19 September Sunday

വളർച്ചയുടെ വ്യാളീമുഖം

എ എം ഷിനാസ് shinasamm@gmail.comUpdated: Sunday Jul 4, 2021

കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ചൈന (സിപിസി)യുടെ രൂപീകരണത്തിന്‌ 100 വർഷം  തികഞ്ഞിരിക്കുന്നു. രാജാധികാരത്തിൽനിന്നും അടിമത്തത്തിൽനിന്നും മോചിതമായ ഒരു വലിയ രാജ്യം ഇന്ന്‌  വൻശക്തിയായി വളർന്നതിനു പിന്നിലെ ചാലകശക്തി സിപിസിയാണ്‌. പ്രതിസന്ധികളിൽനിന്നും തിരിച്ചടികളിൽനിന്നും ചൈനയിലെ ഭരണനേതൃത്വവും പാർടിയും പാഠങ്ങൾ ഉൾക്കൊണ്ടതിന്റെ  ഫലമാണ്‌ ഇന്നു കാണുന്ന വളർച്ച

ഏപ്രിൽ 17ന് ലോകമാകെയുള്ള മാധ്യമങ്ങൾ പ്രാധാന്യത്തോടെ നൽകിയ ഒരു വാർത്തയുടെ ഉള്ളടക്കം ഇതാണ്‌:  നടപ്പുസാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദത്തിൽ ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി)18.3 ശതമാനം വളർച്ച നേടി, കോവിഡിനെ മറികടന്നുകൊണ്ടാണ്‌ ഈ നേട്ടം.  ഈവർഷം ചൈനീസ് സമ്പദ്‌വ്യവസ്ഥ ആറുശതമാനം വളർച്ച നേടുമെന്ന്‌ ബീജിങ്ങും 8–-9 ശതമാനംവരെ വളർന്നേക്കാമെന്ന്‌ ഐഎംഎഫും പറയുന്നതായും വാർത്തയിലുണ്ട്‌. വർത്തമാന വളർച്ച നിരക്കോ ചൈനയുടെ ചൊവ്വാദൗത്യ വിജയമോ ബഹിരാകാശനിലയ സ്ഥാപനമോ അല്ല ഇവിടെ പ്രതിപാദ്യം. മറിച്ച്, 1980കളിൽ ആരംഭിച്ച ചൈനയുടെ സാമ്പത്തിക കുതിപ്പിനെക്കുറിച്ച് ലോകമൊട്ടുക്കും രൂഢമൂലമായ ചില മിഥ്യകൾക്കും കെട്ടുകഥകൾക്കും അർധസത്യങ്ങൾക്കും അടിയിലുള്ള ചില രാഷ്ട്രീയ–-സാമ്പത്തിക പരമാർഥങ്ങൾ അനാച്ഛാദനം ചെയ്യുകയാണ്. ഏതാനും കൗതുകകരമായ ഉദാഹരണം പരിശോധിച്ച് കാര്യത്തിന്റെ മർമത്തിലേക്ക് കടക്കാം.

മെയ്ക് ഇൻ ചൈന, ബൈ ഇൻ ഇന്ത്യ

‘ദി ഹിന്ദു’പത്രത്തിന്റെ ചൈന ലേഖകനും ഒരു വ്യാഴവട്ടമായി ബീജിങ്ങിൽ സ്ഥിരവാസിയുമായ അനന്ത് കൃഷ്‌ണൻ എഴുതിയ ‘ഇന്ത്യാസ് ചൈന ചലഞ്ചി’ലെ ‘ദ മാനുഫാക്ചറിങ് മിറെക്ൾ’ എന്ന അധ്യായത്തിൽ, ‘ആത്മനിർഭർ’ പേർത്തും പേർത്തും പ്രഘോഷണം നടത്തുന്നവരെ നടുക്കുന്ന പല വസ്തുതകൾ വിവരിക്കുന്നു. ‘മെയ്ക് ഇൻ ചൈന, ബൈ ഇൻ ഇന്ത്യ’ എന്ന ശീർഷകം സൂചിപ്പിക്കുന്നത്, നമുക്കെല്ലാം ചിരപരിചിതമായ ചൈനീസ് നിർമിത മൊബൈൽ ഫോണുകളോ കളിപ്പാട്ടങ്ങളോ ഒന്നുമല്ല. യഥാർഥ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉപഭോഗ വസ്‌തുക്കൾ തന്നെ, ചൈനയിൽ വൻതോതിൽ ഉൽപ്പാദിപ്പിച്ച്, ഇന്ത്യയിൽ ഇന്ത്യൻ കമ്പനികൾ തന്നെ വിൽക്കുന്ന വിചിത്രപരിപാടി. 

