10 August Monday

ഇന്നും പുതുമയോടെ മാർക‌്സ‌്

എ ശ്യാം shyamachuth@gmail.comUpdated: Sunday May 5, 2019

ഭൂതകാലത്തിന്റെ പ്രതിനിധിയാകാൻ വിസമ്മതിക്കുന്ന  മാർക‌്സിന‌് മനുഷ്യവംശത്തിന്റെ വിമോചനസ്വപ‌്നങ്ങളിൽ ഇപ്പോഴും ഇടമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ്  ‘അലയടിക്കുന്ന വാക്ക‌്’ എന്ന ഏറ്റവും പുതിയ പുസ്തകത്തിലൂടെ സുനിൽ പി ഇളയിടം ഇന്ന‌് കാൾ മാർക‌്സിന്റെ 201–-ാം ജന്മവാർഷികദിനം

 

കാൾ മാർക‌്സിന്റെ 201–-ാം ജന്മവാർഷികമാണ‌് ഇന്ന‌്. തന്റെ മുൻഗാമികളിലും സമകാലികരിലും പിൻഗാമികളിലും മാർക‌്സിനോളം ലോകത്തെ സ്വാധീനിച്ചിട്ടുള്ള ദാർശനികനോ രാഷ‌്ട്രീയ ചിന്തകനോ  ഇല്ല. ഇന്നും ലോകമെങ്ങും മാർക‌്സ‌് പുതിയ വായനകൾക്ക‌് പ്രേരണയാവുന്നു.  മാർക‌്സിനെ കുറിച്ച‌് ഇന്നും എഴുതപ്പെടുന്നു. മുതലാളിത്തത്തിന്റെ ഉരുക്കുകോട്ടകളിലും മാർക‌്സ‌് എന്ന നാമം ഉച്ചരിക്കപ്പെടാതെ ദിവസം കടന്നുപോവുന്നില്ല. നമ്മുടെ മലയാളത്തിലും രാഷ‌്ട്രീയവും കലയും സാഹിത്യവുമടക്കം സമസ‌്ത മണ്ഡലങ്ങളിലും മാർക‌്സിനോളം പ്രഭാവം ചെലുത്തുന്നവരില്ല. മാർക‌്സിന്റെ ചിന്തകളുടെ സ്വാധീനത്തിൽ എത്രയെത്ര പുസ‌്തകങ്ങൾ പുതിയതായി വായനക്കാരിലെത്തുന്നു. ഈ നിരയിൽ ഏറ്റവും ശ്രദ്ധേയമായതാണ‌് ഡോ. സുനിൽ പി ഇളയിടത്തിന്റെ പുതിയ കൃതിയായ ‘അലയടിക്കുന്ന വാക്ക‌്’. ഡി സി ബുക‌്സാണ‌് പ്രസാധകർ.

മാർക‌്സിസത്തെ കുറിച്ച‌് ഡോ. ഇളയിടത്തിന്റെ രണ്ടാമത്തെ പുസ‌്തകമാണിത‌്. ‘വീണ്ടെടുപ്പുകൾ: മാർക‌്സിസവും ആധുനികതാവിമർശനവും’ എന്ന കൃതി 2013ൽ കേരള ശാസ‌്ത്രസാഹിത്യ പരിഷത്താണ‌് പ്രസിദ്ധീകരിച്ചത‌്. അഞ്ച‌് മാസത്തിനകം ആദ്യപതിപ്പ‌് പൂർണമായും വായനക്കാർ ഏറ്റെടുത്ത ആ കൃതിയിൽ മുതലാളിത്തം, മൂലധനാധിനിവേശം എന്നിവയുടേതെന്നപോലെ പാശ‌്ചാത്യ ആധുനികതയുടെയും വിമർശനദൗത്യമാണ‌് മാർക‌്സിസം നിർവഹിക്കുന്നത‌് എന്നാണ‌് സ്ഥാപിക്കുന്നത‌്. ഒരു പതിറ്റാണ്ടോളം കാലത്തിനിടയിൽ എഴുതപ്പെട്ട പ്രബന്ധങ്ങളും ലേഖനങ്ങളുമാണ‌് അതിലെ ഉള്ളടക്കം. അതിന്റെ പ്രസാധനത്തിന‌് ശേഷമുള്ള നാലഞ്ച‌് വർഷങ്ങളിലെ പഠനങ്ങളും പ്രബന്ധങ്ങളും അടങ്ങുന്നതാണ‌് ‘അലയടിക്കുന്ന വാക്ക‌്’.

