17 November Sunday

ട്ടാവട്ടക്കവല വരികളിലെ തീപ്പൊരി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

മനുഷ്യനെ മറ്റ് ജന്തുക്കളിൽനിന്നും വേർതിരിക്കുന്ന പ്രത്യേകത അവന് ചിരിക്കാൻ കഴിയുന്നുവെന്നതുതന്നെയാണ്. പുഞ്ചിരിച്ചുപോയാൽ ഞാൻ മനുഷ്യനായിപ്പോകുമെന്നും, മനുഷ്യനായാൽ, കാപട്യം നിറഞ്ഞ ഈ ലോകത്ത് മനുഷ്യനായി ജീവിക്കുക പ്രയാസമാണെന്നും ഉള്ള യാഥാർഥ്യം ‘സന്ദേഹ'ത്തിൽ തുറന്നെഴുതുന്നു

ആധുനികോത്തര കവിത  ആശയങ്ങളുടെ ചെറുതും വലുതുമായ വിസ്‌ഫോടനങ്ങളാണ്. പതിവുവഴികളിൽനിന്ന്‌ വ്യതിചലിച്ച് സഞ്ചരിക്കുന്ന പഥികനും ലക്ഷ്യസ്ഥാനമുണ്ട്. ട്ടാവട്ടക്കവലയിൽനിന്നുകൊണ്ട് കീഴാറൂർ സുകു എന്ന കവി സ്വയം ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ കാണുന്ന കാഴ്‌ചകളുടെ പരിണാമസന്ധികളെ വായനക്കാരനുമുന്നിൽ തുറന്നിടുകയാണ് ഈ കവിതാപുസ്‌തകം. കണ്ടുമറന്ന കവലയിലെ നിത്യപരിചിതരായ ഗ്രാമവാസികളെ തയ്യൽക്കടമുതൽ വായനശാലവരെ, ബാർബർഷോപ്പുമുതൽ സിനിമാടാക്കീസുവരെ. നിത്യവും അരങ്ങേറുന്ന സംഭവങ്ങളെ ലളിതപദങ്ങളിലൂടെ ആവിഷ്‌കരിക്കുന്നു ആദ്യകവിത ട്ടാവട്ടക്കവല. പി കെ രാജശേഖരൻ അവതാരികകൊണ്ടലങ്കരിച്ച സമാഹാരത്തിൽ 30 കവിതകൾ.

മനുഷ്യനെ മറ്റ് ജന്തുക്കളിൽനിന്ന്‌ വേർതിരിക്കുന്ന പ്രത്യേകത അവന് ചിരിക്കാൻ കഴിയുന്നുവെന്നതുതന്നെയാണ്. പുഞ്ചിരിച്ചുപോയാൽ ഞാൻ മനുഷ്യനായിപ്പോകുമെന്നും, മനുഷ്യനായാൽ, കാപട്യം നിറഞ്ഞ ഈ ലോകത്ത് മനുഷ്യനായി ജീവിക്കുക പ്രയാസമാണെന്നും ഉള്ള യാഥാർഥ്യം ‘സന്ദേഹ'ത്തിൽ തുറന്നെഴുതുന്നു. കവിതയുടെ വരവ് അമ്മയുടെ വാക്കുപോലെയും പ്രിയതമയുടെ നോക്കുപോലെയും, ചെയുടെ തോക്കുപോലെയുമാണെന്ന് കവി സമർഥിക്കുന്നു. (കവിത വരുന്നത്).   നിയമം പലപ്പോഴും പ്രാവച്ചമ്പലത്തിനപ്പുറവും ഇപ്പുറവുമുള്ള ‘നേമം' ആകുന്നുവെന്നും പലപ്പോഴും കുഞ്ഞനൗസേപ്പ് പറഞ്ഞ മാതിരി നിയമം ബധിരാന്ധമൂകനാണെന്നും കവി സൂചിപ്പിക്കുന്നു (കാഴ്ചപ്പാട്).