ചൈനയിലെ ഷെഷാങ്ങിലെ അഞ്ച്‌ ദശലക്ഷം ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള യിവു മാർക്കറ്റിന്റെ ആകാശദൃശ്യം

ചൈനയിലെ ഷെഷാങ്ങിലെ അഞ്ച്‌ ദശലക്ഷം ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള യിവു മാർക്കറ്റിന്റെ ആകാശദൃശ്യം

1980കളിൽ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളെ അതീവ ശുഷ്‌കാന്തിയോടെ ആശ്ലേഷിച്ച ചൈനയിലെ ആദ്യ പ്രവിശ്യകളിലൊന്നാണ്‌ ഷെഷാങ്. ഷെഷാങ്ങിലെ കാങ്ഹാൻ കൗണ്ടിയിലെ ഫാക്ടറികളിലാണ് ഇന്ത്യക്കാരുടെ വീടുകളിലും മറ്റിടങ്ങളിലുമുള്ള, ബാലഗോപാലനും സരസ്വതിയും ഗണേശനും ഉൾപ്പെടെയുള്ള ദേവീദേവൻമാരെ നിർമിക്കുന്നത്. ഷെഷാങ്ങിലെ യിവു മാർക്കറ്റിന്റെ വിസ്‌തൃതി അഞ്ച് ദശലക്ഷം ചതുരശ്ര മീറ്ററാണ്. ഏതാണ്ട്‌ 750 ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലുപ്പം. യിവു മാർക്കറ്റിലെ കടകളിൽ മൂന്നു മിനിറ്റ് ഒരു പകൽ ചെലവഴിച്ചാൽ എല്ലാ കടയും കയറിയിറ     ങ്ങണമെങ്കിൽ ഒരു വർഷം വേണമത്രെ. യിവുവിൽ പത്തടി നടക്കുന്നതിനു മുമ്പുതന്നെ ഒരു ഇന്ത്യൻ വ്യാപാരിയെ കാണും. നാലു ലക്ഷം ഇന്ത്യൻ കച്ചവടക്കാർ യിവു പട്ടണത്തിൽ മാത്രം ഒരു വർഷം എത്തുന്നു. മധ്യ പൂർവദേശങ്ങളിലെയും ആഫ്രിക്കയിലെയും റഷ്യയിലെയും യൂറോപ്പിലെയും വ്യാപാരികളെ ധാരാളം അവിടെ കാണാമെങ്കിലും നാലിൽ മൂന്നു പേരും ഇന്ത്യക്കാരാണ്. യിവു മാത്രം ഏതാണ്ട്‌ 200 കോടി ഡോളർ മൂല്യമുള്ള സാധനങ്ങൾ ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നു. യിവു ചന്തയെ 2018ൽ ബിബിസി വിശേഷിപ്പിച്ചത് ‘ക്രിസ്‌മസ് ഉണ്ടാക്കി വിൽക്കുന്ന സ്ഥലം’ എന്നാണ്. ക്രിസ്‌മസ് അലങ്കാര വസ്‌തുക്കളുടെ ലോകവാണിജ്യത്തിൽ 60 ശതമാനമാണ് യിവുവിന്റെ പങ്ക്.

ഇന്ത്യയിൽ എവിടെയും കിട്ടുന്ന ‘യഥാർഥ’ രാജസ്ഥാനി ആഭരണങ്ങളുടെ ഉറവിടം മാത്രമല്ല, നമ്മുടെ കാഞ്ചീപുരം പട്ടുസാരികളെ വെല്ലുന്ന പട്ടുസാരികൾ ഉൽപ്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയുമുണ്ട്‌ ഷെഷാങ് പ്രവിശ്യയിൽ. കാഞ്ചീപുരത്തുനിന്ന്‌ നെയ്‌ത്തുകാരെ കൊണ്ടുപോയാണ് ഫാക്ടറി ആരംഭിച്ചത്. പട്ട് ചൈനീസ് പട്ടുതന്നെ. 