ഭൂതകാലത്തിന്റെ പ്രതിനിധിയാകാൻ വിസമ്മതിച്ചുകൊണ്ടേയിരുന്ന മാർക‌്സിന‌് മനുഷ്യവംശത്തിന്റെ വിമോചനസ്വപ‌്നങ്ങളിൽ മറ്റാരെക്കാളും ഇപ്പോഴും ഇടമുണ്ട‌് എന്ന‌് ഇതിന്റെ ആമുഖത്തിൽ ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. ആറുവീതം പഠനങ്ങളടങ്ങുന്ന രണ്ട‌് ഭാഗങ്ങളായാണ‌് ഈ കൃതി ഒരുക്കിയിരിക്കുന്നത‌്. ആദ്യഭാഗത്ത‌് സവിശേഷ പ്രമേയങ്ങളെ  മുൻനിർത്തി മാർക‌്സിസത്തിന്റെ ദാർശനികപ്രഭാവം വ്യക്തമാക്കുമ്പോൾ രണ്ടാംഭാഗത്ത‌് മാർക‌്സിസത്താൽ പ്രചോദിതരായി രാഷ‌്ട്രീയ–-ധൈഷണിക–-കലാ രംഗങ്ങളെ സമ്പന്നമാക്കിയ ആറ‌് വ്യക്തിത്വങ്ങളുടെ സംഭാവനകളെ വിലയിരുത്തുന്നു.
 
മാർക‌്സിന്റെ രചനാജീവിതം പരിശോധിക്കുന്നതാണ‌് ഒന്നാംഭാഗത്തിലെ ആദ്യ ലേഖനം. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങൾ വീണ്ടും ചർച്ചയായ വർത്തമാനകാലത്ത‌് മലയാളി വായനക്കാർ ഏറ്റവും പ്രസക്തമായി കാണാനിടയുള്ള പ്രബന്ധമാണ‌് രണ്ടാമത്തേത‌്. മാർക‌്സ‌്/അംബേദ‌്കർ: സംവാദങ്ങൾ, വിനിമയങ്ങൾ എന്ന ഈ പ്രബന്ധം ഡോ. ഇളയിടം നടത്തിയ ഒരു പ്രഭാഷണത്തിന്റെ ലിഖിതരൂപമാണ‌്. ഫാബിയൻ സോഷ്യലിസത്തിന്റെ സ്വാധീനത്തിലായിരുന്ന അംബേദ‌്കർ കമ്യൂണിസത്തോട‌് ശത്രുതാപരമല്ലാത്ത സമീപനമാണ‌് പുലർത്തിയതെന്ന‌് ഈ പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നു. പൂർത്തിയാക്കാൻ കഴിയാതെപോയ ഒരു കൃതിയിൽ അംബേദ‌്കർ ഇന്ത്യയിൽ കമ്യൂണിസം നടപ്പാക്കുന്നതിലെ തടസങ്ങൾ സൂചിപ്പിക്കുന്നുണ്ട‌്. ഈ തടസങ്ങൾ നീക്കംചെയ്യപ്പെടണം എന്ന‌് അംബേദ‌്കർ ആഗ്രഹിച്ചതുകൊണ്ടാണ‌് അത‌് ചർച്ചചെയ്യാൻ അദ്ദേഹം തയ്യാറായത‌്. ജാതിയാണ‌് കമ്യൂണിസത്തിനാവശ്യമായ വർഗബോധത്തിന‌് പ്രധാന തടസമായി അംബേദ‌്കർ കണ്ടത‌്. അംബേദ‌്കർ സ്ഥാപിച്ച ഇൻഡിപെൻഡന്റ‌് ലേബർ പാർടിയുടെ കൊടി ചുവപ്പുനിറത്തിലായിരുന്നു എന്നും സ‌്റ്റാലിൻ മരിച്ചദിവസം അദ്ദേഹം ഉപവാസമനുഷ‌്ഠിച്ചതായുള്ള വിവരവും ഈ പ്രബന്ധത്തിൽ പങ്കുവയ‌്ക്കുന്നു. 
 
