27 February Thursday

കഥാലയക്കുറിപ്പുകള്‍

മോബിൻ മോഹൻUpdated: Sunday Jan 5, 2020

മോബിൻ മോഹൻ

ഫെയ്‌സ്ബുക്കിന്റെ ഇൻബോക്സിൽ ‘സാറേ ’ എന്നു വിളിച്ച് ഇനി വരില്ലെങ്കിലും എന്റെ ഫ്രണ്ട് ലിസ്റ്റിൽ അമലുണ്ട്. ഓരോ പിറന്നാളും ഓരോ തവണയും നോട്ടിഫിക്കേഷനായി എത്തും. അപ്പോഴൊക്കെ ഇരുപുറങ്ങളിലായി എഴുതപ്പെട്ട ആ കുറിപ്പ് ഞാൻ തേടിയെടുക്കും

 

കഴിഞ്ഞ ദിവസം അമലിന്റെ പിറന്നാളായിരുന്നു. പിറന്നാൾ ദിനങ്ങൾ അങ്ങനെ ഓർമിക്കുന്ന പതിവൊന്നുമില്ല. പക്ഷേ ഇപ്പോൾ നമ്മുടെ ഓർമച്ചില്ലകളെ കൃത്യമായ ഇടവേളകളിൽ തഴുകിയുലയ്‌ക്കുന്നത്‌ ഫെയ്‌സ്ബുക്കാണല്ലോ. നോട്ടിഫിക്കേഷൻ വന്നപ്പോൾ ഉള്ള്‌ വീണ്ടുമൊന്ന് പൊള്ളി.

കലാലയ അധ്യാപക ജീവിതമാണ് എന്നിലെ കഥാകാരന് പുതിയ ആകാശങ്ങൾ കാട്ടിത്തന്നത്. സാധാരണക്കാരായ കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും കുട്ടികൾ പഠിക്കുന്ന ആ കലാലയത്തിലെ ഓരോ മനുഷ്യനും തീക്ഷ്‌ണമായ ജീവിതാനുഭവങ്ങളുടെ ഉറവകളായിരുന്നു.ഓരോരുത്തർക്കും ഓരോ കഥകൾ. കലാലയം എന്നെ സംബന്ധിച്ച് കഥാലയം തന്നെയായിരുന്നു. കഥാലയ സ്‌മരണകളിൽ അമലിന്റെ മുഖം എങ്ങനെ മറക്കാനാവും. അവന്റെ മാത്രമല്ല ജിനേഷിന്റെയും.

എന്റെ നാട്ടുകാരാണെങ്കിലും അമലുമായി കൂടുതൽ അടുക്കുന്നത് അവന്റെ മൂന്നാം വർഷ ബി കോം ക്ലാസിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകനായി എത്തിയതിന് ശേഷം. പഠനത്തിൽ അത്ര മിടുക്കനൊന്നുമല്ലെങ്കിലും ഹൃദ്യമായ പെരുമാറ്റം കൊണ്ട്  അധ്യാപകർക്കെല്ലാം അവനെ വലിയ കാര്യമായിരുന്നു. അവനെ മാത്രമല്ല, അവന്റെ നിഴൽ പോലെ എപ്പോഴും കൂടെയുള്ള  കൂട്ടുകാരൻ ജിനേഷിനെയും.
 
അധ്യയനവർഷത്തിന്റെ അവസാനക്ലാസുകളിൽ എല്ലാ കുട്ടികളെക്കൊണ്ടും അവരുടെ കലാലയ അനുഭവങ്ങളെപ്പറ്റി ഞാൻ കുറിപ്പ് എഴുതിച്ചു. എല്ലാവരുടെയും കൈയിൽനിന്ന് കുറിപ്പുകൾ വാങ്ങി എണ്ണുമ്പോൾ ഒരെണ്ണം കുറവ്. അപ്പോഴാണ് ഞാനറിഞ്ഞത് അമലും ജിനേഷും ഒരു കടലാസിന്റെ ഇരുപുറത്തുമായിട്ടാണ് എഴുതിയത് എന്ന്. ഇരുവരും തമ്മിൽ അത്രമേൽ ഗാഢസൗഹൃദമായിരുന്നു. എപ്പോഴും ഒന്നിച്ച്...
 
പഠനശേഷം ഒരു ചെറിയ ജോലിയുമായി ബന്ധപ്പെട്ട് അമൽ എറണാകുളത്ത്‌ പോയി. ജിനേഷാകട്ടെ ചെറിയ ചെറിയ പണികളൊക്കെയായി നാട്ടിലും കൂടി. എങ്കിലും ഫെയ്‌സ്ബുക്കിലൂടെയും ഫോൺ കോളുകളിലൂടെയും രണ്ടുപേരുടേയും സ്‌നേഹസാന്നിധ്യം ഞാൻ അനുഭവിച്ചു.
 
