവണ്ണാൻ. അമ്മ കല്യാണി, ഭാര്യ പ്രീജ.
 
രണ്ട് കുട്ടികൾക്കും ഉയർന്ന വിദ്യാഭ്യാസം നൽകണം. തെയ്യങ്ങളുടെ കഠിനപഥത്തിൽനിന്നുകൊണ്ട് ഒരച്ഛൻ സംസാരിക്കുകയാണ്. "എനിക്ക് നഷ്ടപ്പെട്ട വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കാതിരിക്കരുത്. ആരോഗ്യമനുവദിക്കുന്ന അത്രയുംകാലം മാങ്ങാട്ട് മന്നപ്പനായി ജീവിതപ്പൊയ്ത്തിനിറങ്ങും. എന്തെന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും തെയ്യമില്ലാത്ത ജീവിതമില്ല. കുട്ടികൾ വളർന്ന് പാകമായാൽ അവർക്കിഷ്ടമുണ്ടങ്കിൽ അവരെക്കൊണ്ട്  എല്ലാ തെയ്യവും കെട്ടിക്കും. അതിന് യാതൊരു സംശയവുമില്ല. സാമ്പത്തിക പ്രശ്‌നങ്ങൾ, ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സ്വന്തം മക്കളെ ഇതിൽനിന്ന‌് പിന്തിരിപ്പിക്കില്ല.'  
 
കതിവനൂർ വീരനായി ആയിരംവട്ടം ഉറഞ്ഞാടിയ അതിയടം കണ്ണപ്പെരുവണ്ണാന്റെ ചരിത്രമുണ്ട് ഈ ദേശത്തിന്. തന്റെ കുഞ്ഞു ശരീരത്തിന്റെ കാനനസീമകളിൽ മദപ്പെട്ട കരിയാനക്കൂട്ടത്തെ പോലെ കൊമ്പ്കുലുക്കിവന്ന ആയിരം വീരന്മാരെ ഒരൊറ്റ നോട്ടംകൊണ്ട് തളച്ചിട്ട വീരപുരുഷനായ അതിയടത്തോറ് ഇന്ന് നമ്മോടൊപ്പമില്ല. ആയിരത്തി ഒന്നാമത്തെ മദയാനയെയും തളയ‌്ക്കാനുള്ള ഇടം കണ്ടോന്താർ വിനുപെരുവണ്ണാന്റെ ശരീരമെന്ന തമാലവനത്തിലുണ്ട്.
പ്രധാന വാർത്തകൾ
 Top