08 August Saturday

സാൽമൺ മടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

വാശിയായിരുന്നു എന്റെ അക്ഷരങ്ങൾക്ക്. അതിനാൽ ആ മാസികയിൽ അവരെന്നെ കുടിയിരുത്തി. ആ ലേഖനങ്ങൾ അവിടെ അവതരിപ്പിച്ച മിടുക്കി കുട്ടിയുടെ പേര് ഞാൻ ചോദിക്കേണ്ടതായിരുന്നു. അതിനോടെനിക്ക് പറയാമായിരുന്നു,  കുട്ടീ ഇതെഴുതിയത് ഞാനല്ല, എന്റെ ഭാവിയെ കുപ്പിയിലാക്കിയ ഏതോ ദുർമന്ത്രവാദിനിയാണ്

 "കടൽ കണ്ടു

പുറപ്പെട്ടേടത്തേക്ക്‌

ഒഴുക്കിന്നെതിരെ
തിരിഞ്ഞു പോരുന്ന
സാൽമൺ മത്സ്യം ഞാൻ.’
‘അശാന്തസമുദ്രതീരത്ത്' എന്ന ആറ്റൂർ കവിതയുടെ ഈ വരികൾ ഓർത്തുകൊണ്ടാണ്  ഞാൻ ആ പടിക്കെട്ടിറങ്ങിവന്നത്. 26 ജൂലൈ; ആറ്റൂർ രവിവർമ പോയ ദിവസം. അന്ന് ആറ്റൂരിന്റെ  സാൽമൺ മത്സ്യത്തെപ്പോൽ ഒഴുക്കിനെതിരെ തിരിഞ്ഞുനീന്തി പുറപ്പെട്ടിടത്തുതന്നെ  ഞാനുമെത്തി.
 
സാൽമൺ പുഴകളിൽ ജനിക്കുന്നു, ശേഷം അവ കടലിലേക്ക് പ്രയാണം നടത്തുന്നു. ഒടുവിൽ പൂർണവളർച്ചയെത്തുമ്പോൾ മുട്ടയിടാനായി ജന്മം കൊണ്ടിടത്തേക്കുതന്നെ മടങ്ങിയെത്തുന്നു. പിറവിയുടെ മണം പിടിച്ച്‌ അവ കൂട്ടംകൂട്ടമായി ആയ്‌ചലച്ചു വരും, അടുത്ത തലമുറയുടെ ഭ്രൂണങ്ങളെ പുഴകളിൽ നിക്ഷേപിക്കാൻ.  ജൂലൈ 26ന്  ഞാനും പോയി, എന്റെ എഴുത്തിന്റെ ആദ്യ ഭ്രൂണം വിരിഞ്ഞ ആ ചെറുപുഴയിലേക്ക്-  ഞാൻ  പഠിച്ച സ്‌കൂളിലെ ലിറ്റററി ക്ലബ് ഉദ്ഘാടനം. 25 വർഷത്തിനുശേഷം തിരികെ എത്തിയപ്പോൾ എന്നെ പഠിപ്പിച്ച പഴയ അധ്യാപകരും ദീർഘകാലത്തിനുശേഷം അവിടേക്ക് മടങ്ങിവന്ന  പ്രിൻസിപ്പലും ഒക്കെയുണ്ടായിരുന്നു സ്‌കൂളിൽ. 15 വയസ്സിൽ അവിടെനിന്ന്‌ നീന്തിയിറങ്ങിയശേഷം ഞാൻ ചെന്നെത്തിയ ചെറുസമുദ്രങ്ങളും കടലിടുക്കുകളും ഉൾക്കടലുകളും ഏതൊക്കെയെന്ന്‌ ഓർത്തെടുക്കാൻ കിട്ടിയ വിശിഷ്ട ദിനം, എന്നിലെ സാൽമൺ ഒഴുക്കിനെതിരെ നീന്തിയ ദിനം. സാഹിത്യകൂട്ടായ്‌മ രൂപീകരിക്കാനായി ഓഡിറ്റോറിയത്തിൽ നിറഞ്ഞിരുന്ന കുട്ടികളിൽ ഞാൻ എന്നെ കണ്ടു, അന്തംവിട്ട ഒരു ടീനേജുകാരിയെ പലരിലും പലവട്ടം കണ്ടു. 
 