അനന്ത്‌കൃഷ്ണൻ ഒരു ചൈനീസ് വനിതാ സംരംഭകയോട് മഹാവാണിഭ സ്ഥലമായ യിവുവിൽവച്ച് ചേദിച്ചു: ‘മെയ്ഡ് ഇൻ ഇന്ത്യ ചരക്കുകൾക്ക് ചൈനയിൽആവശ്യക്കാരില്ലേ?” “ഇന്ത്യയിൽനിന്നു വരുന്ന കുന്തിരിക്കത്തിന് സാധ്യതയുണ്ട്‌. ഇവിടെ ബുദ്ധമത വിശ്വാസികൾ അത് വാങ്ങാറുണ്ട്‌” സംരംഭക മറുപടി നൽകി. ഷെഷാങ്ങിൽ യിവുവാണ് വിതരണ ശൃംഖലയുടെ നാഡീകേന്ദ്രമെങ്കിൽ ഗൗങ്ഡോങ് പ്രവിശ്യയിലെ ഡോങ്ഗ്വാൻ നഗരമാണ് ഉൽപ്പാദനത്തിന്റെ ഹൃദയഭൂമി. ഡോങ്ഗ്വാനിന്റെ തലസ്ഥാനമാണ് ഗ്വാൻസോ. പ്രതിവർഷം കർണാടകയിൽനിന്നും ഒഡിഷയിൽനിന്നും മാത്രം ഗ്വാൻസോയിലേക്ക് ഒമ്പത്‌ ദശലക്ഷം ടൺ ഇരുമ്പയിര്‌ കയറ്റുമതി ചെയ്യുന്നു. അത് നേരെപോകുന്നത് ഗ്വാൻസോ സീ ലിങ്ക് ഇൻഡസ്ട്രിയൽ കോർപറേഷനിലെ ഫാക്ടറികളിലേക്കാണ്. ചക്രക്കസേരകളും ട്രോളികളും എയർപോർട്ട് ടെർമിനലിലെ കൈവരിയും ഡോർ ക്ലോസേർസും ട്രക്കുകളും മറ്റുമായി ഇരുമ്പയിര് പരിവർത്തനം ചെയ്യപ്പെടുന്നു. ബംഗളൂരു വിമാനത്താവളത്തിലെ തിളങ്ങുന്ന എസ്‌കലേറ്ററുകളിലെ കൈവരികളും ഹൈദരാബാദ് വിമാനത്താവളത്തിലെ ഡോർ ക്ലോസേർസും ഗ്വാൻസോയിലുള്ള ലോകോത്തര തുറമുഖത്തുനിന്ന് ഇന്ത്യാ മഹാസമുദ്രം താണ്ടി എത്തിയവയത്രെ. കൂടാതെ, ഗോദ്റെജിന്റെ പത്തു ദശലക്ഷം പൂട്ടാണ് ഓരോ വർഷവും ഗ്വാൻസോയിൽനിന്ന് ഇന്ത്യയിലെ ഗോദ്റേജ് ഗോഡൗണുകളിൽ എത്തുന്നത്. ഗ്വാൻസോവിൽനിന്ന് എട്ടുവരി എക്‌സ്‌പ്രസ്‌ വേയിലൂടെ മണിക്കൂറുകൾക്കകം ഷെൻസനിലെത്താം. അവിടെയാണ് ടെലികോം ഭീമനായ ഹുവാവെയുടെ ആസ്ഥാനം.

ദശലക്ഷക്കണക്കിന് ഡോളറിന്റെ ടെലികോം ഉപകരണങ്ങളാണ് ഹുവാവെ  ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നത്. അവിടെനിന്ന് 100 കിലോമീറ്റർ പോയാൽ ഷാങ്ഹായ് ഇലക്ട്രിക് എന്ന ചൈനയിലെ ഏറ്റവും വലിയ ഊർജോൽപ്പാദന കമ്പനിയിൽ എത്താം. 2010ൽ റിലയൻസ് പവർ 36 പവർ ജനറേറ്ററുകൾ വാങ്ങാൻ 830 കോടി ഡോളറിന്റെ ഇടപാട് നടത്തിയത് ഷാങ്ഹായ് ഇലക്ട്രിക്കലുമായാണ്.

