26 May Tuesday

കഥപോലെ അൻസാരിയും ഒരജ്ഞാത സുഹൃത്തും

എസ്‌ ഗോപാലകൃഷ്‌ണൻUpdated: Sunday Apr 5, 2020

അയാൾ ഒരു സൈക്കിൾ റിക്ഷക്കാരനാണ്. അയാൾ ആളുകളെ ചുമന്നത്ര ചുമന്നവർ ഈ പുരാനി ദില്ലിയിൽ തുലോം കുറവാണ്. അമ്പതുകൊല്ലമായി റിക്ഷ വലിക്കുന്ന ആൾ. അയാളുടെ വലിവിൽ എത്ര പേർ ഇന്റർവ്യൂവിന് കൃത്യസമയത്ത് എത്തി! അയാളുടെ വലിവിൽ എത്ര ഗർഭിണിമാർ ആശുപത്രിയിലെത്തി! അയാളുടെ വലിവിൽ എത്ര കള്ളക്കടത്തുകാർ സ്വർണം ഉദ്ദേശിച്ചിടത്തെത്തിച്ചു! എത്ര ഗാന്ധിയന്മാർ രാജ്‌ഘട്ടിലും ഗാന്ധിസ്‌മൃതിയിലും എത്തി!

 

കോവിഡ്–-19 രോഗബാധ ചെറുക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ഇരുപത്തിയൊന്നു ദിവസത്തെ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതിനും രണ്ടു ദിവസം മുമ്പാണ് ഞാൻ അൻസാരിയെ കാണുന്നത്. കണ്ടപ്പോൾ അയാൾ നാലു ചതുരശ്രമീറ്റർ വലുപ്പമുള്ള കുടുസ്സുമുറിയിൽ ഒരു കസേരയിൽ കൂനിക്കൂടി ഇരിപ്പുണ്ടായിരുന്നു, പഴയ ഒരു മെലിഞ്ഞ ചാക്ക് ചാരിവച്ചതുപോലെ. അൻസാരിയെ എനിക്ക് കുറേ വർഷങ്ങളായി അറിയാം. അയാൾ ഒരു സൈക്കിൾ റിക്ഷാക്കാരനാണ്. അയാൾ ആളുകളെ ചുമന്നത്ര ചുമന്നവർ ഈ പുരാനി ദില്ലിയിൽ തുലോം കുറവാണ്. അമ്പതുകൊല്ലമായി റിക്ഷാ വലിക്കുന്ന ആൾ. അയാളുടെ വലിവിൽ എത്ര പേർ ഇന്റർവ്യൂവിന് കൃത്യസമയത്ത് എത്തി! അയാളുടെ വലിവിൽ എത്ര ഗർഭിണിമാർ ആശുപത്രിയിൽ എത്തി! അയാളുടെ വലിവിൽ എത്ര കള്ളക്കടത്തുകാർ സ്വർണം ഉദ്ദേശിച്ചിടത്തെത്തിച്ചു! എത്ര ഗാന്ധിയന്മാർ രാജ്‌ഘട്ടിലും ഗാന്ധിസ്മൃതിയിലും എത്തി! അത്രയുംപേർ ആ മെലിഞ്ഞ മനുഷ്യനെ മറന്നു. അയാളും പൊതുവേ ആരെയും ഓർക്കാറില്ല. ഉപജീവനത്തിന്റെ ഓർമപ്പട്ടിക വേറേ തരത്തിലാണല്ലോ പ്രവർത്തിക്കുന്നത്.

ഇപ്പോൾ അയാൾ പാർക്കുന്നത് ഞങ്ങൾ ഡൽഹിയിൽ താമസിക്കുന്നതിനടുത്തുള്ള ഒരു ചേരിയിലാണ്. ഭാര്യയും മകനും മകന്റെ കുടുംബവും ആ ഒറ്റ മുറിയിൽ. കൊറോണയെ നേരിടാൻ ഡൽഹി നഗരം സ്വയം കതകടച്ച് അകത്തുകഴിയുമ്പോൾ അൻസാരിയും കുടുംബവും എന്തുചെയ്യുന്നു എന്നറിയാൻ പോയതാണ് ഞാൻ. അയാളുടെ താടി കൂടുതൽ നരച്ചിരിക്കുന്നു. പണ്ട് ഇത്രയും കൂനില്ലായിരുന്നു. അന്നും ഇന്നും പുകവലിയുണ്ട്. എത്ര പറഞ്ഞാലും നിർത്തില്ല. റിക്ഷാക്കാരന് പറ്റിയതല്ല പുകവലി എന്നു ഞാൻ ഒരിക്കൽ പറഞ്ഞപ്പോൾ ‘ജീവിതം തന്നെ റിക്ഷാക്കാരന് പറ്റിയതല്ല' എന്നയാൾ മറുപടി പറഞ്ഞു. അതിൽപ്പിന്നെ അയാളോട് പുകവലിയെക്കുറിച്ച് ഞാൻ മിണ്ടിയിട്ടില്ല.