നുറുങ്ങ് കവിതകളിലെ ഉപഹാസം ശ്രദ്ധിക്കുക. അച്ഛൻ മരിച്ചപ്പോൾ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിന് എത്ര ലൈക്കാണ് കിട്ടിയതെന്ന സുഹൃത്തിന്റെ ചോദ്യം മലയാളികളെ ലജ്ജിപ്പിക്കുന്നു. ആധുനിക തലമുറയുടെ മുറയില്ലാക്കാഴ്ചയെയും വിവരമില്ലായ്‌മയെയും കളിയാക്കുന്ന ‘പുതിയ ത്രിത്വം' സമകാലജീവിതാവസ്ഥയെ ചൂണ്ടുന്ന ‘ഹാഫ്/ബീഫ്/പൊറാട്ട'യാകുന്നു. കുടുംബബന്ധങ്ങളിൽ ഭർത്താവ് എടിഎം കാർഡും ഭാര്യ ഒരു വീട്ടുപകരണവുമാകുന്ന ഇന്നത്തെ ദയനീയാവസ്ഥ.  

അധോമണ്ഡലഗുമസ്‌തനെ കുറ്റിയിൽ കെട്ടിയിട്ട സാധുപശുവുമായി സാമ്യപ്പെടുത്തുന്നു. മേലുദ്യോഗസ്ഥന്റെ സമ്മർദങ്ങളിൽപെട്ട് പുല്ലില്ലാത്ത ഇടങ്ങളിൽ മേയാൻ വിധിക്കുന്ന ഈ സാധു മനുഷ്യമൃഗത്തിന് അറവുകാരന്റെ കത്തിയായി വീഴുന്ന ‘അടുത്തൂൺ' സർവീസ് ചട്ടങ്ങളിൽനിന്ന്‌ മുക്തമായി വേദനിക്കാതെ മരിക്കാമെന്നുള്ള അവസ്ഥയായിക്കണ്ട് കവി സ്വയം ആശ്വസിക്കുന്നു.
 
   നിറം എന്ന കവിതയിൽ അമ്മയുടെയും അച്ഛന്റെയും നിറവ്യത്യാസത്തെ കവി ഇങ്ങനെ കവിതയിലാക്കുന്നു:
അമ്മ
വെളുവെളേ വെളുത്തിട്ടാണ്
വെന്തുവെന്തു നീറീട്ടാണ്
അച്ഛൻ
കറുകറെ കറുത്തിട്ടാണ്
കനലായിരുന്നപ്പോൾ
കണ്ണീർവീണു കുതിർന്നിട്ടാണ്
 
  ക്വിസ് മാസ്റ്ററും കുട്ട്യോളും എന്ന കവിത ഇങ്ങനെ:  എ കെ ജിയെ കണ്ടിട്ടുണ്ടോ/ ഇല്ലാ എൽകെജി എന്ന്‌ കേട്ടിട്ടുണ്ട് / ഇ എം എസിനെ കേട്ടിട്ടുണ്ടോ/ ഇല്ല എസ്എംഎസ് എന്ന്‌ കേട്ടിട്ടുണ്ട്/ ഗാന്ധിജിയെ കേട്ടിട്ടുണ്ടോ അത് ഗോഡ്സെയുടെ ഏതോ ബന്ധു. 
 
‘ട്ടാവട്ടക്കവല'യിൽനിന്ന്‌ ഉയർന്ന സമകാലീന ജീർണാവസ്ഥയുടെ നേർക്ക് വിമർശനങ്ങൾ തൊടുത്തുവിടുന്ന ശക്തമായ രചനകളാണ് കീഴാറൂർ സുകുവിന്റേത്. അത് ഈണത്തിൽ ചൊല്ലുവാനുള്ളതല്ല, ഈടുറ്റ വായനയ്‌ക്കുള്ളതാണ്.
പ്രധാന വാർത്തകൾ
 Top