മിഥ്യയും യാഥാർഥ്യവും

ചൈനയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ഒന്നാമത്തെ മിത്ത്, കേന്ദ്രീകൃത വ്യവസ്ഥയാണ് കുതിപ്പിന്റെ പ്രധാന ചാലകശക്തി എന്നതാണ്. തെളിവുകൾ ഇതിനെതിരാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്ക്‌ മുമ്പും ശേഷവും ചൈനീസ് ഭരണാധികാരികൾ നാല് പ്രധാന പാഠം ഗ്രഹിച്ചിരുന്നു. ഒന്ന്‌: ഗോർബച്ചേവ് മുൻപിൻ നോക്കാതെ നടപ്പാക്കിയ രാഷ്ട്രീയ ഉദാരവൽക്കരണത്തിൽനിന്നും രാഷ്ട്രീയ പരിഷ്‌കാരങ്ങളിൽനിന്നും മാറിനിൽക്കണം. അവയാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാർടിയുടെ സ്വാധീനശക്തി ഇല്ലാതാക്കിയത്. രണ്ട്‌:  നിലനിർത്താവുന്ന സാമ്പത്തികവളർച്ചയും കമ്പോള പരിഷ്‌കാരങ്ങളും ആവശ്യമാണ്. മൂന്ന്‌: കേന്ദ്രീകൃത സ്വഭാവമുള്ള തീരുമാനങ്ങൾ വികസനത്തിന് വിലങ്ങുതടിയാണ്. നാല്‌: ഇടുങ്ങിയതും അയവില്ലാത്തതുമായ പ്രചാര–-വിവര വ്യവസ്ഥാ ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരം ലഭിക്കുന്നതിന് തടസ്സമാണ്. 

ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിൻ പിങ്‌

ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിൻ പിങ്‌

ഇവ ഉൾക്കൊള്ളുക ഒട്ടും എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് ‘ചൈനീസ് ഇക്കോണമി: വാട്ട് എവരി വൺ നീഡ്സ് ടു നോ’ എന്ന ഗ്രന്ഥത്തിൽ ആർതർ ആർ ക്രോബെ ഇങ്ങനെ നിരീക്ഷിച്ചത്: ‘ഒരഗാധ ഗർത്തത്തിന് കുറുകെ കെട്ടിയ കയറിലൂടെയുള്ള നടത്തമായിരുന്നു അത്. കയറിനു പിന്നിലാകട്ടെ തീപിടിച്ച അവസ്ഥയും.’

 മുകളിൽനിന്ന് താഴോട്ട് ഭരണകൂട നേതൃത്വത്തിൽ നടപ്പാക്കിയ പശ്ചാത്തലസൗകര്യ വികസനമാണ് ചൈനീസ് വിസ്‌മയത്തിന്റെ അടിസ്ഥാനം എന്നതാണ് മറ്റൊരു അർധസത്യം. സാമാന്യത്തിൽ കവിഞ്ഞ വികേന്ദ്രീകരണവും താഴെനിന്ന് മുകളിലോട്ട് പടർന്ന സാമ്പത്തിക സംരംഭകത്വവുമാണ് ചൈനയിൽ സംഭവിച്ചത്. ഗ്രാമീണ സംരംഭകരായിരുന്നു 1980കളിൽ വളർച്ചയുടെ നിദാനം. അക്കാലത്ത് ലക്ഷക്കണക്കിന് ‘ടൗൺഷിപ് ആൻഡ് വില്ലേജ് എന്റർപ്രൈസസ്’ (TVE) ചൈനയിൽ പടർന്നുപന്തലിച്ചു. 1985ൽ 70 ദശലക്ഷം ചൈനക്കാർ ഇത്തരം ഗ്രാമീണവ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തിരുന്നു. ഈ ഗ്രാമീണ വിപ്ലവമാണ് പിന്നീടുള്ള കുതിപ്പിന് ബലിഷ്‌ഠമായ അടിത്തറയും മൂലധനവും ഒരുക്കിയത്. അതോടൊപ്പം ഉൽപ്പാദനശാലകൾ തുടങ്ങും മുമ്പേ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് ശ്രദ്ധയൂന്നിയത്. 