ബീഡി ചുണ്ടിൽനിന്നു മാറ്റി അൻസാരി എഴുന്നേറ്റു. എന്നോട് ‘നമസ്‌തേ' പറഞ്ഞു...എന്നിട്ട് ‘കൊറോണാ അല്ലേ, തൊടണ്ട' എന്നും കൂട്ടിച്ചേർത്തു. 
 
എസ്‌ ഗോപാലകൃഷ്‌ണൻ

എസ്‌ ഗോപാലകൃഷ്‌ണൻ

ഞാൻ ചോദിച്ചു: ‘‘പണിയൊന്നുമില്ലല്ലോ, എങ്ങനെപോകുന്നു കാര്യങ്ങൾ?'’
 
ലോകചരിത്രത്തെ മുഴുവൻ നിരസിക്കുമ്പോലെയുള്ള പരിഹാസമുദ്ര പതിഞ്ഞ ഒരു ചിരി അയാൾ സമ്മാനിച്ചു. എന്നിട്ടു പറഞ്ഞു:
 
‘"കുഴപ്പമില്ല...ഈ കാലവും വഴിമാറും. ഇന്നലെയായിരുന്നു മകന്റെ മകന് കോളേജ് അഡ്മിഷന് പണമടയ്‌ക്കേണ്ട ദിവസം. മകൻ കള്ളുകുടിച്ച് വീട്ടുകാരെ തിരിഞ്ഞു നോക്കാതെ നടക്കുന്നു. പക്ഷേ, നിങ്ങൾക്കറിയാമോ, എനിക്ക് വയ്യാതാകുമ്പോൾ, പണി ഇല്ലാതാകുമ്പോൾ, കുഞ്ഞുങ്ങൾക്ക് ഫീസ് കൊടുക്കേണ്ടിവരുമ്പോൾ എന്നെ കൃത്യമായി സഹായിക്കുന്ന ഒരാളുണ്ട്. പത്തുകൊല്ലങ്ങൾക്കു മുമ്പ്‌ അയാളുടെ കുഞ്ഞിന് എന്തോ അസുഖം കൂടുതലായപ്പോൾ എൽഎൻജെപി (ലോക് നായക് ജയപ്രകാശ് നാരായൺ) ആശുപത്രിയിൽ കൊണ്ടുവിട്ട നാൾമുതൽ തുടങ്ങിയ ബന്ധമാണ്. കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുവിട്ടതിന് രണ്ടു ദിവസത്തിനുശേഷം അദ്ദേഹം എന്നെ കാണാൻ വന്നു. കെട്ടിപ്പിടിച്ച് കരഞ്ഞിട്ട് പറഞ്ഞു, ‘നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എന്റെ കുട്ടി മരിച്ചു പോകുമായിരുന്നു'.
 
രണ്ടു ദിവസം മുമ്പ്‌ അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു. അയ്യായിരം രൂപ ഒരു കവറിലിട്ട് തന്നിട്ടുപോയി. വീട്ടിൽ കയറിയതുപോലുമില്ല. കൂടെ കുറെ അരിയും ഉരുളക്കിഴങ്ങും ഉള്ളിയും പരിപ്പും.
 
അൻസാരിയോട് എനിക്ക് തിരിച്ചൊന്നും പറയാനില്ലായിരുന്നു. എങ്കിലും ഞാൻ ചോദിച്ചു: ആട്ടെ, അദ്ദേഹത്തിന്റെ പേരെന്താണ് ?'
 
അൻസാരി എന്നെ യാത്രയാക്കിക്കൊണ്ടു പറഞ്ഞു:
 
"അള്ളായാണെ സത്യം , എനിക്കറിയില്ല. പത്തുകൊല്ലമായിട്ടു ഞാൻ ചോദിക്കുകയാണ്. അദ്ദേഹം പറയും ‘അറിഞ്ഞിട്ടു എന്താണ് കാര്യം ?'
 
ഒരിക്കൽ നിർബന്ധിച്ചപ്പോൾ അയാൾ ബൈബിളിലെ ഒരു വാചകം എന്നോടു പറഞ്ഞു :
 
"ഒരാൾക്ക് ഒരു സഹായം ചെയ്യുമ്പോൾ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് ’
  
എന്റെ വലതു കൈ പൊള്ളിയതുപോലെ തോന്നി. തിരികെ വീട്ടിലെത്തി ഞാൻ മത്തായിയുടെ സുവിശേഷം 6:3 വായിക്കാനായി തെരഞ്ഞു. ആ പേജ് കീറിപ്പോയിരുന്നു.
പ്രധാന വാർത്തകൾ
 Top