മൂലധനത്തിന്റെ ചരിത്രജീവിതം എന്ന അധ്യായത്തിൽ തന്റെ ഏറ്റവും പ്രധാനകൃതി എഴുതുന്നതിൽ മാർക‌്സ‌് സഹിച്ച പ്രയാസങ്ങളും പ്രസിദ്ധീകരണാനന്തരം ആദ്യ വർഷങ്ങളിലുണ്ടായ നിരാശയും പിന്നീട‌് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച‌് റഷ്യയിൽ ആ കൃതിക്കുണ്ടായ വൻ സ്വീകാര്യത പകർന്ന ആവേശവുമെല്ലാം വിവരിക്കുന്നു. 
രണ്ടാം ഭാഗം ചെ ഗെവാരയടക്കം ആറു പ്രതിഭകളെ കുറിച്ചുള്ളതാണ‌്. അതിൽ ഏറ്റവും ശ്രദ്ദേയം ജന്മശതാബ‌്ദിവർഷങ്ങളിൽ പോലും അധികമാരാലും ഓർമിക്കപ്പെടാതെ പോയ രണ്ട‌് വ്യക്തിത്വങ്ങളെ കുറിച്ചാണ‌്. ഒരാൾ മൗലികമായ ചിന്തയാലും അസാമാന്യമായ പണ്ഡിത്യത്താലും കേരളമാർക‌്സ‌് എന്ന‌് വിശേഷിപ്പിക്കപ്പെട്ട കെ ദാമോദരൻ.  ഇന്ത്യൻ വിപ്ലവകലയുടെ മുഖമായിരുന്ന ചിത്തപ്രസാദ‌് ഭട്ടാചാര്യയാണ‌് രണ്ടാമത്തെയാൾ. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും വരെ ചിത്തപ്രസാദിന്റെ രചനകൾ ഏറെ ശ്രദ്ദേയമായി പ്രദർശിപ്പിക്കപ്പെട്ടപ്പോഴും ഇന്ത്യയിൽ അദ്ദേഹം അവഗണിക്കപ്പെട്ടതിന്റെ വേദന പങ്കുവയ‌്ക്കുന്നു. ചെക്കോസ്ലാവാക്യൻ സംവിധായകൻ പാവെൽ ഹോബെൽ ചിത്തപ്രസാദിനെ കുറിച്ച‌് ഒരു സിനിമ നിർമിച്ചിട്ടുണ്ട‌്. അത്ര പ്രശസ‌്തനായ ഒരു പ്രതിഭയാണ‌് സ്വന്തംനാട്ടിൽ വിസ‌്മൃതനായി ഒടുങ്ങിയത‌്.
 
ജോൺ ബെർജർ, ഹെന്റി ലെഫെവ‌്ർ, ടെറി ഈഗിൾടൺ എന്നിവരും ഈ ഭാഗത്ത‌് അനുസ‌്മരിക്കപ്പെടുന്നു. ഇത്തരത്തിൽ മാർക‌്സിന്റെയും മാർക‌്സിസത്താൽ പ്രചോദിതരായ ചില പ്രതിഭകളുടെയും സംഭാവനകളെ പുതിയ വെളിച്ചത്തിൽ പരിചയപ്പെടുത്തുന്നു ഈ കൃതി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top