കുറഞ്ഞ വേതനമാണ് വിദേശ കമ്പനികളെ ചൈനയിലേക്ക് ആകർഷിക്കുന്നത്‌ എന്നാണ് സാമാന്യേനയുള്ള ധാരണ. ആപ്പിളിന്റെ സിഇഒ ടിംകുക്ക് 2017ൽ പറഞ്ഞു: ‘‘ഈ ധാരണ ശരിയല്ല. ഇപ്പോൾ ചൈനയേക്കാൾ കുറഞ്ഞ കൂലിക്ക് വിയറ്റ്നാമിലും മറ്റും ധാരാളം തൊഴിലാളികളെ കിട്ടാനുണ്ട്‌. യഥാർഥ കാരണം, അതത് മേഖലയിൽ ചൈനക്കാർക്കുള്ള നൈപുണ്യവും അത്തരക്കാരുടെ സംഖ്യാവലുപ്പവുമാണ്. ചൈനയിലെങ്ങും ഇതാണ് സ്ഥിതി.’’ ടിംകുക്ക് ഇതിന്റെ ക്രെഡിറ്റ് നൽകുന്നത് ചൈനയിലെ വിദ്യാഭ്യാസ വ്യവസ്ഥയ്‌ക്കാണ്, പ്രത്യേകിച്ചും രാജ്യമാകെ സർവവ്യാപിയായ വൊക്കേഷണൽ ട്രെയിനിങ്ങിന്. അദ്ദേഹം ശ്രദ്ധേയമായ ഒരു കാര്യംകൂടി പറയുന്നു. “അമേരിക്കയിൽ ടൂളിങ് എൻജിനിയർമാരുടെ  മീറ്റിങ് വിളിച്ചാൽ ഒരു മുറിതന്നെ നിറയുമോ എന്ന്‌ എനിക്ക് പറയാനാകില്ല. പക്ഷേ, ചൈനയിൽ നിരവധി ഫുട്ബോൾ മൈതാനങ്ങൾ അവരെക്കൊണ്ടു നിറയും.” ഏതെങ്കിലും പ്രവിശ്യയിലെ ഏതെങ്കിലും സ്ഥാപനത്തിൽ കൂലി കുറവാണെങ്കിൽ ചൈനക്കാർ കൂലിക്കൂടുതലുള്ള മറ്റിടങ്ങളിലേക്ക് പോകും. അതുമല്ലെങ്കിൽ സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കും. പിന്നെയുള്ള ഒരു പ്രധാന കാര്യം, ആഗോളവും മേഖലാപരവുമായ വിതരണശൃംഖലയിൽ ചൈനയ്‌ക്കുള്ള കേന്ദ്രസ്ഥാനമാണ്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വേറെ. ലോകത്തെ ഏറ്റവും മികച്ച പത്ത് തുറമുഖത്തിൽ അഞ്ചും ചൈനയിലാണ്. 

 ചൈനയുടെ സ്ഥാനവും 1990കളിൽ ആഗോള ഉൽപ്പാദനശൃംഖലകൾ വ്യക്തമായി ഉരുത്തിരിഞ്ഞുവന്നപ്പോൾ ആ സമയത്ത് ചൈന നടത്തിയ യഥോചിത പ്രവർത്തനവും തായ്‌വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളുടെ ഉദാഹരണവും ചൈനയെ ലോകത്തോട് ബന്ധിപ്പിക്കുന്ന പാലമായ ഹോങ്കോങ്ങും ഏകജാലക ക്ലിയറൻസിന്റെ അതിവേഗവും ഉൾപ്പെടെയുള്ള നിരവധി ഘടകം ചൈനയുടെ കുതിപ്പിന് പിന്നിലുണ്ട്‌. 

ആർതർ ക്രോബെ എഴുതുന്നതുപോലെ ‘ആരോഗ്യ–-വിദ്യാഭ്യാസ രംഗങ്ങളിൽ ചൈന നടത്തിയ വൻമൂലധന നിക്ഷേപവും 1980കളിലെ ഗ്രാമീണ വിപ്ലവവുമാണ് പിന്നീട്‌ ഉണ്ടായവയ്‌ക്കെല്ലാം നിദാനം. ഈ സുദൃഢ അടിത്തറയില്ലാതെ ഹൈവേകൾക്കും അംബരചുംബിയായ കെട്ടിടങ്ങൾക്കുമാണ് ചൈന പണം എറിഞ്ഞിരുന്നതെങ്കിൽ ഇന്നത്തെ ചൈന ഉണ്ടാകുമായിരുന്നില്ല.’