ഒരു നാൾ പതിവില്ലാത്ത ഒരു സമയത്ത് ജിനേഷ് എന്നെ വിളിച്ചു. “സാറേ’’എന്ന് അങ്ങേത്തലയ്‌ക്കൽ മുഴങ്ങിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി ആ വാക്കിന് പിന്നിൽ ദുഃഖവും ഭീതിയും ചേർന്ന് ഒരു തടയണ തീർത്തിട്ടുണ്ടെന്ന്. “എന്ത് പറ്റീടാ’’, എന്റെ ചോദ്യത്തിന് പിന്നാലെ അത് പൊട്ടിയൊഴുകി. എന്റെ കാതുകൾ മരവിച്ചു.
“സാറേ നമ്മുടെ അമല് പോയി’’          
എറണാകുളത്തെ ഒരു ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ ഒരു വാഹനം അവന്റെ ജീവൻ കവർന്നെടുക്കുകയായിരുന്നു. ജീവൻ മാത്രമല്ല ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നവും എല്ലാം...
അവന്റെ ചേതനയറ്റ ശരീരം വീട്ടിലേക്ക്‌ കൊണ്ടുവരുമ്പോൾ ഹൃദയം പൊട്ടുമാറ് ഒരു ഗ്രാമം തേങ്ങി. താങ്ങാവുന്നതിനപ്പുറമുളള വേദനയേറ്റ് മാനസികനിലയാകെ ചിതറിയ അവന്റെ അമ്മയുടെ മുഖത്തേക്ക്‌ ഒറ്റത്തവണയേ ഞാൻ നോക്കിയുളളൂ. എന്തൊക്കെയോ പതം പറഞ്ഞ് ഒരു പാവയെപ്പോലെ അവർ മകന്റെ ചാരത്തിരുന്നു.
മാതാപിതാക്കളും കാരണവൻമാരും ജീവിച്ചിരിക്കുന്നത് കൊണ്ട് ശരീരം ദഹിപ്പിക്കാറില്ല. അതുകൊണ്ട് അവൻ ഓടിക്കളിച്ച തൊടിയിലെ പ്ലാവിൽ ചോട്ടിലെ മണ്ണ് അവനെ നെഞ്ചോട് ചേർക്കാൻ ഒരുങ്ങി.
 
“അവസാനമായി  ആരേലും കാണാനുണ്ടോ?’’
 
ജനക്കൂട്ടത്തോടുളള പുരോഹിതന്റെ ചോദ്യം കേട്ടപാടെ ഒരു വെളിപാടുണ്ടായപോലെ തന്നിലുണ്ടായിരുന്ന കരുതലിന്റെ കൈത്താങ്ങുകളെല്ലാം വിടുവിച്ച് അമ്മ അകത്തേക്ക്‌ ഓടി. എല്ലാവരും അമ്പരപ്പോടെ നോക്കി നിൽക്കേ മുറിയിലെ അലമാരയിൽ നിന്നും ഒരു ജോടി പുതിയ ഷൂസുമായി അവർ വന്നു. അവൻ ഏറെ ആഗ്രഹിച്ചിരുന്ന ആ ഷൂസ് ഒരു അപ്രതീക്ഷിത സമ്മാനമായി നൽകുവാൻ അമ്മ കരുതിവച്ചതാണ്. പക്ഷേ അതേറ്റുവാങ്ങാൻ.....?
 
“അവനെ ഇതണിയിച്ച് പറഞ്ഞയക്കണം’’
              
അമ്മയുടെ ആവശ്യത്തിന് മുന്നിൽ ഒരു നിമിഷം അവിടം നിശ്ശബ്ദമായി. പാദുകങ്ങൾ അണിയിച്ച് സംസ്‌കരിക്കുന്ന രീതിയില്ലല്ലോ. പക്ഷേ അമ്മയ്‌ക്ക്‌ മകന്റെ മേലുളള വാത്സല്യത്തിന് മേൽ, അമ്മയുടെ വേദനയ്‌ക്കുമേൽ എന്ത് ആചാരം? എന്ത് കീഴ്‌വഴക്കങ്ങൾ? അമ്മ വാങ്ങിയ ഷൂസണിഞ്ഞുകൊണ്ട് തന്നെ അവൻ യാത്രയായി.
 
അമലിന്റെ മരണം വരുത്തിയ ശൂന്യത ഏറ്റവുമധികം ബാധിച്ചവരിലൊരാൾ  പ്രിയ കൂട്ടുകാരൻ ജിനേഷായിരുന്നു. ആ ശൂന്യതയിൽ അവൻ ജീവിതത്തിലെടുത്ത പല തീരുമാനങ്ങളും വലിയ തെറ്റുകളായി. ഒടുവിൽ ജീവിതം അവസാനിപ്പിക്കാമെന്നെടുത്ത തീരുമാനവും. അമലും ജിനേഷും ഇന്നും ജീവിതത്തിലെ രണ്ട് ദുഃഖബിന്ദുക്കളാണ്.
 
ഫെയ്‌സ്ബുക്കിന്റെ ഇൻബോക്‌സിൽ ‘സാറേ ’ എന്നു വിളിച്ച് ഇനി വരില്ലെങ്കിലും എന്റെ ഫ്രണ്ട് ലിസ്റ്റിൽ അമലുണ്ട്. ഓരോ പിറന്നാളും ഓരോ തവണയും നോട്ടിഫിക്കേഷനായി എത്തും. അപ്പോഴൊക്കെ ഇരുപുറങ്ങളിലായി എഴുതപ്പെട്ട ആ കുറിപ്പ് ഞാൻ തേടിയെടുക്കും. തിരിച്ചും മറിച്ചും പലതവണ വായിച്ച് തിരികെ വയ്‌ക്കും. ഒരാണ്ടിന്റെ കൃത്യമായ ഇടവേളയിൽ ആ കുറിപ്പ് എന്നെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കും.
പ്രധാന വാർത്തകൾ
 Top