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ cynosure എന്ന പേരിൽ ഞങ്ങൾ ഒരു കൈയെഴുത്ത് മാസിക ഇറക്കിയിരുന്നു. കണ്ണിലുണ്ണി എന്നർഥംവരുന്ന മാസികയിൽ മൂന്ന് ഭാഷയിലുമുള്ള സൃഷ്ടികൾ ഉൾപ്പെടുത്തിയിരുന്നു. 1992ലെ ആ മാസിക അവർ എവിടെനിന്നോ പൊടിതട്ടി കണ്ടെടുത്ത് എന്റെ മുന്നിൽ കൊണ്ടുവച്ചു. ഒരു കുട്ടി അതിലെ എന്റെ രണ്ടു ലേഖനങ്ങൾ അവിടെ അവതരിപ്പിക്കുകയുണ്ടായി. ഇപ്പോഴുള്ള എന്നെ അതിൽനിന്ന്‌ കണ്ടെടുക്കാൻ വലിയ പ്രയാസമൊന്നും ഉണ്ടായില്ല. ഒരു  ലേഖനം ഗൾഫ് യുദ്ധത്തെക്കുറിച്ച്‌, മറ്റൊന്ന് ബാക്ടീരിയകളെക്കുറിച്ചും.  ഗൾഫിൽ ഒരിക്കലും എത്തിപ്പെടില്ലെന്ന്‌ വാശിയോടെ പറഞ്ഞുനടന്ന  കുട്ടിയായിരുന്നു ഞാൻ. ഭൂപടത്തിൽ ആ ഒരു മേഖല ഒഴികെ മറ്റിടങ്ങളെല്ലാം എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ഐസ്‌ലൻഡിൽ പോയാൽ കൊള്ളാമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയിൽ പോയി കംഗാരുവിനെ കാണാനും പെറുവിലെ മാച്ചുപിച്ചു കയറാനും ഒക്കെ മോഹം ഉണ്ടായിരുന്നു. പക്ഷേ, ഗൾഫ് വേണ്ടവേണ്ട. അതുകൊണ്ടുതന്നെ ഗൾഫിൽ യുദ്ധമാണെന്നും അവിടെ ഭീകര രാഷ്ട്രീയ പ്രതിസന്ധികൾ അരങ്ങേറുന്നുവെന്നും സ്ഥാപിച്ചെടുക്കാൻ എനിക്ക് വല്ലാത്ത ആവേശമായിരുന്നു. ആ നാലുപേജ് ലേഖനത്തിലൂടെ ഗൾഫ് എന്ന  മോശം സ്ഥലത്തെ ദുരിതബാധിതമേഖലയായി ചിത്രീകരിക്കുന്നതിൽ ഞാൻ വിജയിച്ചു. അടുത്ത ലേഖനം ബാക്ടീരിയ എങ്ങനെ, എവിടെ, എപ്പോൾ ഉണ്ടായി എന്നതിനെക്കുറിച്ചാണ്. അവയുടെ ജീവിതപരിസരങ്ങളും പ്രജനന സമ്പ്രദായങ്ങളും ഭക്ഷണശീലങ്ങളും വിവരിച്ച്‌ മൂന്നു പേജ്. 14 വയസ്സിൽ ഗൾഫ് യുദ്ധവും ബാക്ടീരിയയും എനിക്ക് ഉറക്കംതരാത്ത വിഷയങ്ങളൊന്നും ആയിരുന്നില്ല. എന്നിട്ടും ഞാനത് എഴുതി. എന്തിനെഴുതി എന്ന് ചോദിച്ചാൽ അന്നത്തെ ഒമ്പതാം ക്ലാസുകാരിക്ക് മറുപടി കാണില്ല, പക്ഷേ സ്റ്റേജിൽ ഇരുന്ന ഉദ്ഘാടകയായ ഈ സാൽമൺ മത്സ്യത്തിന്‌ അതിനുള്ള മറുപടിയുണ്ട്. 
 