സ്ലാവോയ് സിസെക് ‘ലിവിങ് ഇൻ ദ എൻഡ് ടൈംസ്’ എന്ന പുസ്‌തകത്തിന്റെ  ആഫ്റ്റർവേഡിൽ ഇന്നത്തെ ചൈനയെപ്പറ്റി എഴുതുന്ന ഭാഗം ശ്രദ്ധേയമാണ്. ‘ഗോർബച്ചേവിന്റെ പരാജയത്തിൽനിന്ന് ചൈനീസ് നേതാക്കൾ പാഠം ഉൾക്കൊണ്ടു. സ്ഥാപക രാഷ്ട്രനേതാക്കളെ പൂർണമായി തള്ളിക്കളയുന്നത് വ്യവസ്ഥയുടെ നിശ്ശേഷ നാശത്തിലാണ് കലാശിക്കുക. ശരിയാണ്, മൗവിന്റെ ചില ‘അതിരേക’ങ്ങളെയും ‘പിശകു’കളെയും ചൈന തള്ളിപ്പറഞ്ഞിട്ടുണ്ട്‌. ഡെങ് സിയാവോ പിങ്, മൗവിന്റെ ഭരണകാലത്തെ, ‘70 ശതമാനം പോസിറ്റീവ്, 30 ശതമാനം നെഗറ്റിവ്’ എന്നാണ് വിലമതിച്ചത്.

സിപിസി രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്‌ നടന്ന സാംസ്‌കാരിക പരിപാടിയിൽനിന്ന്‌

സിപിസി രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്‌ നടന്ന സാംസ്‌കാരിക പരിപാടിയിൽനിന്ന്‌

അതാണ് ചൈനയുടെ ഔദ്യോഗിക വ്യവഹാരത്തിൽ പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നത്‌. മൗ അബദ്ധങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രതിച്ഛായ ചൈനയിൽ ഇപ്പോഴും അകളങ്കിതമായി തുടരുന്നു. ചൈനീസ് പാർടിയുടെ നെടുനായകത്വവും ആധുനിക ഭരണകൂട ഉപകരണങ്ങളും ഒന്നിച്ചുചേർന്ന് വിപണി സമ്പദ്‌വ്യവസ്ഥയെ എങ്ങനെയാണ് നിയന്ത്രിക്കുന്നത്? പ്രയോഗത്തിൽ ഇത്‌ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? പലരും വിചാരിക്കുന്നതുപോലെ ചൈനയിൽ നിലനിൽക്കുന്നത് കമ്യൂണിസ്റ്റ് രാഷ്ട്രീയ അധികാരത്തിന്റെയും വിപണി സമ്പദ്‌വ്യവസ്ഥയുടെയും വെറും ശുദ്ധമായ സങ്കലനമല്ല. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, ചൈനയിലെ ഭൂരിപക്ഷം കമ്പനികളും പ്രത്യേകിച്ച് വലിയ കമ്പനികൾ, ഭരണകൂടത്തിന്റെയും പാർടിയുടെയും ഉടമസ്ഥതയിലാണ്. അവ തൃപ്തികരമായി പ്രവർത്തിക്കണം എന്നത് പാർടിയാണ് ആവശ്യപ്പെടുന്നത്. ഒരു സംഘടനയെന്ന നിലയിൽ പാർടി പുറത്താണ് ഇരിക്കുന്നത്. സർക്കാരും ഭരണകൂട ഉപാധികളുമാണ് കേന്ദ്രസ്ഥാനത്തുള്ളത്. പക്ഷേ, ഔദ്യോഗിക സംജ്ഞയായ ‘പാർടിയും ഭരണകൂട നേതൃത്വ’വും സൂചിപ്പിക്കുന്ന തുപോലെ പാർടിയാണ് എപ്പോഴും പ്രഥമവും പ്രമുഖവും. സർവ വ്യാപിയായ, എന്നാൽ പശ്ചാത്തലത്തിൽ നിൽക്കുന്ന പാർടി.’

(കൊടുങ്ങല്ലൂർ പുല്ലൂറ്റ്‌ കെകെടിഎം  ഗവ. കോളേജിലെ ചരിത്രവിഭാഗം തലവനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top