 ആ കൈയെഴുത്ത് മാസിക തയ്യാറാക്കുമ്പോൾ ഭാവിയിൽ ഒരു എഴുത്തുകാരിയാകാൻ ഒരു തരിപോലും ഞാൻ ആഗ്രഹിച്ചിരുന്നില്ല. മാത്രമല്ല, ഒടുവിൽ ഞാൻ ഗൾഫിൽ പോകുമെന്നും ബാക്ടീരിയോളജിയിൽ റിസർച്ച്‌ ചെയ്യുമെന്നും കരുതിയില്ല. ഗൾഫിൽ സ്ഥിരതാമസം, ബാക്ടീരിയയെക്കുറിച്ചൊരു തീസിസ് - ഇതൊക്കെ ആകസ്‌മികതകൾമാത്രം. പക്ഷേ, സാൽമൺ മത്സ്യങ്ങൾ പുഴയിൽ തിരികെവന്ന് മുട്ടയിടുന്നത് ഒരു ആകസ്‌മിക പ്രതിഭാസമല്ല, അവ കരുതിക്കൂട്ടി ചെയ്യുന്ന പ്രവൃത്തിയാണത്. മണം പിടിച്ച്‌ തിരികെ ഒഴുകിയെത്തുന്ന മത്സ്യങ്ങൾക്ക് മുട്ടയിടാൻ പുഴ വയറൊഴിഞ്ഞു കിടപ്പുണ്ടാകും. എന്റെ വിദ്യാലയവും അതിന്റെ നാഭിയിൽ  സൗകര്യപ്രദമായൊരിടം എനിക്ക് നൽകി. അവിടെ ഞാൻ നിക്ഷേപിച്ച ഭ്രൂണങ്ങൾക്ക് ഒരു നാൾ ജീവൻ വയ്‌ക്കും. ഞാനലഞ്ഞ കടലുകളിൽ അവ എന്നെ തിരഞ്ഞുവരും.
 
ലൂർദ് മൗണ്ട് സ്‌കൂളിലെ ക്ലാസ് മുറികളാണ് എന്റെ ആദ്യ എഴുത്തുപുര. അവിടത്തെ ബെഞ്ചുകളിൽ കമ്പി സ്ലൈഡുകൊണ്ട് ഞാൻ കോറി വരച്ചതാകും എന്റെ ആദ്യ സാഹിത്യരചന. ഞാൻ എഴുതിവച്ചതിൽനിന്ന്‌ എനിക്കൊരിക്കലും ഒളിച്ചോടാനായില്ല. ആ കൈയെഴുത്ത് മാസികയിലെ ഗൾഫും ബാക്ടീരിയയും എന്നെ വിടാതെ പിടികൂടി. വാശിയായിരുന്നു എന്റെ അക്ഷരങ്ങൾക്ക്. അതിനാൽ ആ മാസികയിൽ അവരെന്നെ കുടിയിരുത്തി. ആ ലേഖനങ്ങൾ അവിടെ അവതരിപ്പിച്ച മിടുക്കി കുട്ടിയുടെ പേര് ഞാൻ ചോദിക്കേണ്ടതായിരുന്നു. അതിനോടെനിക്ക് പറയാമായിരുന്നു, ‘കുട്ടീ ഇതെഴുതിയത് ഞാനല്ല, എന്റെ ഭാവിയെ കുപ്പിയിലാക്കിയ ഏതോ ദുർമന്ത്രവാദിനിയാണ്'.
 
ഇവിടെയുണ്ടായിരുന്ന ഗുൽമോഹർ മരം എവിടെ, അവിടൊരു പൈപ്പ് ഉണ്ടായിരുന്നല്ലോ, ആ ചാമ്പ മരം എന്തേ മുറിച്ചു എന്നൊക്കെയുള്ള എന്റെ ചോദ്യങ്ങൾ എന്തൊരു വിഡ്ഢിത്തമാണ്! കാരണം, സാൽമൺ മത്സ്യം അതൊന്നും അന്വേഷിക്കാറില്ലല്ലോ. തന്റെ പിറവിയുടെ ഗന്ധംമാത്രമാണ്‌ അവ തിരയുക. എന്റെ പിറവിയുടെ ഗന്ധം ആ മാസികയിൽനിന്ന് ആഞ്ഞടിച്ചുവല്ലോ, വേറെന്തിനി കണ്ടെത്തുവാൻ!

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top